ബ്രെക്‌സിറ്റില്‍ നേട്ടം ആര്‍ക്ക്? ആലിബാബയെ വെട്ടിമുറിക്കുമോ? ചെറുകിട നിക്ഷേപകര്‍ സൂക്ഷിക്കുക

അമേരിക്കന്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നു പുതിയ റിക്കാര്‍ഡ് കുറിച്ചതിന്റെ ആവേശം ഇന്നു രാവിലെ ഏഷ്യന്‍ ഓഹരി വിപണികളില്‍ അത്യുത്സാഹമായി മാറും. ബ്രെക്‌സിറ്റ് കരാറും സന്തോഷം പകരും. ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും കുതിച്ചു കയറുന്നതാണു തിങ്കളാഴ്ച കണ്ടത്. വിദേശ ഫണ്ടുകള്‍ ആവേശം ചോരാതെ വര്‍ഷാന്ത്യത്തിലും നിക്ഷേപകരായി ഉണ്ട്. വീണ്ടും റിക്കാര്‍ഡ് കുറിക്കാന്‍ സൂചികകള്‍ ഇന്നും ശ്രമിക്കും.

നിഫ്റ്റി 14,000ലേക്കു കയറാന്‍ ഇന്നു ശ്രമിക്കും. സെന്‍സെക്‌സ് ഇന്നലെ ആദ്യമായി 47,000നു മുകളില്‍ ക്ലോസ് ചെയ്തു.


* * * * * * * *


കരുതല്‍ കൂട്ടുകഓഹരി വിലകള്‍ പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാന (ഇപിഎസ്) ത്തിന്റെ എത്ര മടങ്ങാണ് എന്നു പോലും നോക്കാതെയാണു നിക്ഷേപകര്‍ പണമിറക്കുന്നത്. കമ്പനിയുടെ ലാഭമല്ല, വിപണിയിലെ പണലഭ്യതയാണ് എല്ലാം എന്ന മനോഭാവമാണ് എല്ലാവര്‍ക്കും. ഊഹക്കച്ചവടത്തിന്റെ മൂര്‍ധന്യമാണിത്. കരുതലോടെ മാത്രം ചെറുകിട നിക്ഷേപകര്‍ നീങ്ങണമെന്നു ചുരുക്കം.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് തിങ്കളാഴ്ച മങ്ങലേറ്റു. 1897 ഡോളര്‍ വരെ കയറിയ സ്വര്‍ണം പിന്നീട് 1870ലേക്കു താണു. ഇന്നു രാവലെ 1879 ഡോളറിലാണു വ്യാപാരം.

ക്രൂഡ് ഓയിലിനും ചെറിയ താഴ്ചയുണ്ടായി. ബ്രെന്റ് ഇനം 52 ഡോളറിനടുത്തു ചെന്ന ശേഷം 51.1 ഡോളറിലേക്കു താണു.

ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്കു നിയന്ത്രണം വരുമെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് വില ഉയരുകയാണ്. 28,000 ഡോളര്‍ കയറിയ ശേഷം താഴോട്ടു പോയ വില ഇന്നു രാവിലെ 26,750 ഡോളറിലാണ്. ഇന്ത്യയില്‍ ബിറ്റ് കോയിന്‍ വ്യാപാരത്തിനു 18 ശതമാനം ജി എസ് ടി ചുമത്തുമെന്ന റിപ്പോര്‍ട്ട് ആരും സ്ഥിരീകരിച്ചിട്ടില്ല. നികുതി ചുമത്തണമെങ്കില്‍ വ്യാപാരം നിയമവിധേയമാക്കണം. അതിനു തടസങ്ങള്‍ പലതുണ്ട്.

* * * * * * * *


ബ്രെക്‌സിറ്റില്‍ ആശ്വാസം, നേട്ടംനാലു വര്‍ഷത്തെ അനിശ്ചിതത്വത്തിനു വിരാമമിട്ടാണ് ബ്രെക്‌സിറ്റ് കരാര്‍ ഉണ്ടായത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു മാറുന്നത് അധിക കസ്റ്റംസ് ഡ്യൂട്ടി ചുമത്താന്‍ കാരണമാകുകയില്ല എന്നതാണു സുപ്രധാന കാര്യം. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പ്രതിവര്‍ഷം 90,000 കോടി ഡോളറിന്റെ ചരക്കു വ്യാപാരമാണുള്ളത്. അത് ഇന്നത്തേതു പോലെ ചുങ്കമില്ലാതെ തുടരും.

