Top

ജിഡിപിയിൽ പ്രതീക്ഷ കൂടി, ക്രൂഡ് കയറുന്നു; ഐപിഒ കുമിള സൂക്ഷിക്കുക; ബിറ്റ് കോയിൻ വീണ്ടും ഹരം

രണ്ടാം പാദ ജിഡിപി കണക്കിൻ്റെ പശ്ചാത്തലത്തിൽ 2020-2 1-ലെ വളർച്ച പ്രതീക്ഷ എസ്ബിഐ ഉയർത്തി. ജിഡിപി 10.9 ശതമാനം കുറയുമെന്ന പഴയ നിഗമനം 7.4 ശതമാനം മാത്രം കുറയുമെന്നാക്കി തിരുത്തി. ഡിസംബർ 31-നവസാനിക്കുന്ന മൂന്നാം പാദത്തിൽ 0.1 ശതമാനവും നാലാം പാദത്തിൽ 1.7 ശതമാനവും തോതിൽ ജിഡിപി വളരുമെന്നാണ് എസ് ബിഐ റിസർച്ച് പറയുന്നത്.


2021-22 ലെ ജിഡിപി 11 ശതമാനം വളരുമെന്നാണു പുതിയ നിഗമനം.

* * * * * * * *


ഡീസൽ ഉപയോഗം കുറഞ്ഞു


ജിഡിപി പ്രതീക്ഷ എല്ലാവരും ഉയർത്തുന്നുണ്ടെങ്കിലും അത്ര ശോഭനമല്ലാത്ത കണക്കുകളും പുറത്തു വരുന്നുണ്ട്. ഡിസംബർ ആദ്യ പകുതിയിൽ രാജ്യത്തെ ഡീസൽ ഉപയോഗം 5.2 ശതമാനം കുറഞ്ഞു. ഡീസൽ ഉപയോഗം വ്യവസായ വളർച്ചയുടെ ഒരു സൂചനയാണ്. കഴിഞ്ഞ ഡിസംബറിലേതിലും കുറവാണു വ്യവസായ പ്രവർത്തനം എന്ന് ഇതു കാണിക്കുന്നു.
അതേ സമയം പെട്രോൾ ഉപയോഗം 9.5 ശതമാനം വർധിച്ചു. സ്വകാര്യ വാഹന ഉപയോഗം വർധിക്കുന്നതിൻ്റെ ഫലമാണത്.


* * * * * * * *

റിക്കാർഡ് തേടി സൂചികകൾ


ഇനിയും കടപ്പത്രങ്ങൾ വാങ്ങും എന്നു യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് പ്രഖ്യാപിച്ചത് എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അതിനാൽ ലാഭമെടുപ്പിലായി യുഎസ് വിപണി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്.

എസ്ജിഎക്സ് ആദ്യ സെഷനിൽ 13,700-നു മുകളിലെത്തി. ഇന്നലെ 13,682.7 എന്ന റിക്കാർഡിൽ ക്ലോസ് ചെയ്ത നിഫ്റ്റി വീണ്ടും ഉയരങ്ങൾ തേടുമെന്നാണു സൂചന. ക്രിസ്മസ് കാലമായിട്ടും വിപണിയിലേക്കു വിദേശ നിക്ഷേപകർ ധാരാളം പണമൊഴുക്കുന്നുണ്ട്. 13,750-13,800 മേഖലയിലേക്കു കടക്കാനാണു ഹ്രസ്വകാലത്തിൽ നിഫ്റ്റി ശ്രമിക്കുക

ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ക്രിസ്മസ് -പുതുവത്സര അവധികൾ വരുന്നതിനാൽ സാവധാനമാണ കയറ്റം. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 51 ഡോളർ കടന്നു. ഡബ്ള്യുടിഐ ഇനം 48 ഡോളറിലേക്കടുക്കുന്നു.

സ്വർണവിലയും കയറ്റത്തിലാണ്. ഫെഡ് വിപണിയിലേക്കു ഡോളർ ഒഴുക്കും എന്നതാണു കാരണം. ഔൺസിന് 1865 ഡോളറിലാണു വ്യാഴാഴ്ച രാവിലെ വ്യാപാരം.

