Top

വളർച്ചയിൽ കണ്ണുവച്ച് വിപണി; ബെർണാങ്കിയെ പിന്തുടർന്നു ദാസ് ; ഡോളറിനെ പിടിച്ചു നിർത്താൻ റിസർവ് ബാങ്കിനു കഴിയുമോ?

ഉദാരമായ പണനയം വിപണിയെ ഉയർത്തി.എന്നാൽ ഉയരങ്ങളിലെ വിൽപനസമ്മർദം മറികടക്കാൻ കഴിയുന്നില്ല. 49,900 വരെ ഉയർന്ന സെൻസെക്സ് ക്ലോസ് ചെയ്തത് 49,661.78 ലാണ്. നിഫ്റ്റി 14,879.8 വരെ കയറിയിട്ട് 14,819.05-ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകരുടെ സമീപനം വേണ്ടത്ര പോസിറ്റീവ് അല്ല. പണനയം സംബന്ധിച്ച അനിശ്ചിതത്വം മാറിയെങ്കിലും കോവിഡ് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു എന്നാണ് അവരുടെ വിലയിരുത്തൽ. ഇന്നലെ വിദേശികൾ 227 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി നിക്ഷേപ സ്ഥാപനങ്ങൾ 381 കോടി ഓഹരികളിൽ നിക്ഷേപിച്ചു.

തടസങ്ങൾ കടക്കണം

നിഫ്റ്റി 14,900-ൽ ശക്തമായ തടസം നേരിടുന്നു എന്നാണു സാങ്കേതിക വിശകലനം. അതു മറികടന്നാലേ 15,300-15,450 മേഖലയിലേക്ക് കുതിക്കാനാവൂ. മറിച്ചു 14,700-ലും 14,600-ലുമുള്ള സപ്പോർട്ട് നഷ്ടപ്പെടുത്തിയാൽ 14, 200 വരെ വീഴാമത്രെ. ഇന്നത്തെ വ്യാപാര ഗതി വിപണിക്കു നിർണായകമാണ്.
ഡോളറിനെതിരേ രൂപയ്ക്ക് ഒന്നര ശതമാനം ഇടിവുണ്ടായതും വിപണിയെ സ്വാധീനിക്കും. ക്രൂഡ് ഓയിൽ വില 63 ഡോളറിനു മുകളിലേക്കു വീണ്ടും കയറിയത് രാജ്യത്തിൻ്റെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കും. പലിശ നിരക്ക് അനിശ്ചിതകാലത്തേക്കു താഴ്ത്തി നിർത്തുമെന്ന റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം നടപ്പാക്കുന്നതിനു തടസങ്ങൾ പലതുണ്ട്.

സമ്മിശ്രചിത്രം

ഇന്നലെ യൂറോപ്യൻ, അമേരിക്കൻ വിപണികൾ സമ്മിശ്ര ചിത്രമാണു നൽകിയത്. ഡൗ സൂചിക നേരിയ കാഴ്ച കാണിച്ചു; നാസ്ഡാക് നാമമാത്ര ഉയർച്ചയും. ഏഷ്യൻ ഓഹരി സൂചികകൾ ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,854-ലാണു ക്ലോസ് ചെയ്തത്. ഇന്നു വ്യാപാര തുടക്കം അത്ര ആവേശകരമല്ലെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
നാലു ദിവസത്തിനുള്ളിൽ മൂന്നു തവണ രാജ്യത്തെ പ്രതിദിന കോവിഡ് ബാധ ഒരു ലക്ഷത്തിനു മുകളിലായി. ചില സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമത്തെപ്പറ്റി പറയുന്നു. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ വരുന്നു. ഇതെല്ലാം വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതാണ്.

