Top

ആശ്വാസം കിട്ടി; ആശങ്ക അകലുന്നില്ല; വിലക്കയറ്റക്കുതിപ്പിൽ വീണ്ടും പലിശപ്പേടി; വ്യാപാര കമ്മിയിലെ ആശ്വാസം താൽക്കാലികം

തകർച്ചയിൽ നിന്നു കരകയറിയ ആശ്വാസത്തിലാണു വിപണി. എങ്കിലും ബാഹ്യ വെല്ലുവിളികൾ തുടരുന്നു. കോവിഡും പലിശയും തന്നെയാണു വിപണി മുന്നിൽ കാണുന്ന വെല്ലുവിളികൾ.

തുടർച്ചയായ രണ്ടാം ദിവസവും രണ്ടു ലക്ഷത്തിലധികം പേർ കോവിഡ് ബാധിതരായി. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത മിക്ക സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നു. ഓക്സിജൻ്റെ ദൗർലഭ്യം നീക്കാൻ ഇറക്കുമതിക്കു ഗവണ്മെൻ്റ് ആലോചിക്കുന്നു. സ്ഥിതി അതീവ ഗുരുതരമാകുമെന്ന് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നു. കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്ഡൗണും കർഫ്യുവും നിയന്ത്രണങ്ങളും വരുമെന്ന് ആശങ്കയുണ്ട്.
മൊത്തവിലക്കയറ്റം 7.4 ശതമാനമായി. ഈ മാസം അത് 11 ശതമാനമാകുമെന്നു കരുതപ്പെടുന്നു. ചില്ലറ വിലകൾ ഈ നിലവാരത്തിലേക്കു കയറാതിരിക്കാൻ പലിശ കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും.
രണ്ടു കാര്യങ്ങളും രാജ്യത്തിൻ്റെ സാമ്പത്തിക തിരിച്ചുകയറ്റത്തിനു തടസമാകും. ഈ വർഷം പ്രതീക്ഷിക്കുന്ന മികച്ച വളർച്ച സാധ്യമാകില്ലെന്ന് മിക്കവാറും ഉറപ്പാണ്.
ഇന്നലെ അര ശതമാനത്തോളം ഉയർന്ന സൂചികകൾ ഇന്നു വീണ്ടും കയറാമെന്ന പ്രതീക്ഷയിലാണു വിപണി. നിഫ്റ്റി 14,650-14,700 മേഖലയിൽ കടുത്ത തടസം നേരിടുമെന്നാണു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നത്.
ഇന്നലെ യുഎസ് ഓഹരികൾ നല്ല ഉയർച്ച കാണിച്ചു. യു എസ് സാമ്പത്തികവളർച്ചയിലും കമ്പനികളുടെ നല്ല റിസൽട്ടിലും കണ്ണു വച്ചാണു കയറ്റം.
ഏഷ്യൻ വിപണികൾ ചെറിയ ഉയർച്ചയോടെയാണു രാവിലെ വ്യാപാരം തുടങ്ങിയത്. ചൈനയിൽ കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയ ഹുവാറോംഗ് അസറ്റ് മാനേജ്മെൻറ് കമ്പനി തകർച്ചയിലായതു ചൈനീസ് വിപണിയെ ഉലയ്ക്കുന്നുണ്ട്.
എസ് ജി എക്സ് നിഫ്റ്റി 14,656-ലാണ് ഒന്നാം സെഷൻ അവസാനിപ്പിച്ചത്. ഇന്നു വിപണിയിൽ കയറിയ ഉണർവ് പ്രതീക്ഷിക്കാമെന്ന സൂചനയാണ് ഇതിലുള്ളത്.
സ്റ്റീൽ, ചെമ്പ്, അലൂമിനിയം തുടങ്ങിയവ വീണ്ടും വിലക്കയറ്റത്തിലാണ്. ഇരുമ്പയിരിനു വില വീണ്ടും കൂടി. ബന്ധപ്പെട്ട ഓഹരികളിൽ ഉണർവ് പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡിന് 66.94 ഡോളർ വരെ കയറിയിട്ട് അൽപം താണു.
ഡോളറിന് കറൻസി വിപണിയിൽ ക്ഷീണമാണ്. യൂറോ വില 1.2 ഡോളറിലേക്കു കയറി. ഇന്നലെ രൂപയും ഡോളറിൻ്റെ മേൽ നേട്ടമുണ്ടാക്കി. ഡോളർ 74.93 രൂപയിലേക്കു താണു.
ഡോളറിൻ്റെ ക്ഷീണത്തിൽ സ്വർണത്തിനു നിരക്കു കൂടി. ഔൺസിന് 1765 ഡോളറിലാണു രാവിലെ സ്വർണം.

