ചാഞ്ചാട്ടം തുടരും; വിദേശികളുടെ നിലപാട് നിർണായകം; കൺസ്യൂമർ മനോഭാവം താഴോട്ട്; സ്വർണത്തിൽ ബുള്ളുകൾക്കു പ്രതീക്ഷ

ആശങ്കയ്ക്കും പ്രതീക്ഷയ്ക്കുമിടയിൽ ഏതാണു മുന്നിൽ എന്നു വ്യക്തമാകാത്തതിൻ്റെ തേങ്ങലിലാണു വിപണി. ദിശാബോധമില്ലാത്ത വിപണി വലിയ ചാഞ്ചാട്ടങ്ങൾ കാണിക്കും.

അമേരിക്കൻ ഫെഡ് പണനയം പ്രഖ്യാപിക്കുന്നതും ഏപ്രിൽ സീരീസിലെ ഫ്യൂച്ചേഴ്സ് - ഓപ്ഷൻസ് സെറ്റിൽ ചെയ്യുന്നതും ഈയാഴ്ചയാണ്. യുഎസ് ജിഡിപി, മാർച്ചിലെ കാതൽ മേഖലയുടെ ഉൽപാദനം തുടങ്ങിയ കണക്കുകളും ഈയാഴ്ച വരാനിരിക്കുന്നു.
നിരവധി കമ്പനികളുടെ നാലാംപാദ ഫലങ്ങളും ഈയാഴ്ചയാണ്. വിദേശികൾ വിറ്റൊഴിയുന്നതാണു വിപണിയെ വലിച്ചു താഴ്ത്തുന്ന ഒരു പ്രധാന ഘടകം.

താങ്ങുകൾ നഷ്ടപ്പെട്ടു

സമീപസ്ഥ താങ്ങുകൾ നഷ്ടപ്പെട്ട നിലയിലാണു സൂചികകൾ കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. 14,341-ൽ ക്ലോസ് ചെയ്ത നിഫ്റ്റിക്ക് 14,200-14,250 ലെ താങ്ങ് നിലനിർത്താനാകുമോ എന്നാണു സാങ്കേതിക വിശകലനക്കാർ നോക്കുന്നത്. താഴോട്ടു പോയാൽ 13,900-ലേക്കു വരെ വീഴാം. മുകളിൽ 14,450-14,500 മേഖല കടക്കാനും പ്രതിബന്ധമുണ്ട്. അതു കടന്നാൽ 15,000 വരെ വഴി തുറക്കും.
യു എസ് സൂചികകൾ ഉയർച്ചയിലാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ ഏഷ്യൻ വിപണി അത്ര ഉത്സാഹത്തിലല്ല. ജപ്പാനിൽ നിക്കെെ ഉയർന്നു തുടങ്ങിയ ശേഷം താഴോട്ടു പോയി.
എസ് ജി എക്സ് നിഫ്റ്റി 14,317 ലാണ് ഒന്നാം സെഷൻ ക്ലോസ് ചെയ്തത്. രണ്ടാം സെഷൻ്റെ തുടക്കവും താഴ്ചയിലാണ്.

പണം ചെലവാക്കാൻ മടി

രാജ്യത്തു ലോക്ക് ഡൗൺ ആശങ്കയില്ലെങ്കിലും ജനങ്ങൾ പണം ചെലവാക്കുന്നതിൽ വിമുഖത കാണിക്കുമെന്നു കമ്പനികൾ കരുതുന്നു. ഈയാഴ്ചകളിൽ വിൽപന കുറഞ്ഞത് ഇതിനു തെളിവായി പറയുന്നു. കൺസ്യൂമർ സെൻ്റിമെൻ്റ് വളരെ താഴെയാണെന്നു റിസർവ് ബാങ്കിൻ്റെ സർവേയിലും പറയുന്നു. ഇതു വിപണിയെ സാരമായി ബാധിക്കും.
പെട്രോളിയം ഉപയോഗം മുതൽ വാഹന വിൽപന, റിയൽ എസ്‌റ്റേറ്റ് വിൽപന തുടങ്ങിയവയിൽ വരെ ഈ നിഷേധ സമീപനം ദോഷഫലങ്ങൾ ഉണ്ടാക്കും.
രാജ്യത്തു വായ്പാ വർധന ആറു ദശകത്തിനിടയിലെ ഏറ്റവും താണ നിരക്കായ 5.56 ശതമാനമായി കഴിഞ്ഞ ധനകാര്യ വർഷം താണതും ഇതിൻ്റെ ഫലമാണ്. ഉപയോക്താക്കളുടെ മടിയും ആശങ്കയും വ്യവസായങ്ങളെ തളർത്തുന്നു.

