Top

വ്യവസായവളര്‍ച്ചയില്‍ നിന്ന് പഠിക്കേണ്ടത്, മാരുതിക്കു വിപണി പങ്ക് കുറയുന്നു, ജിഡിപി കണക്കില്‍ സംശയുമായി സെന്‍

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 10 ശതമാനമെങ്കിലും ചുരുങ്ങുമെന്ന് ഡോ. പ്രണാബ് സെന്‍. ഇന്ത്യയുടെ ചീഫ് സ്റ്ററ്റിസ്റ്റീഷന്‍ ആയിരുന്ന സെന്‍ ജിഡിപി കണക്കുകളില്‍ അവിശ്വാസവും പ്രകടിപ്പിച്ചു.

രണ്ടാം പാദത്തില്‍ ജിഡിപി ഏഴര ശതമാനം ചുരുങ്ങിയെന്നാണു നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്ക്. ഒന്നാം പാദത്തില്‍ 23.9 ശതമാനം ഇടിവുണ്ടായിരുന്നു.

രണ്ടാംപാദ കണക്ക് കൃത്യമായ വിവരശേഖരണമില്ലാതെയാണു തയാറാക്കിയതെന്നു സെന്‍ പറയുന്നു. കമ്പനികളുടെ കണക്കു മാത്രമാണ് എന്‍എസ് ഒ ആധാരമാക്കിയത്. കമ്പനികള്‍ക്ക് കോവിഡ് ആഘാതം കാര്യമായി ഏറ്റിട്ടില്ല. വലിയ ആഘാതം സൂക്ഷ്മ ചെറുകിടഇടത്തരം മേഖലയ്ക്കായിരുന്നു. അവരുടെ കണക്കുകള്‍ എന്‍എസ് ഒ ശേഖരിച്ചിട്ടില്ല. അതിനാല്‍ ജിഡിപി കണക്ക് യാഥാര്‍ഥ്യം കാണിക്കുന്നില്ലെന്ന് സെന്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ജിഡിപി 7.5 ശതമാനം ചുരുങ്ങുമെന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. എന്‍എസ്ഒയുടെ രണ്ടാം പാദ കണക്ക് പുറത്തു വന്ന ശേഷം വിവിധ ഏജന്‍സികള്‍ ജിഡിപി അനുമാനം തിരുത്തിയിട്ടുണ്ട്. ആദ്യം 10 ശതമാനം ഇടിവ് പ്രവചിച്ചവര്‍ ഇപ്പോള്‍ 7.5 8.5 ശതമാനം താഴ്ചയിലേക്ക് നിഗമനം മാറ്റി.

* * * * * * * *


വിപണി പ്രതീക്ഷയില്‍ തന്നെ


നവംബറിലെ വിലക്കയറ്റത്തിന്റെ കണക്കുകള്‍ ഇന്നു പുറത്തു വരും. ചില്ലറ വിലക്കയറ്റം നേരിയ തോതില്‍ കുറയുമെന്ന പ്രതീക്ഷയിലാണു വിപണി. എങ്കിലും ഏഴു ശതമാനത്തിനു താഴെയാകില്ല വിലക്കയറ്റം.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറുന്ന ബ്രിട്ടന്‍ തുടര്‍ന്നുള്ള വാണിജ്യ ബന്ധത്തെപ്പറ്റി നടത്തുന്ന ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. രണ്ടു ദിവസം കൂടി ചര്‍ച്ച നടത്താന്‍ ധാരണയായതാണ് ഏക പുരോഗതി.

വിദേശികളുടെ റിക്കാര്‍ഡ് നിക്ഷേപത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി തിരുത്തലിനെപ്പറ്റി ചിന്തിക്കാതെ കുതിക്കുകയാണ്. ഈ ആഴ്ചയും അതിനു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള പോക്കിനെപ്പറ്റി സംശയം ജനിപ്പിക്കുന്ന കാര്യങ്ങളൊന്നും സംഭവിക്കുന്നുമില്ല.

നിഫ്റ്റി കഴിഞ്ഞയാഴ്ച 13,500 നു മുകളില്‍ ക്ലോസ് ചെയ്തു. 13,750 ലക്ഷ്യമിട്ടാകും ഇന്നു വ്യാപാരം തുടങ്ങുക. താഴെ 13,300ല്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ട്.

രാവിലെ ജപ്പാനിലും ചൈനയിലും ഓഹരി സൂചികകള്‍ താഴോട്ടു നീങ്ങി. എന്നാല്‍ വിശാലവിപണികള്‍ ഉയര്‍ച്ചയുടെ വഴിയില്‍ തന്നെയാണ്. യുഎസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്‌സ് ഉയര്‍ച്ചയിലാണ്.

