Top

ജിഎസ്ടിയിലെ മാറ്റങ്ങൾ വ്യാപാരികൾക്കു ദോഷം ; ആലിബാബയ്‌ക്കെതിരേ ചൈന വീണ്ടും, വൈറസിലും ശക്തം വിദേശ പണമൊഴുക്ക്

ചരക്കു-സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തുമ്പാേൾ പറഞ്ഞിരുന്നതും പ്രതീക്ഷിച്ചതുമായ കാര്യങ്ങൾ പലതും മാറി വരികയാണ്. കട പരിശോധന പുനരാരംഭിക്കുന്നു; നികുതിയടവിനു വ്യാപാരിക്കു കിട്ടാനുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ചാൽ പോരാ, ഒരു ശതമാനം തുക പണമായി അടയ്ക്കണം എന്നൊക്കെയുള്ള മാറ്റങ്ങൾ കഴിഞ്ഞ ദിവസം ജിഎസ്ടി കൗൺസിൽ വിജ്ഞാപനം ചെയ്തു.

കറൻസി ഉപയോഗം കള്ളപ്പണം വർധിപ്പിക്കുമെന്നു പറഞ്ഞാണു 2016 നവംബറിൽ വലിയ തുകയുടെ കറൻസികൾ റദ്ദാക്കിയത്. ഇടപാടുകൾ പരമാവധി ഡിജിറ്റലാകും എന്നതു ജിഎസ്ടിയുടെ മേന്മയായും പറയപ്പെട്ടു. ഇപ്പോൾ 50 ലക്ഷം രൂപയ്ക്കു മുകളിൽ പ്രതിമാസ വ്യാപാരമുള്ളവർ നികുതിയുടെ ഒരു ശതമാനം പണമായി അടയക്കണമെന്നു പറയുന്നത് തട്ടിപ്പ് തടയാനാണത്രെ. വ്യാജ ഇൻവോയിസ് ഉണ്ടാക്കി ഇല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെട്ട് സർക്കാരിനെ പറ്റിക്കുന്നതു തടയാനാണത്രെ ഇത്. വ്യാജ ഇൻവോയിസ് കണ്ടുപിടിക്കുന്നതിനു പകരം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനെന്ന ചോദ്യം ഉയരുന്നു.

കടപരിശോധന വ്യാപാര മേഖലയിൽ എന്നും സംഘർഷത്തിനാണു വഴി തെളിച്ചിട്ടുള്ളത്. വ്യാപാരിക്ക് വ്യാപാര നഷ്ടവും നാണക്കേടും ആണു കടപരിശോധനയുടെ ഫലം. മിക്കപ്പോഴും ഉദ്യാേഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പകപോക്കലും ഭീഷണിപ്പെടുത്തലുമാണ് കട പരിശോധന. രജിസ്ട്രേഷൻ നൽകാൻ കട പരിശോധന നിർബന്ധമാക്കുന്നത് കട പരിശോധന ശീലമാക്കുന്നതിൻ്റെ തുടക്കമായി വേണം കാണാൻ. ഇതു പുനരാരംഭിക്കുക എന്നത് വ്യാപാര മേഖലയിൽ അഴിമതി വളർത്താനുള്ള ഒറ്റമൂലിയായി മാറും.

ജിഎസ്ടി രജിസ്ട്രേഷനും ആധാറും ബന്ധിപ്പിക്കുന്നതിനു ബയോമെട്രിക് പരിശോധനയും ഏർപ്പെടുത്തുന്നുണ്ട്.

ഇ-വേ ബില്ലുകളുടെ സാധുത 400 കിലോമീറ്റർ ദൂരത്തിനു നാലു ദിവസം എന്നത് രണ്ടു ദിവസമായി കുറയ്ക്കാനും തീരുമാനമുണ്ട്.

* * * * * * * *

വൈറസിലും ശക്തം വിദേശ പണമൊഴുക്ക്


പുതിയ കോവിഡ് വൈറസ് അല്ല, വിദേശ പണമാണു വിപണിയെ നയിക്കുന്നതെന്നു വീണ്ടും തെളിഞ്ഞു. തിങ്കളാഴ്ച മൂന്നു ശതമാനം ഇടിഞ്ഞ വിപണി രണ്ടു ദിവസം കൊണ്ട് രണ്ടു ശതമാനം തിരിച്ചു കയറി. ബുൾ തരംഗം നിലനിൽക്കുന്നത് നിർത്തില്ലാത്ത പണപ്രവാഹത്തിലാണെന്നും പണം വരവ് പെട്ടെന്നു നിലയ്ക്കില്ലെന്നും ഈ ദിവസങ്ങൾ വീണ്ടും ഓർമിപ്പിച്ചു.

