നിയമനം പകുതിയായി, പെൻഷൻ പദ്ധതിയിൽ ചേർന്നവർ കുറഞ്ഞു; എസ് ആൻഡ് പി പ്രതീക്ഷ ഉയർത്തി, വിപണിയിൽ ആവേശം

ഓഹരി വിപണിയിൽ ആവേശത്തിനു കുറവില്ല. വിദേശനിക്ഷേപം വരുന്നതിനു തടസം തൽക്കാലമില്ല. അമേരിക്ക ഒരു ഉത്തേജക പാക്കേജ് കൂടി പ്രഖ്യാപിച്ചാൽ വീണ്ടും വലിയ തോതിൽ പണം ഇവിടേക്കൊഴുകും. അത് വിപണിയെ വീണ്ടും ഉയരങ്ങളിലേക്കു നയിക്കും.

അമേരിക്കയിൽ ഡൗ ജോൺസ് അടക്കം സൂചികകൾ ഇന്നലെ മികച്ച നേട്ടം കുറിച്ചു. രാവിലെ ജപ്പാനിലെ നിക്കൈ അടക്കം ഏഷ്യൻ ഓഹരി സൂചികകൾ നല്ല ഉയർച്ച കാണിച്ചു.

എസ്ജിഎക്സ് നിഫ്റ്റി നൽകുന്ന സൂചന ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ്. 13,600 ൻ്റെ തടസം മറികടക്കാൻ നിഫ്റ്റിക്ക് ഇന്നു കഴിയുമെന്നാണു പ്രതീക്ഷ. തുടർന്നു 13,900 ആണു തടസമായി സാങ്കേതിക വിശകലനക്കാർ കാണുന്നത്. അതു ഭേദിക്കുന്നതിനു മുമ്പ് വിപണി ഇപ്പാേഴത്തെ നിലവാരം സ്ഥിരപ്പെടുത്താൻ ശ്രമിക്കും.

രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചു. 1853 ഡോളറിലാണു ബുധനാഴ്ച രാവിലെ സ്വർണം. കേരളത്തിൽ സ്വർണവില കൂടും.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു.

ഡോളർ നിരക്ക് താഴ്ന്നു നിൽക്കുന്നു. ഇന്നലെ ഡോളർ 73.64 രൂപയായി.


* * * * * * * *


കയറ്റുമതിവർധന വീണ്ടും താഴോട്ട്


കയറ്റുമതിയിലെ ഉണർവ് വീണ്ടും താഴോട്ടു പോയി. നവംബറിലെ കയറ്റുമതി വർധന 8.7 ശതമാനം മാത്രം. ഒക്ടോബറിൽ 5.1 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഇറക്കുമതി 13.32 ശതമാനം കുറഞ്ഞു. നവംബറിൽ 2352 കോടി ഡോളറിൻ്റെ കയറ്റുമതി നടന്നപ്പോൾ 3339 കോടി ഡോളറിൻ്റെ ഇറക്കുമതി നടന്നു. വ്യാപാര കമ്മി 987 കോടി ഡോളർ. 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്.

പെട്രോളിയവും സ്വർണവും അല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി 1.67 ശതമാനം കുറഞ്ഞു.

പെട്രോളിയം ഇറക്കുമതിയിൽ 43.36 ശതമാനം കുറവുണ്ട്.

ഏപ്രിൽ- നവംബർ എട്ടു മാസ കാലയളവിൽ കയറ്റുമതി 17.76 ശത്മാനം കുറഞ്ഞ് 17,366 കോടി ഡോളറിൻ്റേതായി. ഇറക്കുമതി 33.55 ശതമാനം താണ് 21,569 കോടി ഡോളറായി. വ്യാപാര കമ്മി 63 ശതമാനം കുറഞ്ഞ് 4203 കാേടി ഡോളറായി.


* * * * * * * *


എസ് ആൻഡ് പി പ്രതീക്ഷ ഉയർത്തി


ഈ വർഷം 7.7 ശതമാനം ചുരുങ്ങും. അടുത്ത വർഷം 10 ശതമാനം വളരും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെപ്പറ്റി ആഗോള റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ്‌ ആൻഡ് പുവേഴ്സിൻ്റെ (എസ്ആൻഡ് പി) വിലയിരുത്തലാണിത്.

ഈ വർഷം ജിഡിപി ഒൻപതു ശതമാനം ചുരുങ്ങുമെന്ന മുൻ നിഗമനമാണ് 7.7 ശതമാനം ചുരുങ്ങുമെന്നായി പരിഷ്കരിച്ചത്. ഫിച്ച് റേറ്റിംഗ്സ് 9.4 ശതമാനം ചുരുങ്ങുമെന്നും ഏഷ്യൻ ഡവലപ്മെൻ്റ് ബാങ്ക് (എഡിബി) എട്ടു ശതമാനം ചുരുങ്ങുമെന്നുമാണ് പ്രവചിക്കുന്നത്.

* * * * * * * *പണി കൊടുത്തില്ല, പെൻഷൻ പദ്ധതിയിൽ ചേർന്നവർ കുറഞ്ഞുസർക്കാർ ജോലി കിട്ടുന്നവരുടെ എണ്ണം കുറഞ്ഞു. അതു കൊണ്ട് പെൻഷൻ പദ്ധതിയിൽ ചേരുന്നവരുടെ എണ്ണവും കുറഞ്ഞു.

നാഷണൽ പെൻഷൻ സ്കീമിൽ (എൻപിഎസ്) ചേരുന്നവരുടെ എണ്ണം വച്ചുള്ള കണക്കാണിത്. ഇക്കൊല്ലം ഏപ്രിൽ - നവംബർ കാലയളവിൽ കേന്ദ്ര ഗവണ്മെൻ്റ് സർവീസിൽ നിന്ന് പ്രതിമാസം 5130 പേരേ എൻപിഎസിൽ ചേർന്നുള്ളു. കഴിഞ്ഞ വർഷം പ്രതിമാസം 9784 പേർ ചേർന്ന സ്ഥാനത്താണിത്. 2016-17ൽ 10,923 പേരും 2017-18 - ൽ 11,081 പേരും പ്രതിമാസം ചേർന്ന സ്ഥാനത്താണിത്. 2018 - 19-ൽ പ്രതിമാസ വർധന 5241 ആയിരുന്നു.

കേന്ദ്ര സർക്കാർ നിയമനങ്ങൾ രണ്ടു വർഷം മുൻപത്തേതിൽ നിന്നു പകുതിയായതാണ് ഇതിനു കാരണം.

സംസ്ഥാന സർക്കാരുകളും നിയമനം കുറച്ചു. സംസ്ഥാന സർവീസുകളിൽ നിന്നുള്ള പ്രതിമാസ വർധന 36,045-ൽ നിന്ന് 25,823 ആയി കുറഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it