Top

പണനയത്തിൽ പ്രതീക്ഷ; കയറ്റുമതി വളർച്ചയിൽ അഹങ്കരിക്കാനില്ല; പലിശ നിരക്ക് ഉയരാൻ തുടങ്ങുന്നു

റിസർവ് ബാങ്കിൻ്റെ പണനയം പ്രതീക്ഷിക്കുന്ന ഈയാഴ്ച കമ്പനികളുടെ നാലാം പാദ റിസൽട്ടുകളുടെ തുടക്കവും ഉണ്ടാകും. ഇക്കാര്യങ്ങളും കോവിഡ് വ്യാപനവുമാണ് ഈയാഴ്ച വിപണിയെ പ്രധാനമായി സ്വാധീനിക്കുക. ആഗോളതലത്തിൽ വിപണികൾ നല്ല ഉണർവിലാണ്.

കോവിഡ് വ്യാപനത്തിൻ്റെ രണ്ടാം തരംഗം സാമ്പത്തിക വളർച്ച സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് ഇന്ന് വിപണി. കഴിഞ്ഞ വർഷത്തേതു പോലുള്ള ലോക്ക് ഡൗൺ ഒഴിവാക്കാൻ സർക്കാരുകൾ ശ്രമിക്കുന്നു. എങ്കിലും മഹാരാഷ്ട്ര, ഹരിയാന പോലെ വ്യാവസായിക പ്രാധാന്യമുള്ള സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നുണ്ട്.
കോവിഡ് ഭീതി വിപണിയെ എത്ര കണ്ടു ബാധിക്കും എന്നു വ്യക്തമല്ല. മറ്റു സാഹചര്യങ്ങൾ വിപണിക്ക് മുന്നാേട്ടു കുതിക്കാൻ അനുകൂലമാണ്. മാർച്ചിൽ കയറ്റുമതിയിലും വാഹന വിൽപനയിലും ഉണ്ടായ നല്ല വളർച്ചയും വിപണിയെ സഹായിക്കും.
വ്യാഴാഴ്ച തരക്കേടില്ലാത്ത ഉണർവ് ഇന്ത്യൻ വിപണിക്കുണ്ടായി. സെൻസെക്സ് 50,000-നു മുകളിൽ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകർ ചെറിയ തോതിലാണെങ്കിലും വാങ്ങലുകാരായി.
വെള്ളിയാഴ്ച ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ കുതിച്ചു. എസ് ആൻഡ് പി സൂചിക 4000-നു മുകളിൽ കയറി. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് നല്ല ഉണർവ് കാണിക്കുന്നു. ജപ്പാനിലടക്കം ഏഷ്യൻ വിപണികളും രാവിലെ ഉയർച്ചയിലാണ്.
എസ്ജിഎക്സ് നിഫ്റ്റി വാരാന്ത്യത്തിൽ 14,972 ലായിരുന്നു. ഇന്ത്യൻ വിപണി ഉയരത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്ന സൂചന.
നിഫ്റ്റി 14,800 നു മുകളിൽ ശക്തിപ്പെട്ടാൽ 15,000 - 15,100 മേഖലയിലേക്കു കുതിക്കാൻ കഴിയുമെന്നാണ് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 14,700 ഉം 14,600-ഉം സപ്പോർട്ട് നൽകുന്നു.

എണ്ണ ഉൽപാദനം കൂട്ടും, വില താണില്ല

വരും മാസങ്ങളിൽ ഉൽപാദനം വർധിപ്പിക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) യും റഷ്യയടക്കമുള്ള മിത്രരാജ്യങ്ങളും തീരുമാനിച്ചു. ഇതു വെള്ളിയാഴ്ച ക്രൂഡ് വില താഴ്ത്തി. എന്നാൽ പിന്നീടു സൗദി അറേബ്യ ഏഷ്യയിലേക്കുള്ള ക്രൂഡിനു വില ഉയർത്തിയതു തിരിച്ചടിയായി. ബ്രെൻ്റ് ഇനം വീണ്ടും 64.5 ഡോളറിൽ തുടരുന്നു.
അമേരിക്കൻ സമ്മർദത്തെ തുടർന്നാണു മൂന്നു മാസം കൊണ്ട് പ്രതിദിന ഉൽപാദനം 110 ലക്ഷം വീപ്പ കണ്ട് വർധിപ്പിക്കാൻ ഒപെക് പ്ലസ് തീരുമാനിച്ചത്. ഇറാനുമായി അമേരിക്ക ധാരണയിലെത്താൻ വഴിതെളിയാത്തതും എണ്ണ വിപണിയെ ഉയർത്തി നിർത്തുന്നു.

