എല്ലാ ശ്രദ്ധയും ബജറ്റിൽ; മറ്റ് ആശങ്കകൾ കൂടുന്നു; സാമ്പത്തിക സർവേ പറയുന്നത് എന്താണ്? കാതൽ മേഖലയുടെ ക്ഷീണം എന്തുകൊണ്ട്?

ഇന്നു പൊതു ബജറ്റ്. ഉച്ചകഴിഞ്ഞ് ഒരു മണിയോടെ ബജറ്റ് എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് അറിവാകും. നിർമല സീതാരാമൻ്റെ മൂന്നാമത്തെ ബജറ്റാണ് ഇന്നും അടുത്ത ദിവസങ്ങളിലും വിപണിയെ നയിക്കുക.

പാശ്ചാത്യസൂചികകളും എസ്ജിഎക്സ് നിഫ്റ്റിയും നൽകുന്ന സൂചനകൾ വിപണി താഴ്ന്ന നിലയിൽ തുടങ്ങുമെന്നാണ്.
കഴിഞ്ഞയാഴ്ച സെൻസെക്സ് 5.3 ശതമാനം താണ് 46,285.77 ലെത്തി. നിഫ്റ്റി 5.13 ശതമാനം കുറഞ്ഞ് 13,634.6 ലായി.
നിഫ്റ്റി 13,500-നു താഴെയായാൽ 13,200-ഉം പിന്നീടു 13,000-വും ആണു താങ്ങു നൽകുക. സെൻസെക്സ് 46,000 ൻ്റെ സപ്പോർട്ട് നഷ്ടപ്പെടുത്തിയാൽ 45,550 ലാണു താങ്ങുള്ളത്.

സ്വർണം ചാഞ്ചാടും

വെള്ളിവില വാരാന്ത്യത്തിൽ അപ്രതീക്ഷിതമായി കുതിച്ചത് ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണവില ഉയർത്തി. 1864 ഡോളർ വരെ കയറിയിട്ട് 1851 ഡോളറിലേക്കു പിൻവാങ്ങി. വിപണി ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.
ക്രൂഡ് ഓയിൽ വില താണു. ബ്രെൻ്റ് ഇനം 54.9 ഡോളറിലായി.
ഇന്ത്യയിലെ നിരോധന നീക്കം ബിറ്റ് കോയിൻ വിപണിയെ അനിശ്ചിതത്വത്തിലാക്കി.

മ്യാൻമറിലെ അട്ടിമറി ആശങ്കാജനകം

ഇതിനിടെ വേറേ അനിശ്ചിതത്വങ്ങളും ഉടലെടുത്തിട്ടുണ്ട്. അയൽ രാജ്യമായ മ്യാൻമറിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഓങ് സാൻ സൂ ചിയെ സൈന്യം തടവിലാക്കി. ഇതു മ്യാൻമറിൻ്റെ ആഭ്യന്തര കാര്യമായി മാത്രം കാണാൻ ഇന്ത്യക്കാവില്ല. ചൈനാ പക്ഷപാതികളാണു മ്യാൻമർ സൈന്യത്തെ നയിക്കുന്നവർ. ഇന്ത്യക്കു പല രീതിയിലുമുള്ള പ്രശ്നങ്ങൾക്ക് ഈ പട്ടാള അട്ടിമറി കാരണമാകും.