നിരവധി ഇന്ത്യന്‍ കമ്പനി കള്‍ക്ക് ആശ്വാസമാണ് ഈ ധാരണ. യൂറോപ്പില്‍ നിന്നു വലിയ വരുമാനമുള്ള ടാറ്റാ സ്റ്റീല്‍ (വിറ്റുവരവിന്റെ 55 ശതമാനം), ടാറ്റാ മോട്ടോഴ്‌സ് (33 ശതമാനം), ടയര്‍ നിര്‍മാതാക്കളായ ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് (49 ശതമാനം), സുവേന്‍ ഫാര്‍മ (79 ശതമാനം), മാസ് ടെക് (72 ശതമാനം), ടാറ്റാ എല്‍ക്‌സി (41 ശതമാനം), ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍ (38 ശതമാനം), അരബിന്ദോ ഫാര്‍മ (26 ശതമാനം), മദര്‍സണ്‍ സുമി (27 ശതമാനം) തുടങ്ങിയ കമ്പനികള്‍ക്കു കരാര്‍ ആശ്വാസവും നേട്ടവുമാണ്.

* * * * * * * *


ആലിബാബയെ മുറിക്കുമോ?ചൈനീസ് ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബ ഗ്രൂപ്പിനെതിരായ നടപടികള്‍ പല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആലിബാബ മേധാവി ജാക്ക്മാ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ അപ്രീതിക്കു വിഷയമായതാണ് ആലിബാബയുടെ പ്രശ്‌നം.

മായുടെ ഓണ്‍ലൈന്‍ പേമെന്റ് ബാങ്ക് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ ആന്റ് നവംബറില്‍ 3500 കോടി ഡോളറിന്റെ ഐപിഒ കാന്‍സല്‍ ചെയ്യേണ്ടി വന്നു. ചൈനീസ് ബാങ്കിംഗ് റെഗുലേറ്റര്‍മാര്‍ വെറും പണയ ഇടപാടുകാരെപ്പോലെയാണു പെരുമാറുന്നതെന്നു മാ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഐപിഒ ഉപേക്ഷിക്കേണ്ടി വന്നത്. ചൈനീസ് കേന്ദ്ര ബാങ്ക് ഇടപെട്ടതു മൂലമാണത്. ഇപ്പോള്‍ ആന്റ് വെറും പേമെന്റ് കമ്പനിയായി ചുരുങ്ങാന്‍ കേന്ദ്ര ബാങ്ക് ഉത്തരവിട്ടിരിക്കുന്നു.

ഇപ്പോള്‍ ആലിബാബയ്‌ക്കെതിരേ കുത്തക നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം നടപടി തുടങ്ങി. ആലിബാബയുടെ ഓഹരി വില തിങ്കളാഴ്ച എട്ടു ശതമാനം ഇടിഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര സേവന രംഗത്ത് ആലിബാബയുടെ എതിരാളികളായ ടെന്‍സെന്റ്, മെയ്ടുവാന്‍, ജെഡി.കോം തുടങ്ങിയവയ്ക്കു ശരാശരി ആറു ശതമാനം വീതം വിലയിടിഞ്ഞു. മൊത്തം 20,000 കോടി ഡോളറിന്റെ നഷ്ടം.

ആലിബാബ ഗ്രൂപ്പിനെ പലതായി മുറിക്കാന്‍ ചൈനീസ് ഭരണകൂടം നിര്‍ദേശിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ടെന്‍സെന്റിനും പ്രശ്‌നമാകും.

