കോവിഡ് ആശങ്ക വീണ്ടും; ഓഹരി ഫണ്ടുകൾക്കു വീണ്ടും പ്രിയം; ലാഭം ഇരട്ടിപ്പിക്കാൻ 12 കമ്പനികൾ; വാഹന വിപണിക്കു സ്പീഡ് കുറഞ്ഞു

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഞെട്ടിക്കുന്ന വർധനയിൽ വിപണികൾ ഞെട്ടുന്നില്ല. ഡസൻ കണക്കിനു പേർക്കു രോഗം പിടിച്ചിരുന്നപ്പോൾ സർവനാശകാരിയായ ലോക്ക് ഡൗൺപ്രഖ്യാപിച്ചവർ ലക്ഷങ്ങൾക്കു ദിവസേന രോഗം പിടിക്കുന്ന ഈയവസരത്തിൽ പറയുന്നു, ലോക്ക് ഡൗൺ വേണ്ട പരിശോധന മതി എന്ന്. മൊത്തം അടച്ചിടുന്നില്ല എന്നതു വിപണിക്കും ആശ്വാസകരമാണ്. എങ്കിലും സാമ്പത്തിക വളർച്ച തിരിച്ചു വരുന്നതിന് കോവിഡിൻ്റെ വർധിത വീര്യത്തോടെയുള്ള വ്യാപനം തടസമാകും എന്നു ദിവസേന വ്യക്തമായി വരികയാണ്. അത് വിപണിയിലും പ്രതിഫലിക്കും. വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 1.27 ലക്ഷം പേർ രാജ്യത്തു കോവിഡ് ബാധിതരായി. ഇന്നും രോഗബാധ വർധിക്കുമെന്നാണു സൂചന. ഏറ്റവുമധികം പേർക്കു രോഗം പിടിക്കുന്ന രാജ്യമാണ് ഇന്ത്യ ഇപ്പോൾ.

വിദേശികൾക്ക് ഉത്സാഹക്കുറവ്

ഇന്നലെ നല്ല ഉയരത്തിൽ തുടങ്ങിയ വിപണി അവസാന മണിക്കൂറിലാണ് താഴോട്ടുള്ള സൂചന കാണിച്ചത്. ഒടുവിൽ ചെറിയ നേട്ടത്തോടെ സൂചികകൾ ക്ലോസ് ചെയ്തു. കോവിഡ് കണക്കുകളേക്കാൾ വിദേശ നിക്ഷേപകരുടെ ഉത്സാഹക്കുറവാണ് വിപണിയെ ബാധിച്ചത്. 110.55 കോടി രൂപയുടെ നിക്ഷേപമേ ഇന്നലെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ നടത്തിയുള്ളൂ. ഓഹരി മ്യൂച്വൽ ഫണ്ടുകളിലേക്കു നിക്ഷേപകർ തിരിച്ചുവന്നതിനാൽ സ്വദേശി സ്ഥാപനങ്ങളുടെ ഓഹരി വാങ്ങൽ വർധിച്ചു.
വ്യാപാരസമയത്തു സൂചികകൾ ഗണ്യമായി ഉയർന്നു നിന്നെങ്കിലും ക്ലോസിംഗിൽ ആ നേട്ടം നിലനിർത്താത്തത് വിപണിഗതിയെപ്പറ്റി ആശങ്ക ജനിപ്പിക്കും. യൂറോപ്പിലും അമേരിക്കയിലും വിപണികൾ റിക്കാർഡ് ഉയരങ്ങളിലെത്തിയത് സാധാരണഗതിയിൽ ഇന്നു നല്ല തുടക്കത്തിനു കാരണമാകേണ്ടതാണ്. ഏഷ്യൻ സൂചികകളും രാവിലെ നല്ല ഉയരത്തിലാണ്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,947-ലാണു ക്ലോസ് ചെയ്തത്. ചെറിയ ഉയർച്ചയാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

