പണനയത്തിൽ കണ്ണുനട്ട് വിപണി; ബുൾ തരംഗം വരാൻ ചെയ്യേണ്ടത്; വിദേശികൾ ചെയ്യുന്നത് ഇതാണ്; ഐഎംഎഫിൻ്റെ അമിത പ്രതീക്ഷ

വിദേശികൾ തുടർച്ചയായി വിൽപനക്കാരാകുന്നതും വളർച്ചയെപ്പറ്റിയുള്ള ആശങ്കകളും വിപണിക്ക് ഉയരാൻ തടസമാകുന്നു.ചൊവ്വാഴ്ച ഉയരത്തിൽ തുടങ്ങിയ വിപണിക്ക് ആ നേട്ടം നിലനിർത്താനായില്ല. നാമമാത്ര നേട്ടത്തോടെയാണു വിപണികൾ ക്ലോസ് ചെയ്തത്.

ഇന്നു പത്തു മണിയോടെ റിസർവ് ബാങ്ക് പണനയ അവലോകനം വെളിയിൽ വരും. പലിശ നിരക്കിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. വിലക്കയറ്റം, വളർച്ച എന്നിവയെപ്പറ്റി ബാങ്കിൻ്റെ കാഴ്ചപ്പാടും നിഗമനവും ഗവർണർ ശക്തികാന്ത ദാസ് വിശദീകരിക്കും. ആ കാഴ്ചപ്പാട് വിപണിയെ സ്വാധീനിക്കും. പലിശനിരക്ക് താഴ്ത്തി നിർത്താൻ റിസർവ് ബാങ്ക് ശ്രമിക്കും എന്ന പ്രതീക്ഷയാണു വിപണിക്കുള്ളത്.
രാജ്യത്തു കൂടുതൽ സ്ഥലങ്ങളിൽ കോവിഡ് മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിപണിയെ സ്വാധീനിക്കും. ഇന്ത്യയുടെ ജിഡിപി വളർച്ച ഇക്കൊല്ലം ഇരട്ടയക്കത്തിലാകുമെന്ന ഐഎംഎഫ് നിഗമനം വിപണിയെ ഉത്തേജിപിക്കാൻ സാധ്യതയില്ല. വളർച്ച അതിലും കുറവാകുമെന്നു വ്യക്തമായതുകൊണ്ടാണത്.
വിപണി ഗണ്യമായ കുതിപ്പ് നടത്തി നിഫ്റ്റി 14,950-നു മുകളിൽ എത്തിയാലേ പഴയ ബുൾ തരംഗം തിരിച്ചുപിടിക്കാനാകൂ എന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. അങ്ങനെ കയറിയാൽ 15,300-15,500 മേഖലയിലേക്കു കുതിക്കാനാവും. മറിച്ചു നിഫ്റ്റി 14,450 നു താഴേക്കു പതിച്ചാൽ 14,200 വരെ ഇടിയും.

ചാഞ്ചാട്ടം തുടരാം

ഇന്നത്തെ പണനയവും കോവിഡ് വ്യാപനവും വിപണിയുടെ കണക്കുകൂട്ടലുകൾക്കനുസരിച്ചാണെങ്കിൽ ചെറിയ ചാഞ്ചാട്ടത്തോടെ വിപണി നീങ്ങുമെന്നാണു പ്രതീക്ഷ.
ഇന്നലെ യൂറോപ്യൻ വിപണികൾ പുതിയ ഉയരങ്ങളിലേക്കു കയറി. അമേരിക്കൻ സൂചികകൾ നേരിയ താഴ്ചയോടെ അവസാനിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ ഉയർച്ചയോടെയാണു തുടങ്ങിയത്.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,772-ലാണു ക്ലോസ് ചെയ്തത്. ചെറിയ നേട്ടത്തോടെ ഇന്നു വ്യാപാരം തുടങ്ങുമെന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

വിദേശികൾ വിൽപനക്കാർ

വിദേശ നിക്ഷേപകർ വിപണിയിൽ വിൽപനക്കാരായി മാറി. ഇന്നലെ 10 92.75 കോടിയുടെ ഓഹരികളാണ് അവർ വിറ്റത്. ഈ മാസത്തെ മൂന്നു വ്യാപാര ദിനങ്ങളിലായി അവർ 1875 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ മൂന്നു ദിവസം കൊണ്ടു വാങ്ങിയത് 195 കോടിയുടെ ഓഹരി മാത്രം. വിദേശികളുടെ തുടർച്ചയായ വിൽപനയാണു വിപണി ഉയരുന്നതിനുള്ള പ്രധാന തടസം.

ക്രൂഡ് സ്റ്റെഡി, സ്വർണം കയറി

ക്രൂഡ് ഓയിൽ വിപണി സ്ഥിരത കൈവരിക്കുന്ന സൂചനയാണു കാണുന്നത്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 62.73 ഡോളറാണ് ഇന്നു രാവിലെ.
ഡോളർ സൂചിക താണത് സ്വർണ വില ഉയർത്തി. ഔൺസിന് 1742 ഡോളറായി. വെള്ളി, പ്ലാറ്റിനം തുടങ്ങിയവയുടെ വിലയും കയറി.