സ്വർണത്തിനു വീണ്ടും നേട്ടം

സ്വർണ വില ലോകവിപണിയിൽ 1730 ഡോളറിലേക്കുയർന്നു. ഡോളർ അൽപം താണതും സ്വർണ ഇടിഎഫുകളിൽ നിക്ഷേപം വർധിച്ചതും വില ഉയരാൻ സഹായിച്ചു. സ്വർണ വില ഗണ്യമായി ഉയരുമെന്നു ചില നിക്ഷേപ ബാങ്കുകൾ പ്രവചിക്കുകയും ചെയ്തു. കേരളത്തിൽ ഏപ്രിലിലെ രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ടു പവന് 920 രൂപ വർധിച്ച് 33,800 രൂപയായി.

പലിശനിരക്ക് ഉയരാൻ തുടങ്ങുന്നു

പലിശചക്രം തിരിയുന്നു. പലിശനിരക്ക് ഉയരാൻ തുടങ്ങുന്നു. തുടക്കം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിൽ നിന്നാണ്.
എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് വർധിപ്പിച്ചു. ഭവനവായ്പകളുടെ പ്രോസസിംഗ് ഫീസ് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഭവനവായ്പകളുടെ കുറഞ്ഞ നിരക്ക് 6.7 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായാണ് ഉയർത്തിയത്. ഇത് ഒന്നാം തീയതി പ്രാബല്യത്തിലായി. മാർച്ച് ഒന്നിനാണ് കുറഞ്ഞ പലിശ 6.8-ൽ നിന്ന് 6.7 ശതമാനമായി കുറച്ചത്. അത് ഒരു മാസത്തേക്കാണെന്നു പറഞ്ഞിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ പഴയതിനേക്കാൾ ഉയർന്ന മിനിമം പലിശ നിശ്ചയിച്ചത് പലിശ ചക്രത്തിൻ്റെ തിരിച്ചുകയറ്റം കാണിക്കുന്നു.
ഇതോടൊപ്പം വായ്പകളുടെ പ്രോസസിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുകയും ചെയ്തു. വായ്പത്തുകയുടെ 0.4 ശതമാനം (പരമാവധി 30,000 രൂപ) ആണു പ്രോസസിംഗ് ഫീസ്.
മറ്റു ബാങ്കുകളും ഭവനവായ്പാ സ്ഥാപനങ്ങളും എസ്ബിഐയെ തുടർന്നു പലിശനിരക്ക് കൂട്ടും.

പണനയ കമ്മിറ്റി യോഗം ഇന്നു മുതൽ

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി)യുടെ ത്രിദിന യോഗം ഇന്നാരംഭിക്കും. ബുധനാഴ്ച രാവിലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് യോഗ തീരുമാനങ്ങൾ വെളിപ്പെടുത്തും.
ബാങ്കുകളുടെ പലിശനിരക്കിനെ ബാധിക്കുന്ന റീപോ നിരക്കിൽ മാറ്റമൊന്നും ഈ യോഗത്തിൽ പ്രതീക്ഷിക്കുന്നില്ല. ചില്ലറ വിലക്കയറ്റം ഉയർന്നു നിൽക്കുന്നതിനാൽ റീപോ നിരക്ക് കുറയ്ക്കാനാവില്ല. സാമ്പത്തിക വളർച്ചത്തോത് ഉദ്ദേശിച്ച വേഗത്തിൽ എത്താത്തതിനാൽ നിരക്ക് കൂട്ടാനും എളുപ്പമല്ല. കോവിഡ് കൂടുന്ന സാഹചര്യവും നിരക്ക് കൂട്ടുന്നതിനു തടസമാണ്.
സർക്കാർ കടപ്പത്രങ്ങളുടെ വിലയിടിവ് തടയാനുള്ള കാര്യങ്ങൾ യോഗാനന്തരം ഗവർണർ അറിയിക്കുമെന്നു പ്രതീക്ഷയുണ്ട്.
ജിഡിപി വളർച്ച, വിലക്കയറ്റം, പലിശയുടെ ഗതി എന്നിവയെപ്പറ്റി എംപിസിക്കും റിസർവ് ബാങ്കിനും എന്താണു പറയാനുള്ളത് എന്നാണു വിപണി ശ്രദ്ധിക്കുക. കോവിഡിൻ്റെ രണ്ടാം തരംഗം വളർച്ചയ്ക്ക് എത്ര മാത്രം ഇടിവു വരുത്തും എന്നതിനെപ്പറ്റി കേന്ദ്ര ബാങ്കിനുള്ള കാഴ്ചപ്പാട് ഗവർണറുടെ പത്രസമ്മേളനത്തിൽ അറിവാകും. പണലഭ്യത വർധിപ്പിക്കാനായി റിസർവ് ബാങ്ക് നൽകിയിരുന്ന ഇളവുകൾ പുന:സ്ഥാപിക്കുന്നതിൻ്റെ സമയക്രമവും ഗവർണർ അറിയിച്ചേക്കും.

