Top

ആശ്വാസം ഏറെ; ആശങ്കകൾ മാറുന്നില്ല; വിദേശികളെ ശ്രദ്ധിക്കണം; നികുതി പിരിവ് കൂട്ടിയത് ജനത്തെ പിഴിഞ്ഞ്

കോവിഡ് വ്യാപനത്തെപ്പറ്റിയുള്ള ആശങ്കകൾ ശക്തമാണെങ്കിലും കൂടുതൽ വാക്സിനുകൾ എത്തുന്നു എന്ന ആശ്വാസത്തിലാണു വിപണികൾ ചൊവ്വാഴ്ച ഉയർന്നത്. ആശങ്കയും ആവേശവും ഇടകലർന്ന സാഹചര്യത്തിൽ വിപണി വീണ്ടും വലിയ ചാഞ്ചാട്ടങ്ങൾക്കു വേദിയാകും. വിദേശ നിക്ഷേപകർ ഏതു ദിശയിൽ നീങ്ങും എന്നതാണു നിർണായകം.

ചൊവ്വാഴ്ച നിഫ്റ്റി 1.36 ശതമാനം ഉയർന്ന് 14,504.8ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1.38 ശതമാനം കയറി 48,544.06ൽ അവസാനിച്ചു. നിഫ്റ്റി 14,280-നു മുകളിൽ ഇന്നു നിന്നാൽ തിരിച്ചു കയറ്റത്തിന് വേണ്ട അടിത്തറ കിട്ടുമെന്നു സാങ്കേതിക വിശകലനക്കാർ കരുതുന്നു. 14,650-14,700 മേഖലയിൽ ശക്തമായ തടസം പ്രതീക്ഷിക്കുന്നുണ്ട്.
ബുധനാഴ്ച അമേരിക്കൻ, യൂറോപ്യൻ വിപണികൾ സമ്മിശ്ര സൂചനയാണു നൽകിയത്. ഡൗ ജോൺസ് നേരിയ കയറ്റം കാണിച്ചപ്പോൾ നാസ്ഡാക് അൽപം താണു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ഉണർവിലാണ്.
എസ് ജി എക്സ് നിഫ്റ്റി മുൻ ദിവസത്തേ തിൽ നിന്നു 104 പോയിൻ്റ് താണ് 14,671-ലായി. വിപണി ഉത്സാഹത്തിലായിരിക്കില്ല എന്നാണ് ഇതിലെ സൂചന.

വിദേശികൾ വിൽപ്പനയിൽ

ഈ മാസം വിദേശികൾ ഒരു ചുവടു മുന്നോട്ട്, രണ്ടു ചുവടു പിന്നോട്ട് എന്ന തന്ത്രമാണു കാണിച്ചത്. ഏഴു വ്യാപാര ദിനങ്ങളിൽ മൂന്നുദിവസം അറ്റ നിക്ഷേപകരായി. നാലു ദിവസം വിൽപനക്കാരും. 13-ലെ നിലവച്ച് വിദേശികൾ 4013.97 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതേസമയം സ്വദേശി സ്ഥാപനങ്ങൾ 1605.65 കോടി വിപണിയിൽ നിക്ഷേപിച്ചു.
വിദേശികൾ ഇനിയും വിൽപനക്കാരായാൽ ഓഹരി സൂചികകൾ മാത്രമല്ല കറൻസി വിലയും താഴോട്ടു പോകും. 75.06 രൂപയിലാണു ഡോളർ.