ഗെയിം സ്റ്റോപ്പ് വീണ്ടും പ്രശ്നമാകും

അമേരിക്കയിൽ ഗെയിംസ്റ്റോപ്പ് വിഷയം നിരവധി നിക്ഷേപ ഫണ്ടുകളെ കുഴപ്പത്തിലാക്കി. നഷ്ടം കുറയ്ക്കാൻ ഫണ്ടുകൾ മറ്റ് ഓഹരികൾ വിറ്റു പണമുണ്ടാക്കാൻ ശ്രമിച്ചത് കഴിഞ്ഞയാഴ്ച ഇന്ത്യയിലsക്കം വിപണികളെ വലിച്ചു താഴ്ത്തി. കഴിഞ്ഞ വെള്ളിയാഴ്ചയും വോൾ സ്ട്രീറ്റ് വലിയ താഴ്ച കാണിച്ചത് ഇതിൻ്റെ ഫലമാണ്.
വലിയ ഫണ്ടുകൾ അവഗണിച്ചിരുന്ന ചില ഓഹരികളെ റെഡ്ഡിറ്റ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ ചില്ലറ നിക്ഷേപകർ പ്രാേത്സാഹിപ്പിച്ചു. വില കുത്തനേ കയറ്റി. വലിയ ഫണ്ടുകൾ ആ ഓഹരികൾ തകരുമെന്നു കരുതി 'ഷോർട്ട് ' ചെയ്തു. പക്ഷേ വില താണില്ല. വില എട്ടും പത്തും മടങ്ങായി. ഇതോടെയാണു ഫണ്ടുകൾ കുഴപ്പത്തിലായതും നല്ല ഓഹരികൾ വിറ്റ് ബാധ്യത തീർക്കാൻ ശ്രമം തുടങ്ങിയതും. ഈയാഴ്ചയും അതിൻ്റെ പേരിൽ ഇടിവുണ്ടാകാമെന്ന് വോൾ സ്ട്രീറ്റിലെ അവധി വ്യാപാരം സൂചന നൽകുന്നു.

ജിഎസ്ടി പിരിവ് റിക്കാർഡിൽ

ജിഎസ്ടി പിരിവ് ജനുവരിയിലും റിക്കാർഡ് ഉയരത്തിൽ 1,19,847 കോടി രൂപ ലഭിച്ചപ്പോൾ തലേ ജനുവരിയിലേക്കാൾ 8.14 ശതമാനം വർധനയാണുള്ളത്. തുടർച്ചയായ നാലാം മാസമാണ് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ പിരിവ്.
ജി എസ് ടി വെട്ടിപ്പ് തടയാൻ എടുക്കുന്ന കർശന നടപടികളുടെയും പൊതുവായ ബിസിനസ് വളർച്ചയുടെയും ഫലമാണ് നികുതി പിരിവിലെ വർധന.
ഈ ധനകാര്യ വർഷം ആദ്യ പകുതിയിൽ ജി എസ് ടി പിരിവ് 24 ശതമാനം കുറവായിരുന്നു.രണ്ടാം പകുതിയിൽ ഇതുവരെ എട്ടു ശതമാനം ഉയർച്ചയുണ്ട്.

വീണ്ടും സർക്കാരിൻ്റെ നിക്ഷേപബാങ്ക്

രാജ്യത്തുദീർഘകാല പ്രോജക്ട് ഫിനാൻസിംഗിനു വേണ്ടി ഒരു ധനകാര്യ സ്ഥാപനം കൂടി വരുന്നു . നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്മെൻ്റ് (നാബ്ഫിഡ്) ബിൽ, 2021 ബജറ്റ് സമ്മേളനത്തിൽ പരിഗണനയ്ക്കെടുക്കും.
രാജ്യത്തു മുമ്പുണ്ടായിരുന്ന ധനകാര്യ സ്ഥാപനങ്ങളെ ഉദാരവൽക്കരണത്തിൻ്റെ പേരിൽ ഇല്ലാതാക്കിയ ശേഷമാണ് ഈ തുടക്കം. ഐഡിബിഐ, ഐസിഐസിഐ, ഐഎഫ്സിഐ, ഐഡിഎഫ് സി തുടങ്ങിയവയെല്ലാം 1960-കളിലും '70-കളിലും ഇതേ ലക്ഷ്യത്തിൽ തുടങ്ങിയവയാണ്. പിന്നീട് ഇവയെ സ്വകാര്യവൽക്കരിച്ചു വാണിജ്യ ബാങ്കുകളാക്കി. ഇതോടെ ദീർഘകാല പ്രോജക്ട് ഫിനാൻസിംഗിനു രാജ്യത്തു സംവിധാനമില്ലാതായി. ബോണ്ടുകൾ ഇറക്കൽ മാത്രമായി അടിസ്ഥാന സൗകര്യ മേഖലയിൽ
ദീർഘകാല വായ്പയ്ക്കുള്ള മാർഗം. അതും ചെലവേറിയതാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഡവലപ്മെൻ്റൽ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ (ഡിഎഫ്ഐ) തുടങ്ങുന്നത്.

