കർഷക സമരത്തിൽ സർക്കാർ മുട്ടുമടക്കുമോ? വളർച്ച പ്രതീക്ഷയുടെ മറുവശം കാണണം; ബാങ്കു നിക്ഷേപകരുടെ പണം ചോരുന്നു

തിടുക്കത്തിൽ പാസാക്കിയ മൂന്നു കാർഷിക-അനുബന്ധ നിയമങ്ങൾക്കെതിരായ കർഷക സമരം നാൾക്കുനാൾ ശക്തമായി വരികയാണ്. നിയമം അപ്പാടെ മാറ്റണമെന്ന നിലപാടിലേക്കു കർഷകർ എത്തി. പോംവഴി കാണാതെ സർക്കാർ വിഷമിക്കുന്നു.

കാർഷിക മേഖല സമ്പൂർണമായി ഉദാരവൽക്കരിക്കുന്നതാണു നിയമങ്ങൾ. കരാർ കൃഷി വ്യാപകമാക്കൽ, കാർഷികോൽപന്ന വിപണിയുടെ സമ്പൂർണ സ്വകാര്യവൽക്കരണം, സർക്കാർ നിയന്ത്രിത ചന്തകളും താങ്ങുവില സമ്പ്രദായവും സ്റ്റോക്ക് നിയന്ത്രണവും അപ്രസക്തമാക്കൽ എന്നിവയാണു നിയമങ്ങളുടെ ഫലം. കൃഷിയും കർഷകരും വമ്പൻ കുത്തകകളുടെ കളിപ്പാട്ടങ്ങളായി മാറുന്ന അവസ്ഥ വരും.

നിയമങ്ങൾ പിൻവലിക്കേണ്ടി വന്നാൽ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഭദ്രത തന്നെ ചോദ്യം ചെയ്യപ്പെടും. നരേന്ദ്ര മോദിയുടെ നേതൃത്വം വെല്ലുവിളിക്കപ്പെടും. കർഷക രോഷം ശമിപ്പിക്കാൻ വഴികാണാതെ ബിജെപി വിഷമിക്കുന്നതു വരും ദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിക്കാതിരിക്കില്ല.


* * * * * * * *


വളർച്ചയ്ക്കു വേണ്ടി റിസർവ് ബാങ്ക്


വിപണിയും നിരീക്ഷകരും പ്രതീക്ഷിച്ചതു പോലെ തന്നെ റിസർവ് ബാങ്ക് പ്രവർത്തിച്ചു. പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. ചില്ലറ വിലക്കയറ്റം 7.6 ശതമാനമായെങ്കിലും പലിശ കൂട്ടുന്ന കാര്യം പണനയ കമ്മിറ്റി (എംപിസി) ചിന്തിച്ചതേയില്ല. പകരം വളർച്ച തിരിച്ചു കൊണ്ടുവരുന്നതിനു മുന്തിയ പ്രാധാന്യം നൽകി.

റീപോ, റിവേഴ്സ് റീപോ, ബാങ്ക് റേറ്റ്, എംഎസ്എഫ് തുടങ്ങിയ താക്കോൽ നിരക്കുകൾ അതേപടി തുടർന്നു. കരുതൽ പണ അനുപാതം (സിആർആർ), എസ് എൽ ആർ തുടങ്ങിയ അനുപാതങ്ങളും മാറ്റിയില്ല. പണലഭ്യത കൂട്ടാൻ കഴിഞ്ഞ മാസങ്ങളിൽ ചെയ്ത കാര്യങ്ങൾ (ഒഎംഒ, ടിഎൽടിആർഒ) തുടരും. വളർച്ചയ്ക്കു വേണ്ടി അയവുള്ള സമീപനം ആവശ്യമായ കാലത്തോളം തുടരും.

ഗവർണർ ശക്തികാന്ത ദാസ് വളർച്ചയ്ക്കു വേണ്ടി നിലകൊണ്ടതു വിപണിയെ ഏറെ സന്തോഷിപ്പിച്ചു. വെള്ളിയാഴ്ച സൂചികകൾ പുതിയ റിക്കാർഡ് ഉയരങ്ങളിലെത്തി. വീണ്ടുമൊരു ബുൾ മുന്നേറ്റത്തിനു തുടക്കമിടുന്നതായി പണനയപ്രഖ്യാപനം.