* * * * * * * *

ഐപിഒ തിളക്കത്തിൽ കരുതൽ വേണം


ഐപിഒകൾ പ്രഥമ വ്യാപാരത്തിൽ തന്നെ വലിയ കുതിച്ചു ചാട്ടം നടത്തി നിക്ഷേപകർക്കു വലിയ ലാഭം നൽകുന്നത് സന്തോഷകരമായ കാര്യമാണ്. കഴിഞ്ഞയാഴ്ച ബർഗർ കിംഗ് ലിസ്റ്റ് ചെയ്ത ദിവസം തന്നെ 133 ശതമാനം നേട്ടമുണ്ടാക്കി.

ഇത് ഒരു ഐപിഒയുടെ മാത്രം കഥയല്ല. പല കമ്പനികളും അങ്ങനെ ലാഭം നൽകുന്നു. ഇന്ത്യയിൽ മാത്രമല്ല ഈ സാഹചര്യം. ചൈനയിലും ഹോങ്കോംഗിലും ഒക്കെ ഉണ്ട് ഇത്തരം ബംപർ ലാഭം നൽകുന്ന ഐപിഒകൾ.

ഇതൊരു വലിയ കുമിളയായി മാറി പിന്നീട് ഐപിഒ വിപണിയും ഓഹരി വിപണിയും തകരാൻ വഴിതെളിക്കുമോ എന്നു ഭയപ്പെടുന്നവരുണ്ട്.

ഏഷ്യൻ രാജ്യങ്ങളിൽ ഈ വർഷം 150 ഐപിഒകൾ ലിസ്റ്റ് ചെയ്തപ്പോൾ വില ഇരട്ടിച്ചു. ചൈനയിൽ 131-ഉം ഹോങ്കോംഗിൽ 11-ഉം കമ്പനികൾ.

സ്വപ്ന സമാനമായ നേട്ടം കാണിച്ച് നിക്ഷേപകരെ ആകർഷിക്കുന്ന ഐപിഒ വിപണി പിന്നീടു മോശം ഓഹരികളെ അമിതവിലയ്ക്കു വിൽക്കാൻ തുനിയും. അപ്പോഴാണു നിക്ഷേപകർ ചതിയിൽപെടുക .


* * * * * * * *

20,000 ഡോളർ കടന്നു ബിറ്റ്കോയിൻ


ഗൂഢ കറൻസി ബിറ്റ് കോയിൻ ഇന്നലെ 20,000 ഡോളർ കടന്നു. ഇന്നു രാവിലെ 21,430 ഡോളറാണ് പ്രമുഖ എക്സ്ചേഞ്ചുകളിൽ ബിറ്റ്കോയിൻ്റെ വില. ( 15.75 ലക്ഷം രൂപ). ഒറ്റ ദിവസം കൊണ്ട് 11 ശതമാനം വർധന. 2020ലെ വർധന 200 ശതമാനം. എതേറിയം അടക്കം മറ്റ് ഗൂഢകറൻസികളുടെ വിലയും ഉയരുകയാണ്.

കോവിഡ് കാലഘട്ടത്തിൽ ഗൂഢകറൻസിയിലേക്കു നിക്ഷേപ താൽപര്യം മാറിയതിനു പ്രത്യേകമായ വിശദീകരണമൊന്നും കിട്ടുന്നില്ല. വോൾ സ്ട്രീറ്റിലെ പ്രമുഖ നിക്ഷേപ ഫണ്ടുകളും നിക്ഷേപകരും ചെറിയൊരു ഭാഗം ഗൂഢകറൻസികൾക്കായി നീക്കിവച്ചു തുടങ്ങി.

ഒരു രാജ്യവും ഗൂഢകറൻസിയെ അംഗീകരിച്ചിട്ടില്ല. കേന്ദ്ര ബാങ്കുകളും ഇവയെ കറൻസിയായി പരിഗണിക്കുന്നില്ല. എന്നാൽ ക്രമേണ ഇവയ്ക്ക് അംഗീകാരം കിട്ടുമെന്നു പലരും കരുതുന്നു. അതു മാത്രമാണു നിക്ഷേപകർ ഇവയിൽ പണമിടുന്നതിനുള്ള വിശദീകരണം.

