പ്രതീക്ഷയോടെ പുതുവർഷത്തിലേക്ക്; സ്വർണം കയറുന്നു; കറൻ്റ് അക്കൗണ്ട് മിച്ചം വീണ്ടും

യൂറോപ്യൻ ഓഹരി സൂചികകൾ താണു; അമേരിക്കൻ സൂചികകൾ ഉയർന്നു; ഏഷ്യയിൽ രാവിലെ മിശ്ര സമീപനം. ഇതിനർഥം ഓഹരി വിപണി 2020-ലെ അവസാന ദിവസം ദിശാബോധം കൈവിട്ടു എന്നല്ല.

വലിയ ഉയർച്ച - താഴ്ചകൾ കണ്ട വർഷം റിക്കാർഡ് ഉയരത്തിലാണ് വിപണി സൂചികകൾ ക്ലോസ് ചെയ്യുക. കാരണം വിദേശ പണത്തിൻ്റെ റിക്കാർഡ് വരവ്. കോവിഡ് വാക്സിൻ വ്യാപകമായി ലഭിക്കുന്ന 2021 ഒരു വലിയ തിരിച്ചു കയറ്റത്തിൻ്റെ കഥ എഴുതും എന്ന പ്രതീക്ഷയോടെയാണു വിപണി 2020-നു വിട പറയുന്നത്.
ഇന്നലെ മിക്കവാറും സമയം താഴ്ചയിലായിരുന്ന സൂചികകൾ അവസാന മണിക്കൂറിലാണു തിരിച്ചുകയറി റിക്കാർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തത്. 13,982-ൽ നിൽക്കുന്ന നിഫ്റ്റി ഇന്നു 14,031-ലെ തടസം മറികടക്കാൻ ശ്രമിക്കും. തുടർന്നു 14,080 വലിയ പ്രതിരോധമുയർത്തും. അതു മറികടന്നാലേ 14,200 ലേക്കു പ്രയാണം സാധിക്കൂ എന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. 13,899-ലും 13,816-ലുമാണു നിഫ്റ്റിക്കു സപ്പോർട്ട്.

* * * * * * * *


വാർഷിക നേട്ടം 15 ശതമാനം; താഴ്ചയിൽ നിന്ന് 86 ശതമാനം


രാജ്യത്തെ പ്രമുഖ ഓഹരി സൂചികകൾ 15 ശതമാനം നേട്ടത്തോടെയാണു 2020-നെ കടന്നു പോകുന്നത്. ജനുവരി മുതൽ രണ്ടു മാസം ഉയരത്തിലേക്കു നീങ്ങിയ സൂചികകൾക്ക് മാർച്ചിലെ ലോക്ക് ഡൗൺ പ്രഖ്യാപനം കനത്ത ആഘാതമായി. 3934.72 പോയിൻ്റാണു സെൻസെക്സിനു മാർച്ച് 23-ാം തീയതി ഉണ്ടായ നഷ്ടം. രണ്ടാഴ്ചയ്ക്കു ശേഷം ഏപ്രിൽ ഏഴിന് സെൻസെക്സ് 2476.26 പോയിൻറ് കയറി മറ്റൊരു ഏകദിന റിക്കാർഡുമിട്ടു.
സെൻസെക്സിന് ഇന്നലെ വരെ 15.7 ശതമാനമാണു ജനുവരിയിലെ നിലയിൽ നിന്നുള്ള ഉയർച്ച. മാർച്ച് 24-ലെ താണ നിലയിൽ നിന്ന് 86.23 ശതമാനമാണ് ഉയർച്ച.
നിഫ്റ്റി ജനുവരിയിൽ നിന്നു 14.9 ശതമാനം ഉയർന്നാണു നിൽക്കുന്നത്. മാർച്ച് 24-ലെ താണ നിലയിൽ നിന്ന് 86.15 ശതമാനം മുകളിലെത്തി.
താഴ്ചയിൽ നിന്നു സെൻസെക്സ് ഇന്നലെ വരെ 22,107 പോയിൻ്റ് കയറി; നിഫ്റ്റിയാകട്ടെ 6470.85 പോയിൻ്റ് കുതിച്ചു.