അമേരിക്കൻ, യൂറോപ്യൻ ഓഹരികളും ഇന്നലെ കയറി. ഇന്നു രാവിലെ ഏഷ്യൻ ഓഹരികളും നേട്ടത്തിലാണ്.


* * * * * * * *


വളർച്ച കൂടും, ക്രൂഡ് ഉയരുന്


അമേരിക്കയിലും ക്രൂഡ് ഓയിൽ ശേഖരം വർധിച്ചെന്നു റിപ്പോർട്ട് വന്നെങ്കിലും ക്രൂഡ് വില കൂടുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 51 ഡോളറിനു മുകളിൽ കയറി. നാലു ശതമാനം വിലയാണ് ഒറ്റ ദിവസം കൊണ്ടു കയറിയത്. ചൈനയിലടക്കം വ്യാവസായിക വളർച്ച കൂടുമെന്ന നിഗമനങ്ങൾ ക്രൂഡിനു സഹായകമായി.

ഇതോടൊപ്പം ഡോളർ കൂടുതൽ ദുർബലമായി. ഡോളർ സൂചിക 90.25 ലേക്കു താണു.

സ്വർണം വീണ്ടും കയറ്റത്തിലായി. ഇന്നു രാവിലെ ഔൺസിന് 1875 ഡോളറിലാണു സ്വർണ വില

* * * * * * * *


ആലിബാബയ്ക്കതിരേ വീണ്ടും ചൈന; മായെ ഒതുക്കാൻ ഷി


ചൈനയിൽ തന്നെ വിമർശിച്ചും എതിർത്തും വളരാൻ ആരെയും അനുവദിക്കില്ലെന്ന് പ്രസിഡൻ്റ് ഷി ചിൻപിങ് വീണ്ടും തെളിയിക്കുന്നു. ജായ്ക്ക് മായുടെ ടെക്നോളജി ഗ്രൂപ്പ് ആലിബാബയ്ക്കെതിരേ ചൈന പുതിയ അന്വേഷണം പ്രഖ്യാപിച്ചു. ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ കുത്തകയായെന്നാണ് ആരോപണം.

മായുടെ ബാങ്കിംഗ് കമ്പനി മിൻ്റിൻ്റെ ഐപിഒ അട്ടിമറിച്ചതിനു പിന്നാലെയാണിത്. തൻ്റെ അധികാരത്തെ പരോക്ഷമായി വിമർശിച്ച ജായ്ക്ക് മായെ ഷി എത്ര മാത്രം ഒതുക്കും എന്നെ കാണാനുള്ളു. മിഖായൽ ഖോഡോർകോവ്സ്കി, റോമൻ അബ്രാമോവിച്ച് തുടങ്ങിയ അതിസമ്പന്നരെ റഷ്യൻ ഏകാധിപതി വ്ലാദിമിർ പുടിൻ ഒതുക്കിയ കഥ ഇവടെ ഓർക്കാനാവും.

* * * * * * * *

ഐടി കമ്പനികൾക്കു പുതിയ കരാറുകൾ


ഇൻഫോസിസും വിപ്രാേയും പുതിയ ബില്യൻ ഡോളർ കരാറുകൾ നേടിയത് ഇന്നലെ വിപണികളെ സന്തോഷിപ്പിച്ചു. ഇൻഫോസിസ് ജർമനിയിലെ ഡയംലർ എ ജി യിൽ നിന്നു 320 കോടി ഡോളറിൻ്റെ കരാർ നേടി. വിപ്രോയക്ക് മെട്രോ എ ജിയുടെ 100 കോടി ഡോളറിൻ്റെ കരാർ കിട്ടി.