ഗൂഢ കറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി ഇറക്കും

ബിറ്റ് കോയിനും മറ്റ് ഡിജിറ്റൽ ഗൂഢ കറൻസികളും നിരോധിക്കാൻ കേന്ദ്രം നീങ്ങുന്നു. ഒപ്പം റിസർവ് ബാങ്ക് ഔദ്യോഗിക ഡിജിറ്റൽ കറൻസി ഇറക്കും. ഇതിനുള്ള ബിൽ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ തയാറാക്കി ലോക്സഭയിലേക്കു നൽകിയിട്ടുണ്ട്. കാര്യോപദേശക സമിതി ചർച്ചയ്ക്കു തീയതി നിശ്ചയിക്കും.
റിസർവ് ബാങ്ക് ഗൂഢകറൻസികൾ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി ഇവയുടെ കൈമാറ്റം നടത്താൻ ബാങ്കുകൾക്ക് അനുവാദം നൽകി. ഇന്ത്യയിൽ ഗൂഢകറൻസി വ്യാപാരത്തിനു പല എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.
ബിറ്റ് കോയിൻ സമീപകാലത്ത് 40,700 ഡോളർ വരെ ഉയർന്നിട്ട് ഇപ്പോൾ 33,000 ഡോളറിനു സമീപമാണ്. നിരോധന വാർത്ത ഗൂഢകറൻസി വിലയെ കാര്യമായി ബാധിച്ചിട്ടില്ല. ബിറ്റ്കോയിൻ ആരുടെയെങ്കിലും ഉടമസ്ഥതയിലല്ലാത്തതിനാൽ സ്വകാര്യ ഡിജിറ്റൽ കറൻസി നിരോധനം തങ്ങളെ ബാധിക്കില്ലെന്ന് ചില ബിറ്റ് കോയിൻ എക്സ്ചേഞ്ചുകൾ വാദിക്കുന്നു. ഇന്ത്യയിൽ 70 ലക്ഷത്തിലേറെ ഗൂഢ കറൻസി ഉടമകൾ ഉണ്ടെന്നാണ്‌ നിഗമനം. 100 കോടി ഡോളറിൽ (7300 കോടി രൂപ) അധികം വില വരും അവരുടെ ഡിജിറ്റൽ കറൻസി നിക്ഷേപത്തിന്.
റിസർവ് ബാങ്ക് ഇറക്കുന്ന ഡിജിറ്റൽ കറൻസി എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കാൻ പറ്റുന്നതാകും. അതിനു വേണ്ട നിയമ അടിത്തറ നൽകുന്നതാണു ബിൽ.
ചൈന ഇതേപോലെ ഔദ്യാേഗിക ഡിജിറ്റൽ കറൻസി ഇറക്കിയിട്ടുണ്ട്. അതുപയോഗിച്ച്‌ സാധാരണ വ്യാപാരങ്ങളും ഓൺലൈൻ വ്യാപാരവും നടത്താം. സർക്കാരിനു നൽകാനുള്ള നികുതിക്കും ഇതുപയോഗിക്കാം. ഇന്ത്യയും സമാന കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.

ടാറ്റാ മോട്ടോഴ്സ് വീണ്ടും ലാഭത്തിൽ

ടാറ്റാ മോട്ടോഴ്സിൻ്റെ ഡിസംബർ പാദ റിസൽട്ട് പ്രതീക്ഷകൾക്കപ്പുറമായി. മൂന്നു പാദങ്ങൾക്കു ശേഷമാണു കമ്പനി ലാഭത്തിലായത്. ജഗ്വാർ ലാൻഡ് റോവർ വിൽപനയും ലാഭ മാർജിനും മെച്ചപ്പെട്ടതാണു കമ്പനിയെ വൻ നേട്ടത്തിലാക്കിയത്.ചൈനയിൽ കമ്പനിയുടെ വിൽപന 20 ശതമാനം വർധിച്ചു. എണ്ണം നോക്കിയാൽ മൊത്തം വിൽപന കോവിഡിനു മുമ്പുള്ള നിലയിലും താഴെയാണ്. എന്നാൽ ഉൽപന്ന ശ്രേണിയിൽ മാറ്റം വരുത്തിയും ചെലവുകൾ ചുരുക്കിയും ലാഭമാർജിൻ വർധിപ്പിച്ചു.
വാണിജ്യ വാഹന വിൽപന കോവിഡിനു മുമ്പത്തേക്കാൾ 25 ശതമാനം കുറവാണ്. എന്നാൽ ബിഎസ്- 6 വാഹനങ്ങളുടെ വില 10-12 ശതമാനം കൂടുതലായതു വഴി ലാഭ മാർജിൻ കുതിച്ചു.
കമ്പനിയുടെ വിറ്റുവരവ് 5.5 ശതമാനം കൂടി 75,654 കോടി രൂപയായി. പ്രവർത്തന ലാഭം 66.5 ശതമാനം വർധിച്ച് 11,225 കോടിയിലെത്തി.പ്രവർത്തന ലാഭ മാർജിൻ 9.4ൽ നിന്ന് 14.8 ശതമാനത്തിലെത്തി. അറ്റാദായം 67.2 ശതമാനം ഉയർന്ന് 2906 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിനു ലാഭം കൂടി