പണനയത്തിൽ പുതുമ

ബുധനാഴ്ച പ്രഖ്യാപിച്ച പണനയത്തിലെ ഏറ്റവും നിർണായക കാര്യം ജി-സാപ് 1.0 ( G- SAP1.0)ആണ്. സർക്കാർ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നതാണു പദ്ധതി.
2008-ൽ ലീമാൻ ബ്രദേഴ്സ് തകർന്നു വിപണികൾ വീണടിയുകയും ബാങ്കുകൾ ഒന്നൊന്നായി തകരുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം വീഴുകയും ചെയ്തപ്പോൾ അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ ചെയർമാൻ ബെൻ ബെർണാങ്കി ആവിഷ്കരിച്ച പദ്ധതിയുടെ ആവർത്തനമാണിത്. ബെർണാങ്കിയുടെയും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിൻ്റെയും ലക്ഷ്യങ്ങൾ വ്യത്യസ്തമാണെന്നു മാത്രം.
ബാങ്കുകളെയും വലിയ ധനകാര്യ സ്ഥാപനങ്ങളെയും തകർച്ചയിൽ നിന്നു രക്ഷിക്കുക; ഒപ്പം സമ്പദ്ഘടനയിൽ പണലഭ്യത ഉറപ്പു വരുത്തുക: ഇതായിരുന്നു ബെർണാങ്കിയുടെ ലക്ഷ്യം.
സർക്കാരിൻ്റെ അതിഭീമമായ കടമെടുപ്പ് സുഗമമായി നടത്തുക; അതിനായി പലിശനിരക്കു താഴ്ത്തി നിർത്തുക: ഇതാണു ദാസിൻ്റെ ലക്ഷ്യം.
കഴിഞ്ഞ പൊതു ബജറ്റ് അവതരിപ്പിച്ചതു മുതൽ കടപ്പത്ര വിപണിക്കുള്ള ആശങ്കയാണ് ജി സാപ് 1.0 വഴി ദാസ് പരിഹരിച്ചത്. കഴിഞ്ഞ ധനകാര്യ വർഷം കേന്ദ്രവും സംസ്ഥാനങ്ങളും കൂടി 21 ലക്ഷം കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിച്ചു. ഈ ധനകാര്യ വർഷവും അത്ര തന്നെ തുകയുടെ കടപ്പത്രങ്ങൾ ഇറക്കുന്നുണ്ട്. അതത്രയും ഉൾക്കൊള്ളാൻ വിപണിക്കാവില്ല.
കഴിഞ്ഞ വർഷം ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസിലൂടെ (ഒഎംഒ) 3.13 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയിരുന്നു. ഇത് ഒരു സമയക്രമമോ സുതാര്യതയോ ഇല്ലാതെയാണു നടന്നത്.ഇതിനു സമയക്രമം ഉണ്ടാക്കുകയും തുക നേരത്തേ പ്രഖ്യാപിക്കുകയും ചെയ്യണമെന്നു കടപ്പത്ര ഇടപാടുകാർ നേരത്തേ മുതൽ ആവശ്യപ്പെടുന്നതാണ്. അതാണു ജി സാപ് നൽകുന്നത്. ഒന്നാം പാദത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും. ആദ്യഗഡുവായി ഏപ്രിൽ 15-നു 25,000 കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും.
ജി സാപ് പ്രഖ്യാപനം കടപ്പത്ര വിപണിക്ക് ആശ്വാസമായി. ബുധനാഴ്ച രാവിലെ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (Yield) 6.123 ശതമാനത്തിൽ നിന്ന് 6.166 ശതമാനമായി കൂടിയിരുന്നു. ഗവർണർ പണനയം അവതരിപ്പിച്ച് അര മണിക്കൂറിനകം ഇത് 6.07 ശതമാനം ആയി താണു. പിന്നീട് 6.09 ശതമാനത്തിലാണു ക്ലോസ് ചെയ്തത്.

അപ്പോൾ ജി- സാപ് എന്താണ്?