* * * * * * * *


കുറഞ്ഞ പലിശയുടെ മറുവശം: ബാങ്ക് നിക്ഷേപകരുടെ പണം ചോരുന്ന കാലം തുടരും


പലിശ നിരക്ക് താഴ്ന്നു നിൽക്കാൻ സഹായിക്കുന്നതാണ് പണനയം. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. എന്നാൽ പലിശ താഴ്ന്നു നിൽക്കുന്നതിൽ അങ്ങനെ സന്തോഷിക്കാത്ത വലിയൊരു വിഭാഗം ആൾക്കാരുണ്ട്. ബാങ്കുകളിൽ തങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ചവർ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ വരുമാനം കൊണ്ടു ജീവിക്കുന്ന ധാരാളം പേരുണ്ട്. കുറഞ്ഞ പലിശ അവരുടെ സമ്പാദ്യത്തിൻ്റെ മൂല്യം ദിവസേന ചോർത്തുകയാണ്.

രാജ്യത്ത് ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം 7.6 ശതമാനമാണ്. അതേ സമയം പൊതുമേഖലാബാങ്കുകൾ നൽകുന്ന പലിശ പരമാവധി 5.25 ശതമാനം മാത്രം. ചില സ്വകാര്യ ബാങ്കുകൾ അല്പം കൂടി ഉയർന്ന പലിശ നൽകുന്നുണ്ട്. എങ്കിലും ഏഴു ശതമാനത്തിൽ താഴെയേ അതും വരൂ.

വിലക്കയറ്റം അഥവാ നാണ്യപ്പെരുപ്പം 7.6 ശതമാനം എന്നു പറഞ്ഞാൽ രൂപയുടെ മൂല്യം അത്രയും താഴുന്നു എന്നാണ് അർഥം. ഈ വർഷം 100 രൂപ വിലയുള്ള സാധനം വാങ്ങാൻ അടുത്ത വർഷം വേണ്ടത് 107.60 രൂപ.

എന്നാൽ ബാങ്ക് തരുന്ന പലിശ 5.25 ശതമാനം മാത്രം. 100 രൂപയുടെ നിക്ഷേപം പലിശ സഹിതം 105.25 രൂപയേ ആകൂ.

ബാങ്ക് നിക്ഷേപകർക്ക് നിക്ഷേപത്തിൻ്റെ മൂല്യം ചെറിയ തോതിൽ നഷ്ടപ്പെടുന്നു എന്നു ചുരുക്കം.

ജപ്പാനിലും യൂറോപ്പിലും ഒക്കെ നെഗറ്റീവ് പലിശ വന്നിട്ടുണ്ട്. ഇവിടെ വിലക്കയറ്റത്തോതിലും കുറഞ്ഞ പലിശ ബാങ്ക് നിക്ഷേപങ്ങൾക്കു നൽകുമ്പോൾ നിക്ഷേപകരെ നെഗറ്റീവ് പലിശ വഴി നഷ്ടത്തിലാക്കുകയാണ്.


* * * * * * * *

വായ്പക്കാർക്കു പ്രത്യേക നേട്ടമില്ല

റിസർവ് ബാങ്കിൻ്റെ പണനയം നിലവിലെ വായ്പക്കാർക്കോ ഇനി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കോ പ്രത്യേക പ്രയോജനമൊന്നും ചെയ്യുന്നില്ല. പലിശനിരക്കുകൾ കുറയ്ക്കാനുള്ള ഒന്നും നയത്തിൽ ഇല്ല. പലിശ കൂടുകയില്ലെന്നു മാത്രം.

രണ്ടു വർഷം കൊണ്ട് (2019 ജനുവരി- 2020 ഡിസംബർ) റിസർവ് ബാങ്ക് റീപോ നിരക്ക് (ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശ) രണ്ടര ശതമാനം (250 ബേസിസ് പോയിൻ്റ്) കുറച്ചു. 6.5 ശതമാനത്തിൽ നിന്ന് നാലു ശതമാനത്തിലേക്ക്. ഇതിന് ആനുപാതികമായ കുറവ് വായ്പാ പലിശയിൽ ഉണ്ടായിട്ടില്ല. 2020-ൽ റീപോ 1.15 ശതമാനം കുറഞ്ഞപ്പോൾ വായ്പാപലിശയിൽ 0.98 ശതമാനം കുറവേ വന്നിട്ടുള്ളു.


