മലവെള്ളം പോലെ വിദേശ പണം; എന്തുകൊണ്ടു ടൂ വീലർ വിൽപന കുറയുന്നു? 5 ജി യിലും ജിയോ വാഴും, 'ആക്രി' വാങ്ങുമ്പോൾ സൂക്ഷിക്കുക

കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയപ്പെട്ടു. നിയമങ്ങളിൽ ചില്ലറ മാറ്റമല്ലാതെ ഒന്നും സാധ്യമല്ലെന്നു ഷാ തീർത്തു പറഞ്ഞു. നിയമങ്ങൾ പിൻവലിച്ചാൽ സർക്കാരിൻ്റെ മറ്റു സാമ്പത്തിക പരിഷ്കാരങ്ങളും പിൻവലിക്കേണ്ടി വരുമെന്നാണു സർക്കാർ പക്ഷം ആശങ്കിക്കുന്നത്. കർഷക സംഘടനകളും വിട്ടുവീഴ്ചയ്ക്കു തയാറല്ല.

പ്രശ്നം സർക്കാർ നേരത്തേ കരുതിയതിലും രൂക്ഷമായിട്ടുണ്ട്‌. കർഷകരുടെ ആവശ്യത്തിനു വിവിധ മേഖലകളിൽ നിന്നുയരുന്ന പിന്തുണ സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.

* * * * * * * *


മലവെള്ളം പോലെ വിദേശപണം

ഉത്തേജക പാക്കേജുകളും താഴ്ന്ന പലിശ നിരക്കും ഓഹരി വിപണികളിലേക്ക് പണമൊഴുക്കുന്നു. പണത്തിൻ്റെ കുത്തൊഴുക്കിൽ ഓഹരി സൂചികകൾ തിരുത്തില്ലാതെ ഉയരങ്ങളിലേക്കു കയറുന്നു. ഇപ്പോഴത്തെ ബുൾ തരംഗത്തിൻ്റെ അടിസ്ഥാന സ്വഭാവം ഇതാണ്.

ഇന്ത്യൻ ഓഹരി വിപണിയും വിദേശ പണപ്രവാഹത്തിൻ്റെ ഫലമായാണ് ഇങ്ങനെ കുത്തനെ ഉയരുന്നത്. ഇരട്ടയക്ക കയറ്റം സൂചികകളിൽ ഓരോ മാസവും ഉണ്ടാകുന്നു. മലവെള്ളം പോലെ വിദേശ പണം വിപണിയിലെത്തുമ്പോൾ നല്ല ഓഹരികൾക്കൊപ്പം ദുർബല ഓഹരികളും കയറും. സൂക്ഷിച്ചു നിക്ഷേപിച്ചില്ലെങ്കിൽ ആവേശകാലം കഴിയുമ്പോൾ കൈയിൽ ശേഷിക്കുക വിലയില്ലാത്ത ഓഹരികളാകും.


* * * * * * * *

ചാഞ്ചാട്ടം കൂടുന്നു


വിപണിയിൽ പ്രതിദിനചാഞ്ചാട്ടങ്ങൾ വർധിക്കുകയാണ്. തിരുത്തലിനു ശ്രമിക്കാതെ അടുത്ത ഉയരത്തിലേക്കു കയറാൻ ആണു വിപണി ഉദ്യമിക്കുന്നത്. 13,400-ന തൊട്ടു താഴെ ക്ലോസ് ചെയ്ത നിഫ്റ്റി ഇനി 13,700 ആണു ലക്ഷ്യമിടുന്നത്. 13,450-13,500 മേഖലയിൽ തടസം ഉണ്ടാകും. 13,324-ലും 13,255-ലും സപ്പോർട്ട് ഉള്ളതായി സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ അമേരിക്കൻ ഓഹരികൾ ഉയർന്നു. എസ് ആൻഡ് പി 500 സൂചിക റിക്കാർഡ് കുറിച്ചു. ഇന്ന് യു എസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ഏഷ്യൻ ഓഹരികളും നേട്ടം കാണിക്കുന്നു. ചൈനീസ് ഓഹരികൾക്കു ചെറിയ തിരിച്ചടി ഉണ്ട്.

അമേരിക്കയിലും ജപ്പാനിലും സാമ്പത്തിക ഉത്തേജക പദ്ധതികൾ ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കും. ജപ്പാൻ 70,500 കോടി ഡോളറിൻ്റെ ( 52.17 ലക്ഷം കോടി രൂപ) ഉത്തേജകമാണ് തയാറാക്കിയിട്ടുള്ളത്. ഇന്ത്യയുടെ 2019- 20-ലെ പൊതു ബജറ്റിൻ്റെ ഇരട്ടിയോളം വരുമിത്.