അനിശ്ചിതത്വം വീണ്ടും

14,900-ൻ്റെ മുകളിൽ ക്ലോസ് ചെയ്യാൻ നിഫ്റ്റിക്കു കഴിയാത്തത് വിപണിയിലെ അനിശ്ചിത മനോഭാവത്തെ കാണിക്കുന്നതായി സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് 14,900-ൻ്റെ തടസം മറികടന്നാലേ പഴയ ബുൾ തരംഗത്തിനു തുടരാനാകൂ. മറിച്ചായാൽ വിപണി വീണ്ടും തിരുത്തൽ മേഖലയിലേക്കു താഴും.

ഡോളറും രൂപയും

ഡോളർ സൂചിക താഴുകയാണെങ്കിലും രൂപ ഡോളറുമായുള്ള വിനിമയത്തിൽ താഴാേട്ടു പോയി. ഇന്നലെ ഡോളർ 74.23 വരെ താണിട്ടു ക്ലോസിംഗിൽ 74.58 ലേക്കു കയറി. 13 പൈസയുടെ നേട്ടം. റിസർവ് ബാങ്ക് രാവിലെ ഇടപെട്ടതാണു ഡോളറിനെ ആദ്യം താഴ്ത്തിയത്. റിസർവ് ബാങ്ക് പിന്മാറിയപ്പോൾ ഡോളർ കയറി. വിദേശനാണയ വിപണി ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.
ലോകവിപണിയിൽ ഡോളറിൻ്റെ താഴ്ച സ്വർണവില കയറ്റി. ഔൺസിന് 1755 ഡോളറിലാണു സ്വർണം.
ക്രൂഡ് ഓയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. കോവിഡ് വ്യാപനം ക്രൂഡ് ഉപയോഗം കുറയ്ക്കുമെന്നു ഭീതിയുണ്ട്. ബ്രെൻ്റ് ഇനം 63.47 ഡോളറിലാണ് ഇന്നു രാവിലെ.
കടപ്പത്രവിപണി ശാന്തമായി വരികയാണ്. 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 6.031 ശതമാനത്തിലേക്കു താണു. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാനുള്ള പദ്ധതി റിസർവ് ബാങ്ക് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ലാഭം ഇരട്ടിക്കുന്ന 12 കമ്പനികൾ

കമ്പനികളുടെ നാലാംപാദ ഫലങ്ങൾ പുറത്തു വരാൻ പോകുന്നു. മികച്ച വളർച്ചയും ലാഭ വർധനയും ഉണ്ടായ പാദമാണു ജനുവരി - മാർച്ച് എന്നാണു പൊതു വിലയിരുത്തൽ. പ്രമുഖ ബ്രോക്കറേജുകൾ പാദ ഫലം സംബന്ധിച്ച വിശകലനങ്ങളും നിഗമനങ്ങളും പുറത്തുവിട്ടു തുടങ്ങി.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 12 എണ്ണത്തിനെങ്കിലും ഈ പാദത്തിൽ ലാഭം ഇരട്ടിക്കുമെന്ന് മോട്ടിലാൽ ഓസ്വാൾ കണക്കാക്കുന്നു.
കഴിഞ്ഞ വർഷം നാലാം പാദത്തിൽ വളർച്ച കുറവായിരുന്നു.മാർച്ച് ഒടുവിൽ ലോക്ക് ഡൗൺ മൂലം ഫാക്ടറികൾ അടച്ചിടുകയും ചെയ്തു. അതു മിക്ക കമ്പനികളുടെയും ലാഭം കുറച്ചു.
ഈ കുറഞ്ഞ അടിത്തറയിൽ നിന്ന് ഇക്കൊല്ലത്തെ റിസൽട്ട് ഗണ്യമായ നേട്ടമുണ്ടാക്കുമെന്നു ന്യായമായും പ്രതീക്ഷിക്കാം. സ്റ്റീൽ വില വർധനയും വിൽപനയിലെ കുതിപ്പും സ്റ്റീൽ കമ്പനികളുടെ റിസൽട്ട് ഏറെ മികച്ചതാകുമെന്ന് ഉറപ്പാക്കുന്നു. ബാങ്കുകൾക്കും വളരെ നല്ല പാദമാണു കടന്നു പോയത്.
ടാറ്റാ സ്റ്റീൽ ലാഭം 456 ശതമാനം കൂടി 7700 കോടി രൂപയാകുമെന്ന് മോട്ടിലാൽ ഓസ്വാൾ കണക്കാക്കുന്നു. ജെഎസ്ഡബ്ള്യു സ്റ്റീലിൻ്റെ ലാഭം 287 ശതമാനം വർധിച്ച് 4000 കോടിയാകും.
ഐസിഐസിഐ ബാങ്കിനു ലാഭം 322 ശതമാനം വർധിച്ച് 5200 കോടി രൂപയിലെത്താം. ഇൻഡസ്ഇൻഡിന് 181 ശതമാനം കൂടി 900 കോടി ലാഭമുണ്ടാകും. എസ്ബിഐ ലാഭം 114 ശതമാനം ഉയർന്ന് 7700 കോടി രൂപയാകാം.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗ്രാസിം, ഏഷ്യൻ പെയിൻ്റ്സ്, സിപ്ല, സൺ ഫാർമ, അഡാനി പോർട്സ്, ഒഎൻജിസി എന്നിവയ്ക്കും ലാഭം ഇരട്ടിക്കും.

