Top

വിദേശികൾ വിറ്റിട്ടും സൂചികകൾ കയറി; കോവിഡ് മൂർധന്യം എന്ന്? ബാങ്ക് വായ്പാ കണക്കുകൾ നൽകുന്ന സൂചനയെന്ത് ?

വിദേശികളുടെ വിൽപനയെ മറികടന്നു കുതിക്കാൻ സൂചികകൾ ശ്രമിച്ചു. സ്വദേശി നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങലിനു മുന്നിൽ നിന്നു. എങ്കിലും വ്യാപാരത്തുടക്കത്തിലെ കുതിപ്പ് നിലനിർത്താൻ വിപണിക്കു കഴിഞ്ഞില്ല. ഒരു ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

14,500-14,560 മേഖലയിലെ വിൽപന സമ്മർദമാണ് വിപണിയുടെ നേട്ടം ചുരുക്കിയത്. നിഫ്റ്റി തുടക്കത്തിൽ 14,500 - നു മുകളിലേക്കു കയറിയെങ്കിലും ക്ലോസിംഗ് 14,485-ൽ ആക്കേണ്ടി വന്നു.
നിഫ്റ്റിക്കു 14, 200 ശക്തമായ സപ്പോർട്ട് നൽകുന്നുണ്ട്. ഒപ്പം 14,550-14,560 മേഖലയിൽ കടുത്ത പ്രതിബന്ധവും ഉണ്ട്. ഈ തടസം മറികടന്നാലേ 15,000-ലേക്ക് നീങ്ങാനാവൂ.
യൂറോപ്യൻ ഓഹരികൾ ഇന്നലെ ഉയർന്നെങ്കിലും അമേരിക്കയിൽ മിശ്ര സൂചനയാണ്. ഡൗ ജോൺസ് സൂചിക കാൽ ശതമാനം താണു. മറ്റു സൂചികകൾ ചെറിയ നേട്ടം കാണിച്ചു.
ഇന്നു രാവിലെ ഉയർച്ചയോടെ തുടങ്ങിയ ഏഷ്യൻ ഓഹരികൾ പിന്നീടു ദുർബലമായി.
എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയോടെ 14, 513 ലാണ്. ചെറിയ ഉണർവോടെയുള്ള വ്യാപാരത്തുടക്കമാണ് സൂചന.
വിദേശ നിക്ഷേപകർ ഇന്നലെ 1111.89 കോടി രൂപയ്ക്കുള്ള ഓഹരികൾ വിറ്റൊഴിഞ്ഞു. ഇതോടെ ഈ മാസം വിദേശികളുടെ ഓഹരി വിൽപന 8695 കോടി രൂപ കവിഞ്ഞു. സ്വദേശികൾ 1022 കോടിയുടെ ഓഹരികൾ വാങ്ങി.

കോവിഡ് ആശങ്ക വർധിക്കുന്നു

രാജ്യത്തു കോവിഡ് വ്യാപനം ഇപ്പാഴും ആശങ്കാജനകമായി തുടരുന്നു. കാൺപുർ ഐഐടിയിലെ മനീന്ദ്ര അഗർവാൾ നടത്തുന്ന പ്രവചനം പുതിയ രോഗബാധയുടെ മൂർധന്യം മേയ് നാലിനും എട്ടിനുമിടയിലാണെന്നും ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഏറ്റവും കൂടി നിൽക്കുക മേയ് 14-18 ദിവസങ്ങളിലാണെന്നുമാണ്. പ്രതിദിന രോഗികളുടെ സംഖ്യ 4.4 ലക്ഷവും ചികിത്സയിലുള്ളവർ 48 ലക്ഷവും ആകുമെന്നാണ് അദ്ദേഹം പറയുന്നത്. ചൊവ്വാഴ്ച രാവിലെ പുതിയ രോഗബാധ 3.19 ലക്ഷമാണ്. ചികിത്സയിലുള്ളവർ 28.75 ലക്ഷവും. (പരിശോധനകളുടെ എണ്ണം കുറഞ്ഞതു കൊണ്ടാണു പുതിയ രോഗികളുടെ എണ്ണം 3.54 ലക്ഷത്തിൽ നിന്നു താഴെ വന്നത്).
കേന്ദ്ര സർക്കാർ സ്ഥാപനമായ നീതി ആയോഗ് മൂന്നാഴ്ചയ്ക്കു ശേഷം രോഗബാധ മൂർധന്യത്തിലെത്തുമെന്നാണു കണക്കുകൂട്ടുന്നത്. പ്രതിദിനം അഞ്ചു ലക്ഷം രോഗബാധ അവർ പ്രതീക്ഷിക്കുന്നു. പ്രതിദിനം യുപിയിൽ 1.2 ലക്ഷവും മഹാരാഷ്ട്രയിൽ ഒരു ലക്ഷവും ഡൽഹിയിൽ 67,000 വും രോഗികൾ ഏപ്രിൽ അവസാനം ഉണ്ടാകുമെന്നും നീതി ആയോഗ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ അറിയിച്ചു.