* * * * * * * *

ക്രൂഡും സ്വർണവും തടസ മേഖലയിൽ


കഴിഞ്ഞയാഴ്ച വലിയ തിരിച്ചുവരവ് നടത്തിയ ക്രൂഡ് ഓയിലും സ്വർണവും ഉയർച്ചയ്ക്കു തടസം നേരിടുകയാണ്.

ഉൽപാദന നിയന്ത്രണം മറികടക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നതായ റിപ്പോർട്ടുകളാണു ക്രൂഡിനു തടസമായത്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക്ക്ക് 48.85 ഡോളറിലാണ് ഇന്നു രാവിലെ.

സ്വർണത്തിനു തടസമാകുന്നത് ഓഹരികളുടെ കുതിപ്പാണ്. കൂടുതൽ നേട്ടം ഓഹരികളിൽ കാണുന്ന വലിയ ഫണ്ടുകൾ പണം ഓഹരികളിലേക്കു മാറ്റുന്നു. ചൊവ്വാഴ്ച ഔൺസിന് 1875 ഡോളർ വരെ എത്തിയ സ്വർണം ഇന്നു രാവിലെ 1867 ഡോളറിലാണ്.


* * * * * * * *

ബുൾ തരംഗത്തിൽ ആക്രിക്കും ഡിമാൻഡ്


ബുൾ തരംഗങ്ങൾക്കൊരു കുഴപ്പമുണ്ട്. നല്ല ഓഹരികൾ മാത്രമല്ല കുതിച്ചു കയറുക. ചീത്ത ഓഹരികൾ കൂടി കയറും. ചിലപ്പോൾ നല്ല കമ്പനികളേക്കാൾ ഉയർച്ച അവയ്ക്കാകും. വർഷങ്ങളായി പൂട്ടിക്കിടന്ന കമ്പനിയുടെ ഓഹരി വരെ വിപണിയുടെ താരമാക്കി മാറ്റാൻ 1990 കളുടെ തുടക്കത്തിൽ ഹർഷദ് മേത്തയ്ക്കു കഴിഞ്ഞതു മറക്കാനാവില്ല.

ഇപ്പോഴത്തെ ബുൾ തരംഗത്തിലും സമാന സംഭവങ്ങൾ ആവർത്തിക്കുന്നു. പാപ്പർ നടപടിയിലുള്ള കമ്പനികളുടെയും പ്രവർത്തനം മുടങ്ങിക്കിടക്കുന്ന കമ്പനികളുടെയും ഓഹരി വില അൻപതും നൂറും ശതമാനം വർധിക്കുന്നു. ചില കമ്പനികളുടെ കാര്യത്തിൽ പുതിയ ഉടമകൾ വന്നു ബിസിനസ് മെച്ചപ്പെടുത്തും എന്ന പ്രതീക്ഷ ഉണ്ട്. ദിവാൻ ഹൗസിംഗ്, വിഡിയോകോൺ, റിലയൻസ് നേവൽ, റിലയൻസ് ഇൻഫ്രാ, എച്ച്ഡിഐഎൽ തുടങ്ങിയവയുടെ വില കുതിച്ചതിനു പിന്നിൽ ഈ കണക്കുകൂട്ടലാണുള്ളത്. ധാരാളം ആസ്തിയും ഭൂമിയും ഉള്ള ഇത്തരം കമ്പനികളുടെ ഓഹരി തുച്ഛമായ വിലയ്ക്കാണ് ഇപ്പോൾ കിട്ടുക. എന്നാൽ നല്ല പുതിയ പ്രൊമോട്ടറെ കിട്ടിയില്ലെങ്കിൽ ഊഹക്കച്ചവടം പാളും.

പൊളിഞ്ഞ റിയൽ എസ്റ്റേറ്റ് കമ്പനികളിലും ഇതേപോലെ ഊഹക്കച്ചവടം നടക്കുന്നുണ്ട്. എല്ലാം ഭദ്രമായിരിക്കണമെന്നില്ല.