ഇന്ത്യൻ ഐടി കമ്പനികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ കരാറുകൾ

* * * * * * * *


പുതിയ വരിക്കാരുടെ എണ്ണത്തിൽ എയർടെൽ ഒന്നാമത്


പുതിയ വരിക്കാരെ ചേർക്കുന്നതിൽ റിലയൻസ് ജിയോയെ വീണ്ടും പിന്തള്ളി ഭാരതി എയർടെൽ. ഒക്ടോബറിൽ എയർടെൽ 37 ലക്ഷം പേരെ നെറ്റ് വർക്കിൽ ചേർത്തപ്പോൾ ജിയോയ്ക്ക് 22 ലക്ഷം പേരെയേ ചേർക്കാനായുള്ളു. തലേമാസവും പുതിയ വരിക്കാരുടെ എണ്ണത്തിൽ എയർടെലായിരുന്നു ഒന്നാമത് എന്നു ട്രായിയുടെ കണക്കു കാണിക്കുന്നു.

ഈ വമ്പന്മാരുടെ പോരിനിടയിൽ വോഡഫോൺ ഐഡിയ വീണ്ടും ചെറുതായി അവർക്ക് ഒക്ടോബറിൽ 27 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.

ജിയോയ്ക്ക് ഇപ്പോൾ 40.64 കോടി വരിക്കാരുണ്ട്. എയർടെലിന് 33.03 കോടി. വോഡഫോൺ ഐഡിയയ്ക്കു 29.3 കോടി.


* * * * * * * *

വായ്പയ്ക്കു മൊബൈൽ ആപ്പ്; സൂക്ഷിക്കുക


ഒന്നു ഞെക്കിയാൽ മതി, പണം നിങ്ങളുടെ അക്കൗണ്ടിലെത്തും....
പണം അത്യാവശ്യമോ, ഞങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യൂ; യാതൊരു ഈടുമില്ലാതെ വായ്പ റെഡി....

ഇത്തരം ഓഫറുകളുമായി എത്തുന്ന സന്ദേശങ്ങൾക്കു പിന്നാലെ പോകുന്നത് അപകടത്തിലേക്കുള്ള യാത്രയാണ്.

യാതൊരു നൈയാമിക അംഗീകാരവും നിയന്ത്രണവും ഇല്ലാത്തവയാണു മൊബൈലും ഇൻ്റർനെറ്റും സമൂഹമാധ്യമങ്ങളും വഴി ''ഈസി വായ്പ" ഓഫർ ചെയ്യുന്ന പ്രസ്ഥാനങ്ങൾ. പലിശ അമിതം. പ്രതിദിനം 0.1 ശതമാനം പലിശ എന്നാകും പറയുക. അതിനർഥം 36 ശതമാനം വാർഷിക പലിശ എന്നാണ്.

കൊള്ളപ്പലിശയ്ക്ക് പുറമെ ആദ്യം പറയാത്ത പല ചാർജുകളും ഫീസുകളും ഉണ്ട്.

ഒരു ഗഡു മുടങ്ങിയാൽ മതി ഇവരുടെ വിശ്വരൂപം കാണാം. നമ്മുടെ മൊബൈലിലെ കോൾ ലിസ്റ്റിൽ ഉള്ള മിത്രങ്ങളെയെല്ലാം നമ്മുടെ കുടിശികക്കാര്യം അറിയിച്ചു നാറ്റിക്കും. തുടർന്നു പണം പിരിക്കാൻ ഗുണ്ടകളെ അയയ്ക്കാനും ഇക്കൂട്ടർ മടിക്കില്ല.

തെലങ്കാനയിൽ ഇക്കൂട്ടരുടെ "പീഡന " ത്തെ തുടർന്ന് രണ്ടു പേർ ആത്മഹത്യ ചെയ്ത തായി റിപ്പോർട്ടുണ്ട്. പിന്നീടു തെലങ്കാന പോലീസ് ഹൈദരാബാദിലും ഗുരു ഗ്രാമിലും നിന്ന് 19 പേരെ കസ്റ്റഡിയിലെടുത്തു. ഇത്തരം വായ്പാ സംഘങ്ങൾക്കു ചൈനീസ് ബന്ധമുള്ളതായ സംശയത്തെ തുടർന്ന് കേസന്വേഷണത്തിൽ എൻഐഎ യും ഇഡിയും ബന്ധപ്പെട്ടിട്ടുണ്ട്.

അനധികൃത വായ്പാ ദാതാക്കളുടെ ചതിയിൽ പെടരുതെന്നു റിസർവ് ബാങ്ക് ഇന്നലെ മുന്നറിയിപ്പ് നൽകി.

