അംബാനി എന്തിനു വേദനിക്കുന്നു? ആപ്പിള്‍ പ്ലാന്റ് അക്രമം നല്‍കുന്ന മുന്നറിയിപ്പ്, വളര്‍ച്ചപ്രതീക്ഷ ഉയര്‍ത്തി ക്രിസില്‍!

അമേരിക്കന്‍ ഓഹരികള്‍ താഴോട്ടു പോയതിനാല്‍ ഏഷ്യന്‍ ഓഹരികളും ദൗര്‍ബല്യം കാണിക്കുമെന്ന നിഗമനം രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ തെറ്റി. ഇടമുറിയാതെ വരുന്ന വിദേശ പണം ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളിലെ ഓഹരികള്‍ക്ക് തുടര്‍ന്നും കുതിപ്പ് നല്കും.

ജോ ബൈഡനെ അമേരിക്കയിലെ ഇലക്ടറല്‍ കോളജ് ഔപചാരികമായ പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. ആ വിഷയത്തിലെ വിവാദങ്ങള്‍ ഇതോടെ അവസാനിച്ചേക്കും.
ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെയാണു നിഫ്റ്റിയും സെന്‍സെക്‌സും ക്ലോസ് ചെയ്തത്. റിലയന്‍സിന്റെ വില താണതാണു മികച്ച കയറ്റത്തിന് തടസമായത്.
ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ക്രിസ്മസിനു മുമ്പ് ക്രൂഡ് വില അടുത്ത കയറ്റത്തിനു തുനിയില്ലെന്നാണു നിഗമനം. ബ്രെന്റ് ഇനം 50.35 ഡോളറിലാണ് ഇന്നു രാവിലെ.
സ്വര്‍ണവില ഇന്നലെ ഔണ്‍സിന് 1819 ഡോളര്‍ വരെ താണിട്ട് 1829 ലേക്കു കയറി.
ഡോളര്‍ ഇന്നലെ അല്‍പം താണു. 11 പൈസ കുറഞ്ഞ് 73.55 രൂപയിലെത്തി.

* * * * * * * *


അംബാനിക്കു വേദനിക്കുന്നു


മുകേഷ് അംബാനിക്കു സങ്കടം. ടെലികോം ബിസിനസിലെ എതിരാളികള്‍ ഒട്ടും ധാര്‍മികതയില്ലാത്ത കുപ്രചാരണങ്ങള്‍ വഴി തന്റെ കമ്പനിക്കു പാര വയ്ക്കുന്നു. ബിസിനസില്‍ നൈതിക മൂല്യങ്ങള്‍ പാലിക്കാത്ത എതിരാളികളെ നിലയ്ക്കു നിര്‍ത്താന്‍ ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നടപടി എടുക്കണമെന്നാണ് അംബാനി അപേക്ഷിച്ചിരിക്കുന്നത്.
റിലയന്‍സാണു കാര്‍ഷിക നിയമങ്ങളുടെ ഒരു വലിയ ഗുണഭോക്താവെന്നു പറഞ്ഞു കൊണ്ടു കര്‍ഷക സംഘടനകള്‍ ജിയോ കണക്ഷന്‍ ഉപേക്ഷിക്കാന്‍ പ്രചാരണം നടത്തുന്നുണ്ട്. ഇതിനു പിന്നില്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും (വിഐ) ആണെന്നാണ് അംബാനി ആരോപിക്കുന്നത്. തങ്ങള്‍ അത്തരക്കാരല്ലെന്നു പറഞ്ഞ് എയര്‍ടെലും വിഐയും ആരോപണം തള്ളിക്കളഞ്ഞു.
ബിസിനസിലെ നൈതികത ആരുടെ പക്ഷത്താണെന്ന് ഇവിടെ അന്വേഷിക്കുന്നില്ല. ഒരു കാര്യം ഇതില്‍ നിന്നു വ്യക്തമായതു മാത്രം പറയാം. കര്‍ഷകരോഷം റിലയന്‍സിനു വേദന ഉണ്ടാക്കാന്‍ മാത്രം ശക്തമായി. റിലയന്‍സ് ജിയോ ഉപേക്ഷിക്കാനും റിലയന്‍സ് റീട്ടെയില്‍ ബഹിഷ്‌കരിക്കാനും ജനം മുന്നിട്ടിറങ്ങുന്നു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണു ജിയോയില്‍ നിന്നുള്ള മാറ്റം കൂടുതലായുള്ളത്. രാജ്യത്ത് ടെലികോം വരിക്കാരില്‍ നിന്നു കൂടുതല്‍ ശരാശരി വരുമാനം (എആര്‍പിയു) കിട്ടുന്നത് ആ സംസ്ഥാനങ്ങളിലാണ്. അവിടെ വരിക്കാര്‍ കുറഞ്ഞാല്‍ ക്ഷീണം കൂടും.

