വിപണിക്കു മുന്നില്‍ ഭീഷണികള്‍, പശ്ചിമേഷ്യ തളരുമെന്ന് ഐഎംഎഫ്; ചൈനയെ ഒതുക്കാന്‍ ഇന്ത്യന്‍ നീക്കം

മികച്ച തുടക്കമാണ് ആഴ്ചയുടെ ആദ്യ ദിവസം ഓഹരി വിപണി കുറിച്ചത്. ഒരു ശതമാനം കണ്ടു സൂചികകള്‍ ഉയര്‍ന്നു. പക്ഷേ വിപണി ദിശാബോധം വീണ്ടെടുത്തിട്ടില്ല. യൂറോപ്പും പിന്നാലെ അമേരിക്കയും താഴോട്ടായിരുന്നു. ഇന്നു രാവിലെ പ്രധാന ഏഷ്യന്‍ വിപണികളും താഴോട്ടു പോയി. എസ് ജി എക്‌സ് നിഫ്റ്റി താഴ്ന്ന തുടക്കമാണു സൂചിപ്പിക്കുന്നത്.

വിപണി ചാഞ്ചാട്ടം തുടരുക തന്നെ ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിയുമ്പോഴേ ശരിയായ ദിശാബോധത്തില്‍ എത്തൂ. അമേരിക്കന്‍ ഉത്തേജക പദ്ധതി സംബന്ധിച്ച ചര്‍ച്ച എങ്ങുമെത്താത്തതും ടെക്‌നോളജി കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ട് മോശമായതുമാണ് യു എസ് വിപണിയെ ഉലച്ചത്.

* * * * * * * *

ചൈനയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനിക സഖ്യം

ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ നില മാറ്റമില്ലാതെ തുടരുമ്പോള്‍ ഇന്ത്യ അമേരിക്കയുമായുള്ള സൈനിക അടുപ്പം സഖ്യത്തിന്റെ നിലയിലേക്കു വളര്‍ത്തുന്നതു ശ്രദ്ധിക്കേണ്ട കാര്യമാണ്. ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയോടൊപ്പം ഇന്ത്യയും ചേര്‍ന്നു ക്വാഡ് (Quad) എന്ന അനൗപചാരിക സൈനിക സഖ്യം ഉണ്ടാക്കി വരികയാണ്. ഇന്ത്യാ സമുദ്രത്തില്‍ കുറേ വര്‍ഷങ്ങളായി നടത്തുന്ന മലബാര്‍ നാവിക അഭ്യാസത്തിലേക്ക് ഈ വര്‍ഷം ഓസ്‌ട്രേലിയയെ ക്ഷണിച്ചത് ഇതിന്റെ ഭാഗമാണ്. സാധാരണ യുഎസും ജപ്പാനും ഇന്ത്യയുമാണ് മലബാര്‍ നാവികാഭ്യാസത്തില്‍ ഉണ്ടായിരുന്നത്.

ലഡാക്കില്‍ ചൈനയുടെ കൈയേറ്റത്തെ ചെറുത്തു നില്‍ക്കുന്ന ഇന്ത്യ 1962-ലേതുപോലെ ഒറ്റയ്ക്കല്ലെന്നും നല്ല സഖ്യകക്ഷികള്‍ ഉണ്ടെന്നുമുള്ള ശക്തമായ സന്ദേശമാണ് ഇതുവഴി നല്‍കുന്നത്.

* * * * * * * *

റിസല്‍ട്ട് സീസണു നല്ല തുടക്കം

സെപ്റ്റംബറിലവസാനിച്ച പാദത്തിലെ റിസല്‍ട്ടുകള്‍ പുറത്തു വരുന്ന ദിനങ്ങളാണിത്. ഐ ടി വമ്പന്മാര്‍ നല്ല ചിത്രം നല്‍കി. പിന്നാലെ ബാങ്കുകളും ആവേശം പകര്‍ന്നു. ഫെഡറല്‍ ബാങ്ക്, സി എസ് ബി ബാങ്ക് തുടങ്ങിയവയില്‍ ഇതോടെ ശക്തമായ നിക്ഷേപക താല്‍പര്യം കാണപ്പെട്ടു. ബ്രോക്കറേജുകള്‍ ഇവയെ വാങ്ങല്‍ പട്ടികയിലാക്കി.