സർക്കാർ കടപ്പത്രം എന്നാൽ സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയ കടപ്പത്രം. അതു റിസർവ് ബാങ്ക് തിരിച്ചു വാങ്ങുമ്പോൾ എന്താണു സംഭവിക്കുന്നത്?
അതറിയാൻ കടപ്പത്രം ഇറക്കുമ്പോൾ സംഭവിക്കുന്നതു മനസിലാക്കണം. സർക്കാരിൻ്റെ പ്രവർത്തനത്തിനു പണം വേണം. നികുതിയും മറ്റുമായി കിട്ടുന്ന പണം മതിയാകാതെ വരുമ്പോൾ കടപ്പത്രം ഇറക്കും. ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ ഈ കടപ്പത്രങ്ങൾ വാങ്ങും. അവർ കടപ്പത്രത്തിലെ തുക റിസർവ് ബാങ്കിനു നൽകും. റിസർവ് ബാങ്ക് അതു സർക്കാരിനു നൽകും.
കടപ്പത്രം തിരിച്ചു വാങ്ങുമ്പോൾ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു പണം കൊടുക്കുന്നു. ആ പണം സർക്കാരിൽ നിന്നു കിട്ടുകയില്ല. റിസർവ് ബാങ്കിൻ്റെ സ്വന്തം പണമാണു നൽകുന്നത്.
ദശാബ്ദങ്ങൾക്കു മുമ്പ് ഗവണ്മെൻ്റിൻ്റെ കമ്മി നികത്താനായി റിസർവ് ബാങ്ക് കറൻസി അടിച്ചു നൽകിയിരുന്നു (Deficit monetisation). അതിൻ്റെ 21-ാം നൂറ്റാണ്ടിലെ പതിപ്പായി ജി- സാപിനെ കാണാം. സർക്കാരിൻ്റെ പുതിയ കടപ്പത്രം വാങ്ങാനായി ബാങ്കുകളുടെയും മറ്റും പക്കലുള്ള പഴയ കടപ്പത്രം വാങ്ങി റിസർവ് ബാങ്ക് പണം നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 3.13 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് ഈയിനത്തിൽ ചെലവാക്കി. ഈ വർഷം അതിൽ കൂടുതലാകും റിസർവ് ബാങ്ക് ചെലവാക്കുന്നത്.

അവശേഷിക്കുന്ന ചോദ്യങ്ങൾ

കമ്മിപ്പണം അടിച്ചിറക്കുന്നത് സമ്പദ്ഘടനയിൽ പണപ്പെരുപ്പമുണ്ടാക്കും. അതു കൈകാര്യം ചെയ്യാൻ വേരിയബിൾ റേറ്റ് റിവേഴ്സ് റീപോ ഓപ്പറേഷനും മറ്റും നടത്തുന്നുണ്ട്. എങ്കിലും കേന്ദ്ര ബാങ്കിനെ ഉപയോഗിച്ചു കടപ്പത്ര വിൽപനയ്ക്കു പണം കണ്ടെത്തുന്ന രീതി എത്രമാത്രം നല്ലതാണെന്ന ചോദ്യമുയരാം.
അമേരിക്കയും യൂറോപ്പും മറ്റും കടപ്പത്രം തിരിച്ചു വാങ്ങലിൽ നിന്നു പിന്മാറാൻ ശ്രമിച്ചിട്ടു വഴി കാണാതെ വിഷമിക്കുകയാണ്. വികസിത രാജ്യങ്ങളുടെ അവസ്ഥ അതാണെങ്കിൽ വികസ്വര രാജ്യമായ ഇന്ത്യക്ക് ജി സാപിൽ നിന്നു പിന്മാറാൻ എളുപ്പമാകുമോ?

ഡോളർ പെട്ടെന്നു കുതിച്ചത് എന്തുകൊണ്ട്?