കോവിഡ് ഇരട്ടിക്കും

കോവിഡ് വ്യാപനം കൂടുന്നു; ഇന്നത്തേതിൻ്റെ ഇരട്ടിയിലേക്കു പ്രതിദിന രോഗബാധ വർധിക്കുമെന്നു നീതി ആയാേഗിൻ്റെ മുന്നറിയിപ്പ്; ഓക്സിജൻ, ഐസിയു, മരുന്ന് തുടങ്ങിയവയുടെ ക്ഷാമം തുടരുന്നു. ഇതെല്ലാം ആശങ്ക വളർത്തുന്നു.
അടിയന്തര ഘട്ടത്തിൽ സഹായവുമായി ലോക രാജ്യങ്ങൾ വരുന്നു. വാക്സിൻ നിർമാണ ഘടകം ഇന്ത്യക്കു നൽകാൻ അമേരിക്ക തയാറായി. ജനസംഖ്യയിൽ 10 ശതമാനത്തിലധികം വാക്സിനേറ്റ് ചെയ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ വ്യവസായ മേഖലയെ വല്ലാതെ ബാധിച്ചിട്ടില്ല. ഇതെല്ലാം പ്രതീക്ഷ വളർത്തുന്നു.

വിദേശികൾ ഓഹരികളിൽ നിന്നു പിൻവലിയുന്നു, കടപ്പത്രം വാങ്ങുന്നു

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നു സാവധാനം പണം പിൻവലിക്കുന്നു. ഇന്ത്യയെ ഉപേക്ഷിക്കുകയല്ല, കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ചില ഓഹരികളിൽ നിന്നു ലാഭമെടുത്തു മാറുകയാണ്. ഏപ്രിലിൽ ഇതുവരെ 8674 കോടി രൂപ അവർ ഓഹരികളിൽ നിന്നു പിൻവലിച്ചു. എന്നാൽ 1052 കോടി രൂപയുടെ കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടി. അറ്റ പിൻവലിക്കൽ 7622 കോടി രൂപ.
മാർച്ചിൽ 17,304 കോടിയും ഫെബ്രുവരിയിൽ 23,663 കോടിയും ജനുവരിയിൽ 14,649 കോടിയും രൂപ വിദേശികൾ ഇന്ത്യയിൽ നിക്ഷേപിച്ചതാണ്.
കഴിഞ്ഞ അഞ്ചാഴ്ച തുടർച്ചയായി വിദേശികൾ ഓഹരി വിപണിയിൽ നിന്നു പണം പിൻവലിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തോത് കുറയുകയും വാക്സിനേഷൻ്റെ സൽഫലങ്ങൾ ദൃശ്യമാവുകയും ചെയ്യുന്നതോടെ വിദേശികൾ വീണ്ടും നിക്ഷേപകരാകുമെന്നാണു ബ്രോക്കറേജുകളുടെ പ്രതീക്ഷ.

