ആവേശലഹരിയിൽ വിപണി; കടം ഭാവിയിൽ ഭാരം; ബാങ്ക് വിൽപനയും 'ചീത്ത ' ബാങ്കും പുതുമകൾ

ബജറ്റ് പുതിയ നികുതികൾ ചുമത്താത്തത് ആശ്വാസകരമായി. സർക്കാർ ചെലവ് വർധിപ്പിക്കുന്നതു വിപണിയെ രസിപ്പിച്ചു.കമ്മി വർധനയും അതുവഴി പലിശയിലുണ്ടാകുന്ന വലിയ വർധനയും പ്രശ്നമല്ല എന്ന വിലയിരുത്തലിലേക്കു വിപണി മാറി.

ഇതോടെ ബജറ്റ് ദിവസത്തിലെ അഞ്ചു ശതമാനം ഉയർച്ചയ്ക്കുക്കു വിപണി ന്യായം കണ്ടു. ബജറ്റിൽ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുമോ എന്നു തുടങ്ങിയ അസുഖകരമായ ചോദ്യങ്ങൾ എല്ലാവരും മാറ്റി വച്ചു.

കടം, പലിശ; ഭാവിയിൽ ഭാരമേറും

ബജറ്റ് സർക്കാരിൻ്റെ കടവും അതുവഴി പലിശയും കുത്തനെ കൂട്ടി. 2019 -20-ൽ 6.12 ലക്ഷം കോടി രൂപയായിരുന്നു പലിശച്ചെലവ്. അടുത്ത വർഷം അത് 8.1 ലക്ഷം കോടി രൂപയാകും. രണ്ടു വർഷം കൊണ്ടു പലിശ ബാധ്യത രണ്ടു ലക്ഷം കോടി വർധിക്കുന്നു.
ഇതിനനുസരിച്ചു ജിഡിപിയും സർക്കാർ വരുമാനവും വർധിച്ചാൽ കുഴപ്പമില്ല. അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ തീവ്ര ഇടതുപക്ഷക്കാർ പറയുന്നതുപോലെ കമ്മി മിഥ്യയാണെന്ന് അപ്പോഴേ പറയാനാകൂ. അതല്ലെങ്കിൽ ഭാവിയിൽ വലിയ ഭാരമാകും. 2026-ൽ പോലും നാലര ശതമാനം ധനകമ്മി വേണ്ടിവരുമെന്ന നിഗമനം ഇരുണ്ട ഭാവിയാണു കാണിക്കുന്നത്.

ആവേശം തുടരും

ഏതായാലും വിപണി വലിയ ആവേശത്തിലാണ്. ബജറ്റിനു മുമ്പുള്ള ദിനങ്ങളിൽ വന്ന നഷ്ടം പരിഹരിച്ച് റിക്കാർഡുകൾ തകർക്കാനുള്ള ആവേശം പ്രകടമാണ്. റിക്കാർഡിൽ നിന്ന് 1500 പോയിൻ്റ് താഴെയാണു സെൻസെക്സ് ഇന്നലെ ക്ലോസ് ചെയ്തത്. നിഫ്റ്റി 14,281 എത്തി.
ഇന്ന് സൂചികകൾ പുതിയ ഉയരങ്ങൾ തേടാൻ ശ്രമിക്കും. നിഫ്റ്റിക്കു 14,500-ലാണു ശക്തമായ തടസം നേരിടുക.
എസ് ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,373 വരെ എത്തി.
യൂറോപ്പിലും അമേരിക്കയിലും ഇന്നലെ ഓഹരികൾ മുന്നേറി. ഡോളർ താണു. ക്രൂഡ് ഓയിൽ കയറി. വെള്ളി വില കുതിപ്പു തുടർന്നെങ്കിലും സ്വർണത്തിൽ ചെറിയ കയറ്റമേ ഉണ്ടായുള്ളു.
ബജറ്റിൻ്റെ സൂക്ഷ്മവിശകലനത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയാലും വിപണിയെ പിന്നോട്ടു വലിക്കാൻ തക്ക കാര്യങ്ങൾ ഉണ്ടാവുകയില്ലെന്നാണു പൊതു നിഗമനം.