* * * * * * * *


നിഫ്റ്റി 15,000-ലേക്കെന്നു ജെ പി മോര്‍ഗന്‍


മാര്‍ച്ച് മാസത്തിലെ പതനത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ 80 ശതമാനത്തിലേറെ കയറി. ഫെബ്രുവരിയില്‍ ഓഹരികള്‍ എത്തിയിരുന്ന ഉയരങ്ങളേക്കാള്‍ 11 ശതമാനം ഉയരത്തിലാണ് സൂചികകള്‍ ഇപ്പോള്‍. ഇത്രയുമൊക്കെ ആയ നിലയ്ക്ക് ഇനി കാര്യമായ കയറ്റം വരും മാസങ്ങളില്‍ പ്രതീക്ഷിക്കേണ്ട എന്നാകും മിക്കവരും കരുതുക.
എന്നാല്‍ അങ്ങനെയല്ലെന്നു രാജ്യാന്തര ബ്രോക്കറേജ് ജെ പി മോര്‍ഗന്‍ പറയുന്നു. അടുത്ത ഡിസംബറിനു മുമ്പ് നിഫ്റ്റി സൂചിക 15,000 കടക്കുമെന്നാണ് അവരുടെ നിഗമനം. ഇപ്പോഴത്തെ പി ഇ (പ്രൈസ് - ഏണിംഗ്‌സ് ) അനുപാതം നിലനില്‍ക്കണമെന്നു മാത്രം.
ഈ ശുഭാപ്തി വിശ്വാസത്തോടൊപ്പം ഒരു മുന്നറിയിപ്പ് കൂടി ജെ പി മോര്‍ഗന്‍ നല്‍കുന്നു. കമ്പനികളുടെ ലാഭം ഇപ്പോഴത്തേതിനേക്കാള്‍ കൂടാന്‍ പഴുതു കാണുന്നില്ല. സമ്പദ്ഘടന തിരിച്ചു വരുന്നുണ്ടെങ്കിലും ജനങ്ങളുടെ വരുമാനം കൂടുന്നതായി ജെ പി മോര്‍ഗന്‍ കരുതുന്നില്ല.

* * * * * * * *

വളര്‍ച്ചപ്രതീക്ഷ ഉയര്‍ത്തി ക്രിസില്‍


ഇന്ത്യയുടെ 2020-21 ലെ ജിഡിപി 7.7 ശതമാനമേ ചുരുങ്ങൂ എന്നു റേറ്റിംഗ് സ്ഥാപനമായ ക്രിസില്‍. നേരത്തേ അവരുടെ നിഗമനം ഒന്‍പതു ശതമാനം തളര്‍ച്ചയായി രുന്നു. രണ്ടാം പാദ കണക്കുകളും മറ്റു സൂചകങ്ങളും കണക്കിലെടുത്താണു പുതിയ നിഗമനം.
സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്തതും വിലക്കയറ്റവും ആശങ്ക ജനിപ്പിക്കുന്നവയായി ക്രിസില്‍ കാണുന്നു. ഡിസംബറില്‍ പല സൂചകങ്ങളും ആവേശകരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