കോവിഡിൽ പുതിയ ആശങ്കകൾ

രാജ്യത്തു പ്രതിദിന കോവിഡ് വ്യാപനം രണ്ടു ലക്ഷത്തിലെത്തി. വൻ നഗരങ്ങളിൽ ചികിത്സാ സൗകര്യം മതിയാകാതെ വരുന്നു. മരുന്നിനും വാക്സിനും ദൗർലഭ്യം. കോവാക്സിൻ ഉൽപാദനം വർധിപ്പിക്കാൻ അത്യാവശ്യമായ ഘടക രാസപദാർഥം കൂടുതൽ നൽകാൻ അമേരിക്കൻ ഉൽപാദകർക്കു കഴിയുന്നില്ല. മഹാരാഷ് യിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം പകുതിയോളം ഫാക്ടറികൾ രണ്ടാഴ്ച അടഞ്ഞു കിടക്കും.
അസ്ട്രാ സെനക്കായുടെ കോവിഡ് വാക്സിന് ഡെന്മാർക്ക് നിരോധനം പ്രഖ്യാപിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങൾ വാക്സിൻ നിരീക്ഷണം ശക്തിപ്പെടുത്തി. ജോൺസൺ ആൻഡ് ജോൺസൻ്റെ വാക്സിൻ ഉപയോഗിക്കുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു. രക്തം കട്ടപിടിക്കുന്ന വിഷയമാണു രണ്ടു വാക്സിൻ്റെയും പ്രശ്നം.

ക്രൂഡ് വീണ്ടും ഉയരുന്നു

പെട്രോളിയം ഉപയോഗം ഗണ്യമായി വർധിക്കുമെന്ന ഒപെക് പഠന റിപ്പോർട്ട് ക്രൂഡ് ഓയിൽ വില 66 ഡോളറിനു മുകളിലെത്തിച്ചു. 2021 രണ്ടാം പകുതിയിൽ 70 ഡോളറിനു മുകളിലാണ് വിപണി വിശകലനക്കാർ പ്രതീക്ഷിക്കുന്ന വില. ഇന്നു രാവിലെ 66.7 ഡോളർ വരെ ഉയർന്ന ബ്രെൻ്റ് ഇനം ക്രൂഡ് പിന്നീട് 66.21 ലേക്കു താണു. എങ്കിലും ചൊവ്വാഴ്ചത്തേക്കൾ അഞ്ചു ശതമാനം ഉയരത്തിലാണു വില.
സ്വർണ വില ഇന്നലെ ലോക വിപണിയിൽ 1747 ഡോളർ വരെ കയറിയിട്ട് താണു. ഇന്നു രാവിലെ 1740 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ പവന് 320 രൂപ കയറി 35,040 രൂപയായി. ഫെബ്രുവരി 24-നു ശേഷം ആദ്യമാണ് വില 35,000 രൂപ കടക്കുന്നത്. ഇന്നു ഡോളർ വിനിമയ നിരക്ക് അനുസരിച്ചു വിലയിൽ മാറ്റം വരും.