വിപണിയുടെ ഗതി പലപ്പോഴും വിചിത്രമാണ്. ഓഹരി വിപണി ഉയർന്നു; കടപ്പത്ര വിപണി ഉയർന്നു; റിസർവ് ബാങ്കിൻ്റെ പണനയത്തിനു പരക്കെ സ്വാഗതവും ലഭിച്ചു. ഇതൊക്കെ സംഭവിച്ച ദിവസം രൂപ സമീപകാലത്തെ ഏറ്റവും വലിയ വീഴ്ച രേഖപ്പെടുത്തി. ഡോളറിനു 116 പൈസ കയറി 74.56 രൂപയായി. രൂപയ്ക്ക് 1.52 ശതമാനംം ഇടിവ്.
രാജ്യത്തു പ്രതിദിനകോവിഡ് ബാധിതരുടെ എണ്ണം 1.15 ലക്ഷമായി എന്നതാണു ഡോളർ -രൂപ നിരക്കിലെ കോളിളക്കത്തിനു കാരണമായി പറയുന്നത്. അതു വളർച്ചയെ ബാധിക്കുമത്രെ. അക്കാര്യം മുൻ ദിവസങ്ങളിലും അറിയാവുന്നതു തന്നെയാണ്. റിസർവ് ബാങ്ക് ഗവർണർ പണനയം വിശദീകരിച്ചപ്പോൾ കോവിഡ് വളർച്ചയെ ബാധിക്കാം എന്നു പറഞ്ഞതും പുതിയ കാര്യമല്ല.
പലിശ നിരക്ക് താഴ്ത്തി നിർത്താനുള്ള നടപടികൾ പണനയത്തിൽ ഉണ്ട്. കടപ്പത്രവിപണി ആവശ്യപ്പെട്ടതു പ്രകാരം കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തു.
പലിശ താണു നിൽക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ആ കറൻസിയിലെ നിക്ഷേപങ്ങളുടെ ആദായവും കുറയും. അതനുസരിച്ച് ഓഹരികളിലും കടപ്പത്രങ്ങളിലും നിന്ന് നിക്ഷേപകർ പണം പിൻവലിക്കില്ലേ? ഡോളർ നിരക്ക് കൂടിയതിനു പിന്നിൽ ഇത്തരമൊരു കണക്കുകൂട്ടൽ ഉണ്ടോ?
മുൻ ദിവസങ്ങളിൽ ഓഹരിയിൽ വിൽപനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ വാങ്ങലുകാരായത് എടുത്തു പറയാൻ തക്ക കാര്യമല്ല. വരും ദിവസങ്ങളിൽ ഡോളർ നിരക്കും വിദേശ നിക്ഷേപകരുടെ നീക്കങ്ങളും നിരന്തര നിരീക്ഷണം ആവശ്യമുള്ള വിഷയങ്ങളാണ്.
മറ്റൊന്നു കൂടിയുണ്ട്. കേന്ദ്ര ബാങ്കുകൾ പലിശ നിരക്കു താഴ്ത്തി നിർത്തുമ്പോൾ വിലക്കയറ്റത്തോതും താണില്ലെങ്കിൽ കറൻസി ഇടിയുമെന്നത് എക്കാലവും കണ്ടിട്ടുള്ളതാണ്. സമീപകാലത്ത് തുർക്കി ഉയർന്ന വിലക്കയറ്റത്തിനിടെ പലിശനിരക്ക് താഴ്ത്തി നിർത്തി. തുർക്കിയുടെ കറൻസി ലീര കുത്തനെ ഇടിഞ്ഞതാണു ഫലം.
റഷ്യ, ബ്രസീൽ, തുർക്കി തുടങ്ങിയ വികസ്വര രാജ്യങ്ങൾ ഈയിടെ പലിശ കൂട്ടാനാണു തുടക്കമിട്ടത്. ഇന്ത്യയാണ് സമാന രാജ്യങ്ങൾക്കിടയിൽ പലിശ ദീർഘകാലത്തേക്കു താഴ്ത്തി നിർത്തുമെന്നു പ്രഖ്യാപിച്ച ഏക രാജ്യം. സിദ്ധാന്തങ്ങൾക്കു വിപരീതമായ ഈ നീക്കത്തോടു കമ്പോളം വിപരീത പ്രതികരണത്തിനു മുതിർന്നതിൽ അത്ഭുതമില്ല. വരും ദിവസങ്ങളിൽ വിദേശ നാണയ വിപണിയും റിസർവ് ബാങ്കുമായുള്ള മൽപ്പിടുത്തം കാണാം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it