ആവേശം തുടരുന്നു; കോടതി റിലയൻസിനെ താഴ്ത്തുമോ? ആമസോൺ മേധാവി മാറുന്നു; ഇനി പലിശ കൂടുന്ന കാലം

ബജറ്റിൻ്റെ ആവേശം തുടരുകയാണ്. ബുള്ളുകൾക്ക് അമേരിക്കൻ ഉത്തേജക പദ്ധതിയും ആവേശം പകരുന്നു. ഇന്നലെ യൂറോപ്യൻ, അമേരിക്കൻ ഓഹരികൾ ഉയർന്നത് ഇന്നു സൂചികകളെ ഉയർത്താൻ പ്രേരകമാകും. സിംഗപ്പുർ എക്സ്ചേഞ്ചിലെ എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,725-നു മുകളിലാണ്. സൂചികകൾ കയറ്റത്തോടെ തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന. രണ്ടു ദിവസം കൊണ്ട് ഇന്ത്യൻ ഓഹരികളുടെ വിപണി മൂല്യത്തിലുള്ള വർധന പത്തരലക്ഷം കോടി രൂപയാണ്. 196.6 ലക്ഷം കോടിയായി ബിഎസ്ഇയുടെ മൊത്തം വിപണി മൂല്യം.

നിഫ്റ്റി 15,000-ലേക്കുള്ള യാത്ര ഇന്നും തുടരും. ഇന്നലെ രണ്ടു തവണ 50,000 കടന്ന സെൻസെക്സ് ഇന്ന് 50,000നു മുകളിൽ ക്ലോസ് ചെയ്യാൻ ശ്രമിക്കും. ഇതിനിടെ ഉയരങ്ങളിലെ ലാഭമെടുക്കൽ ശ്രമം ഉണ്ടാകാം.
നിഫ്റ്റിക്ക് 14,470 ലും 14,340 ലും നല്ല സപ്പോർട്ട് ഉള്ളതായി സാങ്കേതിക വിശകലനക്കാർ പറയുന്നു.

ക്രൂഡ് കുതിക്കുന്നു; സ്വർണം, വെള്ളി താണു

ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതോടെ ക്രൂഡ് ഓയിൽ വില കുതിച്ചു. രണ്ടു ദിവസം കൊണ്ട് അഞ്ചു ശതമാനത്തിലേറെ ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 57.91 ഡോളർ വരെ കയറി. ഇന്നു രാവിലെ 57.5 -ലേക്കു താണെങ്കിലും സൂചനകൾ ഉയർച്ചയക്കാണ്.
സ്വർണം, വെള്ളി വിലകൾ വിദേശത്തു താണു. സ്വർണം ഔൺസിന് 1840 ഡോളറായി. വെള്ളി 27 ഡോളറിനു താഴെ എത്തി.
അമേരിക്കയിൽ ചില സമൂഹമാധ്യമ കൂട്ടായ്മകൾ ഗെയിംസ്റ്റോപ് പോലുള്ള ഓഹരികളെ പ്രചാരണത്തിലൂടെ അതിവേഗം പലമടങ്ങ് ഉയരങ്ങളിലെത്തിച്ചതിൻ്റെ ചുവടുപിടിച്ച് വെള്ളി വിലയിലും കളി നടന്നിരുന്നു. ഗെയിംസ്റ്റോപ് വില കഴിഞ്ഞ ദിവസം ഇടിഞ്ഞതിനു പിന്നാലെയാണു വെള്ളി വിലയും താണത്. ഗെയിംസ് റ്റോപ്പ് കളി കഴിഞ്ഞ ആഴ്ച ഓഹരി വിപണിയെ ഉലച്ചിരുന്നു.

പലിശ ക്രമേണ കൂടും

രാജ്യത്തു പലിശ നിരക്ക് കൂടാൻ പോകുന്നു. ഉയർന്ന ബജറ്റ് കമ്മി കൂടുതൽ കടമെടുപ്പിലേക്കു നയിക്കും. അതു കണക്കാക്കി കടപ്പത്ര വില ഇപ്പോൾ താഴുകയാണ്. കടപ്പത്രവില താഴുന്നത് പലിശ പ്രതീക്ഷ ഉയരുമ്പോഴാണ്. ഇതിൻ്റെ അടുത്ത ഘട്ടമായി പണപ്പെരുപ്പവും വിലകളും കൂടും. ഏതാനും മാസങ്ങൾക്കകം റിസർവ് ബാങ്ക് റീപോ നിരക്ക് കൂട്ടേണ്ടി വരും.
ഇന്നു റിസർവ് ബാങ്കിൻ്റെ പണ നയ കമ്മിറ്റി (എംപിസി) യോഗം തുടങ്ങും. വെള്ളിയാഴ്ച യോഗതീരുമാനങ്ങൾ അറിയാം. ഈ യോഗം പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തില്ലെന്നാണ് നിഗമനം.

റിലയൻസിനു തിരിച്ചടി?

ആമസോണും ഫ്യൂച്ചറുമായുള്ള കേസിൽ ഡൽഹി ഹൈക്കോടതി വിധി പിന്നീടു പ്രഖ്യാപിക്കും. അതു വരെ ഫ്യൂച്ചർ- റിലയൻസ് ഇടപാടിനു സ്റ്റേ നൽകി. മാത്രമല്ല സിംഗപ്പുരിലെ ട്രൈബ്യൂണലിൻ്റെ വിധി ഇവിടെ നടപ്പാക്കാമെന്നാണു പ്രഥമ ദൃഷ്ട്യാ തോന്നുന്നതെന്നും ജഡ്ജി പറഞ്ഞു. ഫ്യൂച്ചറിൻ്റെ റീട്ടെയിൽ വ്യാപാരം ഏറ്റെടുക്കാനുള്ള റിലയൻസിൻ്റെ ശ്രമത്തിനു തിരിച്ചടിയാണ് ജഡ്ജിയുടെ നടപടിയും പരാമർശവും.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു; കമ്പനിയുടെ ക്ലൗഡ് സേവന വിഭാഗം മേധാവി ആൻഡി ജസ്സിയാകും പുതിയ സിഇഒ. ബെസോസ് എക്‌സിക്യൂട്ടീവ് ചെയർമാനാകും. ഓഗസ്റ്റിലാണു മാറ്റങ്ങൾ നിലവിൽ വരിക.

