ആശ്വാസം കാത്തു നിക്ഷേപകർ; ഡോളർ എത്ര വരെ കയറും? വാഹന വിപണിയിലെ തകർച്ച എന്തുകൊണ്ട്?

വലിയ തകർച്ചയ്ക്കുശേഷം ഇന്ന് ആശ്വാസ റാലി പ്രതീക്ഷിക്കുകയാണു നിക്ഷേപകർ. 14,200-നു മുകളിൽ നിഫ്റ്റി ഇന്നു ക്ലോസ് ചെയ്താൽ വിപണി തകർച്ച ഒഴിവാക്കും എന്നാണു വിലയിരുത്തൽ. മഹാരാഷ്ട്രയിൽ ലോക്ക് ഡൗണിനു ബുധനാഴ്ച തീരുമാനം ഉണ്ടാകുമെന്ന റിപ്പോർട്ട് വിപണിയെ വീണ്ടും ഉലയ്ക്കുമോ എന്ന സംശയവും ഉണ്ട്.

ഇന്നലെ യൂറോപ്യൻ, അമേരിക്കൻ വിപണികൾ ചെറിയ തോതിൽ താഴാേട്ടു പോയി. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ നല്ല നേട്ടത്തിലാണ്. ഇത് ഇന്ത്യൻ വിപണിയെ സ്വാധീനിക്കാം.
വീണ്ടും താഴ്ചയ്ക്കു സൂചന നൽകിയാണ് എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷൻ ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ 14,358-ലാണു വ്യാപാരം. ഉണർവോടെ ഇന്നു വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.
14,200- 14,700 മേഖലയിൽ നിഫ്റ്റി ഈ ദിവസങ്ങളിൽ നീങ്ങുമെന്നാണു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നത്. വിലക്കയറ്റം കൂടിയതും വ്യവസായ ഉൽപാദനം ഇടിഞ്ഞതും ഡോളർ 75 രൂപയ്ക്കു മുകളിലായതും വിപണിയെ വിഷമിപ്പിക്കുന്ന ഘടകങ്ങളാണ്.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വലിയ മാറ്റമില്ലാതെ തുടരുന്നു. സ്വർണം 1730 ഡോളറിലേക്കു താണു. ഡോളറിൻ്റെ നിരക്ക് അനുസരിച്ചേ ഇന്ത്യയിൽ വില മാറ്റം ഉണ്ടാകുക .

ടിസിഎസിനു മികച്ച ഫലം

രാജ്യത്തെ ഏറ്റവും വലിയ ഐടി സർവീസ് കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) മികച്ച നാലാം ക്വാർട്ടർ ഫലം. വരുമാനം 5.9 ശതമാനം വർധിച്ച് 43,705 കോടിയായപ്പോൾ അറ്റാദായം 14.9 ശതമാനം കുതിച്ച് 9246 കോടി രൂപയായി.
കമ്പനിക്കു നാലാംപാദത്തിൽ 920 കോടി ഡോളറിൻ്റെ കരാറുകൾ ലഭിച്ചു. ഇതൊരു റിക്കാർഡാണ്. കമ്പനിയുടെ പ്രവർത്തന ലാഭ മാർജിൻ 26.8 ശതമാനമായി ഉയർന്നു. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന ലാഭ മാർജിനാണിത്. ജോലിക്കാരുടെ കൊഴിഞ്ഞുപോക്ക് 7.2 ശതമാനം എന്ന തീരെത്താണ നിരക്കിലായി.
കമ്പനി ഓഹരി ഒന്നിനു 15 രൂപ ഫൈനൽ ലാഭവീതമായി നൽകും. 16,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ അടക്കം 2020-21 ധനകാര്യ വർഷം കമ്പനി ഓഹരി ഉടമകൾക്കു നൽകിയത് 30,250 കോടി രൂപയാകും. കമ്പനിയിൽ 72 ശതമാനം ഓഹരിയുള്ള ടാറ്റാ സൺസിനു കിട്ടുക 22,000 കോടി രൂപ.