ചുങ്കം കൂട്ടി, കുറച്ചു

ഇറക്കുമതിച്ചുങ്കം കൂട്ടിയും കുറച്ചും നിർമല സീതാരാമൻ നടത്തിയ അഭ്യാസം ഇന്ത്യൻ വ്യവസായങ്ങളെയും സംരംഭകരെയും ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. പക്ഷേ പല മേഖലകളിലും അതു വിലക്കയറ്റത്തിനു വഴിതെളിക്കും. ചെമ്മീൻ അടക്കമുള്ള മത്സ്യകൃഷിക്ക് തീറ്റച്ചെലവ് കൂടും. കാറുകൾക്കും മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾക്കും വിദേശ നിർമിത മദ്യത്തിനും വില കൂടും. സ്വർണത്തിനു ചെറിയ തോതിൽ വില കുറയുമെങ്കിലും കള്ളക്കടത്തു തടയാൻ തക്ക കുറവ് നികുതിയിൽ വന്നില്ല. കസ്റ്റംസിൽ അഞ്ചു ശതമാനം കുറച്ചപ്പോൾ സെസ് രണ്ടര ശതമാനം കൂട്ടി. ആകെ കുറവ് രണ്ടര ശതമാനം മാത്രം. .ശിഷ്ട നികുതി 10 ശതമാനം. കള്ളക്കടത്തിനു വേണ്ട മാർജിൻ ഉണ്ടെന്നു ചുരുക്കം.
ജിഎസ്ടി യിൽ തല തിരിഞ്ഞ നികുതി ഘടന തിരുത്തുമെന്ന പ്രഖ്യാപനം നിർമല ആവർത്തിച്ചു. പക്ഷേ, സമയപരിധി ഇല്ല.

സന്തോഷിപ്പിക്കാൻ ബാങ്ക് വിൽപന

ബജറ്റിൽ ഓഹരി വിപണിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ പലതുണ്ട്. രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു പൊതുമേഖലാ ഇൻഷ്വറൻസ കമ്പനിയും സ്വകാര്യവൽക്കരിക്കുന്നു. ഇൻഷ്വറൻസിൽ വിദേശ മൂലധനം 74 ശതമാനമാക്കി. (കമ്പനിയുടെ നിയന്ത്രണവും മാനേജ്മെൻറും ഇനി വിദേശിയുടെ കൈയിൽ). ഇക്കൊല്ലം നടക്കാതെ പോയ എയർ ഇന്ത്യ, ബിപിസിഎൽ വിൽപനകൾ അടുത്ത വർഷം നടത്തും എന്നിവയൊക്കെ സന്തോഷകരമാണ്.