ഇന്നലെ വിപണിയുടെ കുതിപ്പിനു ബാങ്കുകളുടെ സംഭാവന വലുതായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നു ശതമാനം ഉയര്‍ന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇപ്പോള്‍ കാണുന്ന ആവേശം കരുതല്‍ കൈവിടാന്‍ കാരണമാകരുത്.

സിമന്റ് കമ്പനി എസിസിയുടെ ലാഭ മാര്‍ജിന്‍ മികച്ചതായി. മറ്റു സിമന്റ് കമ്പനികളെപ്പറ്റിയും വിപണിക്കു നല്ല പ്രതീക്ഷയാണുള്ളത്. മാന്ദ്യകാലത്തും സിമന്റിനു വില കൂടി എന്നതു ശ്രദ്ധേയമാണ്.

ബിസ്‌കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസും പാല്‍ കമ്പനി ഹാട്‌സുണ്‍ അഗ്രോയും മികച്ച ലാഭവര്‍ധന കാണിച്ചു.

ഇന്ന് എഫ് എം സി ജി വമ്പന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറി (എച്ച് യുഎല്‍) ന്റെ റിസല്‍ട്ട് വരും. രണ്ടാം പാദത്തിലെ ഉപഭോക്തൃ പ്രതികരണം അതില്‍ അറിയാം.

അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിന്‍ പ്രോജക്റ്റിന്റെ ഗണ്യമായ ഭാഗം നിര്‍മിക്കുന്നതിനുള്ള കോണ്‍ട്രക്റ്റ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയ്ക്കു ലഭിക്കുമെന്നു സൂചന. കമ്പനിയുടേതാണ് ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍. കമ്പനി 24,958 കോടി രൂപ ക്വോട്ട് ചെയ്തു. കമ്പനി നേടുന്ന ഏറ്റവും വലിയ കോണ്‍ട്രാക്റ്റാവും ഇത്.

* * * * * * * *

ഉത്തേജനം ഒരു ഗഡു കൂടി

സാമ്പത്തിക ഉത്തേജനത്തിന് ഒരു പദ്ധതി കൂടി പ്രതീക്ഷിക്കാമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. മുന്‍ ഗഡുക്കള്‍ പോലെ കൂടുതല്‍ വാചകവും കുറച്ചു പണവുമാകുമോ ഇതില്‍ എന്നതാണു ചോദ്യം. ജി ഡി പി വളര്‍ച്ചയെപ്പറ്റി ധനമന്ത്രാലയം വിലയിരുത്തല്‍ നടത്തിയിട്ടാകും പുതിയ ഗഡു പ്രഖ്യാപിക്കുക.

അതേ സമയം അമേരിക്കയിലെ ഉത്തേജക പദ്ധതി ചര്‍ച്ച മന്ദഗതിയിലായി. അമേരിക്കന്‍ ഉത്തേജകം കറങ്ങിത്തിരിഞ്ഞ് വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ നിക്ഷേപമായി എത്തും.

* * * * * * * *

പശ്ചിമേഷ്യയില്‍ വളര്‍ച്ച മുരടിക്കുമെന്ന് ഐഎംഎഫ്

കോവിഡും എണ്ണ വിലത്തകര്‍ച്ചയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച അടുത്ത പത്തു വര്‍ഷത്തേക്കു മുരടിപ്പിക്കുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. 2008-ലെ ആഗോള മാന്ദ്യത്തിന്റെയും എണ്ണ വിലയിടിവിന്റെയും ആഘാതം തുടരുന്നതിനിടെയാണ് കോവിഡ് വന്നത്. ഇക്കൊല്ലം പശ്ചിമേഷ്യന്‍ ജിഡിപി 12 ശതമാനം ഇടിയുമെന്നും ഐ എം എഫ് കണക്കാക്കുന്നു.