നികുതിപിരിവ് കൂടിയെന്നു പറയുന്നതിനു പിന്നിലെ കാര്യം

നികുതി പിരിവിൽ വർധന എന്ന രീതിയിൽ കുറേ ദിവസമായി വലിയ വാർത്ത പ്രളയം. സാമ്പത്തിക രംഗത്ത് കാര്യങ്ങൾ ശരിയായി വരുന്നു എന്നു വരുത്താനുള്ള ഒരു പ്രചാരണ തന്ത്രത്തിൻ്റെ ഭാഗം എന്ന നിലയിൽ ഇതിനെ കാണാം. സത്യത്തിൽ അതാണുതാനും നടക്കുന്നത്. അതിനപ്പുറം യഥാർഥത്തിൽ വലിയ വലിയ കാര്യങ്ങൾ നടക്കുന്നെന്ന് ആരും കരുതേണ്ടതില്ല.
പരോക്ഷ നികുതിയിൽ 12.3 ശതമാനം വർധന ഉണ്ടായി. 2019-20 ലെ 9.54 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 10.71 ലക്ഷം കോടി. കോവിഡും ലോക്ക് ഡൗണും ഉണ്ടായിട്ടും ഉൽപന്നങ്ങളിലും സേവനങ്ങളിലും നിന്നുള്ള നികുതി വർധിച്ചല്ലോ എന്ന് ആശ്ചര്യപ്പെടാം.
സത്യമെന്താണ്? യഥാർഥ വർധന ഉണ്ടായതു യൂണിയൻ എക്സൈസ് ഡ്യൂട്ടിയിലാണ്. 2020 ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ ആ ഇനത്തിൽ 2.68 ലക്ഷം കോടിയുടെ വരവാണ് കണക്കാക്കിയത്. ഈ ഫെബ്രുവരിയിലെ പുതുക്കിയ എസ്റ്റിമേറ്റിൽ അത് 3.62 ലക്ഷം കോടി രൂപയാക്കി. അതിപ്പോൾ 3.91 ലക്ഷം കോടി രൂപയായി ഉയർന്നു.
ഈ ഉയർച്ചയുടെ ഏക കാരണം പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചതാണ്. കോവിഡ് മഹാമാരിയെ തുടർന്നു ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. അതനുസരിച്ച് പെട്രോൾ, ഡീസൽ വില താഴ്ത്തേണ്ടതായിരുന്നു. പക്ഷേ അതു ചെയ്തില്ല. പകരം പെട്രോളിനും ഡീസലിനും അഡീഷണൽ എക്സൈസ് ഡ്യൂട്ടി വർധിച്ചു. ഒരു ലിറ്റർ പെട്രോളിനു 13 രൂപയും ഡീസലിന് 16 രൂപയുമാണ് ഡ്യൂട്ടി കൂട്ടിയത്. ഈ വർധനയാണ് പരോക്ഷനികുതിയിൽ വർധന ഉണ്ടാക്കിയത്. വിലയിടിവിൻ്റെ ഗുണം ജനങ്ങൾക്കു നൽകാതിരിക്കാൻ ഡ്യൂട്ടി കൂട്ടിയ സർക്കാർ ക്രൂഡ് വില കൂടിയപ്പോൾ ഡ്യൂട്ടി കുറച്ചില്ല. എന്നു മാത്രമല്ല ഇന്ധനവില കൂട്ടുകയും ചെയ്തു.
ചരക്കു സേവന നികുതി (ജിഎസ്ടി) പിരിവിൽ എട്ടു ശതമാനം ഇടിവുണ്ടായി. കസ്റ്റംസ് ഡ്യൂട്ടിയിൽ ചെറിയ വർധന ഉണ്ടായി. അതു മുന്നൂറിലേറെ ഇനങ്ങൾക്ക് ചുങ്കം ഗണ്യമായി കൂട്ടിയതിൻ്റെ ഫലമാണ്.

അഡാനി ഗ്രൂപ്പിനു യുഎസ് പ്രഹരം

ചുരുങ്ങിയ കാലം കൊണ്ട് അതിവേഗ വളർച്ച നേടിയ ഗൗതം അഡാനിയുടെ വ്യവസായ ഗ്രൂപ്പിന് അമേരിക്കൻ തിരിച്ചടി. മ്യാൻമറിലെ ഒരു തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടതാണു വിഷയം. മ്യാൻമറിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ചു ഭരണം പിടിച്ച പട്ടാളവുമായി അഡാനി ഗ്രൂപ്പിനു ബന്ധമുള്ളതാണു കാരണം. പട്ടാളനിയന്ത്രണത്തിലുള്ള മ്യാൻമർ ഇക്കണോമിക് കോർപറേഷൻ്റെ (എംഇസി) സ്ഥലം പാട്ടത്തിനെടുത്താണു യാംഗോൺ തുറമുഖം പണിയുന്നത്.
പട്ടാള ഭരണകൂടത്തെ എതിർക്കുന്ന അമേരിക്ക പട്ടാളവുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്ക് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് എംഇസി. ഈ സാഹചര്യത്തിൽ അഡാനി പോർട്സ് കമ്പനിയെ എസ് ആൻഡ് പി ഡൗ ജോൺസ് സസ്റ്റയിനബിലിറ്റി ഇൻഡെക്സിൽ നിന്നു പുറത്താക്കി. ഇത് അഡാനി പോർട്സിൻ്റെ ഓഹരി വില ഗണ്യമായി ഇടിച്ചു. മറ്റു ഗ്രൂപ്പ് കമ്പനികൾക്കും വില താണിട്ടുണ്ട്.
അഡാനി ഗ്രൂപ്പും പട്ടാള ഭരണകൂടവുമായുള്ള ചങ്ങാത്തം വെളിച്ചത്തു കൊണ്ടുവന്നതു മനുഷ്യാവകാശ പ്രസ്ഥാനങ്ങളാണ്.
ഓസ്ട്രേലിയയിലെ അഡാനി ഗ്രൂപ്പിൻ്റെ കൽക്കരി ഖനനത്തിനെതിരേ പരിസ്ഥിതി സംഘടനകളുടെ വലിയ പ്രതിഷേധം വർഷങ്ങളായി നടക്കുന്നുണ്ട്. പ്രസ്തുത പ്രോജക്ടിനു വായ്പ നൽകുന്ന കാര്യത്തിൽ എസ് ബി ഐ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതു പരിസ്ഥിതി പ്രവർത്തകരുടെ സമ്മർദം മൂലമാണ്. ഖനന പ്രോജക്ടിനു പണം കൊടുത്താൽ എസ് ബി ഐ ഓഹരികളിൽ നിന്നു പിന്മാറുമെന്നു നിരവധി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇൻഫോസിസ് ഫലം തിളങ്ങിയില്ല