* * * * * * * *

നികുതികേസിൽ വീണ്ടും സർക്കാരിനു തോൽവി


മുൻകാല പ്രാബല്യത്തോടെ നിയമം ഭേദഗതി ചെയ്തു നികുതി ചുമത്തിയ കേസുകളിൽ ഇന്ത്യക്കു തുടർച്ചയായ പരാജയം. ഏതാനും മാസം മുൻപ് വോഡഫോണുമായുള്ള നികുതി തർക്കത്തിൽ അന്താരാഷ്ട്ര ആർബിടേഷൻ ട്രൈബ്യൂണൽ ഇന്ത്യക്കെതിരായി വിധിച്ചു. ഇപ്പോഴിതാ കയേൺ ഇന്ത്യക്കെതിരായ നികുതി കാര്യത്തിലും ഇന്ത്യക്കെതിരേ വിധി വന്നു.

രണ്ടു കേസിലും വിഷയം ഒന്നു തന്നെയാണ്. വിദേശകമ്പനിയുടെ ഉടമസ്ഥത കൈമാറുമ്പോൾ ഇന്ത്യൻ സബ്സിഡിയറിയുടെ ആസ്തികൾക്കു വില കണക്കാക്കിയാണല്ലോ കൈമാറ്റം. ആ നിലയ്ക്കു കൈമാറ്റത്തിൽ ഉണ്ടാകുന്ന മൂലധനലാഭത്തിന് ഇവിടെ നികുതി നൽകണ്ടേ? ഗവണ്മെൻ്റ് പറയുന്നു നികുതി വേണമെന്ന്.

കമ്പനികൾ പറയുന്നു, തങ്ങൾ ഓഹരി കൈമാറ്റമാണു നടത്തിയത്. അതു വിദേശത്തുമാണ്. അതിനാൽ നികുതി ബാധ്യത ഇല്ല എന്ന് അവർ വാദിക്കുന്നു.

ഇന്ത്യയിലെ ആസ്തി മാത്രം ആസ്തിയായുള്ള കമ്പനി കൈമാറുമ്പോൾ ഇവിടത്തെ ആസ്തി കൈമാറിയതായാണ് കണക്കാക്കേണ്ടതെന്നും അതിനാൽ നികുതി ബാധ്യത ഉണ്ടെന്നും സർക്കാർ വാദിച്ചു.

ഹോങ്കോംഗിലെ ഹച്ചിസൺ കമ്പനി ഇന്ത്യയിലെ ബിസിനസ് ബ്രിട്ടീഷ് കമ്പനി വോഡഫോണിനു വിറ്റതിലാണ് ആദ്യ കേസ്. 20,000 കോടി രൂപയാണ് ഇന്ത്യ വോഡഫോണിനോട് ആവശ്യപ്പെട്ടത്.

പെടോളിയം പര്യവേക്ഷ ണ - ഖനന കമ്പനിയായ കയേൺ ഇന്ത്യയെ ഇംഗ്ലണ്ടിലെ മാതൃ കമ്പനി ഇംഗ്ലണ്ടിലെ വേദാന്ത ഗ്രൂപ്പിനു കൈമാറിയതിലാണ് അടുത്ത കേസ്. 8000 കോടി രൂപ നികുതിയായി ആവശ്യപ്പെട്ടു. ഇതിനായി ഓഹരികൾ പിടിച്ചെടുത്തു വിറ്റു.

വോഡഫോൺ കേസിൽ അപ്പീൽ പോകാൻ ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.. കയേൺ കേസ് വിധി അറിഞ്ഞിട്ടു തീരുമാനിക്കാൻ കാത്തിരിക്കുകയായിരുന്നു. വിധി എതിരായ നിലയ്ക്ക് അപ്പീൽ നീക്കത്തിൽ നിന്നു പിന്മാറുമോ എന്നറിവായിട്ടില്ല.

ഇന്നലെ ഓഹരി വിപണിയുടെ പ്രതികരണം സർക്കാർ അപ്പീലിനു പോകില്ലെന്ന പ്രതീക്ഷ ഉള്ളതുപോലെയാണ്. വോഡഫോൺ ഐഡിയ ഓഹരി 13.6 ശതമാനം വില കൂടി 10.36 രൂപയിലെത്തി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it