താഴ്ചയിൽ വാങ്ങലിനു തിരക്ക്; കോവിഡിൽ ആശ്വാസ തീരുമാനങ്ങൾ; ഓക്സിജൻ വിലക്ക് വ്യവസായങ്ങൾക്കു തിരിച്ചടി

വലിയ താഴ്ചയിലേക്കു പോയിട്ട് തിരിച്ചു വന്ന ഓഹരി സൂചികകൾ ഇന്നലെ 1.8 ശതമാനം താഴ്ന്ന ക്ലോസിംഗ് ആണു നടത്തിയത്. 18 വയസ് തികഞ്ഞ എല്ലാവർക്കും മേയ് ഒന്നു മുതൽ വാക്സിൻ നൽകുമെന്ന പ്രഖ്യാപനം ഇന്നു വിപണിക്ക് ഉണർവ് നൽകുമെന്നു കരുതപ്പെട്ടിരുന്നു. പരിശോധനകൾ കുറഞ്ഞതിനാൽ ഇന്നലെ രോഗബാധിതരുടെ എണ്ണം കുറഞ്ഞതും ഉണർവിനു സഹായമാകുമെന്നു കരുതപ്പെട്ടു. പക്ഷേ യൂറോപ്പും അമേരിക്കയും താഴോട്ടു പോയതും ഏഷ്യൻ തുടക്കം താഴ്ചയിലായതും കാഴ്ചപ്പാട് മാറ്റി. ജപ്പാനിലെ നിക്കൈ രാവിലെ ഒന്നര ശതമാനം താഴ്ചയിലാണ്.

എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 14,350-ലാണു ക്ലോസ് ചെയ്തത്. ആ നിലവാരത്തിൽ ഇന്നു നിൽക്കുമെന്നു കരുതുന്നവർ കുറവാണ്. രണ്ടാം സെഷനിൽ 14,340 ലേക്കു താണു. താഴ്ന്ന തുടക്കമാണ് ഇന്നു വിപണിയെ കാത്തിരിക്കുന്നത് എന്നു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നു.
നിഫ്റ്റി ഇന്നു 14,200-നു മുകളിൽ നിന്നാൽ 14,450-14,550 മേഖലയിലേക്കു കയറാനാകും എന്നാണു സാങ്കേതിക വിശകലനക്കാരുടെ നിഗമനം. ഇന്നലെ തുടക്കത്തിൽ വലിയ താഴ്ച ഉണ്ടായപ്പോൾ വാങ്ങലിന് നിക്ഷേപകർ മുതിർന്നു. എങ്കിലും ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും താഴുകയാണു ചെയ്തത്.

വിദേശികൾ വിൽപനക്കാർ

വിദേശ നിക്ഷേപകർ ഇന്നലെ 1633.7 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി സ്ഥാപനങ്ങൾ 2356 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ മാസം ഇന്നലെ വരെ വിദേശികൾ 4230 കോടി രൂപയാണ് ഓഹരികളിൽ നിന്നു പിൻവലിച്ചത്. അതേ സമയം ഫ്യൂച്ചേഴ്സിസിലും ഓപ്ഷൻസിലും അവരുടെ നിക്ഷേപം കൂടി.
ക്രൂഡ് ഓയിൽ വിപണി ഇന്നലെ അൽപം കയറി. എണ്ണ വിപണിയിലെ ചലനങ്ങളേക്കാൾ കറൻസി വിപണിയിലെ മാറ്റങ്ങളാണു കാരണം.ബ്രെൻ്റ് ഇനം ക്രൂഡ് 67.14 ഡോളറിലേക്കു കയറി.
സ്വർണം 1780 ഡോളറിൽ തൊട്ട ശേഷം 1771 ഡോളറിലേക്കു താണു.