ചൈനീസ് നീക്കം ഇന്റര്‍നെറ്റ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തെ ആഗോള ഭീമന്മാരും ആശങ്കയോടെയാണു കാണുന്നത്. ഡിജിറ്റല്‍ രംഗത്തു കുത്തകകള്‍ക്കെതിരേ ഉയരുന്ന ശബ്ദങ്ങള്‍ കൂടുതല്‍ പ്രബലമാകും. അമേരിക്കയില്‍ ട്രംപ് ഭരണകൂടം മറ്റു കാരണങ്ങളാല്‍ ടെക് ഭീമന്മാര്‍ക്കെതിരേ തുടങ്ങി വച്ച നിയമയുദ്ധം ചൈനയില്‍ നിന്ന് ആവേശം നേടും.

ചൈന എത്ര മാറിയാലും പാര്‍ട്ടി സര്‍വാധിപത്യത്തിനു വഴിപ്പെടാത്ത ഒന്നിനെയും വളര്‍ത്തില്ല എന്നും ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

ആലിബാബയ്ക്കും മറ്റുമെതിരായ നീക്കങ്ങള്‍ ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും നിരവധി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രശ്‌നമാകും. ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആലിബാബയും മറ്റുമാണു പ്രൊമോട്ടര്‍മാര്‍.

* * * * * * * *


3ഐ നല്‍കുന്ന പാഠംകടക്കെണിയില്‍ കുടുങ്ങിയ 3ഐ ഇന്‍ഫോടെക്കിന്റെ സോഫ്റ്റ് വേര്‍ ബിസിനസ് െ്രെപവറ്റ് ഇക്വിറ്റി സ്ഥാപനമായ അപാക്‌സ് പാര്‍ട്‌നേഴ്‌സ് വാങ്ങുന്നു. ആയിരം കോടി രൂപയ്ക്കാണു കൈമാറ്റം.

ഐസിഐസിഐ ബാങ്കില്‍ നിന്നു മുറിച്ചെടുത്തു പ്രത്യേക കമ്പനിയാക്കപ്പെട്ടതാണ് 3 ഐ ഇന്‍ഫോടെക്. ഇന്നലെ വെറും 5.65 രൂപയാണ് ഇതിന്റെ ഓഹരി വില. വിപണി മൂല്യം 908 കോടി രൂപ.

പ്രതിവര്‍ഷം 450 കോടി രൂപയുടെ വരുമാനമാണു സോഫ്റ്റ്‌വെയര്‍ വിഭാഗത്തിനുള്ളത്. ഇതു പ്രത്യേക കമ്പനിയാക്കി അപാക്‌സിനു നല്‍കും. 750 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഐടി സേവന വിഭാഗം കമ്പനിയില്‍ തുടരും.

ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഫണ്ട് മാനേജ്‌മെന്റ് മേഖലകളിലാണു സോഫ്റ്റ് വേര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. പശ്ചിമേഷ്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണു സോഫ്റ്റ് വേര്‍ ബിസിനസിന്റെ സിംഹഭാഗവും.

കമ്പനിയുടെ 800 കോടിയില്‍പരം രൂപയുടെ കടഭാരം ഒഴിവാക്കാന്‍ വില്‍പന സഹായിക്കും.

ഒരു ദശകം മുമ്പ് വേണ്ടത്ര ആലോചനയില്ലാതെ ചില ചെറുകമ്പനികളെ ഏറ്റെടുക്കാന്‍ കടമെടുത്താണു 3ഐ കുഴപ്പത്തിലായത്. ഏറ്റെടുക്കലുകള്‍ നഷ്ടമായി. കടം ഭീമമായി. ഒരവസരത്തില്‍ കടങ്ങള്‍ പുനര്‍ ക്രമീകരിക്കേണ്ടിയും വന്നു.

നിലവിലെ ബിസിനസിനോട് ഒത്തു പോകുമോ എന്നു വിലയിരുത്താതെയും ശരിയായ മൂല്യനിര്‍ണയം നടത്താതെയും ഏറ്റെടുക്കുകള്‍ക്കു പോകുന്നവര്‍ നേരിടുന്ന ദുരിതം തന്നെയാണു 3 ഐ അനുഭവിക്കുന്നത്.


