ഷിപ്പിംഗ് കോർപറേഷൻ വിൽപ്പനയ്ക്ക്, ജീവിതം മാറുന്നു, വ്യാപാരവും; വിപണിയിൽ ചാഞ്ചാട്ടം തുടരും

തലേന്നത്തെ വലിയ വീഴ്ചയ്ക്കു പിന്നാലെ ചൊവ്വാഴ്ച ആശ്വാസ റാലി. തിങ്കളാഴ്ച മൂന്നു ശതമാനം ഇടിഞ്ഞ സൂചികകൾ ഇന്നലെ ഒരു ശതമാനം കയറി.

ദിവസത്തിൽ ഏറിയ പങ്കും വിപണി താഴെയായിരുന്നു. 453 പോയിൻ്റ് ഉയർച്ചയിൽ ക്ലോസ് ചെയ്യും മുമ്പ് സെൻസെക്സ് 600 പോയിൻറ് താണിരുന്നു. വിപണിയിലെ അനിശ്ചിതത്വമാണ് ഈ ചാഞ്ചാട്ടത്തിനു കാരണം.

ഈ ദിവസങ്ങളും ചാഞ്ചാട്ടത്തിൻ്റേതാകുമെന്നാണു വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ക്രിസ്മസ് പ്രമാണിച്ച് വിദേശ നിക്ഷേപകർ വിപണിയിൽ അത്ര സജീവമല്ല. പുതുവത്സരത്തിനു ശേഷം അവർ വീണ്ടും ഇറങ്ങുമ്പോഴേ വിപണി ദിശ കണ്ടെത്തൂ.

* * * * * * * *

ഗതി നിർണയിക്കുക പണമൊഴുക്ക്


വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിപണിയിലേക്കു പണമൊഴുക്കുന്നതു തുടരുകയാണ്. ഘടനാ മാറ്റം വന്ന കോവിഡ് വൈറസ് പടരുന്നത് ഈ പണമൊഴുക്ക് തുടരാൻ കാരണമാകും. ഈ പണം അവസാന നിക്ഷേപ കേന്ദ്രമായി വികസ്വര രാജ്യങ്ങളിലെ ഓഹരികളെയാണു കാണുന്നത്. അതായത് കുറേ കാലത്തേക്കു വിപണികൾക്ക് ഉയരത്തിലേക്കല്ലാതെ മാർഗമില്ല.

പണലഭ്യത, നാമമാത്ര പലിശ, വികസിത രാജ്യങ്ങളിൽ നിക്ഷേപാവസരങ്ങൾ കുറവ് - ലോകമെങ്ങും ഓഹരിവിപണികളെ ഹർഷോന്മാദത്തിലാക്കുന്ന സാഹചര്യമിതാണ്. അത് ഇന്ത്യക്കും ബാധകം.


* * * * * * * *


ഇന്ദുലേഖയില്ലെങ്കിൽ തോഴി മതി


മോട്ടിലാൽ ഓസ്വാൾ ഗ്രൂപ്പ് ചെയർമാൻ രാംദേവ് അഗർവാൾ ഇന്നലെ ടി വി അഭിമുഖത്തിൽ പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യം: 'വിദേശ നിക്ഷേപകർ വന്ന് ഒന്നാം നിര ഓഹരികൾ വാങ്ങിക്കൂട്ടുന്നു. ശരിക്കും മൂല്യവർധന കിട്ടാവുന്ന ഓഹരികൾ അവർ കൈയടക്കും. തന്മൂലം നാടൻ നിക്ഷേപകർക്ക് രണ്ടാം നിര ഓഹരികളേ കിട്ടുന്നുള്ളൂ. മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും അമിത വളർച്ച കാണിക്കുന്നത് അങ്ങനെയാണ്‌. ഇൻഫോസിസ് കിട്ടാനില്ലെങ്കിൽ ടാറ്റാ എൽക്സി മതിയെന്നു പറയും പോലെ'.

ഒ.ചന്തുമേനോൻ്റെ ഇന്ദുലേഖ എന്ന നോവലിൽ വിടനായ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയില്ലെങ്കിൽ വേലക്കാരി ആയാലും മതി എന്നു പറഞ്ഞതുപോലെ.

* * * * * * * *


ക്രൂഡ്, സ്വർണം താഴാേട്ട്


കോവിഡ് ആശങ്ക ആഗോള വളർച്ചയെ ബാധിക്കുമെന്ന നിഗമനം ക്രൂഡ് ഓയിൽ വിലയെ താഴോട്ടു വലിക്കുന്നു. വളർച്ച കുറഞ്ഞാൽ ക്രൂഡ് ഡിമാൻഡ് കുറയും എന്നതാണു കാരണം.

ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയക്ക് 49.72 ഡോളറിലാണ് ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ. ഡബ്ള്യു ടി ഐ ഇനം 46.64 ഡോളറിലേക്കു താണു.

സ്വർണം ഔൺസിന് 1859 ഡോളർ വരെ ചൊവ്വാഴ്ച താണു. ഇന്നു രാവിലെ 1867 ഡോളറിലാണ്.