* * * * * * * *


ഡോളർ താഴുന്നു, സ്വർണം കുതിക്കുന്നു


രാജ്യാന്തര കറൻസി വിനിമയ വിപണിയിൽ ഡോളർ വീണ്ടും താഴുന്നു. ഡോളർ സൂചിക 89.5-നു താഴെയായി. ഇനിയും താഴുമെന്നാണു സൂചന. രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ഇന്നലെ 15 പൈസ നഷ്ടപ്പെടുത്തി 73.31 രൂപയിലെത്തി.
ഡോളറിൻ്റെ താഴ്ച സ്വർണത്തിനു വില കൂട്ടി. ഔൺസിന് 1899 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം. 1900 കടന്നാകും വർഷാന്ത ക്ലോസിംഗ് എന്നാണ് പ്രതീക്ഷ.
യു എസ് ക്രൂഡ് സ്റ്റോക്ക് കുറവാണെങ്കിലും ക്രൂഡ് വില അൽപമേ കയറിയുള്ളൂ. 51.5 ഡോളറിലാണു ബ്രെൻ്റ് ഇനം ഇന്നു രാവിലെ.

* * * * * * * *

കയറ്റുമതിയിൽ അമിത പ്രതീക്ഷ


വിദേശ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഈ ധനകാര്യവർഷം ഇന്ത്യയുടെ കയറ്റുമതി 29,000 കോടി ഡോളറിൽ എത്തുമെന്നു പ്രതീക്ഷ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (ഫീയോ) പ്രസിഡൻ്റ് എസ്.കെ. സരഫ് പറഞ്ഞതാണിത്.
ഒരർഥത്തിൽ അമിത പ്രതീക്ഷയാണു സരഫിൻ്റേത്. ഏപ്രിൽ- നവംബറിൽ കയറ്റുമതി 17.8 ശതമാനം കുറഞ്ഞ് 17,366 കോടി ഡോളർ ആയിരുന്നു. തുടർന്നുള്ള നാലു മാസം കൊണ്ട് 12,000 കോടി കയറ്റുമതി നടത്താനുളള സാധ്യത തുലോം കുറവാണ്.
കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യയുടെ കയറ്റുമതി 4.78 ശതമാനം കുറഞ്ഞ് 31,431 കോടി ഡോളർ ആയിരുന്നു.
35,000 കോടി ഡോളർ കയറ്റുമതി ഇന്ത്യ സ്വപ്നം കാണാൻ തുടങ്ങിയിട്ടു വർഷങ്ങളായി. 2018-19-ൽ 33,100 കോടി ഡോളർ കയറ്റുമതി സാധിച്ചപ്പോൾ മുതൽ ലക്ഷ്യമിടുന്നതാണ് ഇത്. പക്ഷേ പിറ്റേ വർഷം കയറ്റുമതി താഴോട്ടു പോയി. ഈ വർഷം കോവിഡ് മൂലം കയറ്റുമതി കനത്ത ഇടിവിലുമായി.

* * * * * * * *

ബിറ്റ്കോയിൻ എവിടേക്ക്?


ബിറ്റ്കോയിൻ യാത്ര തുടരുന്നു. ഡിസംബർ 16-ന് 20,000 ഡോളർ പിന്നിട്ട ഈ ഗൂഢ കറൻസി അതിവേഗം 30,000-ൽ എത്താൻ ശ്രമിക്കുകയാണ്. ഇന്നലെ 29,060 ഡോളർ കടന്നിട്ടു തിരിച്ചു പോന്നു.
ഡിജിറ്റൽ ഗൂഢകറൻസികളിൽ ഏറ്റവും സ്വീകാര്യത ഉള്ളതാണു ബിറ്റ്കോയിൻ. സമീപ ആഴ്ചകളിൽ യുഎസ് നിക്ഷേപകർ ബിറ്റ് കോയിനിൽ വലിയ നിക്ഷേപം നടത്തുന്നതാണ് അസാധാരണമായ വിലവർധനയ്ക്കു കാരണം. ധനകാര്യ നിയന്ത്രണ അധികാരികൾ ഈ ഗൂഢ കറൻസിക്കെതിരേ തിരിയുമെന്ന റിപ്പോർട്ടുകളൊന്നും അവരെ വിഷമിപ്പിക്കുന്നില്ല.
ഇപ്പോൾ 50,000 കോടി ഡോളറിലധികമാണ് ബിറ്റ് കാേയിൻ്റെ വിപണി മൂല്യം. ഇത് ഏറ്റവും വിലപ്പെട്ട ധനകാര്യ കമ്പനി 'വീസയുടെ 46,006 കോടി ഡോളറിലും കൂടുതലാണ്. കൊറിയൻ വ്യവസായ ഭീമൻ സാംസംഗിൻ്റെ വിപണിമൂല്യം 46,363 കോടി ഡോളറാണ്. അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ടിൻ്റേത് 40,600 കോടി ഡോളറും. അവയേക്കാളൊക്കെ വില ഇപ്പോൾ ബിറ്റ് കോയിനാണ്.