ബ്രെക്‌സിറ്റ് ചര്‍ച്ച മുന്നോട്ടു പോകുന്നത് ക്രൂഡ് ഓയില്‍ വിലയെ സഹായിക്കുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50 ഡോളറിനു മുകളിലാണ്.

സ്വര്‍ണ വില കാര്യമായ മാറ്റം കാണിക്കുന്നില്ല. ഔണ്‍സിന് 1837 ഡോളറിലാണു തിങ്കളാഴ്ച രാവിലെ വ്യാപാരം.

രാജ്യത്തെ ബാങ്കുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ) സംവിധാനം നിലവില്‍ വന്നു. വലിയ തുകകളുടെ കൈമാറ്റം സുഗമമാക്കുന്ന ഈ സംവിധാനം ഭാവിയില്‍ രൂപയുടെ സ്വതന്ത്ര വിനിമയത്തിനു വഴിയൊരുക്കും.

* * * * * * * *


ഇന്ത്യന്‍ ഓഹരികളില്‍ റിക്കാര്‍ഡ് വിദേശനിക്ഷേപം


ഇന്ത്യന്‍ ഓഹരികളിലെ ഈ കലണ്ടര്‍ വര്‍ഷത്തെ വിദേശ നിക്ഷേപം 1.42 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതു സര്‍വകാല റിക്കാര്‍ഡാണ്. അതേ സമയം കടപ്പത്രങ്ങളില്‍ നിന്ന് വിദേശികള്‍ 1.07 ലക്ഷം കോടി രൂപ പിന്‍വലിച്ചു. കടപ്പത്രവും ഓഹരിയുമുള്ള ഹൈബ്രിഡ് ഫണ്ടുകളില്‍ നിന്നു 10,000 ലേറെ കോടി രൂപയും പിന്‍വലിച്ചു.

മുമ്പ് നാലു വര്‍ഷങ്ങളിലേ ഓഹരികളിലെ വിദേശ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞിട്ടുള്ളു. 2019ല്‍ 1.01 ലക്ഷം കോടി, 2013ല്‍ 1.13 ലക്ഷം കോടി, 2012ല്‍ 1.28 ലക്ഷം കോടി, 2010ല്‍ 1.33 ലക്ഷം കോടി വീതം നിക്ഷേപം വന്നു.

കടപ്പത്രങ്ങളില്‍ നിന്നു വിദേശ നിക്ഷേപകര്‍ ഇത്രയേറെ പണം പിന്‍വലിച്ച വര്‍ഷം മുന്‍പ് ഇല്ല.2018ല്‍ 47,795 കോടിയും 2013ല്‍ 50,849 കോടിയും പിന്‍വലിച്ചതാണു പഴയ വലിയ പിന്മാറ്റങ്ങള്‍.

* * * * * * * *


റിക്കാര്‍ഡ് കുറിച്ച് വിദേശനാണ്യശേഖരം


ഇന്ത്യയുടെ വിദേശനാണ്യശേഖരം 57,935 കോടി ഡോളറായി. നവംബര്‍ 27ലെ നിലയാണിത്. ഇതു റിക്കാര്‍ഡ് നിലയാണ്.

വിദേശനാണ്യശേഖരത്തിന്റെ വലിപ്പത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ചൈന ( 5.57 ലക്ഷം കോടി ഡോളര്‍), ജപ്പാന്‍ ( 1.4 ലക്ഷം കോടി), സ്വിറ്റ്‌സര്‍ലന്‍ഡ് (0.93 ലക്ഷം കോടി), റഷ്യ (0.59 ലക്ഷം കോടി) എന്നിവയാണ് ഇന്ത്യക്കു മുന്നിലുള്ളത്.

വലിയ വിദേശനാണ്യശേഖരം രാജ്യത്തിനു കരുത്തും ആത്മവിശ്വാസവും നല്‍കും. ഇപ്പോഴത്തെ വലിയ ശേഖരം 14 മാസത്തെ ഇറക്കുമതിക്കു തികയുമെന്നാണു ഗവണ്മെന്റ് പറയുന്നത്.