* * * * * * * *


വിലക്കയറ്റത്തില്‍ അല്‍പം ആശ്വാസം


നവംബറിലെ വിലക്കയറ്റത്തില്‍ ആശ്വാസ വാര്‍ത്ത. ഒക്ടോബറിനെ അപേക്ഷിച്ച് ഗണ്യമായ കുറവ്. ചില്ലറ വില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം 6.93 ശതമാനമായി താണു. ഒക്ടോബറില്‍ 7.61 ശതമാനമായിരുന്നു.
ഭക്ഷ്യവിലക്കയറ്റം 11-ല്‍ നിന്ന് 9.43 ശതമാനമായി കുറഞ്ഞതാണ് ഇതിനു സഹായിച്ചത്. ചില്ലറ വില സൂചികയില്‍ ഭക്ഷ്യവിലയ്ക്ക് 50 ശതമാനത്തോളം വെയിറ്റേജ് ഉണ്ട്.തലേ മാസം 22 ശതമാനത്തിനു മുകളിലായിരുന്ന പച്ചക്കറികളുടെ വില വര്‍ധന ഇത്തവണ 15.6 ശതമാനമായി താണു.
രണ്ടു മാസം ഏഴു ശതമാനത്തിനു മുകളില്‍ നിന്നിട്ടാണു വിലക്കയറ്റം ഇപ്പോള്‍ താണത്.
ഇന്നലെ പുറത്തു വന്ന മൊത്ത വില സൂചിക ആധാരമാക്കിയുളള നവംബറിലെ വിലക്കയറ്റം 1.55 ശതമാനമാണ്. ഒക്ടോബറിലെ 1.48 ശതമാനത്തെക്കാള്‍ അല്‍പ്പം കൂടുതല്‍. ഫാക്ടറി ഉല്‍പന്നങ്ങളുടെ വിലക്കയറ്റം വര്‍ധിക്കുകയും ഭക്ഷ്യ വിലക്കയറ്റം ഗണ്യമായി കുറയുകയും ചെയ്തു.

* * * * * * * *

അതിസമ്പന്നര്‍ക്കു കൂടിയത് 4.74 ലക്ഷം കോടി രൂപ


കോവിഡ് മഹാമാരി ജനങ്ങള്‍ക്കു പണിയും പണവും ഇല്ലാതാക്കി. എന്നാല്‍ ഇന്ത്യയിലെ വലിയ ശതകോടീശ്വരന്മാര്‍ക്ക് ഇക്കൊല്ലം സമ്പത്ത് മിന്നല്‍വേഗത്തില്‍ വര്‍ധിക്കുകയായിരുന്നു. ഏഴു വലിയ ശതകോടീശ്വരന്മാര്‍ക്ക് മൊത്തം 6400 കോടി ഡോളറാണ് (4,73,600 കോടി രൂപ) വര്‍ധിച്ചത്.
ബ്ലൂംബെര്‍ഗ് ബില്യനയര്‍ ഇന്‍ഡെക്‌സ് നല്‍കുന്ന വിവരമാണിത്.
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സമ്പത്ത് 1810 കോടി ഡോളര്‍ കണ്ടു വര്‍ധിച്ചു. 5860 കോടി ഡോളറില്‍ നിന്ന് 7670 കോടി ഡോളറിലേക്ക്. പെട്രോളിയം, ടെലികോം, റീട്ടെയില്‍, മീഡിയ, ഉല്ലാസം, കേബിള്‍ ടിവി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഈ വര്‍ഷം 33 ശതമാനം വര്‍ധിച്ച് 13.56 ലക്ഷം കോടി രൂപയായിരുന്നു.
ഏറ്റവുമധികം വര്‍ധന അംബാനിക്കല്ല, ഗൗതം അദാനിക്കാണ്. 2110 കോടി ഡോളര്‍ വര്‍ധന. 1130 കോടി ഡോളറില്‍ നിന്ന് 3240 കോടി ഡോളറിലേക്ക്. അദാനിയുടെ അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ ഓഹരി വില ഇക്കൊല്ലം 525 ശതമാനമാണു വര്‍ധിച്ചത്. അദാനി ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നീ കമ്പനികള്‍ക്കും വലിയ നേട്ടമുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സാരഥി സൈറസ് പൂനാവാലയുടെ സമ്പത്ത് 691 കോടി ഡോളര്‍ കൂടി 1560 കോടി ഡോളറായി. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവനാടാരുടെ സമ്പത്ത് 629 കോടി ഡോളര്‍ കൂടി 2200 കോടി ഡോളറായപ്പോള്‍ വിപ്രോയുടെ അസിം പ്രേംജിക്ക് 526 കോടി വര്‍ധിച്ച് 2360 കോടി ഡോളറായി. ഡി-മാര്‍ട്ട് റീട്ടെയില്‍ ചെയിനിന്റെ രാധാകൃഷ്ണ ദമാനിയുടെ സമ്പത്ത് 471 കോടി വര്‍ധിച്ച് 1440 കോടി ഡോളര്‍ ആയി. സണ്‍ ഫാര്‍മയുടെ ദിലീപ് ഷംഗ് വിയുടെ സമ്പത്ത് 223 കോടി ഉയര്‍ന്ന് 969 കോടി ഡോളറിലെത്തി.