സ്വർണം വീണ്ടും കയറ്റത്തിലെന്ന്

സ്വർണവിപണി വീണ്ടും ഉയർച്ചയിലേക്കെന്നു പലരും അഭിപ്രായപ്പെടുന്നു. വിദേശത്ത് സ്വർണ വില ഔൺസിന് 1900 ഡോളറിലേക്കും ഇന്ത്യയിൽ 10 ഗ്രാം സ്റ്റാൻഡാർഡ് സ്വർണം 50,000 രൂപയിലേക്കും എത്തുമെന്നാണ് സ്വർണ ബുള്ളുകൾ പറയുന്നത്. യുഎസ് ഗവണ്മെൻ്റ് കടപ്പത്രങ്ങളുടെ വില കൂടുകയും അവയിലെ നിക്ഷേപനേട്ടം (yield) കുറയുകയും ചെയ്യുന്നതാണു പ്രധാന കാരണം. ഡിജിറ്റൽ ഗൂഢ കറൻസിയായ ബിറ്റ് കോയിൻ ഇടിഞ്ഞതും കാരണമാണ്.
ഈ വർഷം സ്വർണ വിപണി വലിയ ചാഞ്ചാട്ടം കണ്ടതാണ്. ജനുവരി ആറിന് 1959 ഡോളറിലെത്തിയ സ്വർണം മാർച്ച് എട്ടിന് 1676.01 ഡോളർ ആയി. വീണ്ടും മാർച്ച് 31-ന് 1677.61 ഡോളർ കുറിച്ചു. അവിടെ നിന്ന് ഏഴു ശതമാനം ഉയർന്ന് 1795 ഡോളറിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. ഇന്നു രാവിലെ 1780 ഡോളറിലാണ് ഏഷ്യൻ വ്യാപാരം.
ഇന്ത്യൻ എംസിഎക്സിലെ വ്യാപാരവും ഇതേ മാതൃകയിലാണ്. ജനുവരി ആറിനു 10 ഗ്രാമിന് 51,875 രൂപയായി. മാർച്ച് 29-നു വില 43,320 രൂപയായി താണു. പിന്നീടു 11 ശതമാനം കയറി. രൂപയുടെ വിലയിടിവും കാരണമായി. രൂപ നാലു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ടല്ലോ.
ജനവരി ആദ്യം യുഎസ് 10 വർഷ ട്രഷറിയുടെ നിക്ഷേപനേട്ടം 0.93 ശതമാനമായിരുന്നു. പിന്നീട് ഉയർന്ന് മാർച്ച് അവസാനം 1.77 ശതമാനമായി. അതു ക്രമേണ താണ് ഏപ്രിൽ 22-ന് 1.53 ശതമാനമായിട്ടുണ്ട്. ഇനിയും താഴുമെന്നാണു സൂചന.
ഇതിനിടെ ബിറ്റ്കോയിൻ വില 24 ശതമാനം ഇടിഞ്ഞു. ഇതും ഭദ്ര നിക്ഷേപം എന്ന സ്വർണത്തിൻ്റെ പേര് വീണ്ടും ഉറപ്പിച്ചു. വലിയ നിക്ഷേപകരിൽ ചിലർ ഗോൾഡ് ഫണ്ടുകളിൽ അന്വേഷണം നടത്തിയതായാണു വാരാന്ത്യ റിപ്പോർട്ട്.

ബൈഡൻ്റെ നികുതി വർധനയിൽ തകർന്നു ബിറ്റ് കോയിൻ

ഡിജിറ്റൽ ഗൂഢകറൻസിയായ ബിറ്റ്കോയിൻ വൻ തകർച്ചയിൽ. ഏപ്രിൽ 14-ന് 64,829 ഡോളർ വില വന്ന ഇതിന് കഴിഞ്ഞ വാരാന്ത്യം വില 49,500 ഡോളറിനു താഴെയായി. 24 ശതമാനം തകർച്ച. ഇന്ത്യൻ രൂപയിൽ 48 ലക്ഷത്തിൽ നിന്നു 37 ലക്ഷം രൂപയിലേക്കാണു തകർച്ച.
ബിറ്റ് കോയിനും മറ്റും വിപണനം നടത്തുന്ന കോയിൻബേസ് എന്ന എക്സ്ചേഞ്ചിൻ്റെ ഓഹരി വോൾ സ്ട്രീറ്റിൽ ലിസ്റ്റ് ചെയ്ത ദിവസമായിരുന്നു റിക്കാർഡ് വില വന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ നികുതി നിർദേശങ്ങൾ പരസ്യപ്പെടുത്തി. 10 ലക്ഷം ഡോളറിലധികം വാർഷിക വരുമാനമുള്ളവരുടെ മൂലധനലാഭത്തിനുള്ള നികുതി 20 ശതമാനത്തിൽ നിന്നു 43.96 ശതമാനമാക്കുമെന്ന് ബൈഡൻ പറഞ്ഞു. ഇത് ബിറ്റ് കോയിനിലെ വലിയ നിക്ഷേപകരെ പരിഭ്രാന്തരാക്കി. അവർ വിറ്റൊഴിയാൻ തുടങ്ങി. വില കുത്തനെ താണു.

വില ഇനിയും താഴുമെന്നാണു സൂചന.

ബിറ്റ് കോയിൻ വില കഴിഞ്ഞ വർഷം മൂന്നു മടങ്ങ് വർധിച്ചിരുന്നു. ഈ വർഷം ആദ്യ മൂന്നു മാസം കൊണ്ടു വില ഇരട്ടിച്ചിരുന്നു. ഈ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് ഒട്ടേറെപ്പേരെ ഇതിലേക്കാകർഷിച്ചിരുന്നു.
സുഹൃത്തുക്കളുടെ പണം സമാഹരിച്ച് ബിറ്റ് കോയിനിൽ നിക്ഷേപിച്ചു വലിയ നഷ്ടം നേരിട്ട ഉത്തര മലബാറിലെ ബാങ്ക് ഉദ്യോഗസ്ഥ ഇക്കഴിഞ്ഞ ദിവസം എലിവിഷം കഴിച്ചു മരിച്ചതായി പത്രവാർത്ത ഉണ്ടായിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it