* * * * * * * *

കാർ- എസ് യു വി വിൽപന കൂടി; ടൂ വീലറിനും വാണിജ്യ വാഹനങ്ങൾക്കും ഇടിവ്


കാർ വിൽപന കൂടുന്നു; ടൂ വീലർ വിൽപന കുറയുന്നു. വാണിജ്യ വാഹന വിൽപനയും താഴോട്ട്. ഇന്ത്യൻ വാഹന വിപണിയിലെ ചിന്തിപ്പിക്കുന്ന വൈരുധ്യം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട വാഹന റീട്ടെയ്ൽ വിൽപന കണക്കിലാണിത്.

നവംബറിൽ കാർ -എസ് യുവി വിൽപന 4.17 ശതമാനം വർധിച്ചു. തലേ നവംബറിലെ 2,79,365 ൻ്റെ സ്ഥാനത്ത് ഈ നവംബറിൽ 2,91,001. അതേ സമയം ടൂവീലർ വിൽപന 21.4 ശതമാനം കുറഞ്ഞു. 17,98,201ൽ നിന്ന് 14,13,378-ലേക്ക്. വാണിജ്യ വാഹന വിൽപന 72,863-ൽ നിന്ന് 50,113 ലേക്കു താണു. 31.2 ശതമാനം ഇടിവ്. വാണിജ്യ വാഹനങ്ങളിൽ ചെറുവാഹനങ്ങൾക്കേ ഡിമാൻഡ് വർധിച്ചിട്ടുള്ളു.

മൊത്തം വാഹന വിൽപന 19.29 ശതമാനം കുറഞ്ഞു. എന്നാൽ തലേ മാസത്തെ അപേക്ഷിച്ച് 29.32 ശതമാനം വളർച്ചയുണ്ട്.

താഴ്ന്ന ഇടത്തരക്കാർക്കു വരുമാനവും തൊഴിലും കൂടുന്നില്ല എന്നാണ് ടൂ വീലർ വിൽപനയിലെ ഇടിവിനു കാരണം. ഉയർന്ന ഇടത്തരക്കാർ - പ്രത്യേകിച്ച് സംഘടിത മേഖലയിലെയും സർക്കാരിലെയും ജീവനക്കാർ - ആണ് കാർ വിൽപന വർധിപ്പിക്കുന്നത്. ബിസിനസ് മെച്ചപ്പെടാത്തതു മാത്രമാണ് ട്രക്ക് വിൽപന കൂടാത്തതിനു കാരണം.

കമ്പനികളിൽ നിന്ന് ഡീലർമാരുടെ പക്കലേക്ക് വാഹനങ്ങൾ അയയ്ക്കുന്നതിൻ്റെ കണക്കാണ് വാഹന കമ്പനികൾ പുറത്തു വിടുന്നത്. ഡീലർമാരാകട്ടെ വാഹന രജിസ്ട്രഷൻ കണക്കുകൾ ഉപയോഗിക്കുന്നു.


* * * * * * * *

മ്യൂച്വൽ ഫണ്ട് ആസ്തി കൂടുന്നു; ഓഹരി ഫണ്ടുകളിൽ പിൻ വാങ്ങൽ കൂടി


ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള പിന്മാറ്റം വർധിച്ചു; എന്നാൽ മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തി വർധിച്ച് റിക്കാർഡ് നിലവാരത്തിലായി.

നവംബറിൽ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 13,140 കോടി രൂപ പിൻവലിച്ചു. ഒക്ടോബറിലെ 2725 കോടിയിൽ നിന്ന് 382 ശതമാനം വർധന.

എങ്കിലും മ്യൂച്വൽ ഫണ്ട് ബിസിനസിലെ മൊത്തം ആസ്തി 30 ലക്ഷം കോടി രൂപ കടന്നു. സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ) സ്കീമുകളിൽ 3.39 ലക്ഷം പേർ ചേർന്നതോടെ 3.78 ലക്ഷം കോടി രൂപയായി ആസ്തി.

ജൂൺ മുതലുള്ള കണക്കെടുത്താൽ ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ നിന്നുള്ള പിൻവലിക്കൽ 22,500 കോടി രൂപയായി.

കടപ്പത്ര ഫണ്ടുകളിലേക്ക് ഒക്ടോബറിൽ 1.10 ലക്ഷം കോടി രൂപ എത്തിയ സ്ഥാനത്ത് നവംബറിൽ എത്തിയത് 44,984 കോടി രൂപ മാത്രം.