* * * * * * * *


ഷിപ്പിംഗ് കോർപറേഷൻ വിൽപനയ്ക്ക്



ഷിപ്പിംഗ് കോർപറേഷൻ (എസ് സി ഐ) വിൽക്കാൻ കേന്ദ്രം നടപടി തുടങ്ങി. കഴിഞ്ഞ വർഷം 347.5 കോടി രൂപ അറ്റാദായമുണ്ടാക്കിയതാണ് 1961-ൽ ആരംഭിച്ച ഈ പൊതുമേഖലാ സ്ഥാപനം. 13 എണ്ണക്കപ്പലുകളും രണ്ടു കണ്ടെയ്നർ കപ്പലുകളും അടക്കം 59 കപ്പലുകൾ ഉണ്ട്. ഗവണ്മെൻ്റിൻ്റെ കൈയിലുള്ള 63.75 ശതമാനം ഓഹരിയാണു വിൽക്കുക. ബാക്കി മ്യൂച്വൽ ഫണ്ടുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പക്കലാണ്.

എയർ ഇന്ത്യ വിൽപന ഈ ധനകാര്യ വർഷം നടക്കാനിടയില്ല. ഷിപ്പിംഗ് കോർപറേഷൻ വിൽപനയും അടുത്ത ധനകാര്യ വർഷമേ നടക്കൂ.

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റ് 90,000 കോടിയും മറ്റു സ്ഥാപനങ്ങൾ വിറ്റ് 1.2 ലക്ഷം കോടിയും അടക്കം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണു കേന്ദ്രം ഈ വർഷം ലക്ഷ്യമിട്ടിട്ടുള്ളത്. മുൻ വർഷങ്ങളിൽ ലക്ഷ്യമിട്ട വിൽപന നടന്നിട്ടില്ല. ഇക്കൊല്ലവും ലക്ഷ്യം നടക്കുമെന്ന് ഉറപ്പില്ല

ബിപിസിഎൽ വിൽപനയ്ക്കുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഭാരത് എർത്ത് മൂവേഴ്സ്, കണ്ടെയ്നർ കോർപറേഷൻ എന്നിവയുടെ വിൽപനനടപടി സാവധാനമാണു പുരോഗമിക്കുന്നത്.

* * * * * * * *

ജീവിതം മാറുന്നു, വ്യാപാരവും


കോവിഡ് മഹാമാരി ജീവിതരീതിയിലും കാഴ്ചപ്പാടിലുമൊക്കെ വരുത്തിയ മാറ്റം വളരെ വലുതാണ്. പല മാറ്റങ്ങളും സ്ഥായിയാണെന്നും പറയാനാകും. വാക്സിനേഷൻ വ്യാപകമായാലോ രോഗഭീതി നീങ്ങിയെന്നു വന്നാലോ മാറാത്ത ശീലമാറ്റങ്ങൾ പലതുണ്ടായി.

യാത്ര, സ്പർശനം തുടങ്ങിയവ സംബന്ധിച്ചുള്ള കാഴ്ചപ്പാടിലെ മാറ്റം വളരെ വലുതാണ്. പൊതുഗതാഗതത്തെ ബഹുഭൂരിപക്ഷവും ആശങ്കയോടെ കാണുന്നു. ചെലവ്, വഴിയിലെ തിരക്ക്, പാർക്കിംഗ് പ്രശ്നം തുടങ്ങിയ നിരവധി കാരണങ്ങളാൽ പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്ന ഭൂരിപക്ഷം ഇപ്പാേൾ ആ നിലപാട് മാറ്റി. സ്വകാര്യ വാഹന ഉപയോഗം കൂടി.

ഹസ്തദാനം അടക്കം ദേഹത്തു സ്പർശിച്ചുള്ള ഇടപെടലുകളിൽ നിന്ന് ആൾക്കാർ മാറി.

വീടിനു പുറത്തു പോയി വന്നാൽ കൈയും മുഖവും കഴുകുന്നതും വസ്ത്രം മാറുന്നതും ആദ്യ ചടങ്ങായി. വീട്ടിലെ കുട്ടികളെ ലാളിക്കുന്നതും രോഗികളെ കാണുന്നതുമൊക്കെ പിന്നെ മതിയെന്നായി.

ഇത്തരം മാറ്റങ്ങൾ മുഴുവൻ സ്ഥായിയായില്ലെന്നു വരാം.എങ്കിലും നല്ലൊരു ഭാഗം ജനങ്ങൾ ഇങ്ങനെ ജീവിത ശൈലി മാറ്റിയെന്നതു വസ്തുത.