ഇൻഫോസ് ടെക്നോളജീസിൻ്റെ നാലാംപാദ ഫലം തിളക്കമില്ലാത്തതായി. വരുമാനവും ലാഭവും പ്രതീക്ഷയോളം വന്നില്ല. വരുമാനം തലേ പാദത്തെ അപേക്ഷിച്ച് 2.8 ശതമാനം മാത്രം കൂടി 26,311 കോടി രൂപയായി. 26,702 കോടി വരുമാനം ഉണ്ടാകുമെന്നാണു നിരീക്ഷകർ കണക്കാക്കിയിരുന്നത്. അറ്റാദായം 2.6 ശതമാനം താണ് 5078 കോടിയായി. നിരീക്ഷകരുടെ പ്രതീക്ഷ 5170 കോടിയായിരുന്നു.
തലേ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 9.6 ശതമാനവും അറ്റാദായത്തിൽ 17 ശതമാനവും വർധന ഉണ്ട്.
ഈ ധനകാര്യ വർഷത്തേക്ക് 12-14 ശതമാനം വരുമാന വർധനയും 22-24 ശതമാനം പ്രവർത്തന ലാഭ മാർജിനും ആണു കമ്പനിയുടെ പ്രതീക്ഷ.
കമ്പനി 1750 രൂപ വീതം നൽകി ഓഹരികൾ തിരിച്ചു വാങ്ങും. 9200 കോടി രൂപയാണ് ഇതിനു മുടക്കുക. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാൾ 25 ശതമാനം കൂടുതലാണ് 1750 രൂപ.
കമ്പനിയിലെ കൊഴിഞ്ഞുപോക്ക് വർധിച്ചു. 15 ശതമാനമാണ് ഇപ്പാേഴത്തെ നിരക്ക്. ഇതു വളരെ കൂടുതലാണ്.
ഈ വർഷം കാമ്പസുകളിൽ നിന്ന് 25,000 പേരെ റിക്രൂട്ട് ചെയ്യും. ഇതിൽ ആയിരം വിദേശത്തു നിന്നാകും. കഴിഞ്ഞ ധനകാര്യ വർഷം 19,000 പേരെയാണു ഇന്ത്യയിലെ കാമ്പസുകളിൽ നിന്ന് എടുത്തത്. 2000 പേരെ വിദേശത്തു നിന്നും എടുത്തു.
കമ്പനിക്കു മാർച്ച് 31-ന് 2,59,619 ജീവനക്കാർ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റിസൽട്ട് പ്രഖ്യാപിച്ച ടിസിഎസ് ഇക്കൊല്ലം 40,000 പേരെ റിക്രൂട്ട് ചെയ്യും. കഴിഞ്ഞ വർഷവും 40,000 പേരെ റിക്രൂട്ട് ചെയ്തു. 7.2 ശതമാനമാണ് ടിസിഎസിലെ കൊഴിഞ്ഞുപോക്ക്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it