വിലക്കയറ്റം കുതിച്ചു; ഉൽപാദനം ഇടിഞ്ഞു

മാർച്ചിൽ വിലക്കയറ്റം 5.52 ശതമാനം ആയി കുതിച്ചു കയറി. ഫെബ്രുവരിയിൽ വ്യവസായ ഉൽപാദനം 3.6 ശതമാനം ഇടിഞ്ഞു. രണ്ടും ആശങ്ക ഉയർത്തുന്ന കാര്യങ്ങൾ എന്നു പറഞ്ഞാൽ പോരാ; തിരിച്ചു കയറാൻ ശ്രമിക്കുന്ന സമ്പദ്ഘടനയ്ക്ക് ഇരട്ട പ്രഹരമാണിത്.
ഉപഭോക്തൃ വിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം അപായനിലയുടെ വക്കിലേക്ക് അടുത്തു. പരമാവധി ആറു ശതമാനമാണ് ചില്ലറ വിലക്കയറ്റത്തിൻ്റെ പരിധി. ഫെബ്രുവരിയിലെ 5.03 ശതമാനത്തിൽ നിന്ന് 5.52 ലേക്കു നിരക്ക് ഉയർന്നത് വിലക്കയറ്റത്തിൻ്റെ അടിസ്ഥാന പ്രവണതയിൽ മാറ്റമില്ലെന്നാണു കാണിക്കുന്നത്.
ഭക്ഷ്യ വിലക്കയറ്റം ഇപ്പോഴും ഉയർന്നു നിൽക്കുന്നു. ഭക്ഷ്യ-പാനീയ വിഭാഗത്തിലെ വിലക്കയറ്റം 5.24 ശതമാനമാണ്. ഇന്ധന വിലക്കയറ്റം ഫെബ്രുവരിയിലെ 3.53-ൽ നിന്നു മാർച്ചിൽ 4.5 ശതമാനമായി.
വ്യവസായ ഉൽപാദന സൂചിക ആധാരമാക്കിയുള്ളതാണു വ്യവസായ ഉൽപാദന കണക്ക്. ഇതു 3.6 ശതമാനം കുറഞ്ഞത് നാലാംപാദത്തിലെ ജിഡിപി വളർച്ച സംബന്ധിച്ച പ്രതീക്ഷയ്ക്ക് തിരിച്ചടിയാകും. ജനുവരിയിൽ ഇത് 1.6 ശതമാനം കുറഞ്ഞതാണ്.
ഫെബ്രുവരിയിൽ ഫാക്ടറി ഉൽപാദനം 3.7 ശതമാനവും ഖനനം 5.5 ശതമാനവും കുറഞ്ഞു.
ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള 11 മാസം കൊണ്ടു വ്യവസായ ഉൽപാദനത്തിലുണ്ടായ ഇടിവ് 11.3 ശതമാനമാണ്.

വിപണി തകർച്ചയിൽ നഷ്ടം 8.69 ലക്ഷം കോടി

ഫെബ്രുവരി 26-നു ശേഷമുള്ള ഏറ്റവും വലിയ വിപണി തകർച്ചയിൽ നിക്ഷേപകരുടെ 8.69 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഓഹരി വിപണിയുടെ മൊത്തം മൂല്യം 200.94 ലക്ഷം കോടിയായി താണു.സെൻസെക്സ് 1707.94 പോയിൻറും (3.44 ശതമാനം) നിഫ്റ്റി 524.05 പോയിൻ്റും (3.53 ശതമാനം) ഇടിഞ്ഞു.
ഫാർമസ്യൂട്ടിക്കൽ, ഡയഗ് നോസ്റ്റിക് കമ്പനികൾ ആണ് ഇന്നലെ അൽപമെങ്കിലും നേട്ടമുണ്ടാക്കിയത്. റഷ്യൻ വാക്സിൻ സ്പുട്നിക്കിന് ഇന്ത്യയിൽ അനുമതി ലഭിച്ചത് അതിൻ്റെ നിർമാണ ലൈസൻസുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസിൻ്റെ വില ഏഴു ശതമാനം ഉയർത്തി.
സ്‌മോൾ ക്യാപ് നിഫ്റ്റി 5.55 ശതമാനവും മിഡ് ക്യാപ് 5.68 ശതമാനവും ഇടിഞ്ഞു. 500 ഓഹരികളടങ്ങിയ നിഫ്റ്റി 500 താണതു 4.02 ശതമാനം.
എൻഎസ്ഇ പിഎസ് യു ബാങ്ക് സൂചിക 9.26 ശതമാനം താഴോട്ടു പോയപ്പോൾ നിഫ്റ്റി മീഡിയ 8.1 ശതമാനവും നിഫ്റ്റി റിയൽറ്റി 7.5 ശതമാനവും ഇടിവിലായി.