* * * * * * * *


റീട്ടെയില്‍ ഇടിവ് പറയുന്ന സത്യംഎല്ലാം പഴയപോലെയായി എന്നു പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. കോവിഡിനു മുമ്പത്തെ തോതിലായി വ്യാപാരമെന്നു വരുത്താന്‍ സര്‍ക്കാരും ഉത്സാഹിക്കുന്നു. അതിനിടെ ചില സത്യങ്ങള്‍ അറിയാതെ പുറത്തു വരാറുണ്ട്. അങ്ങനെയൊന്നാണു റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍എഐ) യുടെ സര്‍വേയിലൂടെ വെളിച്ചത്തു വന്നത്.

അടുത്ത ജൂണ്‍ മാസം കഴിയുമ്പോഴേക്ക് വ്യാപാരം കോവിഡിനു മുമ്പത്തേതിന്റെ 85 ശതമാനത്തോളം എത്താന്‍ സാധ്യതയുണ്ടെന്ന് റീട്ടെയിലര്‍മാര്‍ കരുതുന്നു. രാജ്യത്തു മൊത്തം 15,000ല്‍ പരം അംഗങ്ങള്‍ സംഘടനയ്ക്കുണ്ട്. സംഘടന നടത്തിയ സര്‍വേയില്‍ കിട്ടിയ നിഗമനമാണിത്.

ചില്ലറ വ്യാപാര മേഖലയില്‍ തിരിച്ചുവരവ് വളരെ സാവധാനമാണെന്ന സത്യമാണ് ഈ സര്‍വേ വെളിപ്പെടുത്തിയത്.

എന്തുകൊണ്ട് തിരിച്ചുവരവ് വൈകുന്നു? ജനങ്ങളുടെ കൈയില്‍ പണം കുറവായതു കൊണ്ട്. പണി കുറഞ്ഞതു കൊണ്ടാണു പണം കുറഞ്ഞത്.

ജിഎസ്ടി പിരിവിന്റെയും വേറേ സൂചകങ്ങളുടെയും ഒക്കെ കണക്കു പറഞ്ഞ് രാജ്യം കോവിഡ് മഹാമാരിയുടെ ക്ഷീണം മറികടന്നെന്നു വരുത്താന്‍ ശ്രമിച്ചാലും യാഥാര്‍ഥ്യം മറ്റൊന്നാണെന്ന കാര്യം മറച്ചു വയ്ക്കാനാവില്ല. കോവിഡിനു മുമ്പുള്ളതിന്റെ 85 ശതമാനമേ 2021 ജൂണില്‍ ആകൂ എന്നതിനര്‍ഥം എന്താണ്? 2019 ജൂണിലെ നിലയിലും 15 ശതമാനം കുറവാകും വില്‍പന എന്ന്. അതായതു 2021 ജൂണില്‍ രാജ്യം ഏതാണ്ടു 2018 ജൂണിലെ നിലയിലായിരിക്കും. കോവിഡ് ലോക്ക് ഡൗണും മറ്റു വിഷയങ്ങളും ചേര്‍ന്നു രാജ്യത്തെ മൂന്നു വര്‍ഷം പിന്നിലാക്കി. അതാണു വസ്തുത.


* * * * * * * *ഇന്നത്തെ വാക്ക് : മിന്‍സ്‌കി നിമിഷം


നീണ്ട കാലത്തെ കുതിപ്പിനു ശേഷം വിപണി തകരുന്ന സമയം. നിയന്ത്രണമില്ലാത്ത ഊഹക്കച്ചവടം വിപണിയിലെ ബുള്‍ തരംഗത്തെ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലെത്തിക്കുമ്പോഴാണിതു സംഭവിക്കുന്നത്. അമേരിക്കയില്‍ ലീമാന്‍ ബ്രദേഴ്‌സ് എന്ന നിക്ഷേപ ബാങ്കിന്റെ തകര്‍ച്ച 2008ലെ മഹാമാന്ദ്യത്തിലേക്കു നയിച്ച വിപണി പതനത്തിന്റെ തുടക്കമായിരുന്നു. ഹൈ മന്‍ മിന്‍സ്‌കി എന്ന അമേരിക്കന്‍ ധനശാസ്ത്രജ്ഞനാണ് ഇതു നിര്‍വചിച്ചത്. വിപണി തകര്‍ച്ച നടന്നു കഴിഞ്ഞേ ഈ നിമിഷം ഏതായിരുന്നെന്നു മനസിലാകൂ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it