വാഹനവിപണിയിൽ ഇടിവെന്നു ഡീലർമാർ

മാർച്ച് മാസത്തിൽ വാഹന വിപണി 28.64 ശതമാനം ഇടിവ് കാണിച്ചതായി ഫെഡറേേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ). കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക് ഡൗണും മറ്റും മൂലം വില്പന ഗണ്യമായി കുറഞ്ഞതാണ്. അതിനോടുള്ള താരതമ്യത്തിലാണ് ഈ ഇടിവ് എന്നത് വിപണിയിലെ ഉണർവിനെപ്പറ്റി സംശയം ജനിപ്പിക്കും.
മാത്രമല്ല ഏപ്രിലിൽ കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും വിൽപന വീണ്ടും കുറയ്ക്കാൻ വഴിതെളിക്കുമെന്ന ആശങ്കയും ഫാഡ പ്രകടിപ്പിച്ചു.
വാഹന രജിസ്ട്രേഷൻ കണക്കുകൾ വച്ചാണു ഫാഡ വിൽപന കണക്കുകൂട്ടുന്നത്. കമ്പനികളും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മനുഫാക്ചറേഴ്സും (സിയാം) കമ്പനികളിൽ നിന്നു ഡീലർമാരുടെ പക്കലേക്കു വാഹനം നീക്കുന്നതിനെ വിൽപനയായി രേഖപ്പെടുത്തും.
ഫാഡ കണക്കനുസരിച്ച് ഈ മാർച്ചിലെ മൊത്തം വാഹന രജിസ്ടേഷൻ 16,49,678 ആണ്. കഴിഞ്ഞവർഷം മാർച്ചിൽ 23,11,687 എണ്ണം രജിസ്റ്റർ ചെയ്തിരുന്നു. ടൂ വീലർ രജിസ്ട്രേഷൻ 35 ശതമാനം കുറഞ്ഞ് 11,95,445 ആയി. യാത്രാ വാഹന രജിസ്ട്രേേഷൻ & 28.39 ശതമാനം കൂടി 2,79,745 ത്തി. ട്രാക്ടർ രജിസ്ട്രേേഷൻ 29.21 ശതമാനം വർധിച്ചു. വാണിജ്യ വാഹന വിൽപന 42.2 ശതമാനം താണ് 67,372 ആയി. ത്രീവീലർ വിൽപന 50.72 ശതമാനം ഇടിഞ്ഞ് 38,034 എണ്ണമായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it