* * * * * * * *


വിസ്‌ട്രോണ്‍ അക്രമം നല്‍കുന്ന മുന്നറിയിപ്പ്


ആപ്പിളിന്റെ ഐഫോണും മറ്റും നിര്‍മിക്കുന്ന വിസ്‌ട്രോണ്‍ കമ്പനിയുടെ കോളാര്‍ ഫാക്ടറിയിലെ തൊഴിലാളി പ്രക്ഷോഭം പല കാരണങ്ങളാലും ശ്രദ്ധ അര്‍ഹിക്കുന്നു. കരാര്‍ തൊഴിലാളികളാണ് പ്രശ്‌നമുണ്ടാക്കിയത്. മാസങ്ങളായി വേതനം മുടങ്ങിക്കിടന്നതാണു കാരണമെന്ന് തൊഴിലാളികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
അയ്യായിരം കരാര്‍ തൊഴിലാളികളും കമ്പനിയുമായി ബന്ധമില്ലാത്ത വേറേ രണ്ടായിരം പേരും ചേര്‍ന്നാണ് ആക്രമണമെന്ന് കമ്പനി പറയുന്നു. 438 കോടി രൂപയുടെ നഷ്ടം കമ്പനി കണക്കാക്കുന്നു. പോലീസ് 160-ലേറെപ്പേരെ കസ്റ്റഡിയിലെടുത്തു.
വിദേശ നിക്ഷേപകരെ അകറ്റാന്‍ ഇത്തരം അക്രമങ്ങള്‍ കാരണമാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കുറച്ചു കാലമായി ഇത്തരം അക്രമങ്ങള്‍ വ്യവസായശാലകളില്‍ ഉണ്ടാകാറില്ലായിരുന്നു.
വിസ്‌ട്രോണ്‍ കമ്പനി കരാര്‍ പാലിക്കാതെയാണോ പ്രവര്‍ത്തിച്ചു പോന്നതെന്ന് ആപ്പിള്‍ കമ്പനി അന്വേഷണമാരംഭിച്ചു. കരാര്‍ പണിക്കാര്‍ക്ക് വേതനവും വിവിധ ആനുകൂല്യങ്ങളും യഥാസമയം നല്‍കണം എന്നു കരാറുകളില്‍ ആപ്പിള്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. ശമ്പളക്കുടിശിക ഉണ്ടെങ്കില്‍ വിസ്‌ട്രോണുമായുളള കരാര്‍ റദ്ദാക്കാന്‍ പോലും ആപ്പിള്‍ മടിക്കില്ല.
വിസ്‌ടോണ്‍ തായ്വാനിലെ കമ്പനിയാണ്. തായ്വാന്‍ കമ്പനികളെ ഒതുക്കാനും ഞെരുക്കാനും ചൈന എന്നും ശ്രമിക്കുന്നതാണ്. അത്തരം എന്തെങ്കിലും ബന്ധം വിസ്‌ട്രോണ്‍ സംഭവത്തില്‍ ഉണ്ടോ എന്നു സംശയിക്കുന്നവരുമുണ്ട്.
കാര്യങ്ങള്‍ എന്തു തന്നെയായാലും അതു കണ്ടെത്തി പ്രതികളെ ഏറ്റവും വേഗം നിയമത്തിനു മുമ്പില്‍ എത്തിച്ചാലേ രാജ്യത്തിനു നിക്ഷേപ സൗഹൃദ ഇമേജ് വീണ്ടെടുക്കാനാവൂ.