* * * * * * * *

സ്വര്‍ണം, ക്രൂഡ് നേരിയ ഇടിവില്‍

ലോക വിപണിയില്‍ സ്വര്‍ണ വില തിങ്കളാഴ്ച 1921 ഡോളര്‍ വരെ ഉയര്‍ന്നിട്ട് 1902 ല്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ ചെറിയ കയറ്റിറക്കത്തോടെ തുടര്‍ന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 42.6 ഡോളറാണു രാവിലെ വില.

* * * * * * * *

വാധവാന്റെ ഓഫറും ദിവാന്‍ ഹൗസിംഗും

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ഡി എച്ച് എഫ് എല്‍) കഥ വഴിത്തിരിവില്‍. 94,900 കോടി രൂപയുടെ ബാധ്യത ധനകാര്യ സ്ഥാപനങ്ങള്‍ക്കു ബാക്കി വച്ചാണ് കമ്പനി പാപ്പര്‍ നടപടികളിലേക്കു നീങ്ങിയത്. കമ്പനിയുടെ പ്രൊമോട്ടര്‍മാരായ വാധവാന്‍ കുടുംബം പതിനായിരക്കണക്കിനു കോടി രൂപയുടെ തിരിമറി നടത്തിയെന്നും കണ്ടെത്തിയിരുന്നു. കമ്പനിയുടെ ആസ്തികള്‍ വില്‍ക്കാന്‍ നടപടി നടന്നു വരികയാണ്. അമേരിക്കന്‍ കമ്പനി ഓക്ട്രീയും ഹോങ്കോംഗിലെ എസ് സി ലോവിയും ചേര്‍ന്ന് മുഴുവന്‍ ആസ്തികള്‍ക്കും കൂടി 28000 കോടി രൂപയാണ് ഓഫര്‍ ചെയ്തത്. പിരമള്‍ ഗ്രൂപ്പും അദാനി ഗ്രൂപ്പും റീറ്റെയ്ല്‍ ആസ്തികളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വളരെ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നു വ്യക്തം.
ഈ സമയത്താണ് മുഖ്യ പ്രമോട്ടര്‍ കപില്‍ വാ ധവാന്‍ തന്റെയും കുടുംബത്തിന്റെയും വക 44000 കോടി രൂപയുടെ വക റിയല്‍ എസ്റ്റേറ്റ് നല്കാന്‍ തയാറാണെന്ന് അറിയിച്ചത്. ജയിലില്‍ കഴിയുന്ന വാധവാന്റെ ഓഫര്‍ ബാങ്കുകളും റിസര്‍വ് ബാങ്കും സ്വീകരിക്കുമോ എന്നു വ്യക്തമല്ല. എങ്കിലും തിരിമറികള്‍ നടത്തിയ പ്രൊമോട്ടര്‍മാരുടെ ഓഫര്‍ സ്വീകരിക്കാമോ എന്ന ചോദ്യം ഉയരും.
പ്രമോട്ടര്‍ക്കു പണമുണ്ടായിരിക്കെ കമ്പനി ലിക്വിഡേഷനിലേക്കു നീങ്ങുന്ന സാഹചര്യം ഉയര്‍ത്തുന്ന ധാര്‍മിക ചോദ്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

* * * * * * * *

കേന്ദ്രത്തിനു പണമുണ്ടാക്കാന്‍ പൊതുമേഖലയില്‍ ഓഹരി തിരിച്ചു വാങ്ങല്‍

പണമുണ്ടാക്കാന്‍ കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ പിഴിയുന്നു. എട്ടു പൊതു മേഖലാ സ്ഥാപനങ്ങളോട് ഓഹരി തിരിച്ചു വാങ്ങല്‍ നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ സൂചനയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില ഇന്നലെ കയറി. കോള്‍ ഇന്ത്യ, എന്‍ടിപിസി, എന്‍ എം ഡി സി, എന്‍ജിനിയേഴ്‌സ് ഇന്ത്യ തുടങ്ങി എട്ടു സ്ഥാപനങ്ങളുടെ ഓഹരികളാണു തിരിച്ചു വാങ്ങുക.