കടമെടുപ്പ്

ഈ ധനകാര്യ വർഷം കേന്ദ്രം 121 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങൾ 8.75 ലക്ഷം കോടി രൂപയും കടപ്പത്രങ്ങൾ വഴി സമാഹരിക്കും. കേന്ദ്രത്തിൻ്റെ കടമെടുപ്പിൽ 60 ശതമാനം ആദ്യ പകുതിയിലും 40 ശതമാനം രണ്ടാം പകുതിയിലുമാണു നടത്തുക. സംസ്ഥാനങ്ങൾ 40 ശതമാനമാകും ആദ്യ പകുതിയിൽ സമാഹരിക്കുക.
ഭീമമായ ഈ കടമെടുപ്പ് കടപ്പത്ര വില താഴാനും കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കൂടാനും കാരണമാകുമെന്നു വിപണി കരുതുന്നു. ജനുവരി-മാർച്ച് പാദത്തിൽ 10 വർഷ കടപ്പത്രങ്ങളുടെ വില 2.24 രൂപ താണിരുന്നു. നിക്ഷേപ നേട്ടം 6.1768 ശതമാനമായി ഉയർന്നു. നിക്ഷേപ നേട്ടം കൂടുകയും കടപ്പത്ര വില കുറയുകയും ചെയ്യുന്നത് കടപ്പത്രങ്ങൾ കൈവശമുള്ള ബാങ്കുകൾക്കു നഷ്ടം വരുത്തും. ഇത് ഒഴിവാക്കാൻ റിസർവ് ബാങ്ക് എന്തു നടപടികൾ എടുക്കും എന്നു വിപണി ഉറ്റുനോക്കുന്നു.

കയറ്റുമതി വളർച്ചയിൽ ഒന്നും പറയാനില്ല

മാർച്ചിലെ ഇന്ത്യൻ കയറ്റുമതി 58 ശതമാനം വർധിച്ചു. അതിൽ തന്നെ എൻജിനിയറിംഗ് ഉൽപന്ന കയറ്റുമതി 70 ശതമാനം വർധിച്ചു.
ഉയർന്ന വളർച്ചക്കണക്കു കയറ്റുമതി മേഖലയുടെ ശക്തമായ തിരിച്ചുവരവായി പലരും ചിത്രീകരിക്കുന്നുണ്ട്. എന്നാൽ അത്ര വലിയ കാര്യമൊന്നും ഈ കണക്കിൽ ഇല്ലെന്നതാണു യഥാർഥ്യം.
കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ചാണ് 58 ശതമാനം വർധന. കഴിഞ്ഞ മാർച്ചിൽ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലോ അതിനു സമാനമായ അവസ്ഥയിലോ ആയിരുന്നു. ഇന്ത്യയിലും മാർച്ച് അവസാന ആഴ്ച സമ്പൂർണ ലോക്ക് ഡൗണായിരുന്നു. ആ മാസത്തെ കയറ്റുമതി അപ്രതീക്ഷിതമായി ഇടിഞ്ഞിരുന്നു.
2019 മാർച്ചിലെ കയറ്റുമതി സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ നാലു ശതമാനം വർധനയേ ഈ മാർച്ചിലുള്ളു. 3255 കോടി ഡോളറിൽ നിന്ന് 3400 കോടി ഡോളറിലേക്ക്. ശരിക്കും നേട്ടം അവകാശപ്പെടാവുന്നത് ഫെബ്രുവരിയെ അപേക്ഷിച്ച് 21 ശതമാനം വളർച്ച കയറ്റുമതിയിൽ ഉണ്ടായതിനെപ്പറ്റിയാണ്.
കോവിഡ് ഇന്ത്യയിലും പുറത്തും വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർച്ചിലെ വർധന തുടരാനാകുമോ എന്നു സംശയമുണ്ട്. ഇന്ത്യയിലും യൂറോപ്പിലുമൊക്കെ നിയന്ത്രണങ്ങൾ വർധിക്കുകയാണല്ലോ.
2018-19 വർഷം ഇന്ത്യയുടെ കയറ്റുമതി 33,000 കോടി ഡോളർ ആയിരുന്നു. 2019 -20 ൽ അത് 31,400 കോടി ഡോളറായി കുറഞ്ഞു. കോവിഡിനു മുമ്പു തന്നെ കയറ്റുമതി മേഖല ദുർബലമായിരുന്നെന്നു വ്യക്തം. 2019-ലെ നിലവാരത്തിൽ എത്താൻ പോലും ഈ ധനകാര്യ വർഷം 14 ശതമാനം വർധന ആവശ്യമാണ്. 2019 വരെ തുടർന്ന ആക്കം തിരിച്ചു കിട്ടാനാകട്ടെ ശരാശരി 25 ശതമാനം വളർച്ച ഉണ്ടായേ പറ്റൂ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it