* * * * * * * *

വളർച്ചയുടെ വഴികൾ

വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ നിഗമനങ്ങളും പ്രതീക്ഷകളും ശ്രദ്ധേയമാണ്. ജിഡിപി ഇടിവ് അവസാനിച്ചെന്നാണ് ബാങ്ക് കരുതുന്നത്.

ഒന്നാം പാദത്തിലെ 23.9 ശതമാനവും രണ്ടാം പാദത്തിലെ 7.5 ശതമാനവും ഇടിവുകൾ കഴിഞ്ഞപ്പോൾ അർധവർഷ ഇടിവ് 15 ശതമാനമാണ്. ഇനി മൂന്നാം പാദത്തിൽ 0.1 ശതമാനവും നാലാംപാദത്തിൽ 0.7 ശതമാനവും വളർച്ച ബാങ്ക് കണക്കാക്കുന്നു. അതു വഴി വാർഷിക ജിഡിപി യിലെ കുറവ് 7.5 ശതമാനമായി കുറയുമെന്നാണു നിഗമനം.

മൂന്നും നാലും പാദങ്ങളിലെ ജിഡിപി ആദ്യ പാദങ്ങളിലേക്കാൾ വലുതാണ്. ഒന്നാം പാദ ജിഡിപിയേക്കാൾ എട്ടു മുതൽ 10 വരെ ശതമാനം കൂടുതലാണു നാലാം പാദ ജിഡിപി. മൂന്നാം പാദത്തിലേതു മൂന്നു മുതൽ അഞ്ചു വരെ ശതമാനം കൂടുതലാകും. അതു കൊണ്ടാണ് രണ്ടാം പകുതിയിലെ ചെറിയ വർധന കൊണ്ട് ഒന്നാം പകുതിയിലെ വലിയ ഇടിവ് പകുതിയാക്കാൻ പറ്റുന്നത്.


* * * * * * * *

21.9 ശതമാനം വളരും!


ഞെട്ടരുത്. അടുത്ത വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 21.9 ശതമാനം വളരുമെന്നു റിസർവ് ബാങ്ക് കണക്കാക്കുന്നു.

ഇതിൽ അതിശയിക്കാനൊന്നുമില്ല. ഈ വർഷം ഏപ്രിൽ - ജൂണിൽ ജിഡിപി 23.9 ശതമാനം ഇടിഞ്ഞതാണ്. അതു സാധാരണ വളർച്ച നിരക്കിലേക്കു വരുന്നതാണ് അടുത്ത വർഷം കാണുക. ഇത്തവണ കോവിഡ് ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രവർത്തനങ്ങൾ രണ്ടു മാസത്തോളം മുടങ്ങി. അടുത്ത വർഷം അങ്ങനെ വരില്ല.

ഇങ്ങനെ ബംപർ വളർച്ച ഉണ്ടായാലും ഇക്കൊല്ലത്തെ തകർച്ച മൂലമുള്ള ആഘാതം മാറില്ല. 20l9 -20 ലെ ഒന്നാം പാദ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നു. അത് ഈ വർഷം 26.90 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. അടുത്ത വർഷം 21.9 ശതമാനം വളർന്നാലും 32.82 ലക്ഷം കോടിയേ ആകൂ. 2018-19 ലേക്കാൾ കുറവ്.

അടുത്ത വർഷം രണ്ടാം പാദത്തിൽ 6.5 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്. 7.5 ശതമാനം താണ ജിഡിപി പഴയ നിലവാരത്തിലെത്താൻ ആ വളർച്ച പോരാ.

അടുത്ത വർഷം മൊത്തം 8.1 ശതമാനം തോതിൽ വളർന്നാലേ 2019- 20-ലെ നിലയിലേക്കു ജിഡിപി എത്തൂ.


