Top

ഉത്തേജകം കാത്തു വിപണി; ക്രൂഡിൻ്റെ കയറ്റം വിലകൾ കൂട്ടും; ലോഹ ഓഹരികൾ കുതിക്കുന്നു; ബാങ്കുകളിൽ ആശങ്ക

വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ മുഖ്യ സൂചികകൾ നേരിയ ഉയർച്ചയോടെ വ്യാഴാഴ്ച ക്ലോസ് ചെയ്തു. 14,900-ൽ നിഫ്റ്റി നേരിടുന്ന തടസങ്ങൾ മറികടക്കാൻ വിപണിയെ ഉത്തേജിപ്പിക്കാവുന്ന എന്തെങ്കിലും സംഭവിക്കണം. ഇന്നലെ അമേരിക്കൻ സൂചികകൾ ഉയർന്നെങ്കിലും ഏഷ്യൻ വിപണികൾ‌‌ ഇന്നു രാവിലെ താഴോട്ടാണ്. എസ് ജി എക്സ് നിഫ്റ്റി 14, 874 ലേക്കു താഴ്ന്നു. വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.

വ്യാഴാഴ്ച പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിപണിക്ക് ആഹ്ളാദം പകരുന്ന കാര്യങ്ങൾ ഒന്നുമില്ല. ആസാമിലെ ഭരണം നിലനിർത്താൻ പറ്റും എന്നതിൽ ഒതുങ്ങുന്നു ബിജെപിയുടെ നേട്ടം. പശ്ചിമ ബംഗാൾ പിടിക്കാനാകും എന്ന് ഉറപ്പില്ല. തമിഴ്നാട്ടിൽ അവരുടെ സഖ്യം ദയനീയമായി പിന്തള്ളപ്പെടും.

കോവിഡ് സാഹചര്യം വീണ്ടും മോശമായി

കോവിഡ് സാഹചര്യവും സന്തോഷകരമല്ല രോഗബാധയുടെ തോതും മരണവും വർധിക്കുന്നു. ഇന്നലെ പുതിയ രോഗബാധ 3.86 ലക്ഷം കവിഞ്ഞു. വാക്സിൻ വിതരണം വേണ്ട വേഗത്തിൽ നടക്കുന്നില്ല. വകഭേദം വന്ന ഇന്ത്യൻ വൈറസ് കൂടുതൽ രാജ്യങ്ങളിൽ കാണപ്പെട്ടു. വിവിധ രാജ്യങ്ങൾ ഓക്സിജൻ നിർമാണ യൂണിറ്റുകളും കണ്ടെയ്നറുകളും ഉപകരണങ്ങളും മറ്റും എത്തിച്ച് സഹായിക്കുന്നുണ്ട്. വാക്സിനുകളും മരുന്നുകളും നിർമിക്കുന്നതിനു വേണ്ട ഘടകപദാർഥങ്ങൾക്ക് അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു പുറമെ ചൈനയുടെയും സഹായം ഇന്ത്യ തേടിയിട്ടുണ്ട്. നാൽപതിലേറെ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കു സഹായ വാഗ്ദാനങ്ങൾ ലഭിച്ചു കഴിഞ്ഞു.

ക്രൂഡ് 70 ഡോളറിലേക്ക്

ഇതിനിടെ ക്രൂഡ് ഓയിൽ വില കുതിച്ചു പായുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 68.5 ഡോളറിനു മുകളിലെത്തിയിട്ട് അൽപം താണു. 70 ഡോളറിലേക്കാണു ക്രൂഡിൻ്റെ ഈ യാത്ര എന്നു വിപണി കരുതുന്നു. രാജ്യത്തു വിലക്കയറ്റത്തോത് വർധിക്കാൻ ഇത് കാരണമാകും. ഇപ്പോൾത്തന്നെ ചില്ലറ വിലക്കയറ്റം സഹന പരിധിയായ ആറു ശതമാനത്തിന് അടുത്താണ്.

റിലയൻസ് ലാഭം കൂടും

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നാലാംപാദ ഫലം ഇന്നു പുറത്തു വിടും. കഴിഞ്ഞ വർഷത്തെ നാലാംപാദത്തെ അപേക്ഷിച്ചു ലാഭം ഇരട്ടിച്ചേക്കും.
ഇതിനിടെ സൗദി അരാം കോയുടെ ഒരു ശതമാനം ഓഹരി റിലയൻസിനു നൽകാൻ നീക്കമുണ്ട്. റിലയൻസിൽ അരാം കോ എടുക്കുന്ന ഓഹരിയിൽ ഒരു ഭാഗത്തിനു പകരമാണിത്. റിലയൻസിലെ ഓഹരിക്ക് കുറേ പണം ഇപ്പോൾ നൽകും. ബാക്കി തുകയ്ക്കു പകരമാണ് ഓഹരി. റിലയൻസ് ഈ ഓഫർ സ്വീകരിക്കുമോ എന്നു വ്യക്തമല്ല.

വിൽപനസമ്മർദം സൂചികകളെ പിടിച്ചു നിർത്തി

നിഫ്റ്റി 15,000 കടന്നും സെൻസെക്സ് 50,000 നു മുകളിലും ഇന്നലെ രാവിലെ വ്യാപാരം നടന്നെങ്കിലും ലാഭമെടുക്കാനുള്ള വിൽപന സമ്മർദം സൂചികകളെ താഴ്ത്തി. നാമമാത്രമായെങ്കിലും ഉയർന്നു ക്ലോസ് ചെയ്തത് ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നുവെന്ന് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റി 14,900 ൻ്റെ പ്രതിരോധം ഭേദിച്ചു മുന്നേറാൻ പുതിയ ചാലകങ്ങൾ വേണം. അതുണ്ടായില്ലെങ്കിൽ ചെറിയ മേഖലയിൽ ചാഞ്ചാടുകയാകും ഫലം.