രൂപ ദുർബലം

ഇന്നലെ വിനിമയ വിപണിയിൽ ഡോളർ വലിയ നേട്ടമുണ്ടാക്കി. 74.87 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഇൻഡോനീഷൻ റുപിയയുടെയും തുർക്കിയുടെ ലിറയുടെയും തളർച്ച വികസ്വര രാജ്യങ്ങളുടെ കറൻസികൾക്കെല്ലാം ദൗർബല്യം ഉണ്ടാക്കും.

തിരുത്തൽ ഏതു വരെ ?

വിപണി ഫെബ്രുവരിയിലെ ഉച്ച നിലയിൽ നിന്ന് ആറു ശതമാനം താഴെയാണ് ഇപ്പോൾ. 10 ശതമാനം താഴെ എത്തിയ ശേഷം തിരിച്ചുകയറുന്നതാണു നല്ലത് എന്നു വിശ്വസിക്കുന്ന പലരും വിപണിയിലുണ്ട്. എന്നാൽ വിപണി സൂചികകൾക്കു വലിയ പ്രാധാന്യം നൽകുന്ന ഗവണ്മെൻ്റ് ന്യായമായ തിരുത്തൽ പോലും വരാൻ സമ്മതിക്കില്ല എന്നതാണു യാഥാർഥ്യം.
ഫ്യൂച്ചർ- റിലയൻസ് ഇടപാടിനെതിരേ ഡൽഹി ഹൈക്കോടതിയിൽ നടക്കുന്ന കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. മേയ് നാലു മുതൽ സുപ്രീം കോടതി കേസ് കേൾക്കും. ആമസോണിനു തിരിച്ചടിയാണ് ഇത്; റിലയൻസിനും ഫ്യൂച്ചറിനും അനുകൂലവും.

കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു

18 വയസ് തികഞ്ഞ എല്ലാവർക്കും മേയ് ഒന്നു മുതൽ വാക്സിൻ എടുക്കാം. വാക്സിൻ നിർമാണ കമ്പനികൾക്ക് ഉൽപാദന ശേഷി കൂട്ടാൻ 4500 കോടി രൂപ നൽകും. കൈവിട്ടു പോയ കോവിഡ് പ്രതിരോധ കാര്യത്തിൽ കേന്ദ്ര ഗവണ്മെൻ്റ് ഇന്നലെ എടുത്ത രണ്ടു പ്രധാന തീരുമാനങ്ങളാണിവ. ഇവ ഇന്ന് ഓഹരി വിപണിയെ ഉത്തേജിപ്പിക്കും എന്നു ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ വാക്സിൻ ലഭ്യത വർധിക്കാൻ മാസങ്ങൾ വേണം എന്നതാണു യാഥാർഥ്യം. ഉൽപാദന ശേഷി കൂട്ടാൻ വേണ്ട ഭൗതിക സാഹചര്യം (കെട്ടിടം, യന്ത്രങ്ങൾ‌, ആൾക്കാർ) ഒരുക്കാൻ തന്നെ മൂന്നു മാസത്തിലേറെ വേണം. വാക്സിനു വേണ്ട അടിസ്ഥാന രാസഘടകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തലും എളുപ്പമല്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ നോക്കിയാൽ ചൈനീസ് ഉൽപന്നം മാത്രമേ ലഭ്യമായുള്ളു.
കോവിഡ്ചി കിത്സയിൽ ഉപയോഗിക്കുന്ന റെംഡെസിവിർ, ഇറ്റാേലിസുമാബ് തുടങ്ങിയവ പോലും രാജ്യത്തു വേണ്ടത്ര കിട്ടാനില്ല. റെംഡെസിവിർ ബംഗ്ലാദേശിൽ നിന്നു വാങ്ങുന്നതു വരെ ആലോചനയിലാണ്. അതിനിടെ ഒരു കമ്പനി നിർമിക്കുന്ന റെംഡെസിവിർ മുഴുവൻ ഒരു ബിജെപി നേതാവ് വാങ്ങി പൂഴ്ത്തിവച്ചതും വിവാദമായി.
136 കോടി ജനങ്ങളിൽ 10 ശതമാനം പോലും ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ല. പ്രതിദിനം 30 ലക്ഷം പേർക്കു വാക്സിൻ നൽകാനേ ഇപ്പോൾ പറ്റുന്നുള്ളു.
ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ പോലും രാജ്യത്തിനു കഴിഞ്ഞിട്ടില്ല. വാഹന നിർമാണമടക്കമുള്ള വ്യവസായങ്ങൾക്ക് ഓക്സിജൻ നൽകുന്നതു നിരോധിച്ചിരിക്കുകയാണ്. പ്രാദേശിക ലോക്ക് ഡൗണുകളേക്കാൾ വ്യവസായ മേഖലയ്ക്കു ദോഷം വരുത്തുന്നതാണ് ഓക്സിജൻ വിലക്ക്. കോവിഡ് മഹാമാരി ഒരു വർഷം മുമ്പേ വന്നിട്ടും ഓക്സിജൻ സിലിൻഡർ ലഭ്യത കൂട്ടാനും വേണ്ടത്ര ഐസിയു, വെൻ്റിലേറ്റർ കിടക്കകൾ തയാറാക്കാനും രാജ്യത്തിനു കഴിഞ്ഞില്ല എന്ന് പ്രതിസന്ധി മൂർഛിച്ചപ്പോഴാണു വ്യക്തമായത്.