വിപ്രോയ്ക്ക് തിളങ്ങുന്ന റിസൽട്ട്

ഒരു ദശകത്തിനിടയിലെ ഏറ്റവും മികച്ച റിസൽട്ടുമായി വിപ്രോ. കമ്പനിയുടെ നാലാം പാദ വരുമാനം 3.4 ശതമാനം വർധിച്ച് 16,250 കോടി രൂപയായി. അറ്റാദായം 27.8 ശതമാനം കൂടി 2970 കോടിയിലെത്തി. രണ്ടും പ്രതീക്ഷകളേക്കാൾ മെച്ചമായി.
ഈ ധനകാര്യ വർഷം ഇരട്ടയക്ക വളർച്ച നേടാനാകുമെന്നു സിഇഒയും എംഡിയുമായ തിയറി ഡിലാപോർട്ട് പറഞ്ഞു. കഴിഞ്ഞ വർഷം നടത്തിയ ഏറ്റെടുക്കലുകളുടെ ഫലമാണിത്. ഒന്നാം പാദത്തിൽ രണ്ടു മുതൽ നാലുവരെ ശതമാനം വരുമാന വർധന ഉണ്ടാകും. വാർഷിക വർധന 11-13 ശതമാനം ആകുമെന്ന് അദ്ദേഹം കരുതുന്നു.
കമ്പനിയുടെ ഐടി സർവീസസ് വരുമാനം 3.9 ശതമാനം വർധിച്ച് 15,892 കോടി രൂപയായി. ഇതിലെ പ്രവർത്തന ലാഭ മാർജിൻ 21 ശതമാനമായിരുന്നു. നാലാം പാദത്തിൽ 140 കോടി ഡോളറിൻ്റെ പുതിയ കരാറുകൾ ലഭിച്ചു.
കമ്പനിയിലെ കൊഴിഞ്ഞുപോക്ക് 12 ശതമാനമായി വർധിച്ചു.
ഇന്ത്യയിലെ ഓഹരി വിപണി അടയശേഷമാണു റിസൽട്ട് പുറത്തുവിട്ടത്. അമേരിക്കൻ ഡെപ്പോസിറ്ററി റൈറ്റ്സ് (എഡിആർ) വില ഏഴു ശതമാനം വരെ ഉയർന്നത് വിപണിയെ റിസൽട്ട് സന്തോഷിപ്പിച്ചു എന്നു കാണിച്ചു. ടിസിഎസിനും ഇൻഫോസിസിനും റിസൽട്ടിനെ തുടർന്ന് ഓഹരി വില ഇടിയുകയായിരുന്നു. ഇന്നു വിപ്രോയ്ക്കു വില കൂടുമെന്നാണു സൂചന.

കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു; കാരണം കോവിഡ്

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യയുടെ വിദേശ വ്യാപാരം ഗണ്യമായി കുറച്ചു. 2020-21 ൽ കയറ്റുമതി 7.26 ശതമാനം കുറഞ്ഞ് 29,063 കോടി ഡോളറിൻ്റേതായി. ഇറക്കുമതി 18.02 ശതമാനം ഇടിഞ്ഞ് 38,918 കോടി ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും ഇങ്ങനെ കുറയുന്നത് അസാധാരണമാണ്.
സാധാരണ വർഷങ്ങളിൽ കയറ്റുമതി വളർച്ചയേക്കാൾ ഇറക്കുമതി വളർച്ചയാണു മുന്നിൽ നിൽക്കാറ്. ഇത്തവണ കയറ്റുമതിയിലെ ഇടിവിനേക്കാൾ കൂടുതലായി ഇറക്കുമതിയിലെ തളർച്ച. കോവിഡിനെ തുടർന്ന് ഇന്ത്യയിലെ വ്യവസായ മേഖല തിരിച്ചു കയറാൻ വൈകിയതുകൊണ്ടാണ് ഇറക്കുമതിയിലെ ഇടിവ് നീണ്ടു നിന്നത്. വിദേശ രാജ്യങ്ങൾ കുറേക്കൂടി വേഗം തിരിച്ചു കയറിയതു കൊണ്ട് അവ ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുന്നതിൽ വലിയ കുറവ് വന്നില്ല.
വിദേശ വ്യാപാരം കുറഞ്ഞതുകൊണ്ട് വാണിജ്യ കമ്മി കുത്തനെ കുറഞ്ഞത് ഒരു നേട്ടമാണ്. വാണിജ്യ കമ്മി 16,135 കോടി ഡോളറിൽ നിന്ന് 9856 കോടി ഡോളറായി ഇടിഞ്ഞു. ഇതു രാജ്യത്തിന് കറൻ്റ് അക്കൗണ്ട് കമ്മി തീരെ കുറവാകാൻ സഹായിച്ചു.
കോവിഡിൻ്റെ പുതിയ വ്യാപനവും പലേടത്തെയും നിയന്ത്രണങ്ങളും ഇറക്കുമതി ഇപ്പോഴത്തെ പാദത്തിൽ കുറയാൻ കാരണമായേക്കും. കയറ്റുമതിയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 'ലോക്ക് ഡൗൺ ആയിരുന്നതിനാൽ അതുമായുള്ള താരതമ്യത്തിൽ കയറ്റിറക്കുമതി ഉണർവ് കാണിക്കും.

കടപ്പത്രവിപണി അടങ്ങുന്നില്ല

സർക്കാരിൻ്റെ ഭീമമായ കമ്മി നികത്താൻ വളരെ കൂടുതൽ കടപ്പത്രമിറക്കുന്നു. ഈ തോതിൽ കടപ്പത്രം ഇറക്കുകയാണെങ്കിൽ പലിശ കൂടുതൽ വേണമെന്നു കടപ്പത്ര ഇടപാടുകാർ. ഫെബ്രുവരിയിൽ ബജറ്റ് വന്ന ശേഷം കടപ്പത്രങ്ങളുടെ വില കുത്തനെ താഴുകയും അവയിലെ നിക്ഷേപനേട്ടം (yield) ഉയരുകയും ചെയ്തു.
കുറഞ്ഞ പലിശ നിരക്ക് നിലനിർത്തിക്കൊണ്ട് സർക്കാരിൻ്റെ ഭീമമായ കടമെടുപ്പ് പൂർത്തിയാക്കാനാണു റിസർവ് ബാങ്ക് ശ്രമിക്കുന്നത്. അതിനാൽ പഴയ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാൻ റിസർവ് ബാങ്ക് തയാറായി. കഴിഞ്ഞ വർഷം മൂന്നു ലക്ഷം കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങി. ഈ പണം പുതിയ കടപ്പത്രങ്ങൾ വാങ്ങാൻ ബാങ്കുകളും നിക്ഷേപകരും ഉപയോഗിച്ചു.
ഈ വർഷം അക്കാര്യത്തിൽ ഉറപ്പു വേണമെന്ന് കടപ്പത്ര വിപണി ശഠിച്ചു. തുടർന്നു കഴിഞ്ഞ പണനയത്തിൽ കടപ്പത്രം തിരിച്ചു വാങ്ങൽ പദ്ധതി (ജിസാപ് ) പ്രഖ്യാപിച്ചു. ആദ്യ പാദത്തിൽ ഒരു ലക്ഷം കോടിയുടെ കടപ്പത്രം വാങ്ങുമെന്നും പ്രഖ്യാപിച്ചു. എല്ലാവരും സന്തുഷ്ടരാകുമെന്നു കരുതപ്പെട്ടു.
പക്ഷേ, അങ്ങനെയല്ലെന്നു വ്യക്തമായി. ബജറ്റിനു ശേഷം ആദ്യം നടന്ന കടപ്പത്രലേലത്തിൽ ഗണ്യമായ ഒരു തുകയ്ക്കുള്ള കടപ്പത്രങ്ങൾ വിറ്റുപോയില്ല. പലിശ പോരെന്ന നിലപാട് നിക്ഷേപകർ എടുത്തതാണു കാരണം. ഇന്നലെ ജി സാപ് പ്രകാരം റിസർവ് ബാങ്ക് പഴയ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങി. 10 വർഷ കടപ്പത്രത്തിന് 6.0317 ശതമാനം നിക്ഷേപ നേട്ടം കിട്ടുന്ന വിധമായിരുന്നു വാങ്ങൽ. ഇതു വിപണിക്കു തൃപ്തികരമായില്ല. കടപ്പത്ര വിപണിയിൽ വിലയിടിഞ്ഞു. 10 വർഷ കടപ്പത്രത്തിന് 6.13 ശതമാനത്തിലേക്ക് നിക്ഷേപ നേട്ടം ഉയർത്തി.
കമ്മി ഭീമമാകുന്നു; വിലക്കയറ്റം വർധിച്ചു വരുന്നു; പലിശ കൂടിയേ മതിയാകൂ - ഇതാണു കടപ്പത്ര വിപണി റിസർവ് ബാങ്കിനോടു പറയുന്നത്. വിദേശത്തും കടപ്പത്ര ഇടപാടുകാർ ഉയർന്ന പലിശയ്ക്കായി' സമ്മർദം തുടരുകയാണ്. കേന്ദ്ര ബാങ്കുകളാകട്ടെ പലിശ താഴ്ത്തി നിർത്താനും ശ്രമിക്കുന്നു.