ഇന്ത്യയിലും ഗൂഢകറൻസി വ്യാപാരം അനധികൃതമായി നടക്കുന്നുണ്ട്. ഈ എക്സ്ചേഞ്ചുകളിൽ ധാരാളം ചെറുപ്പക്കാരാണ് ഇടപെടുന്നത്. ഭാവിയിൽ ഇതു കറൻസിയാകുമെന്നു വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. ഇവയിൽ നിക്ഷേപിക്കുന്നതിനെതിരേ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരാണു ബിറ്റ് കോയിൻ ഇറക്കിയതെന്നോ നിയന്ത്രിക്കുന്നതെന്നോ ആർക്കും അറിയില്ല. ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വേർ ആണിത്. സങ്കീർണമായ ഗണിത പ്രക്രിയകൾ പൂർത്തിയാക്കിയാലേ നിങ്ങൾക്കു ബിറ്റ്കോയിൻ ഖനനം (മൈനിംഗ്) നടത്തി സമ്പാദിക്കാനാവൂ. യഥാർഥ കറൻസി എക്സ്ചേഞ്ചുകൾക്കു നൽകി ഗൂഢകറൻസി വാങ്ങി അതുപയോഗിച്ച് വ്യാപാരം നടത്തുകയാണു നിക്ഷേപകർ. വില കൂടുമ്പോൾ ലാഭത്തിൽ വിറ്റ് യഥാർഥ കറൻസി വാങ്ങുന്നു.

2017 ഡിസംബറിൽ 20,000 ഡോളറിനടുത്തെത്തിയതാണു ബിറ്റ് കോയിൻ. പിന്നീട് 7000 ഡോളർ വരെ താണു. ഈ വർഷമാണ് പിന്നീടു കയറ്റ മുണ്ടായത്. ഒരു വർഷം കൊണ്ട് വില മൂന്നു മടങ്ങായി.

പരമാവധി 210 ലക്ഷം ബിറ്റ് കോയിൻ മാത്രമേ ഖനനം ചെയ്ത് ഉണ്ടാക്കാനാവൂ എന്നാണ് ഇതിൻ്റെ വക്താക്കൾ അവകാശപ്പെടുന്നത്. ഇതു വരെ 169 ലക്ഷം ഖനനം ചെയ്യപ്പെട്ടു. ബ്ലോക്ക് ചെയിൻ എന്ന ഐടി സാങ്കേതികതയിലാണ് ഇതിൻ്റെ ഖനനവും സ്റ്റോറേജും എല്ലാം. ആർക്കും ഇതിൽ നുഴഞ്ഞു കയറാനാവില്ലെന്നാണ് അവകാശവാദം. ബിറ്റ് കോയിൻ നാണയമായി കാണുന്ന ചിത്രങ്ങൾ ഭാവനാസൃഷ്ടി മാത്രമാണ്.


* * * * * * * *


ഗൃഹോപകരണ നിർമാതാക്കൾക്കു ലാഭം കുറയുംവൈറ്റ് ഗുഡ്സ് എന്നറിയപ്പെടുന്ന ഗൃഹോപകരണങ്ങളുടെ നിർമാതാക്കൾക്കു ലാഭമാർജിൻ ഇടിയുമെന്നു വിലയിരുത്തൽ. ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ ആണ് ഒരു ഗവേഷണ റിപ്പോർട്ടിൽ ഇതു പറയുന്നത്.

എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, റഫ്രിജറേറ്റർ, മൈക്രോവേവ് അവൻ തുടങ്ങിയവയാണു വൈറ്റ് ഗുഡ്സിൽ വരുക. ഇവയുടെ നിർമാണത്തിനു വേണ്ട ലോഹങ്ങൾക്കും പ്ലാസ്റ്റിക് ഘടകങ്ങൾക്കും പെയിൻ്റിനുമൊക്കെ വില കൂടി. പക്ഷേ നിർമാണച്ചെലവിലെ വർധനയ്ക്കനുസരിച്ച് വില കൂട്ടാൻ കമ്പനികൾക്കു കഴിയുന്നില്ല. അതാണു ലാഭ മാർജിൻ കുറയാൻ കാരണം. സ്റ്റീൽ, ചെമ്പ്, അലൂമിനിയം തുടങ്ങിയവയ്ക്ക് 15 മുതൽ 25 വരെ ശതമാനമാണു വില കയറിയത്.