* * * * * * * *

ഡിഎച്ച്എഫ്എല്‍ ബാങ്കുകള്‍ക്കു കനത്ത നഷ്ടമാകും


ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ഡിഎച്ച്എഫ് എല്‍) ഏറ്റെടുക്കാനുള്ള അവസാന ഓഫര്‍ സമര്‍പ്പിച്ചതില്‍ യു എസ് നിക്ഷേപ കമ്പനി ഓക്ട്രീയുടേത് ഒറ്റ നോട്ടത്തില്‍ മുന്നില്‍. പിരമള്‍ ഗ്രൂപ്പും അദാനി ഗ്രൂപ്പുമാണ് താല്‍പര്യമെടുത്ത മറ്റു രണ്ട് കൂട്ടര്‍. ആദ്യം 11,646 കോടി രൂപ നല്‍കുന്നതടക്കം 36,646 കോടിയുടേതാണ് ഓക്ട്രീയുടെ ഓഫര്‍. പിരമള്‍ ഗ്രൂപ്പ് ആദ്യം 13,000 കോടി അടക്കം 35,550 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു. അദാനി ഗ്രൂപ്പ് നേരത്തേ സമര്‍പ്പിച്ചതിലും ചെറിയ തുകയുടെ (29,860 കോടി) പദ്ധതിയാണു നല്‍കിയത്. 11,000 കോടി ആദ്യം നല്‍കും.
മൂന്ന്ഓഫറുകളും നിരവധി ഉപാധികളാടെയാണ്. ബാങ്കുകള്‍ക്കും ബോണ്ട് ഉടമകള്‍ക്കുമായി 95,000 കോടിയിലധികം രൂപയാണു ഡിഎച്ച്എഎഫ് എലില്‍ നിന്നു കിട്ടാനുണ്ട്. കമ്പനിക്കു കൈയില്‍ 10,000 കോടി രൂപ ഉണ്ടെന്നാണു പറയപ്പെടുന്നത്. ആ തുകയും പലിശ വരുമാനവും ചേര്‍ന്ന തുകയാണു മുന്‍കൂര്‍ നല്‍കാമെന്ന് മൂന്നു കൂട്ടരും പറയുന്നത്.
മൂന്ന് ഓഫറും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി വലിയ നഷ്ടം (ഏകദേശം 65,000 കോടി രൂപ) വരുത്തും. എസ്ബിഐ ആയിരുന്നു ലീഡ് ബാങ്ക്. അവര്‍ക്കു 10,000 കോടി നഷ്ടമാകും. എല്‍ഐസിക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും പതിനായിരം കോടിയുടെ നഷ്ടം വരാം.
ഡിഎച്ച്എഫ്എല്‍ ഏറ്റെടുത്തു നടത്താമെന്ന് പ്രൊമോട്ടര്‍ കുടുംബം ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. പക്ഷേ വായ്പാ ദാതാക്കളുടെ സമിതി അതനുവദിക്കാനിടയില്ല.
പഴയ ഓഹരിയുടമകള്‍ക്കു പാപ്പര്‍ നടപടികള്‍ക്കു ശേഷം എന്തെങ്കിലും കിട്ടാനുള്ള വിദൂര സാധ്യത പോലും ഇല്ലാതാക്കുന്നതാണ് ഓഫറുകള്‍ എന്നാണ് സൂചന.

* * * * * * * *

ഇന്നത്തെ വാക്ക് : എ ആര്‍ പി യു


ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന വാക്ക്. ഒരു ഉപയോക്താവില്‍ നിന്നു കിട്ടുന്ന ശരാശരി വരുമാനം (ആവറേജ് റവന്യു പെര്‍ യൂസര്‍). ഇത് കൂടുമ്പോള്‍ കമ്പനികള്‍ക്കു വരുമാനം കൂടും. ഇന്ത്യയില്‍ എആര്‍ പിയു മാസം 200 രൂപയില്‍ താഴെയാണ്. 200 രൂപയാക്കാന്‍ നിരക്ക് കൂട്ടാനുള്ള ശ്രമത്തിലാണു കമ്പനികള്‍


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it