Top

അനിശ്ചിതത്വം നീങ്ങുന്നില്ല; വിദേശികൾ എന്താണു ചെയ്യുന്നത്? ലോക്ക് ഡൗൺ ഭീഷണി വീണ്ടും; റിസൽട്ടുകളിൽ പ്രതീക്ഷ; ഡോളർ ഉയരുന്നതിനു പിന്നിൽ

അനിശ്ചിതത്വമാണു വിപണിയിൽ. മികച്ച നാലാം പാദ റിസൽട്ടുകൾ ഈയാഴ്ചകളിൽ വരാനിരിക്കുന്നു. ഐടി, മെറ്റൽ, ഫാർമ കമ്പനികൾ നല്ല ലാഭവളർച്ചയും കാണിക്കും. എന്നാൽ അതിലെ ആവേശം വിപണിയിൽ കണ്ടെന്നു വരില്ല. കാരണം കോവിഡ്. മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ അത്ര ആശാവഹമല്ല.

രൂപയുടെ വിലയിടിവും വിപണി ആശങ്കയോടെയാണു കാണുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പണം പിൻവലിക്കുന്നതും പ്രസക്തമായ കാര്യമാണ്.
ഇന്നു പുറത്തു വരുന്ന ചില്ലറ വിലക്കയറ്റ, വ്യവസായ ഉൽപാദന കണക്കുകളും ഈയാഴ്ച വിപണിഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
പ്രമുഖ ഐ ടി കമ്പനികളുടെ റിസൽട്ട് ഈയാഴ്ചയാണ്.ഇൻഫോസിസ് ടെക്നോളജീസ് ഓഹരികൾ തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചതു വിപണിയെ ഉത്സാഹിപ്പിക്കും.
വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കിടയിൽ ചെറിയ താഴ്ചയോടെയാണു സൂചികകൾ ക്ലോസ് ചെയ്തത്. പിന്നീടു യൂറോപ്പ് സമ്മിശ്ര നിലയിലായി.അമേരിക്കയിൽ മുഖ്യ സൂചികകൾ റിക്കാർഡ് ഉയരങ്ങളിൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു താഴോട്ടു നീങ്ങി. ചൈനയിൽ പ്രഖ്യാപിച്ച വായ്പാ നിയന്ത്രണവും ജായ്ക്ക് മായുടെ ആലിബാബ ഗ്രൂപ്പിനു ചുമത്തിയ കനത്ത പിഴയും വിപണി മനോഭാവത്തെ ബാധിക്കുന്നുണ്ട്.
എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 14,904.5 ലാണു ക്ലോസ് ചെയ്തത്. വിപണിയിലെ അനിശ്ചിതത്വമാണു ഡെറിവേറ്റീവ് വിപണിയിൽ കാണുന്നത്.
നിഫ്റ്റിക്ക് 14,880- 14,900 മേഖലയിലെ പ്രതിരോധം മറികടക്കാൻ കഴിയുമാേ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. വിദേശ ഫണ്ടുകൾ വിൽപന തുടർന്നാൽ സൂചികകൾ താഴോട്ടു നീങ്ങേണ്ടി വരും. കോവിഡ് വ്യാപനം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും കൊടുത്ത കടങ്ങൾ തിരിച്ചു കിട്ടാൻ ബാങ്കുകൾ വിഷമിക്കുമെന്നും നിരീക്ഷണമുണ്ട്. ബാങ്ക്, ധനകാര്യ ഓഹരികളിൽ ഇതു സമ്മർദം ചെലുത്തും
ക്രൂഡ് ഓയിൽ വില ചെറിയ മേഖലയിൽ കയറി ഇറങ്ങുകയാണ്. 63.35 ഡോളറിലേക്കു ബ്രെൻ്റ് ഇനം കയറിയെങ്കിലും വീണ്ടും താഴാനാണു സാധ്യത.
സ്വർണ വില ഔൺസിനു 1743 ഡോളറിലേക്കു താണു. ഈയാഴ്ച വില ഉയരുമെന്നു സ്വർണ ബുള്ളുകൾ പറയുന്നു.

രൂപയ്ക്കു ക്ഷീണം

ഡോളർ രൂപയുടെ മേൽ കരുത്തു വർധിപ്പിക്കുകയാണ്. 75 രൂപയ്ക്കു മുകളിലേക്കു ഡോളർ നീങ്ങുമെന്നു കരുതുന്നവരാണ് ഏറെ. കയറ്റുമതിക്കാർ ഡോളർ ശക്തമാകുന്നതിനെ ഇഷടപ്പെടുന്നു. വലിയ ചാഞ്ചാട്ടമില്ലാതെ രൂപ സാവധാനം താഴോട്ടു പോകുന്നതിൽ റിസർവ് ബാങ്കിനും എതിർപ്പില്ല. പ്രതിദിന മാറ്റം ചെറിയ തോതിലാകണമെന്നേ റിസർവ് ബാങ്ക് ആഗ്രഹിക്കുന്നുള്ളു. അതിനു തക്ക ഇടപെടലാണ് അവർ നടത്തുന്നത്.
റിസർവ് ബാങ്കിൻ്റെ പണനയത്തിനു സ്വീകാര്യത ലഭിച്ചെങ്കിലും കടപ്പത്രലേലം മറിച്ചുള്ള ചിത്രമാണു നൽകിയത്. 11,000 കോടിയുടെ കടപ്പത്രങ്ങൾ വിൽക്കാനായില്ല. പലിശ വർധിപ്പിക്കണമെന്നാണു വിപണി ആഗ്രഹിക്കുന്നത്. പലിശ താഴ്ത്തി നിർത്താൻ റിസർവ് ബാങ്കും ശ്രമിക്കുന്നു.