ആദായനികുതിയിലെ മാറ്റങ്ങൾ

ആദായ നികുതിയിൽ നിർമല സീതാരാമൻ്റെ ബജറ്റ് വളരെ കുറച്ചു മാറ്റങ്ങളേ വരുത്തിയുള്ളൂ.
1. സ്ലാബുകളിൽ മാറ്റമില്ല. ആദായനികുതി നിരക്കിലും സ്ലാബുകളിലും മാറ്റമില്ല. ഇളവുകൾ ഉപയോഗിക്കാതിരുന്നാൽ വ്യത്യസ്ത സ്ലാബും നിരക്കും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. അതിനു പക്ഷേ വലിയ സ്വാഗതം ലഭിച്ചില്ല. അതു സ്വീകാര്യമാക്കാനും നിർമല ശ്രമിച്ചില്ല.
2. 75 വയസ് കഴിഞ്ഞവർക്ക് റിട്ടേൺ നൽകേണ്ട ബാധ്യത ഒഴിവാക്കി. പെൻഷനും പലിശ വരുമാനവും മാത്രമുള്ളവർക്കാണ് ഇത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ചാണിത്. പെൻഷൻ അക്കൗണ്ടുള്ള ബാങ്കിൽ മാത്രമേ സ്ഥിര നിക്ഷേപങ്ങളും പാടുള്ളു എന്ന നിബന്ധനയുണ്ട്. നികുതി ബാങ്ക് പിടിച്ച് അടച്ചു കൊള്ളും. റീഫണ്ട് വേണമെങ്കിൽ റിട്ടേൺ നൽകുക തന്നെ വേണം.
3. നികുതി നിർണയം പുന:പരിശോധിക്കാനുള്ള കാലപരിധി ആറു വർഷത്തിൽ നിന്നു മൂന്നു വർഷമായി കുറച്ചു.
4. തർക്ക പരിഹാരം മുഖം നോക്കാതെ: ഇതിനു പ്രത്യേക കമ്മിറ്റിയെ വയ്ക്കും. ക്രമേണ ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലും ഓൺലൈൻ തർക്ക പരിഹാര വേദിയാകും.
50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനവും 10 ലക്ഷം രൂപയിൽ കൂടിയ തർക്ക വരുമാനവും ഉള്ളവർക്കു വേണ്ടി തർക്കപരിഹാര കമ്മിറ്റി ഉണ്ടാക്കും.
5. ഓഡിറ്റ് : 44 എബി പ്രകാരമുള്ള ഓഡിറ്റിനുള്ള വരുമാന പരിധി കൂട്ടി. അഞ്ചു കോടി രൂപയിൽ നിന്ന് 20 കോടിയിലേക്ക്. ഇതു ചെറുകിട-ഇടത്തരം സംരംഭകരെ സഹായിക്കും.
6. ലാഭവീതത്തിനു നികുതി: ഡിവിഡൻഡ് ഡിസ്ട്രിബ്യൂഷൻ ടാക്സ് കഴിഞ്ഞ വർഷം ഒഴിവാക്കി. പകരം ഡിവിഡൻഡ് കൈപ്പറ്റുന്നവർ നികുതി നൽകണം. ഡിവിഡൻഡ് പ്രഖ്യാപിച്ച ശേഷം മാത്രം മുൻകൂർനികുതി നിർണയിച്ചാൽ മതി എന്ന് പ്രത്യേകം വിശദീകരിച്ചു.
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റുകളും ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റുകളും ലാഭവീതം വിതരണം ചെയ്യുമ്പോൾ ടിഡിഎസ് (സ്രോതസിൽ നികുതി പിരിവ്) പിടിക്കേണ്ട എന്നും വിശദീകരിച്ചു.
7. റിട്ടേണിൽ എല്ലാം മുൻപേ ചേർക്കും:
ഇനി മുതൽ ആദായനികുതി റിട്ടേണിൽ ബാങ്ക് പലിശയുടെ വിവരങ്ങളും ഓഹരി വിപണനത്തിലെ ലാഭ വിവരങ്ങളും നികുതി വകുപ്പ് തന്നെ ചേർത്തു തരും. ഈ പ്രീ ഫിൽഡ് ഫോമിൽ മറ്റു വരുമാനങ്ങൾ മാത്രം നികുതി ദായകർ ചേർത്താൽ മതി.
8. ഭവനവായ്പ: കുറഞ്ഞ വിലയുള്ള പാർപ്പിടങ്ങൾ വാങ്ങിയവർക്കു പലിശച്ചെലവിൽ 1,50,000 രൂപ വരെ 80 ഇഇഎ പ്രകാരം കിഴിവ് അനുവദിച്ചിരുന്നത് ഒരു വർഷം കൂടി (2022 മാർച്ച് 31 വരെ) നീട്ടി. ഇതു സെക്ഷൻ 24 പ്രകാരമുള്ള രണ്ടു ലക്ഷം രൂപ കിഴിവിനു പുറമെയാണ്.
9. പിഎഫ്: പിരിച്ചെടുത്ത പിഎഫ് തുക അടയ്ക്കാൻ വൈകിയാൽ തൊഴിലുടമയ്ക്ക് ആ തുകയുടെ കിഴിവ് അവകാശപ്പെടാനാവുകയില്ല.