ഐസിഐസിഐ ബാങ്കിനു ഡിസംബർ പാദത്തിൽ അറ്റാദായം 19 ശതമാനം കൂടിയെങ്കിലും പലിശ മാർജിൻ താഴോട്ടു പോയി. അറ്റാദായം 4940 കോടി രൂപ. പലിശമാർജിൻ 3.77 ശതമാനത്തിൽ നിന്ന് 3.67 ശതമാനമായി കുറഞ്ഞു. ട്രഷറി വരുമാനം നേരിയ തോതിൽ കുറഞ്ഞു. പ്രശ്ന കടങ്ങൾക്കുള്ള വകയിരുത്തൽ 31.6 ശതമാനം വർധിച്ച് 2741.72 കോടിയായി. കോടതി വിധി മൂലം നിഷ്ക്രിയ ആസ്തി (എൻപിഎ) ആയി പ്രഖ്യാപിക്കാത്ത പ്രശ്ന കടങ്ങൾക്കായി 3012 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ബാങ്ക് വകയിരുത്തൽ കാര്യത്തിൽ കൂടുതൽ യാഥാസ്ഥിതികമാകാൻ തീരുമാനിച്ചെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് ബത്ര പറഞ്ഞു.

കാതൽ മേഖലയിൽ ഉണർവ് അകലെത്തന്നെ

വ്യവസായ മേഖലയിൽ ഉണർവ് ഭാഗികമാണെന്നു കാണിച്ച് സിസംബറിലെ കാതൽ മേഖലയുടെ തളർച്ച. എട്ടു വ്യവസായ വിഭാഗങ്ങളടങ്ങിയ കാതൽ മേഖല ഡിസംബറിൽ 1.3 ശതമാനം ചുരുങ്ങി. ഇതോടെ ഏപ്രിൽ- ഡിസംബറിൽ കാതൽ മേഖലയുടെ ഇടിവ് 10.1 ശതമാനമായി.
ഡിസംബറിൽ വൈദ്യുതിയും (4.2 ശതമാനം) കൽക്കരിയും (2.2 ശതമാനം) മാത്രമാണു വളർന്നത്. സിമൻ്റ്, സ്റ്റീൽ, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, രാസവളം, റിഫൈനറി ഉൽപന്നങ്ങൾ എന്നിവയെല്ലാം താഴോട്ടു പോയി.
വ്യവസായ ഉൽപാദന സൂചിക (ഐഐപി)യിൽ 42 ശതമാനം കാതൽ മേഖലയുടേതാണ്. ഡിസംബറിലെ ഐഐപി വളർച്ച 0.5 -1.5 ശതമാനം ആകാമെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസങ്ങളിലെ കാതൽ മേഖലയുടെ കണക്കുകൾ പുതുക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ 0.8 ശതമാനം കുറഞ്ഞെന്നു കരുതിയതു 0.6 ശതമാനം വളർച്ചയായി. ഒക്ടോബറിലെ 2.5 ശതമാനം ഇടിവ് 0.9 ശതമാനമായി മാറി. നവംബറിലെ ഇടിവ് 2.6 ശതമാനത്തിൽ നിന്ന് 1.4 ശതമാനമായി.
ഏപ്രിൽ- ഡിസംബറിലെ കാതൽ മേഖലയുടെ ക്ഷീണത്തിൽ ഏറ്റവും ശ്രദ്ധേയം സിമൻ്റ്, സ്റ്റീൽ എന്നിവയുടേതാണ്‌. സിമൻ്റ് ഉൽപാദനം 18.3 ഉം സ്റ്റീൽ ഉൽപാദനം 16.7 ഉം ശതമാനം കുറഞ്ഞു. നിർമാണ മേഖലയിലെ തളർച്ചയാണ് ഇതിനു കാരണം. നിർമാണ രംഗത്തു തിരിച്ചുവരവ് ഇനിയും അകലെയാണ്.