* * * * * * * *

5 ജി വരുന്ന വഴി (ജിയോയുടെ വഴി)


മൊബൈൽ ടെലിഫോണിയിൽ 5 ജി അടുത്ത വർഷം പകുതിയോടെ നടപ്പാക്കാൻ റിലയൻസ് ജിയോ. രണ്ടു മൂന്നു വർഷം കഴിഞ്ഞു മാത്രമേ രാജ്യം അതിനു സജ്ജമാകൂ എന്ന് ഭാരതി എയർടെൽ. 5 ജി വരുമ്പോൾ ഉപകരണങ്ങളും നെറ്റ് വർക്കും നിർമിക്കാനും ലോകത്തിനു നൽകാനും ഇന്ത്യ ശേഷിയാർജിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യൻ മൊബൈൽ കോൺഗ്രസിൻ്റെ (ഐഎംസി) വർച്വൽ വാർഷിക സമ്മേളനത്തിൽ ആണ് ഈ പ്രസ്താവനകൾ. ഇന്ത്യൻ ടെലികോം മേഖലയിലെ അടുത്ത ഘട്ടം എങ്ങനെയായിരിക്കുമെന്നതിൻ്റെ സൂചന ഇവയിൽ കിട്ടും.

5 ജിയാണു നാളത്തെ ടെലികോം ടെക്നോളജി. അതിലേക്കു കേറാൻ പണം വേണം. സ്പെക്ട്രം വാങ്ങാനും ലൈസൻസ് നേടാനും മാത്രമല്ല നെറ്റ് വർക്ക് ഉണ്ടാക്കാനും ടെക്നോളജിക്കും ഉപകരണങ്ങൾക്കും ഒക്കെ പണം വേണം. നേരത്തേ വാങ്ങിയ ടെക്നോളജികൾക്കും സ്പെക്ട്രത്തിനുമൊക്കെ വലിയ വില കൊടുത്തതിൻ്റെ ഫലമായി വന്ന കടബാധ്യത എയർടെലിനെയും മറ്റും ഇപ്പോഴും വലയ്ക്കുന്നുണ്ട്. അതിനാൽ രണ്ടു മൂന്നു വർഷം സാവകാശം വേണമെന്ന് എയർടെലും വോഡഫോണുമൊക്കെ ആഗ്രഹിക്കുന്നു.

റിലയൻസ് ജിയോയ്ക്ക് ആ പ്രശ്നമില്ല. ഇഷ്ടം പോലെ പണം ലഭിച്ചിട്ടുണ്ട്. 5 ജി സാങ്കേതിക വിദ്യയും ഉപകരണ നിർമാണവും സ്വന്തമായി നടത്താനുള്ള ഏർപ്പാട് അംബാനിയുടെ കമ്പനി ചെയ്തു കഴിഞ്ഞു. ഇനി ലൈസൻസും സ്പെക്ട്രവും കിട്ടിയാൽ മതി. അതാണ് മുകേഷ് അംബാനി ഐ എം സി യിൽ പറഞ്ഞത്.

തദ്ദേശീയമായി ഉപകരണങ്ങളും ടെക്നോളജിയും വികസിപ്പിച്ചു നിർമിച്ചാൽ അതിനു സർക്കാരിൻ്റെ വലിയ സബ്സിഡി മോദിയും വാഗ്ദാനം ചെയ്തു. പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) ടെലികോം ഉപകരണ നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്.

സമയബന്ധിതമായി 5 ജി അവതരിപ്പിക്കണമെന്ന് മോദി പറഞ്ഞത് മറ്റൊരു കാര്യം ഉറപ്പാക്കുന്നു. മറ്റ് കമ്പനികൾ തയാറല്ലെങ്കിലും ജിയോ തയാറാകുമ്പാേൾ സ്പെക്ട്രവും ലൈസൻസും റെഡിയായിരിക്കും.


* * * * * * * *

ഇന്നത്തെ വാക്ക് : എ പി എം സി


കർഷക സമരത്തിലെ ഒരു പ്രധാന ആവശ്യമാണ് എ പി എം സി കൾ നിലനിർത്തുക എന്നത്. അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി (എ പി എം സി ) നിയമം നടപ്പാക്കിയിട്ടുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകർ ഈ കമ്മിറ്റികളുടെ കീഴിലുള്ള ചന്ത (മൺഡി ) കളിലേ ഉൽപന്നം വിൽക്കാവൂ. കച്ചവടക്കാരും ഭക്ഷ്യ സംസ്കരണ കമ്പനികളും അവിടെ നിന്നു വേണം ഉൽപന്നം വാങ്ങാൻ. ഈ ചന്തകളിലെ ഫീസ് സംസ്ഥാന സർക്കാരുകളുടെ നല്ല വരുമാനമാർഗങ്ങളിലൊന്നാണ്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it