ഇതേ പോലെ വ്യാപാര രീതിയിലും മാറ്റം വരികയാണ്. ആധുനിക റീട്ടെയിൽ ശൃംഖലകളേക്കാൾ വേഗത്തിൽ ഓൺലൈൻ റീട്ടെയിലും ഇ-കൊമേഴ്സും വളരുന്നത് അതിൻ്റെ ഫലമാണ്. വലിയ മാർക്കറ്റിംഗ് പരിശ്രമങ്ങൾ കൂടാതെ ഓൺലൈൻ വ്യാപാരത്തിനു ഗ്രാമങ്ങളിലേക്കു കൂടി വളരാൻ കഴിഞ്ഞു. പല കടകളിൽ കയറി സാധനങ്ങൾ നോക്കിക്കണ്ട് വാങ്ങുന്ന രീതി കോവിഡ് കാലത്തു പ്രായോഗികമല്ലാതായല്ലോ. അപ്പോഴാണ് ഓൺലൈൻ വ്യാപാരം പകരക്കാരനായി രംഗത്തുവന്നത്. ഇപ്പോൾ അത് ഉപ്പുതൊട്ടു കർപ്പൂരം വരെ എല്ലാ ഇനങ്ങൾക്കും സൗകര്യപ്രദമായ വ്യാപാരമാധ്യമമായി മാറി.

ആരോഗ്യസുരക്ഷ, സമയ ലാഭം, സാമ്പത്തിക ലാഭം, വീട്ടിൽ ഉൽപന്നം കിട്ടുന്നു എന്ന സൗകര്യം: ഈ നാലു നേട്ടങ്ങൾ ഓൺലൈൻ വ്യാപാരത്തിലേക്കു ചുവടു മാറ്റിയ ജനത്തെ അതിൽ തുടരാൻ പ്രേരിപ്പിക്കും.

* * * * * * * *


അംബാനി കണ്ട വ്യാപാര വിപ്ലവം


ഇതു മോഡേൺ റീട്ടെയിലിലും മാറ്റം വരുത്തി. റിലയൻസാണ് അത് ആദ്യം ഉൾക്കൊണ്ടത്. അവരും ഓൺലൈൻ ഓർഡർ സ്വീകരിച്ച് ഹോം ഡെലിവറി തുടങ്ങി. ഭക്ഷണവും പലചരക്കും മാത്രമല്ല വസ്ത്രങ്ങൾ വരെ ഹോം ഡെലിവറിയിൽ പെടുത്തി. പ്രാദേശിക സ്റ്റോറുകളിൽ നിന്നു ഡെലിവറി എന്നു കൂടിയായപ്പോൾ ഫ്ലിപ്കാർട്ടിനും ആമസോണിനും സാധിക്കുന്നതിനു മുമ്പേ ഡെലിവറി നടത്താനും അവർക്കു കഴിയുന്നു. മിക്ക സാധനങ്ങളും ഓർഡർ ചെയ്യുന്ന ദിവസം തന്നെ കിട്ടുന്ന അവസ്ഥയായി.

ഓൺലൈനിനോടു മത്സരിക്കാൻ ചെറിയ സൂപ്പർ മാർക്കറ്റുകളും ഹോം ഡെലിവറി ഓഫർ ചെയ്യുന്നു.

ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്സ് സ്ഥാപനങ്ങൾ പായ്ക്കിംഗിനും കൊറിയർ കമ്മീഷനും വേണ്ടി വലിയ തുക ചെലവാക്കേണ്ടി വരുന്നു. പ്രാദേശിക സ്റ്റോറുകളിൽ നിന്നു ഹോം ഡെലിവറി നടത്തുന്ന റിലയൻസിന് പായ്ക്കിംഗ് ചാർജ് ലാഭം. ഉപയോക്താവിന് ഉൽപ്പന്നം അന്നന്നു കിട്ടുന്നു എന്ന നേട്ടവും.

ലോക്കലും ഗ്ലോബലും ചേർത്തു ഗ്ലോക്കൽ എന്ന പദം കുറേക്കാലമായി പറയാറുണ്ട്. മോഡേൺ റീട്ടെയിലിൻ്റെ ശൃംഖല ഉപയോഗിച്ച് ഇ കൊമേഴ്സ് നടത്തി മുകേഷ് അംബാനി പുതിയ വ്യാപാര സംസ്കാരം വളർത്തുകയാണ്. ഒരേ സമയം ആമസോണിനും നാട്ടിൻ പുറത്തെ പച്ചക്കറിക്കാരനും ഭീഷണിയാകുകയാണു പ്രാദേശിക സ്‌റ്റോറുകളിൽ ഓൺലൈൻ ഓർഡർ സ്വീകരിച്ചുള്ള ഹോം ഡെലിവറി.

* * * * * * * *


ഇന്നത്തെ വാക്ക് : ഇ ഒ ഐ



എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് അഥവാ താൽപര്യപത്രം. ഏതെങ്കിലും കമ്പനിയോ ആസ്തിയോ വിൽക്കുന്നതിനോ പദ്ധതി തുടങ്ങുന്നതിനോ മുമ്പായി അവയിൽ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കും. താൽപര്യപത്രം നൽകുന്നവരിൽ യോഗ്യരായവർക്ക് കമ്പനിയോ പദ്ധതിയോ സംബന്ധിച്ച വിശദാംശങ്ങളും കണക്കുകളും പരിശാേധിക്കാൻ അവസരം ലഭിക്കും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it