വികസ്വര രാജ്യമായ ഇന്ത്യയിലെ ഓഹരികടപ്പത്ര വിപണികളിലേക്കു വലിയ തോതില്‍ വിദേശ നിക്ഷേപം വരുന്നുണ്ട്. വിദേശികള്‍ ഏതവസരത്തിലും അവരുടെ നിക്ഷേപം മടക്കിക്കൊണ്ടു പോകാം. അങ്ങനെ വന്നാല്‍ അവര്‍ക്കു നല്‍കാന്‍ ഡോളര്‍ വേണം. അതിനു കൂടിയുള്ള കരുതലാണു വലിയ വിദേശനാണ്യശേഖരം.

രൂപയുടെ വിനിമയ നിരക്ക് അമിതമായി ചാഞ്ചാടാതിരിക്കാനും വലിയ വിദേശനാണ്യശേഖരം ആവശ്യമാണ്. വിനിമയ വിപണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ശക്തമായി ഇടപെടാന്‍ വലിയ ഡോളര്‍ ശേഖരം വേണം.

* * * * * * * *കൂടുതല്‍ നിക്ഷേപം അമേരിക്കന്‍ കടപ്പത്രങ്ങളില്‍ഇന്ത്യയുടെ വിദേശനാണ്യശേഖരം നാലു തരത്തിലാണു സൂക്ഷിക്കുന്നത്.

ഒന്ന്: മറ്റു രാജ്യങ്ങളുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ച്. ശേഖരത്തിലെ സിംഹഭാഗവും ഇങ്ങനെയാണു സൂക്ഷിക്കുന്നത്. ഇന്ത്യ 53,739 കോടി ഡോളര്‍ വിദേശ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ മുന്തിയ ഭാഗം അമേരിക്കന്‍ ഗവണ്മെന്റിന്റെ കടപ്പത്രങ്ങളാണ്. സെപ്റ്റംബര്‍ പകുതിക്ക് 21,300 കോടി ഡോളര്‍ അവയിലാണു നിക്ഷേപിച്ചിരുന്നത്.

രണ്ട്: സ്വര്‍ണം. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരം ഒക്ടോബറില്‍ 670.1 ടണ്‍ ആയി. 2020ല്‍ ഇന്ത്യ 36.8 ടണ്‍ സ്വര്‍ണം ശേഖരത്തില്‍ ചേര്‍ത്തു. 2019 ല്‍ 34.5 ടണ്ണും 2018ല്‍ 42.5 ടണ്ണും റിസര്‍വ് ബാങ്ക് വാങ്ങിയിരുന്നു. 2009ല്‍ 200 ടണ്‍ സ്വര്‍ണം ഇന്ത്യ ശേഖരത്തില്‍ ചേര്‍ത്തിരുന്നു. ഇപ്പോള്‍ സ്വര്‍ണശേഖരത്തിന്റെ വില 3573 കോടി ഡോളറാണ്.

മൂന്ന്: എസ്ഡിആര്‍. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ കറന്‍സിയാണ് സ്‌പെഷല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍). 150.6 കോടി ഡോളറിനുള്ള എസ്ഡിആര്‍ ഇന്ത്യക്കുണ്ട്.

നാല്: ഐഎംഎഫിലെ റിസര്‍വ്. ഇപ്പാേള്‍ 472.5 കോടി ഡോളര്‍ ഉണ്ട്.


* * * * * * * *


മാരുതിക്കു വിപണി പങ്ക് കുറയുന്നു


കാര്‍ വിപണിയില്‍ മാരുതി സുസുകിയുടെ പങ്ക് 50 ശതമാനത്തില്‍ താഴെയായി. ഏപ്രില്‍ നവംബറിലെ കാര്‍ വില്‍പ്പനയില്‍ 48.5 ശതമാനമേ മാരുതിയുടേത് ഉള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50.68 ശതമാനം ഉണ്ടായിരുന്നു.

ഹ്യുണ്ടായിയുടെ വിപണി പങ്കും ചെറിയ തോതില്‍ താണു. 18 ല്‍ നിന്നു 17.8 ശതമാനത്തിലേക്ക്. കിയാ മോട്ടോഴ്‌സ്, എം ജി മോട്ടോഴ്‌സ് തുടങ്ങിയവയുടെ വരവും ടാറ്റാ, മഹീന്ദ്ര തുടങ്ങിയവ കാര്‍ വിപണിയില്‍ വളര്‍ന്നതും മാരുതിയുടെ പങ്ക് കുറച്ചു. നവംബറിലെ മാത്രം കണക്ക് എടുത്താല്‍ മാരുതിയുടെ പങ്ക് 55 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി കുറഞ്ഞു.

മാരുതി വീണ്ടും ഡീസല്‍ വാഹന വിപണിയിലേക്ക് ഇറങ്ങുന്നു. എര്‍ടിഗ, ബ്രെസ എന്നിവയിലാകും തുടക്കത്തില്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുക.