* * * * * * * *

വിളവ് കൊയ്യും, വില കുറയും

ചില്ലറ വിലക്കയറ്റം ഒക്ടോബറിൽ 7.6 ശതമാനം എന്ന തീർത്തും അസ്വീകാര്യമായ നിലയിൽ എത്തി. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയാലുള്ള കാതൽ വിലക്കയറ്റം 5.8 ശതമാനവുമായി. എന്നാൽ വിലകൾ താഴോട്ടു നീങ്ങിത്തുടങ്ങിയെന്നാണു റിസർവ് ബാങ്ക് കരുതുന്നത്. ഖാരിഫ് വിളകൾ വിപണിയിലെത്തുന്നതും ശീതകാല (റാബി) വിള ബംപർ ആകുന്നതുമൊക്കെയാണ് ഈ വിശ്വാസത്തിനു കാരണം.

അതു കൊണ്ടാണു മൂന്നാം പാദ വിലക്കയറ്റം 6.8 ശതമാനമായും നാലാംപാദത്തിലേത് 5.8 ശതമാനമായും കുറയുമെന്നു ഗവർണർ ദാസ് പറഞ്ഞത്. അടുത്ത സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 5.2 ശതമാനവും രണ്ടാം പാദത്തിൽ 4.6 ശതമാനവും വിലക്കയറ്റമാണു ദാസ് കണക്കാക്കുന്നത്.

അദ്ദേഹത്തിൻ്റെ വിശ്വാസം രാജ്യത്തെ രക്ഷിക്കട്ടെ എന്ന് പ്രാർഥിക്കാം.


* * * * * * * *


ബുള്ളുകൾ ആവേശത്തിൽ

മാന്ദ്യകാലം കഴിഞ്ഞെന്ന് റിസർവ് ബാങ്ക്; ഇന്ത്യയിലും വിദേശത്തും പലിശനിരക്ക് താണു നിൽക്കുന്നു; അമേരിക്കയിൽ കോവിഡ് പിടികൊടുക്കാതെ പടരുന്നു; എങ്കിലും വാക്സിൻ പ്രത്യാശ വിപണികളെ റിക്കാർഡ് ഉയരങ്ങളിലേക്കു നയിക്കുന്നു. മറ്റൊരു സാമ്പത്തിക ഉത്തേജക പദ്ധതിയെപ്പറ്റി അമേരിക്കയിൽ പ്രതീക്ഷ പടരുന്നു.

ഇതെല്ലാം ബുൾ തരംഗം നിർത്തില്ലാതെ തുടരാൻ കാരണമാണ്. ലാഭമെടുക്കൽ ഉണ്ടായാൽ തിരുത്തലിലേക്കു വീഴില്ലേ എന്ന ചോദ്യം പോലും വിപണി ശ്രദ്ധിക്കുന്നില്ല. ഡൗ ജോൺസ് 30,000 കടന്നു ക്ലോസ് ചെയ്തതും ആവേശകാരണമാണ്.

നിഫ്റ്റി 13,258.50-ലും സെൻസെക്സ് 45079.55-ലുമാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരു ബുൾ തരംഗ തുടർച്ചയാണു സാങ്കേതിക വിശകലനക്കാരുടെ പ്രതീക്ഷ. 13,500-ലാണ് ശക്തമായ തടസം ഉണ്ടാവുക എന്നും 13,150 നല്ല സപ്പോർട്ട് നൽകുമെന്നും വിശകലനക്കാർ പറയുന്നു.

വിദേശ നിക്ഷേപകർ സജീവമായി രംഗത്തുണ്ട്. ക്രിസ്മസിനു മുമ്പ് അവരുടെ വിൽപന സമ്മർദം പ്രതീക്ഷിക്കുന്നില്ല.


* * * * * * * *


ക്രൂഡ്, സ്വർണം ഉയർന്നു തന്നെ


ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 50 ഡോളർ കടക്കാതെ നിൽക്കുകയാണ്. ഉൽപാദനം സാവകാശം കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനം പല രാജ്യങ്ങളും പാലിക്കില്ല എന്ന സംശയമാണു കാരണം. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 49.06 ഡോളറാണു തിങ്കൾ രാവിലെ.

സ്വർണ വില ഔൺസിന് 1839 ഡോളറിലാണ് ഇന്നു രാവിലെ. ഡോളർ സൂചിക 91 - നു താഴെയായതും ഇന്ത്യയിൽ ആവശ്യം വർധിക്കുന്നതും വില കൂടാൻ സഹായകമാണ്.