* * * * * * * *

കറൻ്റ് അക്കൗണ്ടിൽ വീണ്ടും മിച്ചം


ജൂലൈ - സെപ്റ്റംബർ പാദത്തിൽ ഇന്ത്യക്കു ജിഡിപിയുടെ 2.4 ശതമാനം വരുന്ന കറൻ്റ് അക്കൗണ്ട് മിച്ചം.1550 കോടി ഡോളറാണു മിച്ചം. തലേക്കൊല്ലം രണ്ടാം പാദത്തിൽ 760 കോടി ഡോളർ (1.1 ശതമാനം) കമ്മിയായിരുന്നു. തുടർച്ചയായ രണ്ടു പാദങ്ങളിൽ കറൻറ് അക്കൗണ്ട് മിച്ചം വന്നു എന്നതു നേട്ടമാണ്.
എന്നാൽ ഏപ്രിൽ - ജൂൺ ഒന്നാം പാദത്തിൽ 1920 കോടി ഡോളർ ( 3.8 ശതമാനം) മിച്ചമുണ്ടായിരുന്നു, ലോക്ക് ഡൗൺ ഉണ്ടായിരുന്ന ഒന്നാം പാദത്തിൽ ഇറക്കുമതി വളരെ കുറവായിരുന്നതാണു കാരണം. രണ്ടാം പാദത്തിൽ ഇറക്കുമതി വർധിച്ചു. മിച്ചം കുറഞ്ഞു.
ഒന്നാം പാദത്തിൽ പ്രവാസികളിൽ നിന്നുള്ള വരവ് കുറവായിരുന്നു. രണ്ടാം പാദത്തിൽ അതു 12 ശതമാനം വർധിച്ച് 2040 കോടി ഡോളറായി.
ധനകാര്യ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ സാമ്പത്തിക ഉണർവ് കൂടുതൽ ഇറക്കുമതിക്കു വഴിതെളിക്കും. തന്മൂലം വ്യാപാര കമ്മി വർധിക്കും. അപ്പോൾ രണ്ടാം പകുതിയിലെ കറൻ്റ് അക്കൗണ്ട് കമ്മി 500 കോടി ഡോളറിനടുത്തേ വരൂ എന്നു കെയർ റേറ്റിംഗ് സിലെ അദിതി നയ്യാർ കരുതുന്നു.
ഏതായാലും 2003-04നു ശേഷം ആദ്യമായി ഈ ധനകാര്യ വർഷം ഇന്ത്യ കറൻ്റ് അക്കൗണ്ട് മിച്ചം കാണിക്കുമെന്ന് ഉറപ്പാണ്.
കറൻറ് അക്കൗണ്ട് മിച്ചം വാണിജ്യത്തിലെ ഇടിവു കൊണ്ടു മാത്രം സംഭവിക്കുന്നത് അത്ര മെച്ചപ്പെട്ട കാര്യമല്ല. ഐടി സേവന മേഖലയുടെ വലിയ കയറ്റുമതി ഇല്ലാതെ നമുക്ക് മിച്ചം ഉണ്ടാകുന്ന നിലയല്ല ഇപ്പോഴത്തേത്. ടൂറിസമടക്കമുള്ള മറ്റു മേഖലകൾ മിച്ചം ഉണ്ടാക്കുമ്പോഴേ മികവുറ്റ സാമ്പത്തിക ശക്തിയാകൂ.

* * * * * * * *


ഇന്നത്തെ വാക്ക് :
കറൻ്റ് അക്കൗണ്ട്


വിദേശങ്ങളുമായുള്ള ഉൽപന്ന വ്യാപാരം, സേവന മേഖലയിലെ ഇടപാടുകൾ, യാത്ര - ടൂറിസം - വിദ്യാഭ്യാസം- ചികിത്സ - ഇൻഷ്വറൻസ് തുടങ്ങിയ വിഭാഗങ്ങളിലെ വരവു ചെലവുകൾ, പ്രവാസികളും വിദേശികളും നടത്തുന്ന ഇടപാടുകൾ, ഓഹരി - കടപ്പത്ര വിപണികളിലെയും കമ്പനികളിലെയും നിക്ഷേപം തുടങ്ങിയവയുടെ നീക്കി ബാക്കിയാണ് കറൻ്റ് അക്കൗണ്ടിൽ പെടുക. വായ്പകളും കൂടി ചേർന്നതാണ് മൊത്തം അടവുശിഷ്ട നില (ബാലൻസ് ഓഫ് പേമെൻ്റ് )


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it