* * * * * * * *


വ്യവസായവളര്‍ച്ച മെച്ചപ്പെട്ടത് ഇങ്ങനെ


ഒക്ടോബറിലെ വ്യവസായ ഉല്‍പാദന സൂചിക (ഐഐപി) 3.62 ശതമാനം ഉയര്‍ന്നു. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച. സെപ്റ്റംബറില്‍ 0.48 ശതമാനം വളര്‍ന്നതാണ്.

തുടര്‍ച്ചയായ രണ്ടു മാസം വളര്‍ന്നതോടെ രാജ്യം സാമ്പത്തിക തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഉറപ്പായതായാണു സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. എന്നാല്‍ അത് അത്ര ഉറപ്പല്ലെന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. നവംബറും ഡിസംബറും ഉയര്‍ച്ച നിലനിര്‍ത്തുമോ എന്നു സംശയിക്കുന്നവരുമുണ്ട്.

2019 ഒക്ടോബറില്‍ ഐഐപി 6.6 ശതമാനം കുറഞ്ഞതാണ്. ആ താഴ്ന്ന നിലയില്‍ നിന്ന് 3.6 ശതമാനം കയറിയതേ ഉള്ളൂ. 2018 ഒക്ടോബറിലെ സൂചിക 100 എന്നു കരുതിയാല്‍ 2019 ഒക്ടോബറിലേത് 93.4 ആയി. ഇപ്പോഴത്തെ വളര്‍ച്ചയോടെ അത് 96.76 ആയതേ ഉള്ളൂ. 2018 ഒക്ടോബറിലെ നിലയില്‍ നിന്നു 3.24 ശതമാനം കുറവാണ് ഇപ്പോള്‍ എന്നു ചുരുക്കം. കോവിഡിനു മുമ്പു തന്നെ തളര്‍ച്ച ബാധിച്ച വ്യവസായ മേഖല ഇപ്പോഴും രണ്ടു വര്‍ഷം മുമ്പത്തെ നിലയിലേക്കാള്‍ താഴെയാണ് എന്നും പറയാം.

ഉത്സവ സീസണിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്തുള്ള ഉല്‍പാദന വര്‍ധനയാണ് ഒക്ടോബറിലേത്. എന്നാല്‍ പല റേറ്റിംഗ് ഏജന്‍സികളും പ്രതീക്ഷിച്ച അഞ്ചു ശതമാനം വളര്‍ച്ച ഉണ്ടായില്ല. നവംബറില്‍ ഐഐപി ചുരുങ്ങാനുള്ള സാധ്യത റേറ്റിംഗ് ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.

ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കണ്‍സ്യൂമര്‍ ഡ്യുറബിള്‍സിന്റെ ഉല്‍പാദനം 17.6 ശതമാനം കൂടി. മറ്റു കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടേത് 7.5 ശതമാനമാണു വര്‍ധിച്ചത്. വൈദ്യുതി ഉല്‍പാദനം 11.2 ശതമാനം കൂടി. യന്ത്ര നിര്‍മാണത്തില്‍ 3.3 ശതമാനം വര്‍ധനയുണ്ട്.

ഏപ്രിലില്‍ 57.31 ശതമാനവും മേയില്‍ 33.38 ശതമാനവും ഇടിഞ്ഞതാണ് ഐഐപി. ഏപ്രില്‍ ഒക്ടോബറിലെ ഐഐപി 17.5 ശതമാനം താഴെയാണ്.


* * * * * * * *


ഇന്നത്തെ വാക്ക് : ആര്‍ടിജിഎസ്


റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സംവിധാനം തത്സമയ പണകൈമാറ്റം ഉറപ്പാക്കുന്ന രീതിയാണ്. നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) സംവിധാനം രണ്ടു ലക്ഷം രൂപ വരെ കൈമാറാനാണ് ഉപയോഗിക്കുക. ആര്‍ടിജിഎസില്‍ തുകയ്ക്കു പരിധിയില്ല. ഇതു വരെ 11 മണിക്കൂര്‍ (രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ) മാത്രം കിട്ടിയിരുന്ന ഈ സേവനം ഇന്നു മുതല്‍ 24 മണിക്കൂറും കിട്ടും. രാജ്യാന്തര ഇടപാടുകള്‍ സുഗമവും ത്വരിതവുമാക്കാന്‍ ഇതു സഹായിക്കും. തുക കൈമാറ്റം നടന്നാല്‍ പിന്നെ തിരുത്തലിനു സൗകര്യമില്ല.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it