വിപണിയിലെ മത്സരം മാത്രമല്ല വില കൂട്ടാത്തതിനു കാരണം. വില വർധിപ്പിച്ചാൽ വിൽപന കുറയും. ജനങ്ങൾക്ക് വാങ്ങൽ നീട്ടിവയ്ക്കാൻ കഴിയുന്ന ഇനങ്ങളാണ് ഇവ. ഫാൻ, ബൾബ് തുടങ്ങിയവ പോലെ ഒന്നു കേടായാൽ ഉടനെ മറ്റൊന്നു വാങ്ങാൻ സമ്മർദമില്ല. വരുമാനം കുറഞ്ഞിരിക്കുമ്പോൾ വൈറ്റ് ഗുഡ്സ് വാങ്ങുന്നത് നീട്ടി വയ്ക്കുന്നതു പോലെ ബൾബ് വാങ്ങൽ മാറ്റി വയ്ക്കില്ലല്ലോ. ജനുവരിയോടെ വില കൂട്ടാനുള്ള തയാറെടുപ്പിലാണു കമ്പനികൾ.


* * * * * * * *

സ്പെക്ട്രം ലേലം: നേട്ടം ജിയോയ്ക്കും സർക്കാരിനുംഅടുത്ത വർഷമാദ്യം സ്പെക്ട്രം ലേലം നടത്താൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. ഏഴു ഫ്രീക്വൻസികളിലാണു ലേലം. മൊത്തം 2251.25 മെഗാഹെർട്സ് ലേലത്തിനു വയ്ക്കും. ഇതിൻ്റെ റിസർവ് വില (കുറഞ്ഞ വില) 3.92 ലക്ഷം കോടി രൂപ വരും. 20 വർഷത്തേക്കാണു സ്പെക്ട്രം നൽകുക. 5ജി സേവനത്തിനുള്ള ഫ്രീക്വൻസി ലേലത്തിനു വച്ചിട്ടില്ല.

ലേലം നേടുന്നവർക്ക് മുഴുവൻ തുകയും തുടക്കത്തിൽ തന്നെ നൽകുകയോ ഗഡുക്കളായി നല്കുകയോ ചെയ്യാം. ചില ഫ്രീക്വൻസികളിൽ ലേലത്തുകയുടെ 25 ശതമാനം ആദ്യം അടയ്ക്കണം. മറ്റുള്ളവയിൽ ആദ്യം വേണ്ടതു ലേലത്തുകയുടെ 50 ശതമാനമാണ്. രണ്ടു വർഷത്തെ മോറട്ടോറിയം കഴിഞ്ഞ് 16 തുല്യ വാർഷിക ഗഡുക്കളായി ബാക്കി തുക നൽകണം. ലേലത്തുകയ്ക്കുക്കു പുറമെ വാർഷിക വരുമാനത്തിൻ്റെ മൂന്നു ശതമാനവും ഗവണ്മെൻ്റിനു നൽകണം.

സ്പെക്ട്രം ലേലം ഉടനെ നടത്തണമെന്നു റിലയൻസ് ജിയോ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. അനിൽ അംബാനിയുടെ കൈയിൽ നിന്നു റിലയൻസ് കമ്യൂണിക്കേഷൻസ് വാങ്ങിയപ്പോൾ ലഭിച്ച 800 മെഗാഹെർട്സ് സ്പെക്ട്രം ഉപയോഗിച്ചാണു ജിയോ 4ജി സേവനം നൽകുന്നത്. അടുത്ത ഓഗസ്റ്റിൽ അതിൻ്റെ ലൈസൻസ് കാലാവധി തീരും. അതിനാൽ ജിയോയ്ക്ക് ഉടനടി സ്പെക്ട്രം വാങ്ങിയേ പറ്റൂ.

എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും ഈ ധൃതിയില്ല. എന്നു മാത്രമല്ല ഉടനേ വലിയ തുക മുടക്കാൻ ബുദ്ധിമുട്ടുമുണ്ട്. സ്പെക്ട്രത്തിന് റിസർവ് വില ഗണ്യമായി കുറയ്ക്കുകയോ റിസർവ് വില വേണ്ടെന്നു വയ്ക്കുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യം സർക്കാർ നിരസിച്ചു. ഇത് ആ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും.

ലേലം സർക്കാരിനും നേട്ടമാകും. ലേലത്തുകയുടെ 25 ശതമാനം സർക്കാരിന് ഉടനെ കിട്ടും. ഒരു ലക്ഷം കോടി രൂപ ഈയിനത്തിൽ പ്രതീക്ഷിക്കാം.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it