വാഹനവിൽപനയിലെ ഇടിവിൻ്റെ കാണാപ്പുറങ്ങൾ

2020-21-ൽ വാഹന വിൽപന 13.6 ശതമാനം ഇടിഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മനുഫാക്ചറേഴ്സ് (സിയാം). കോവിഡും ലോക്ക് ഡൗണും മൂലമാണ് ഈ ഇടിവെന്നാണു പെട്ടെന്നുള്ള വിശദീകരണം. എന്നാൽ അത് അത്ര ശരിയല്ല. സമ്പദ് ഘടനയിൽ രണ്ടു മൂന്നു വർഷമായുള്ള വേഗക്കുറവിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്നത്.
യാത്രാ വാഹനങ്ങളുടെ (കാർ, എസ് യു വി ) വിൽ വന്ന 2.24 ശതമാനം താണ് 27.11 ലക്ഷമായി. ആറു വർഷം മുമ്പ് 26.01 ലക്ഷം യാത്രാ വാഹനങ്ങൾ വിറ്റിരുന്നതാണ്. വാണിജ്യ വാഹന വിൽപന 20.8 ശതമാനം ഇടിഞ്ഞ് 5.68 ലക്ഷമായി. ഇതു 11 വർഷം മുൻപുള്ള വിൽപനയ്ക്കു തുല്യമാണ്. ടൂ വീലർ വിൽപന രണ്ടു കോടിയിൽ നിന്ന് 1.51 കോടിയിലേക്കു വീണു. 2013-14-ലെ 1.48 കോടി വിൽപനയേക്കാൾ അൽപം മാത്രം കൂടുതൽ.
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുനോക്കിയാൽ വിൽപനയിൽ ശരാശരി (സിഎജിആർ) 1.9 ശതമാനം ഇടിവുണ്ടെന്നു കാണാം. 2011 - 16 കാലത്ത് 5.7 ശതമാനം വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്.
പത്തു വർഷ വളർച്ച നോക്കിയാലും സ്ഥിതി മോശം. 2001-11 കാലയളവിൽ വാഹന വിപണി ശരാശരി 13 ശതമാനം വാർഷിക വളർച്ച കാണിച്ചു.2012-21 കാലയളവിൽ ശരാശരി വാർഷിക വളർച്ച രണ്ടു ശതമാനം മാത്രം

ഡോളറിനു മുന്നിൽ രൂപ താഴുന്നതിൻ്റെ കാരണം

ഡോളറിന് ഇന്നലെ 75.06 രൂപയായി. 75.15 വരെ എത്തിയ ശേഷം അൽപം താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നും ഡോളർ നിരക്ക് ഉയരുമെന്നാണു സൂചന.
രാജ്യത്ത് പണലഭ്യതയും പണപ്പെരുപ്പവും ഉയർന്നു പോകുന്നതും വളർച്ചയുടെ കാര്യത്തിൽ ആശങ്ക ജനിക്കുന്നതുമാണ് രൂപയുടെ വീഴ്ചയ്ക്കുക്കു കാരണം. കഴിഞ്ഞ വർഷം ലോക്ക് ഡൗണിൻ്റെ തുടക്കത്തിൽ ഡോളർ 76 രൂപയ്ക്കു മുകളിൽ എത്തിയതാണ്. പിന്നീടു താണ് 72 രൂപയ്ക്കു സമീപം വരെ വന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ നീക്കം.
ബാങ്കുകളിൽ ആവശ്യത്തിലേറെ പണം ഉണ്ട്. നിക്ഷേപം കൂടുന്നതിൻ്റെ പകുതി വേഗത്തിലേ വായ്പകൾ കൂടുന്നുള്ളു. റിവേഴ്സ് റീപോ വഴി ഏഴു ലക്ഷം കോടി രൂപയാണു ബാങ്കുകൾ റിസർവ് ബാങ്കിനെ ഏൽപ്പിച്ചിരിക്കുന്നത്.
റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പണനയമനുസരിച്ച് ഒന്നാം പാദത്തിൽ ഒരു ലക്ഷം കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും. തുടർന്നുള്ള പാദങ്ങളിലും ഇത് തുടരും. ചിലപ്പോൾ തുക വർധിപ്പിച്ചെന്നു വരാം. സർക്കാരിൻ്റെ കടപ്പത്ര വിൽപന സുഗമമാകാനാണു റിസർവ് ബാങ്ക് ഇങ്ങനെ പണം ബാങ്കുകൾക്കു നൽകുന്നത്.
ഈ വലിയ പണലഭ്യത അനിവാര്യമായും പണപ്പെരുപ്പമുണ്ടാക്കും. അതിനനുസരിച്ചു പലിശ വർധിക്കാതിരിക്കാനുള്ള ശ്രമമാണു റിസർവ് ബാങ്ക് നടത്തുന്നത്. വിദേശ നിക്ഷേപകർ ഓഹരി - കടപ്പത്ര വിപണികളിൽ നിന്നു പണം പിൻവലിക്കുന്നതിൻ്റെ പശ്ചാത്തല മതാണ്. ഇതു സ്വാഭാവികമായും ഡോളറിനു ഡിമാൻഡ് കൂട്ടുന്നു.
ഡോളർ ഈ ദിവസങ്ങളിൽ 75.7 രൂപ വരെ കയറാമെന്നാണു സാങ്കേതിക വിശകലനക്കാർ കരുതുന്നത്. രൂപ വലിയ തകർചയിലേക്കു പോകുന്നില്ലെങ്കിൽ ഇപ്പോഴത്തെ ഇടിവ് കയറ്റുമതിയെ സഹായിക്കുമെന്ന നല്ല വശം മാത്രം കാണാനാണ് വിപണിക്കു താൽപര്യം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it