ബജറ്റ് കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ജി ഡി പി യുടെ മൂന്നര ശതമാനത്തില്‍ കമ്മി നിര്‍ത്തുമെന്നാണു ബജറ്റില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞത്. അതു കോവിഡും സാമ്പത്തിക തകര്‍ച്ചയും മൂലം പത്തു ശതമാനത്തിലധികമാകും എന്നതാണ് ഇപ്പോഴത്തെ നില. ഓഹരി വില്‍പ്പനയും തിരിച്ചു വാങ്ങലും എല്ലാം കൂടി ജി ഡി പി യുടെ ഒരു ശതമാനം ഉണ്ടാക്കാനാകുമോ എന്നാണു സര്‍ക്കാര്‍ നോക്കുന്നത്.

* * * * * * * *

ചൈനയില്‍ നിന്നു നല്ല സൂചന.

ചൈനയുടെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ പറ്റി പൊതുവേ മതിപ്പു കുറവാണ്. ബാഹ്യലോകത്തിനു ചൈനയുടെ കാര്യങ്ങള്‍ ഒട്ടും സുതാര്യമായി തോന്നാറില്ല.
അതെന്തായാലും ചൈനയുടെ മൂന്നാം പാദ (ജൂലൈ - സെപ്റ്റംബര്‍ ) ജിഡിപി വളര്‍ച്ചയുടെ കണക്ക് വിപണികളില്‍ അവിശ്വാസം ഉണ്ടാക്കിയില്ല. 5.2 ശതമാനം വളരുമെന്നു നിരീക്ഷകര്‍ കരുതിയ സ്ഥാനത്തു 4.9 ശതമാനം വളര്‍ച്ച. ഒട്ടും മോശമല്ല ഇത്. ഒന്നാം പാദത്തില്‍ 6.8 ശതമാനം ചുരുങ്ങിയതാണു ചൈനീസ് ജിഡിപി. രണ്ടാം പാദത്തില്‍ 3.2 ശതമാനം വളര്‍ന്നു. ഇതോടെ ഒമ്പതു മാസത്തെ വളര്‍ച്ച 0.7 ശതമാനമാകും. ഇക്കൊല്ലം ചൈന 1.9 ശതമാനം വളരുമെന്നാണ് ഐ എം എഫ് പറയുന്നത്. അതു സാധിക്കാന്‍ നാലാം പാദത്തില്‍ ആറു ശതമാനത്തിനടുത്തു വളര്‍ച്ച വേണം. അതുണ്ടായാല്‍ ചൈനീസ് ഇറക്കുമതി ഗണ്യമായി കൂടും. സെപ്റ്റംബറിലെ ചൈനീസ് ഇറക്കുമതി 13.2 ശതമാനം വര്‍ധിച്ചതു നല്ല വളര്‍ച്ചയുടെ 'സൂചന നല്കുന്നു.

* * * * * * * *

ഇന്നത്തെ വാക്ക് : ക്വാഡ്

ചതുഷ്‌കോണ (Quadrilateral) സുരക്ഷാ ചര്‍ച്ച എന്ന പേരില്‍ അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഏതാനും വര്‍ഷമായി സൈനിക സഹകരണ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെയാണ് ക്വാഡ് എന്നു വിളിക്കുന്നത്. ചൈനയെ ഒതുക്കി നിര്‍ത്തുകയാണ് ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it