പ്രവാസികൾക്ക് ഇരട്ട നികുതി ഒഴിവാക്കും

പ്രവാസികൾക്കുള്ള ഇരട്ട നികുതി പ്രശ്നം ഒഴിവാക്കാൻ നടപടി വാഗ്ദാനം ചെയ്തിട്ടുണ്ട് മന്ത്രി. പ്രവാസികൾ മടങ്ങിവരുമ്പോൾ വിദേശത്തെ പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റും ഇവിടെ പലപ്പോഴും നികുതി പ്രശ്നം നേരിടുന്നു. ഇവിടെ അടച്ച നികുതിക്കു വിദേശത്തു ക്രെഡിറ്റ് കിട്ടാനും പ്രയാസമുണ്ട്. ചട്ടങ്ങളിൽ വേണ്ട മാറ്റം വരുത്താമെന്നു മന്ത്രി പറഞ്ഞു.

വികസന ധനകാര്യ ബാങ്ക്

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ദീർഘകാല വായ്പ ലഭ്യമാക്കാൻ ഒരു ഡവലപ്മെൻറ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ (ഡിഎഫ്ഐ) തുടങ്ങുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനു ബജറ്റിൽ 20,000 കോടി രൂപ നീക്കിവച്ചു.
ഇതിനു വേണ്ടി നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്മെൻ്റ് (എൻഎബിഎഫ്ഐഡി) ബിൽ പാർലമെൻ്റിൽ സമർപ്പിച്ചിട്ടുണ്ട്. ബാങ്ക് രൂപവൽക്കരണം വൈകില്ലെന്നു ചുരുക്കം.
എന്നാൽ ഒരു ചോദ്യം ഉയരും. നെഹ്രുവിൻ്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങി വച്ച ഡിഎഫ്ഐകൾ എവിടെപ്പോയി?
ഐഡിബിഐ, ഐസിഐസിഐ എന്നിവയെ സ്വകാര്യവൽക്കരിച്ച് സാധാരണ ബാങ്കുകളാക്കി. ഐഎഫ്സിഐ യെ ധനകാര്യ കമ്പനിയാക്കി മാറ്റി സ്വകാര്യവൽക്കരിച്ചു.
ഇവയെല്ലാം കളഞ്ഞിട്ടു വീണ്ടും വികസന ധനകാര്യ ബാങ്ക് (ഡിഎഫ്ഐ) തുടങ്ങുന്നു. നാറാണത്തു ഭ്രാന്തൻ്റെ കഥ ആർക്കെങ്കിലും ഓർമ വന്നാൽ കുറ്റപ്പെടുത്താനാവില്ല.

കിട്ടാക്കടങ്ങൾക്ക് "ചീത്ത" ബാങ്ക്

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ ഏറ്റെടുക്കാൻ സർക്കാർ ഒരു കമ്പനി രൂപവൽക്കരിക്കും എന്നത് ആശ്വാസകരമായ പ്രഖ്യാപനമാണ്. ഈ രംഗത്തെ സ്വകാര്യ കമ്പനികളെക്കാൾ പൊതുമേഖലാ ബാങ്കുകൾക്കു സഹായകമായ നിലപാട് ഈ പൊതുമേഖലാ കമ്പനി സ്വീകരിക്കുമെന്നു കരുതാം.
കിട്ടാക്കടങ്ങൾക്കായി ''ചീത്ത" ബാങ്ക് രൂപീകരിക്കണമെന്ന നിർദേശം സ്വീകരിക്കാതെ കമ്പനി രൂപീകരിക്കുന്നതിലെ യുക്തി പെട്ടെന്നു പിടി കിട്ടുന്നതല്ല.
ഏതായാലും വികസന ബാങ്കും 'ചീത്ത' ബാങ്കും ഓഹരി വിപണിയെ സന്തോഷിപ്പിച്ചു. ബാങ്ക്, ധനകാര്യ ഓഹരികൾ വലിയ കുതിപ്പാണ് ഇന്നലെ നടത്തിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it