വളർച്ചനിഗമനം കുറയ്ക്കുന്നു

ഇങ്ങനെ ഗുരുതര സ്ഥിതിവിശേഷമാണു രാജ്യം മുന്നിൽ കാണുന്നത്. വിനാശകാരിയായ ലോക്ക് ഡൗൺ ഇല്ലാതെ മഹാമാരിയെ മറികടക്കാനാണു സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. അതിനാൽ ജിഡിപി വളർച്ചയിൽ വലിയ ആഘാതമുണ്ടാകില്ലെന്നു റേറ്റിംഗ് ഏജൻസികൾ കരുതുന്നു.
എസ് ബി ഐ റിസർച്ച് വളർച്ച നിഗമനം 10.4 ശതമാനത്തിലേക്കു താഴ്ത്തി. ഇൻഡ് റാ 10.1 ശതമാനത്തിലേക്കും. എന്നാൽ ഇരട്ടയക്ക വളർച്ച ബുദ്ധിമുട്ടാണെന്ന് സ്വതന്ത്ര നിരീക്ഷകർ കരുതുന്നു.
റീട്ടെയിൽ വ്യാപാരത്തിലും വാഹന വിൽപനയിലും ഗൃഹോപകരണ വിൽപനയിലും വലിയ ഇടിവ് ഏപ്രിലിൽ ഉണ്ടായി. മേയ് മാസത്തിലും നിയന്ത്രണങ്ങൾക്ക് അയവ് പ്രതീക്ഷിക്കുന്നില്ല. വ്യവസായങ്ങൾക്ക് ഓക്സിജൻ നിഷേധിക്കുന്നതു വഴി ഇടത്തരം വ്യവസായങ്ങളിൽ വലിയ ഉൽപാദന നഷ്ടം ഉണ്ടാകും.

ബാങ്ക് വായ്പ

സാമ്പത്തിക ഗതി സംബന്ധിച്ചു സൂചന നൽകുന്നതാണ് ഭക്ഷ്യേതര ബാങ്ക് വായ്പയുടെ പുതിയ കണക്ക്. ഏപ്രിൽ ഒൻപതിലെ കണക്കനുസരിച്ചു ഭക്ഷ്യേതര വായ്പയിലെ വാർഷിക വളർച്ച 5.4 ശതമാനം മാത്രം. അതിനു രണ്ടാഴ്ച മുമ്പ് 5.54 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്. വ്യാപാര - വ്യവസായ മേഖലയിൽ ഉത്സാഹമില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഏപ്രിലിൽ ജിഎസ്ടി ഇ വേ ബിൽ എണ്ണം ഗണ്യമായി കുറഞ്ഞതും ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച 64.2 ഡോളറിലേക്കു താണെങ്കിലും ഇന്നു രാവിലെ 65.൭൫ ഡോളറിലേക്കു കയറി.
സ്വർണ വില ഔൺസിന് 1781-1782 ഡോളറിലാണ്.

ഇന്ത്യാ ബുൾസിനെതിരേ കേസ്

ഇന്ത്യാ ബുൾസ് ഗ്രൂപ്പിനും ഡയറക്ടർമാർക്കുമെതിരേ സാമ്പത്തിക കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട പോലീസ് കേസ് രജിസ്റ്റർ ചെയതു. എഫ് ഐ ആറിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യാ ബുൾസിനെതിരേ ഡൽഹിയിലും പരാതി ഉണ്ട്. മഹാരാഷ്ട്രയിലെ കേസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങൾ കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്ന് ഇന്ത്യാ ബുൾസ് വക്താക്കൾ പറയുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it