* * * * * * * *


വിദേശ പണപ്രവാഹം തുടരുന്നു

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലുള്ള താൽപര്യം ഒട്ടും കുറച്ചിട്ടില്ല. ഡിസംബറിലെ ആദ്യത്തെ നാലു ദിവസം കൊണ്ട് അവർ ഇവിടെ നിക്ഷേപിച്ചത് 17,818 കോടി രൂപ. 16,520 കോടി രൂപ ഓഹരികളിലും 1,298 കോടി രൂപ കടപ്പത്രങ്ങളിലും.

നവംബറിലെ 62,951 കോടി രൂപ നിക്ഷേപത്തിനു പിന്നാലെയാണ് ഇത്.

വികസ്വര വിപണികളിൽ വിദേശ നിക്ഷേപകർക്കു താൽപര്യം വർധിച്ചിട്ടുള്ള സമയമാണിത്. വികസിത വിപണികളിൽ ലാഭകരമായ നിക്ഷേപങ്ങൾക്ക് അവസരം കുറയുന്നു എന്നതാണു പ്രധാന കാരണം. തീരെ താഴ്ന്നു നിൽക്കുന്ന പലിശ നിരക്കും ഡോളറിൻ്റെ വിലയിടിവും അവിടങ്ങളിലെ നിക്ഷേപം അനാകർഷകമാക്കുന്നു.

ക്രിസ്മസിനോടനുബന്ധിച്ച് വിദേശികളുടെ നിക്ഷേപം കുറയാൻ സാധ്യതയുണ്ട്. 2021-ലെ നിക്ഷേപങ്ങൾ സംബന്ധിച്ച് അവർ പുനരാലോചന നടത്താനും സാധ്യതയുണ്ട്. എന്നാൽ ഹ്രസ്വകാലത്തിൽ വിദേശികൾ വിട്ടുനിന്നാലും ദീർഘകാലാടിസ്ഥാനത്തിൽ വിദേശികളുടെ നിക്ഷേപം വർധിക്കുകയേ ഉള്ളൂ എന്നാണു വിപണി നിരീക്ഷകർ പറയുന്നത്.


* * * * * * * *

വിദേശത്തു നിന്ന് കടമെടുപ്പ് കുറഞ്ഞു

ഇന്ത്യൻ കമ്പനികൾ വിദേശത്തു നിന്നു കടമെടുക്കുന്നതു കുറഞ്ഞു. ഈ ഒക്ടോബറിലെ വിദേശകടം (ഇസിബി) 41 ശതമാനമാണു കുറഞ്ഞത്. 2019 ഒക്ടോബറിലെ കടമെടുപ്പ് 341 കോടി ഡോളറായിരുന്നത് ഈ ഒക്ടോബറിൽ 203 കോടി ഡോളറായി താണു.

മസാല ബോണ്ടുകൾ ഈ മാസം ഇറക്കിയതേ ഇല്ല.

റിലയൻസിൻ്റെ 100 കോടി ഡോളർ വായ്പയാണ് ഒക്ടോബറിലെ വായ്പകളിൽ ഏറ്റവും വലുത്. കൂടിയ പലിശയുള്ള പഴയ വായ്പ തിരിച്ചടയ്ക്കാനാണ് ഈ വായ്പ. പവർ ഫിനാൻസ് കോർപറേഷൻ 30 കോടി ഡോളർ വായ്പയെടുത്തു.


* * * * * * * *


ഇന്നത്തെ വാക്ക് : മസാല ബോണ്ട്


ഇന്ത്യൻ കമ്പനികളും സ്ഥാപനങ്ങളും വിദേശത്തു നിന്നു വായ്പ എടുക്കാൻ ഇന്ത്യൻ രൂപയിൽ ഇറക്കുന്ന ബോണ്ട്. ഇതിൻ്റെ തിരിച്ചടവ് ഇന്ത്യൻ രൂപയിലാണ്. കമ്പനികൾക്കും ബാങ്കുകൾക്കും ഈ ബോണ്ടുകൾ ഇറക്കാം. കേരള സർക്കാർ കമ്പനിയായ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശത്തു നിന്നു പണം സമാഹരിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ ഫിനാൻസ് കോർപറേഷനാണ് മസാല ബോണ്ട് എന്ന പേരിട്ടത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it