Top

കരുതലോടെ നീങ്ങേണ്ട സമയം, നാലു മേഖലകളിൽ ജാഗ്രത വേണം

അമേരിക്കയിൽ സാമ്പത്തിക ഉത്തേജക പാക്കേജ് ചർച്ചയിൽ നല്ല പുരോഗതി. ഇത് യു എസ് സൂചികകളുടെ അവധി വ്യാപാരത്തിൽ നേട്ടമുണ്ടാക്കി. തുടർച്ചയായി മൂന്നു ദിവസം കയറിയെങ്കിലും ഇന്ത്യൻ ഓഹരി സൂചികകൾ വ്യക്തമായ ദിശാബോധം കാണിക്കുന്നില്ല. ചെറിയ കയറ്റിറക്കങ്ങളുമായി വിപണി ഈ ദിവസങ്ങളിൽ നീങ്ങും. ഒക്ടോബർ ആദ്യം സാമ്പത്തിക സൂചകങ്ങളിൽ കണ്ട ഉണർവ് തുടർന്നു കാണുന്നില്ലെന്ന റിപ്പോർട്ടുകൾ വന്നു തുടങ്ങി. നല്ല സൂചനയല്ല ഇതിലുള്ളത്.

ഇന്നലെ യൂറോപ്യൻ ഓഹരികൾ ദൗർബല്യം കാണിച്ചെങ്കിലും യു എസ് വിപണി ആവേശത്തോടെ തുടങ്ങി. എന്നാൽ സൂചികകൾ ചെറിയ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. പിന്നീട് അവധി വ്യാപാരം നല്ല നേട്ടത്തിലായി. ഏഷ്യൻ വിപണികൾ രാവിലെ ഉത്സാഹപൂർവം തുടങ്ങി. എസ് ജി എക്സ് നിഫ്റ്റി തുടക്കത്തിലെ ദൗർബല്യം മാറ്റി പോസിറ്റീവ് ആയി.
ഉത്തേജക പ്രതീക്ഷയിൽ സ്വർണവും ക്രൂഡ് ഓയ്ലും ഉയർന്നു. ഡോളറും നേരിയ ഉയർച്ചയിലാണ്.
സാങ്കേതിക വിശകലനക്കാർ ഇന്ത്യൻ സൂചികകൾ ചെറിയ ബുള്ളിഷ് പ്രവണതയാണു കാണിക്കുന്നതെന്നു പറയുന്നു. എന്നാൽ ഐ ടി, പൊതുമേഖലാ ബാങ്കുകൾ, എൻ ബി എഫ് സി കൾ, എഫ് എം സി ജി തുടങ്ങിയവയിൽ വളരെ കരുതലോടെ നീങ്ങേണ്ടതുണ്ട്. ഈ നാലു മേഖലകളിലും അമിത ആവേശമാണു കഴിഞ്ഞ ആഴ്ചകളിൽ കണ്ടത്.

* * * * * * * *

സ്റ്റോറുകൾ അടയ്ക്കുന്നു, ചരക്കുനീക്കം കുറയുന്നു.

ബാറ്റാ കമ്പനി ' 40 സ്റ്റോറുകൾ രണ്ടാം പാദത്തിൽ അടച്ചു. അവന്യു സൂപ്പർ മാർട്ട് മുംബൈയിൽ സ്റ്റോറുകൾ പൂട്ടി. റെയിൽവേ ചരക്കുനീക്കം ഒക്ടോബർ ആദ്യവാരത്തിലേതിലും കുറവായി തുടർന്നുള്ള ആഴ്ച. ഉത്സവകാല വിൽപ്പന കണക്കാക്കിയുള്ള ചരക്കുനീക്കം കഴിഞ്ഞതോടെ ഉണർവ് അകന്നു എന്നു നിഗമനം.