ബാങ്കുകൾ താഴാേട്ട്

ബാങ്ക്, ധനകാര്യ ഓഹരികൾ മുൻദിവസങ്ങളിൽ വിപണിയുടെ മുന്നേറ്റത്തിനു നേതൃത്വം വഹിച്ചിരുന്നു. എന്നാൽ ഇന്നലെ അവ വിറ്റൊഴിയാൻ തിരക്കായിരുന്നു. കോവിഡ് കിട്ടാക്കടങ്ങൾ കൂടാൻ ഇടയാക്കുമെന്നു പല ബ്രോക്കറേജുകളും റിപ്പോർട്ട് ചെയ്തതു വിപണിയെ സ്വാധീനിച്ചു. ചരക്കുവാഹനങ്ങൾക്കു വായ്പ നൽകിയ ധനകാര്യ കമ്പനികൾക്കു കിട്ടാക്കടം കൂടുമെന്നാണു വിലയിരുത്തൽ. ഇന്നലെ ബാങ്ക് നിഫ്റ്റി 550 പോയിൻ്റ് ഇടിഞ്ഞു.

നിയന്ത്രണങ്ങൾ കൂടുന്നു, ഉൽപാദനം കുറയ്ക്കുന്നു

മഹാരാഷ്ട്രയും ഡൽഹിയും മറ്റും കോവിഡ് നിയന്ത്രണങ്ങൾ നീട്ടി. ഉത്തർപ്രദേശ് വാരാന്ത്യനിയന്ത്രണങ്ങൾ നീട്ടി. മേയ് മാസത്തിൽ വ്യാപാര - വ്യവസായ മേഖല കൂടുതൽ വിഷമിക്കും എന്നാണു സൂചന. മാരുതി അടക്കം പല വാഹന നിർമാതാക്കളും മെയിൻറനൻസിനായി അടച്ചിടുകയാണ്. ജൂണിൽ നടത്തുന്ന അടവ് നേരത്തേ ആക്കിയതു രോഗവ്യാപനം തടയാനുള്ള ശ്രമം എന്ന നിലയിലാണ്. വ്യാപാര മേഖലയിൽ ഉണർവ് ഉണ്ടാകുന്നില്ലെങ്കിൽ ഫാക്ടറികൾ കൂടുതൽ ദിവസം അടച്ചിട്ടേക്കും. സാമ്പത്തിക വളർച്ചയെപ്പറ്റി നല്ല സൂചനയല്ല ഇതെല്ലാം നൽകുന്നത്.

യുഎസ് വളർച്ച അതിവേഗം

അമേരിക്കയുടെ ഒന്നാം പാദ (ജനുവരി-മാർച്ച്) വളർച്ചയുടെ വേഗം 6.4 ശതമാനമായി വർധിച്ചെന്ന് ഇന്നലെ റിപ്പോർട്ട് വന്നു. ജർമനിയും മറ്റും വളർച്ച പ്രതീക്ഷ ഉയർത്തി. ചൈനയും അതിവേഗ വളർച്ചയിലാണ്. ഇതെല്ലാം കയറ്റുമതി വർധിപ്പിക്കാൻ അനുകൂല സാഹചര്യം ഒരുക്കേണ്ടതാണ്. പക്ഷേ രാജ്യത്ത് നിയന്ത്രണങ്ങൾ കൂടി വരുന്നതുമൂലം കയറ്റുമതി അവസരം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.
ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ പല ഏജൻസികളും താഴ്ത്തി. 11.5-12.5 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നവർ 10.0-10.5 ശതമാനത്തിലേക്കു പ്രതീക്ഷ താഴ്ത്തി. ഒറ്റയക്കത്തിലേക്കു വളർച്ച പ്രതീക്ഷ താഴ്ത്താൻ അധികമാരും ധൈര്യപ്പെടുന്നില്ല.

സ്വർണം താണു, ചെമ്പ് കുതിച്ചു

യു എസ് വളർച്ചയുടെ വേഗം കൂടിയത് ഡോളറിനു കരുത്തു കൂട്ടി. ഓഹരി സൂചികകൾ ഉയർന്നു. ഇതു സ്വർണ വില താഴ്ത്തി. സ്വർണം ഔൺസിന് 1770 ഡോളറായി. ഇന്നലെ 1785-ൽ നിന്ന് 1755 ഡോളർ വരെ താണിട്ടു കയറിയതാണ്.
ഇതിനിടെ ചൈനയിലും അമേരിക്കയിലും ആവശ്യം വർധിച്ചത് ചെമ്പുവിലയെ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചു. ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ (എൽഎംഇ) 10,008 ഡോളർ വരെ വില എത്തി. 2011-നു ശേഷം ആദ്യമാണു ചെമ്പ് 10,000 കടക്കുന്നത്. ക്ലോസിംഗിൽ 9990 ഡോളറായി. 2011-ലെ 10,190 ഡോളർ റിക്കാർഡ് മറികടക്കാൻ സാധ്യതയുണ്ട്. ചെമ്പ് ഉൽപാദനത്തിൽ കുറവു വന്നതും വിലക്കയറ്റത്തിനു കാരണമാണ്.
ജനറേറ്ററുകൾ, കേബിളുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ നിർമാതാക്കൾക്ക് വിലക്കയറ്റം ഭീഷണിയാകും.
ചെമ്പിനൊപ്പം അലൂമിനിയം,നിക്കൽ, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെയും വില ഉയർന്നിട്ടുണ്ട്. മെറ്റൽ ഓഹരികളുടെ വില വർധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it