വളർച്ച കുറയും

വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് രാജ്യത്തു വളർച്ച കുറയ്ക്കുമെന്ന് ബ്രോക്കറേജുകളും റേറ്റിംഗ് ഏജൻസികളും കരുതുന്നു. ഇക്കൊല്ലം 13 ശതമാനം വരെ ജിഡിപി വളർച്ച കണക്കുകൂട്ടിയവർ ഇപ്പാേൾ പ്രതീക്ഷ താഴ്ത്തുകയാണ്. രണ്ടു ശതമാനം വരെ പ്രതീക്ഷ കുറച്ചു. ഇപ്പോൾ 10 മുതൽ 12 വരെ ശതമാനം വളർച്ചയാണു നിഗമനം.
ഓക്സിജൻ വ്യവസായങ്ങൾക്കു നൽകുന്നതിനു വിലക്ക് പ്രഖ്യാപിച്ചത് സ്റ്റീൽ, വാഹന വ്യവസായങ്ങളെ സാരമായി ബാധിക്കും. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു വലിയ തിരിച്ചടിയാണിത്. ഘടക പദാർഥങ്ങളും യന്ത്രഭാഗങ്ങളും നിർമിക്കുന്ന ആൻസിലറി യൂണിറ്റുകൾ അടച്ചിടേണ്ടി വരും.
വ്യാപാര നിയന്ത്രണം വാഹന വിൽപ്പനയെയും ബാധിക്കും. വാഹന വിൽപന മൂന്നിലൊന്നു കുറയുമെന്ന് ഡീലർമാർ കരുതുന്നു. ടൂ വീലർ വിൽപനയിലാണ് ഏറ്റവുമധികം ഇടിവ്.
ഇ കൊമേഴ്സ് സ്ഥാപനങ്ങളും വില്‌പനയിൽ തിരിച്ചടി നേരിടുന്നുണ്ട്.
ജൂണിൽ ഐഎംഎഫും ലോക ബാങ്കും വളർച്ചയെപ്പറ്റി പുതിയ നിഗമനം പുറത്തുവിടും. അതിനു മുമ്പ് 2020-21- ലെ ജിഡിപി സംബന്ധിച്ച രണ്ടാമത്തെ എസ്റ്റിമേറ്റ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പരസ്യപ്പെടുത്തും. നാലാം പാദത്തിലെ വളർച്ചക്കണക്കും അപ്പോൾ ഉണ്ടാകും. നാലാംപാദത്തിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായില്ലെന്നു റേറ്റിംഗ് ഏജൻസികൾ കരുതുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it