നവരാത്രിയുടെ തുടക്കം നന്നായി എന്ന് ഓൺലൈൻ ഭീമന്മാർ പറയുന്നു. എന്നാൽ റീറ്റെയ്ൽ സ്റ്റോറുകളിൽ ഇത്ര ആവേശമില്ല. വർക്ക് ഫ്രം ഹോം വന്നതോടെ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിനു പേർ ഉൾനാടുകളിലേക്കു പോയത് റീറ്റെയ്ൽ സ്റ്റോറുകളെ ബാധിച്ചു. യാത്രകൾ കുറവായതും എഫ് എം സി ജി വിൽപ്പനയെ ബാധിച്ചെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ഫലം കാണിക്കുന്നു.

* * * * * * * *

ക്രൂഡ് ഓയ്ൽ ഉൽപ്പാദനം കൂട്ടാൻ ഇടയില്ല

ഈയാഴ്ച നടന്ന ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന ) യോഗം ഉൽപ്പാദനം സംബന്ധിച്ചു തീരുമാനം എടുത്തില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ജനവരിയോടെ ഉൽപ്പാദന നിയന്ത്രണം നീക്കുമെന്ന ധാരണ പരക്കാൻ ഇതിടയാക്കി. എന്നാൽ ഇതു ശരിയല്ലെന്നും വില ഉയർത്തി നിർത്താനുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്നും സൗദി എണ്ണമന്ത്രിയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത ശേഷം എണ്ണ വില കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 43 ഡോളറിലേക്കു കയറിയിട്ട് അൽപ്പം താണു. ഡബ്ള്യു ടി ഐ ഇനം 41.5 ഡോളറിലേക്കുയർന്നു.

* * * * * * * *

സ്വർണവും കയറി

യു എസ് ഉത്തേജക പ്രതീക്ഷ സ്വർണത്തിനു നേട്ടമായി.ചൊവ്വാഴ്ച ഔൺസിന് 1897 ഡോളർ വരെ താണ ശേഷം വില 1916 ഡോളറിലേക്കു തിരിച്ചുകയറി. ഏഷ്യൻ വ്യാപാരത്തിലും വില ഉയർന്നു നിൽക്കുന്നു.

* * * * * * * *

എച്ച് യു എൽ നിരാശപ്പെടുത്തി

ഹിന്ദുസ്ഥാൻ യൂണിലിവറി (എച്ച് യുഎൽ) ൻ്റെ രണ്ടാം പാദ റിസൽട്ട് വേണ്ടത്ര മെച്ചമായില്ല. ഗ്ലാക് സോ സമിത്ത് ക്ളൈൻ ലയിച്ച ശേഷമുള്ള റിസൽട്ട് കുറേക്കൂടി വരുമാന വർധന കാണിക്കുമെന്ന പ്രതീക്ഷ ശരിയായില്ല. വിൽപ്പനയിലെ വർധന ഒരു ശതമാനം മാത്രമാണ്. 19 ശതമാനം വരുമാന വർധന പ്രതീക്ഷിച്ചിടത്ത് 15 ശതമാനം മാത്രം വർധന. 16 ശതമാനം ലാഭ വർധന കണക്കാക്കിയിടത്ത് ഒമ്പതു ശതമാനം മാത്രം.

നഗരങ്ങളിൽ വില്പന പഴയതുപോലെയായിട്ടില്ല എന്നു കമ്പനി സമ്മതിക്കുന്നു. അതേ സമയം ഗ്രാമീണ മേഖല മെച്ചപ്പെട്ടു. കോവിഡനന്തരം നഗരങ്ങളിലെ ജോലി നഷ്ടം ഇപ്പോഴും തുടരുന്നു എന്നു ചുരുക്കം. സോപ്പും അലക്കു പൊടിയും മറ്റും വിൽക്കുന്ന കമ്പനിക്കു വിൽപ്പന കൂടുന്നില്ലെങ്കിൽ ജനങ്ങളുടെ ഉപഭോഗം വർധിച്ചില്ല എന്നു മനസിലാക്കണം.

കജാരിയ സിറാമിക്സിൻ്റെ രണ്ടാം പാദ റിസൽട്ടും നിരാശാജനകം. വിറ്റുവരവിൽ വർധനയില്ല, ലാഭം 3.7 ശതമാനം ഇടിഞ്ഞു.