കോവിഡ് നില ആശങ്കാജനകം

കോവിഡ് പ്രതിദിന വർധനയിൽ മറ്റെല്ലാ രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ പോക്ക്. 1.7 ലക്ഷത്തിലേക്കു പ്രതിദിന രോഗബാധ ഉയർന്നു.
ഏറ്റവുമധികം രോഗബാധ ഉണ്ടായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. 3.19 കോടി പേർക്കു രോഗം ബാധിച്ച അമേരിക്കയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തായിരുന്ന ബ്രസീലിനെ ഇന്നലെയാണ് ഇന്ത്യ മറികടന്നത്. രാജ്യത്ത് 1.35 കോടി ആൾക്കാർക്ക് ഇതിനകം രോഗം ബാധിച്ചു.
മഹാരാഷ്ട്രയിൽ രണ്ടാഴ്ചലോക്ക് ഡൗൺ വേണമെന്നു കോവിഡ് വിദഗ്ധ സമിതി ശിപാർശ ചെയ്തു. പ്രാദേശിക കണ്ടെയ്ൻമെൻ്റ് പ്രഖ്യാപിച്ചാൽ മതിയെന്നാണു വ്യവസായ സംഘടനകൾ നിർദേശിക്കുന്നത്. തീരുമാനം ബുധനാഴ്ചയിലേക്കു മാറ്റി.
വാക്സിൻ ക്ഷാമത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾക്കിടയിൽ റെംഡെസിവിർ എന്ന ഔഷധത്തിൻ്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതാണു റെംഡെസിവിർ. രാജ്യത്തു രോഗബാധ ഇനിയും വർധിച്ചാൽ ഔഷധ ലഭ്യതയെപ്പറ്റി ആശങ്ക ഉണ്ടെന്നാണു കയറ്റുമതി വിലക്ക് കാണിക്കുന്നത്.

ഐടി പ്രമുഖരുടെ റിസൽട്ട് ഇന്നു മുതൽ

പ്രമുഖ ഐടി കമ്പനികളുടെ നാലാംപാദ റിസൽട്ട് ഈയാഴ്ച വരും. ടിസിഎസ് ഇന്നും ഇൻഫോസിസ് ബുധനാഴ്ചയും വിപ്രോ വ്യാഴാഴ്ചയുമാണു റിസൽട്ട് പുറത്തുവിടുന്നത്. ടിസിഎസിൻ്റെയും ഇൻഫോസിസിൻ്റെയും വരുമാനവും ലാഭവും ഗണ്യമായി കൂടുമെന്നാണു ബ്രോക്കറേജുകൾ കണക്കാക്കുന്നത്.ശമ്പള വർധന നടപ്പാക്കിയത് ഇൻഫോസിസിനും വിപ്രോയ്ക്കും ചെലവ് വർധിപ്പിക്കും.
ഇൻഫോസിസ് ഓഹരികൾ തിരിച്ചു വാങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്. എത്ര ഓഹരികൾ എന്തു വിലയ്ക്കു വാങ്ങുമെന്ന് ബുധനാഴ്ച അറിയിക്കും.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ റിസൽട്ടും ഈയാഴ്ച ഉണ്ട്.

വിലക്കയറ്റവും വ്യവസായ വളർച്ചയും

ഇന്നു മാർച്ച് ചില്ലറ വിലക്കയറ്റത്തിൻ്റെയും ഫെബ്രുവരിയിലെ വ്യവസായ ഉൽപാദനത്തിൻ്റെയും കണക്കുകൾ അറിവാകും. ഫെബ്രുവരിയിൽ ചില്ലറ വിലക്കയറ്റം 5.03 ശതമാനമായിരുന്നു.മാർച്ചിലും അഞ്ചു ശതമാനത്തിനു മുകളിലാകും വിലക്കയറ്റം.
ജനുവരിയിൽ വ്യവസായ ഉൽപാദന സൂചിക (ഐഐപി) 1.6 ശതമാനം ചുരുങ്ങിയതാണ്. ഫെബ്രുവരിയിലും ചുരുങ്ങുമെന്നാണു സൂചന. ഐഐപി യുടെ 40 ശതമാനം വരുന്ന കാതൽ മേഖല ഫെബ്രുവരിയിൽ 4.6 ശതമാനം ചുരുങ്ങിയിരുന്നു.
വ്യാഴാഴ്ച മാർച്ചിലെ മൊത്ത വിലക്കയറ്റത്തിൻ്റെയും രാജ്യത്തെ കയറ്റിറക്കുമതിയുടെയും കണക്കുകൾ പ്രസിദ്ധീകരിക്കും.'

വിദേശികൾ പണം പിൻവലിക്കുന്നു

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നു പണം പിൻവലിക്കുന്നു. ഏപ്രിലിൽ ഇതുവരെ 929 കോടി രൂപയാണ് അവർ പിൻവലിച്ചത്. 740 കോടി രൂപ ഓഹരികളിൽ നിന്നും 189 കോടി രൂപ കടപ്പത്രങ്ങളിൽ നിന്നും പിൻവലിച്ചു.
മാർച്ചിൽ 17,304 കോടി രൂപ വിദേശികൾ ഇന്ത്യയിൽ നിക്ഷേപിച്ചതാണ്. ഫെബ്രുവരിയിൽ 23,663 കോടിയും ജനുവരിയിൽ 14,649 കോടിയും അവർ നിക്ഷേപിച്ചതാണ്.
കോവിഡ് വർധനയും രൂപയുടെ വിലയിടിവുമാണ് വിദേശികളെ അലട്ടുന്നതെന്നു ബ്രോക്കറേജുകൾ കരുതുന്നു. എങ്കിലും വലിയ പിന്മാറ്റം ആരും തന്നെ പ്രതീക്ഷിക്കുന്നില്ല.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it