വിലക്കയറ്റം കുതിച്ചു; ഇനിയും കയറും

മൊത്തവിലക്കയറ്റം മാർച്ചിൽ 7.39 ശതമാനത്തിലേക്കു കുതിച്ചു.രണ്ടു വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്. ഫെബ്രുവരിയിൽ 4.2 ശതമാനമായിരുന്നു.
മൊത്തവിലയിലെ കുതിപ്പ് ക്രമേണ ചില്ലറ വിലയിലേക്കു പകരും. ചില്ലറ വിലക്കയറ്റം മാർച്ചിൽ 5.52 ശതമാനമായിരുന്നു. ഇത് ഇനിയും വർധിച്ചാൽ ആറു ശതമാനം പരിധി കടക്കും. ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിൽ താഴെ നിർത്താവുന്ന വിധം പണനയം ക്രമീകരിക്കാനാണു റിസർവ് ബാങ്കിനു കൊടുത്തിട്ടുള്ള നിർദേശം.
ചില്ലറ വിലക്കയറ്റം ആറു ശതമാനം കടക്കുമെന്നു വന്നാൽ പലിശ നിരക്ക് കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും. പലിശ കൂട്ടുന്നതിനെ വ്യവസായ ലോകവും കേന്ദ്ര സർക്കാരും എതിർക്കുന്നു. വളർച്ച കുറയും എന്നാണ് അവരുടെ ഭീതി.
ഇന്ധന-ഊർജ വിലകളിലെ 10.3 ശതമാനം വർധന, ഫാക്ടറി ഉൽപന്ന വിലകളിലെ 7.3 ശതമാനം കയറ്റം എന്നിവയാണു മൊത്ത വിലയിലെ കുതിപ്പിനു കാരണം. ഭക്ഷ്യവിലകളും 5.28 ശതമാനം ഉയർന്നു. പച്ചക്കറി, ധാന്യ വിലകൾ താണെങ്കിലും ഫാക്ടറികളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒൻപതു ശതമാനമായി. അതിൽ തന്നെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 34.2 ശതമാനമാണ്.
ഏപ്രിൽ മാസത്തിൽ മൊത്ത വിലക്കയറ്റം 11 ശതമാനമാകാൻ സാധ്യതയുണ്ടെന്നു റേറ്റിംഗ് ഏജൻസി ഇക്ര വിലയിരുത്തുന്നു. മേയിൽ ഇത് എട്ടു ശതമാനത്തിലേക്കു താഴാം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it