ഐഎംഎഫിനു വലിയ പ്രതീക്ഷ; അതു കൂടുതലെന്നു നിരീക്ഷകർ

ഈ വർഷം ഇന്ത്യ 12.5 ശതമാനം വളർച്ച നേടുമെന്ന പ്രവചനവുമായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ് ). രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുക്കാതെയാണ് ഈ പ്രവചനമെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വലിയ സമ്പദ്ഘടനകളിൽ ഏറ്റവുമുയർന്ന ജിഡിപി വളർച്ച ഈ വർഷം ഇന്ത്യയുടേതാകും. ചൈന പോലും 8.4 ശതമാനമേ വളരൂ എന്നാണ് ഫണ്ടിൻ്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്.
2022-23ൽ ഇന്ത്യ 6.9 ശതമാനം തോതിൽ വരുമെന്നും ഫണ്ട് കണക്കാക്കുന്നു. ഇതു നേരത്തേ കണക്കാക്കിയതിലും കൂടുതലാണ്.അതേ സമയം ചൈനയ്ടെ വളർച്ച 5.6 ശതമാനമായിരിക്കും.
ലോകബാങ്ക് കണക്കാക്കിയതിലും കൂടുതൽ വളർച്ചയാണ് ഐ എം എഫ് കണക്കാക്കുന്നത്. ലോക ബാങ്ക് 10.1 ശതമാനമാണു പ്രതീക്ഷിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്നു മഹാരാഷ്ട്രയിലടക്കം പലേടത്തും നിയന്ത്രണങ്ങൾ കൊണ്ടുവന്ന സാഹചര്യം ഐഎംഎഫ് കണക്കിലെടുത്തിട്ടില്ല എന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. വളർച്ച 10 ശതമാനത്തിൻ്റെ ചുറ്റുവട്ടത്തായിരിക്കുമെന്നാണ് ഇപ്പാേൾ റേറ്റിംഗ് ഏജൻസികൾ വിലയിരുത്തുന്നത്.
അമേരിക്കയുടെ ജിഡിപി ഈ വർഷം 6.4 ശതമാനം വളരുമെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് ട്വീറ്റ് ചെയ്തു. ഈ തോതിൽ വളർന്നാൽ കോവിഡ് വരുത്തിയ ആഘാതത്തിൽ നിന്നു യുഎസ് കരകയറും. കോവിഡ് ഇല്ലാതിരുന്നാൽ ഉണ്ടാകുമായിരുന്നത്ര ജിഡിപി ഈ വർഷം അമേരിക്കയ്ക്കുണ്ടാകും. കോവിഡിനെ മറികടക്കുന്ന രണ്ടാമത്തെ വലിയ സമ്പദ്ഘടനയാകും യുഎസ്. ചൈന കഴിഞ്ഞ വർഷം തന്നെ വളർച്ചയിലായിരുന്നു. ഇന്ത്യ 2023-ലും കോവിഡ് ആഘാതം അതിജീവിക്കാനിടയില്ല.

ഗൗതം അഡാനി ഗ്രൂപ്പ്

മൂല്യം 10,000 കോടി ഡോളറിലധികം
ഗൗതം അഡാനി നയിക്കുന്ന അഡാനി ഗ്രൂപ്പ് 10,000 കോടി ഡോളറിലധികം വിപണി മൂല്യം ഉള്ള വ്യവസായ ഗ്രൂപ്പായി. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോൾ അഡാനി ഗ്രൂപ്പിൻ്റെ വിപണിമൂല്യം 10,680 കോടി ഡോളറാണ്.(7.84 ലക്ഷം കോടി രൂപ). ടാറ്റാ ഗ്രൂപ്പും റിലയൻസും കഴിഞ്ഞ് ഈ നാഴികക്കല്ല് പിന്നിടുന്ന വ്യവസായ ഗ്രൂപ്പായി അഡാനി യുടേത്. ടാറ്റാ ഗ്രൂപ്പിന് 24,200 കോടി ഡോളറും റിലയൻസിന് 17,100 കോടി ഡോളറും മൂല്യമുണ്ട്.
അഡാനി എൻ്റർപ്രൈസസ്, അഡാനി പോർട്സ്, അഡാനി ഗ്രീൻ, അഡാനി ടോട്ടൽ ഗ്യാസ്, അഡാനി ട്രാൻസ്മിഷൻ, അഡാനി പവർ എന്നിവയാണു ഗ്രൂപ്പിൻ്റെ ലിസ്റ്റ് ചെയ്ത കമ്പനികൾ.
രാജ്യത്തെ തുറമുഖ ശേഷിയുടെ 30 ശതമാനവും വിമാനത്താവള ശേഷിയുടെ 25 ശതമാനവും ഈ ഗുജറാത്തി ബിസിനസ് ഗ്രൂപ്പിൻ്റെ കൈയിലാണ്. പാരമ്പര്യേതര സ്രോതസുകളിൽ നിന്ന് 25 ജിഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ 2025-ഓടെ അഡാനിക്കു കഴിയും. ഗ്രൂപ്പിൻ്റെ ശരവേഗത്തിലുള്ള വളർച്ച കേന്ദ്ര ഭരണകൂടവുമായുള്ള അടുപ്പത്തിൻ്റെ ഫലമാണെന്നു വിമർശനമുണ്ട്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it