ഡിസംബറോടെ കമ്മി 11.6 ലക്ഷം കോടി; ലക്ഷ്യത്തിൻ്റെ 146 ശതമാനം

ഡിസംബർ അവസാനത്തോടെ കേന്ദ്ര സർക്കാരിൻ്റെ ധനകമ്മി വാർഷിക ലക്ഷ്യത്തിൻ്റെ 146 ശതമാനത്തിലെത്തി. 7.96 ലക്ഷം കോടിയാണു വാർഷിക ലക്ഷ്യം. ഡിസംബർ ഒടുവിൽ കമ്മി 11.58 ലക്ഷം കോടി കവിഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ ഒടുവിൽ ലക്ഷ്യത്തിൻ്റെ 132 ശതമാനമായിരുന്നു കമ്മി. റവന്യു വരുമാനം കഴിഞ്ഞ വർഷം ഡിസംബറിൽ 58.4 ശതമാനം എത്തിയ സ്ഥാനത്ത് ഇത്തവണ 53.9 ശതമാനം മാത്രം.നികുതിയിതര വരുമാനത്തിൽ പ്രതീക്ഷയുടെ 33 ശതമാനമേ ഇതുവരെ ലഭിച്ചുള്ളു. പൊതുമേഖലയിൽ നിന്നുള്ള ലാഭവീതവും വിവിധ വകുപ്പുകളിലെ ഫീസുകളും ചാർജുകളും കുറഞ്ഞതാണ് പ്രശ്നം.
ബജറ്റിലെ മൂലധനച്ചെലവ് കഴിഞ്ഞ വർഷത്തെ തോതിൽ ഉണ്ടെന്നു കണക്കുകൾ കാണിക്കും.എന്നാൽ സംസ്ഥാനങ്ങൾക്കു നൽകിയ അധിക വായ്പയാണ് ഈ തെറ്റിധാരണ ഉണ്ടാക്കുന്നത്. യഥാർഥ മൂലധനച്ചെലവ് മുൻ വർഷത്തേക്കാൾ കുറവാണ്.

സാമ്പത്തിക സർവേ നൽകുന്ന സൂചനകൾ

ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിനെപ്പറ്റി ഏതാനും സൂചനകൾ സാമ്പത്തിക സർവേ നൽകുന്നുണ്ട്.
ഒന്ന്: കമ്മി കൂടും. കുറേ വർഷത്തേക്ക് അതു കൂടി നിൽക്കും.
രണ്ട്: ബജറ്റ് അടുത്ത ധനകാര്യ വർഷം 225 ലക്ഷം കോടി രൂപയുടെ ജിഡിപി (തന്നാണ്ടു വിലയിൽ) പ്രതീക്ഷിച്ചു കൊണ്ടാണു തയാറാക്കുക. അതായതു ഇക്കൊല്ലം പ്രതീക്ഷിച്ച നികുതി വരുമാനമാകും അടുത്ത ബജറ്റിലും പ്രതീക്ഷിക്കുക. എങ്കിലും ബജറ്റ് വലുപ്പം കൂടും. അതിനു കൂടുതൽ കടമെടുപ്പും പൊതുമേഖലാ വിൽപനയും ഉണ്ടാകും.
മൂന്ന്: ജനപ്രിയ നടപടികൾ ഉണ്ടാകില്ല. മറിച്ച് വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും കൂടുതൽ വായ്പയും പ്രോത്സാഹനവും നൽകുന്ന നടപടികളാണ് ഉണ്ടാകുക.

പുതിയ സൈദ്ധാന്തിക പഠനങ്ങൾ

ഇതിനുള്ള സൈദ്ധാന്തിക അടിത്തറ ഒരുക്കാൻ സാമ്പത്തിക സർവേയെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വെങ്കട സുബ്രഹ്മണ്യൻ ഉപയോഗിച്ചു. സർവേയുടെ ഒന്നാം വോള്യത്തിലെ പല അധ്യായങ്ങളും ഈ സൈദ്ധാന്തിക വിചാരമാണ്. പല വിഷയങ്ങളിലും സുബ്രഹ്മണ്യൻ തൻ്റെ തന്നെ മുൻനിലപാടുകളിൽ നിന്നു മാറുന്നതു കൗതുകകരമായി തോന്നാം.
സർക്കാർ കൂടുതൽ കടമെടുക്കുന്നതിനെ ന്യായീകരിക്കാൻ അദ്ദേഹം ഏറെ പണിപ്പെട്ടു. രണ്ടു വർഷം കമ്മി വർധനയ്ക്കും അധികകടമെടുപ്പിനുമെതിരായിരുന്നു അദ്ദേഹം. കടമെടുപ്പ് കൂട്ടിയായാലും വളർച്ചയ്ക്കു വേണ്ടതു ചെയ്യണമെന്ന വാദം അബദ്ധമാണെന്നു സുബ്രഹ്മണ്യൻ സിദ്ധാന്തിച്ചിരുന്നു.