* * * * * * * *

ഫ്യൂച്ചർ- ആമസോൺ തർക്കത്തിൽ വിധി ആസന്നം

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീറ്റെയ്ൽ ബിസിനസ് റിലയൻസിനു കൈമാറുന്നതിനെതിരേ ആമസോൺ നല്കിയ കേസിൽ സിംഗപ്പൂരിലെ മധ്യസ്ഥ ട്രൈബ്യൂണൽ 26 നോ അതിനു മുമ്പോ വിധി പറയും. ഏകാംഗ ട്രൈബ്യൂണലിനു മുമ്പാകെ 16-നു വാദം നടന്നു. ഫ്യൂച്ചറിനു വേണ്ടി ഹരീഷ് സാൽവേയും ആമസോണിനു വേണ്ടി മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യവും ഹാജരായി. സിംഗപ്പൂരിലെ മുൻ അറ്റോർണി ജനറൽ വി.കെ.രാജായാണ് ട്രൈബ്യൂണൽ.

* * * * * * * *

എച്ച് വൺ ബി വീസകൾ ഭാരമാകും, ഐ ടി വമ്പന്മാർ വിഷമിക്കും

എച്ച് വൺ ബി വീസകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിച്ചു ട്രംപ് ഭരണകൂടം വരുത്തിയ നിയമ മാറ്റങ്ങൾ ഇന്ത്യൻ ഐടി കമ്പനികൾക്കു തിരിച്ചടിയാകും. എച്ച് വൺ ബി വീസയിൽ അമേരിക്കയിൽ എത്തുന്നവർക്ക് ഇപ്പോഴത്തേതിലും 40 ശതമാനം അധിക വേതനം നൽകണം. ചെറുതല്ലാത്ത സാമ്പത്തികഭാരമാണ് ഇത് ഐടി സർവീസസ് കമ്പനികൾക്കു വരുത്തുക. വാഷിംഗ്ടണിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം പഠിച്ചു റിപ്പോർട്ട് ചെയ്തത്. ടിസിഎസ്, ഇൻഫോസിസ്, എച്ച് സി എൽ തുടങ്ങിയ ഐടി വമ്പന്മാർക്ക് ഇതു ക്ഷീണമാകും. യു എസ് ഇന്ത്യ ചേംബർ ഓഫ് കോമേഴ്സും മറ്റും പുതിയ വീസ നിയമത്തിനെതിരേ യുഎസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

* * * * * * * *

ഡോളറിനു നേട്ടം

ചൊവ്വാഴ്ച ഡോളർ -രൂപ വിനിമയത്തിൽ ഡോളർ നേട്ടമുണ്ടാക്കി. 73. 49 രൂപ വരെ കയറിയ ശേഷം 73.46 ൽ ഡോളർ ക്ലോസ് ചെയ്തു.

* * * * * * * *

എസ്ജിഎക്സ് നിഫ്റ്റി

സിംഗപ്പൂർ എക്സ്ചേഞ്ചിലെ എസ് ജി എക്സ് നിഫ്റ്റി വ്യാപാരം ഇന്നലെ തുടക്കത്തിൽ താഴ്ചയോടെയായിരുന്നു. എന്നാൽ ക്രമേണ ഗതി മാറി. ഇന്ത്യൻ സമയം രാവിലെ എഴിന് 25 പോയിൻ്റ് ഉയർച്ച കാണിച്ചു. ഇന്ത്യൻ വിപണികളുടെ തുടക്കം ഉണർവോടെയാകും.

* * * * * * * *

ഇന്നത്തെ വാക്ക് : ഫോഴ്സ് മാഷ

ബിസിനസ് കരാറുകളിൽ കാണുന്ന പദം. മുൻകൂട്ടി കാണാനോ ഒഴിവാക്കാനോ പറ്റാത്ത സംഭവഗതികളാൽ കരാർ പാലിക്കാൻ പറ്റാതെ വന്നാൽ ഫോഴ്സ് മാഷ (Force Majeure) വാദം ഉന്നയിച്ചു ബാധ്യതയിൽ നിന്നു തലയൂരാം. കോവിഡ് അത്തരമൊരു ഫോഴ്സ് മാഷ സംഭവമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it