'അതു ഞാനല്ല'

ഇപ്പോൾ സർവേയിൽ പറയുന്നു കടം തെറ്റല്ല, സാമ്പത്തിക വളർച്ച ത്തോതിനേക്കാൾ കുറഞ്ഞ പലിശയ്ക്കു കടമെടുത്താൽ മതി എന്ന്. പലിശയേക്കാൾ കൂടുതൽ വളർച്ച ഉണ്ടായാൽ അത്രയും മിച്ച സമ്പത്ത് ഉണ്ടാകും. അതുപയോഗിച്ച് കടം തിരിച്ചടയ്ക്കാം. ഇക്കാര്യത്തിൽ ഫ്രാങ്കോ മോദിളിയാനി, മെർട്ടൻ മില്ലർ, ഒലിവിയർ ബ്ലാഞ്ചാർഡ് തുടങ്ങിയ കെനീഷ്യൻ ധനശാസ്ത്രജ്ഞരെ അദ്ദേഹം കൂട്ടുപിടിച്ചു. പോൾ ക്രൂഗ് മാനെ വരെ ഉദ്ധരിച്ചാണു സുബ്രഹ്മണ്യൻ പുതിയ വിശ്വാസം അവതരിപ്പിച്ചത്.
കടം മേടിച്ചു വളർച്ച നേടിയാൽ വളർച്ചകൊണ്ടു കടം വീട്ടാം എന്നു ചുരുക്കം. ഇതു ചെയ്ത മുൻ സർക്കാരുകളെ പരിഹസിച്ച സുബ്രഹ്മണ്യനെ നമുക്കു തൽക്കാലം മറക്കാം.
കമ്മിയും കടവും കൂടുന്നതു സ്വകാര്യ മൂലധന നിക്ഷേപത്തിനു തടസമാകുമെന്ന സിദ്ധാന്തവും തെറ്റാണെന്നു സുബ്രഹ്മണ്യൻ സർവേയിൽ സമർഥിക്കുന്നു.

പുതിയ തിരിച്ചറിവ്

ആഗാേള റേറ്റിംഗ് ഏജൻസികളെ കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും അവ വികസ്വര രാജ്യങ്ങളോടു പൊതുവേയും ഇന്ത്യയോടു പ്രത്യേകിച്ചും 'പോര്' കാണിക്കുന്നുണ്ടെന്നും ഉള്ള തിരിച്ചറിവും സുബ്രഹ്മണ്യൻ ഈ സർവേയിൽ വെളിപ്പെടുത്തുന്നു. റേറ്റിംഗ് താഴ്ത്തിയാൽ ഓഹരി വിപണിയിലെ വിദേശ നിക്ഷേപമേ (എഫ്പിഐ) കുറയൂ; കമ്പനികളിലെ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) കുറയില്ല എന്നു കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. അതിനാൽ റേറ്റിംഗുകാരെ പേടിച്ച് കമ്മി കുറയക്കുകയാേ കടമെടുക്കാൻ മടിക്കുകയോ വേണ്ട.
ജനങ്ങളുടെ അസമത്വം വർധിപ്പിക്കുന്ന വളർച്ചനയങ്ങളെ വിമർശിക്കുന്നവർക്കും അദ്ദേഹം മറുപടി നൽകുന്നു. അസമത്വം കൂടിയാലും ദാരിദ്ര്യം കുറയുന്നുണ്ട്; താഴേക്കിടയിലെ ജീവിത നിലവാരം കൂടുന്നുണ്ട്. മുകളിലുള്ളവർ കൂടുതൽ വളരുന്നതിൽ അസഹിഷ്ണുത വേണ്ടെന്നും സുബ്രഹ്മണ്യൻ പറയുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it