സ്റ്റീലിനു ചുങ്കം കുറച്ചു

ബജറ്റിൽ ഇറക്കുമതിച്ചുങ്കം കുറച്ചത് ഇന്ത്യയിലെ സ്റ്റെയിൻലെസ് സ്റ്റീൽ നിർമാതാക്കൾക്കു ക്ഷീണമായി. ചൈനീസ് സ്റ്റീൽ നേരിട്ടും ആസിയാൻ രാജ്യങ്ങൾ വഴിയും ഇങ്ങോട്ടു വരുമെന്നാണ് ആശങ്ക. സ്റ്റീലിൻ്റെ ചുങ്കം 7.5 ശതമാനമായി കുറച്ചു. സ്റ്റീൽ സ്ക്രാപ്പിന് ചുങ്കം ഇല്ലാതാക്കി.
സ്റ്റീൽ വില കുറയാൻ ഇതു കാരണമാകും. വാഹന, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് ഇതു നല്ലതാണ്. സെക്കൻഡറി സ്റ്റീൽ നിർമാതാക്കളാണ് ഇറക്കുമതിക്കാരോടു മത്സരിക്കാൻ പറ്റാതെ വിഷമിക്കുക. പ്രൈമറി ഉൽപാദകർക്കു ലാഭം കുറയും.

റേറ്റിംഗ് മുന്നറിയിപ്പുമായി ഫിച്ച് റേറ്റിംഗ്സ്

ഇന്ത്യയുടെ വർധിച്ച കമ്മിയും കടബാധ്യതയും റേറ്റിംഗ് താഴ്ത്താൻ കാരണമാകുമെന്ന മുന്നറിയിപ്പുമായി ഫിച്ച് റേറ്റിംഗ്സ്.
ധനകാര്യ നില ഭദ്രമാക്കൽ മുമ്പു കണക്കാക്കിയതിലും വളരെ വൈകുമെന്നാണു ബജറ്റ് കണക്കുകൾ കാണിക്കുന്നത് എന്നു ഫിച്ചിൻ്റെ ഏഷ്യ-പസഫിക് ഡയറക്ടർ ജെറെമി സൂക് പറഞ്ഞു.
കഴിഞ്ഞ ജൂണിൽ ഫിച്ച് ഇന്ത്യയുടെ ബിബിബി മൈനസ് റേറ്റിംഗിനെ നെഗറ്റീവ് സാധ്യതാ പട്ടികയിൽ പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കണക്കിലെടുത്താണിത്.
ഇപ്പോൾ ഇന്ത്യയുടെ കടം ജിഡിപി യുടെ 90 ശതമാനത്തിലധികമായി. ട്രിപ്പിൾ ബി റേറ്റിംഗ് ഉള്ള രാജ്യങ്ങളിൽ ശരാശരി കടം 53 ശതമാനമാണ്. ബജറ്റിലെ വരുമാന - വളർച്ച പ്രതീക്ഷകളിൽ യാഥാർഥ്യബോധം ഉണ്ടെങ്കിലും പൊതുമേഖലാ ഓഹരി വിൽപനയിലെ വലിയ ലക്ഷ്യം വിശ്വാസ്യമല്ലെന്ന് ഫിച്ച് കണക്കാക്കുന്നു.

കമ്മി കൂടിയതു റേറ്റിംഗ് താഴ്ത്തുമെന്നു നൊമുറ

കേന്ദ്ര ബജറ്റിലെ കമ്മി വളരെയേറെയായത് രാജ്യത്തിൻ്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താൻ വഴിതെളിക്കുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് നൊമുറ. ഇക്കൊല്ലം (2020-21) കമ്മി ജിഡിപിയുടെ 9.5 ശതമാനവും അടുത്ത വർഷം 6.8 ശതമാനവും ആകുമെന്നാണു ബജറ്റ് കണക്കാക്കുന്നത്. വിവിധ ഏജൻസികൾ കണക്കാക്കിയിരുന്നതിലും വളരെ കൂടുതലാണിത്. നൊമുറ കണക്കാക്കിയതു യഥാക്രമം 6.8 ഉം 5.3 ഉം ശതമാനം കമ്മിയാണ്.
ബജറ്റ് കണക്കുകൾ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായാകും ധനമന്ത്രി കമ്മി ഇങ്ങനെ ഉയർത്തി കാണിച്ചതെന്നു നൊമുറ കരുതുന്നു. ഫുഡ് കോർപറേഷൻ ദേശീയ സമ്പാദ്യ പദ്ധതിയിൽ നിന്ന് എടുത്ത കടം ഇതു വരെ ബജറ്റിൽ വന്നിരുന്നില്ല. ഇത്തവണ ആ കടം തിരിച്ചു നൽകാൻ ഗവണ്മെൻ്റ് പണം നൽകി. അതാണു കമ്മി ഇത്രയധികം വർധിക്കാൻ കാരണം.
സുതാര്യത വർധിപ്പിച്ച ഈ നടപടി നല്ലതാണെങ്കിലും ചില ഏജൻസികൾ ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്താനിടയുണ്ടെന്നു നൊമുറ അഭിപ്രായപ്പെട്ടു. ഫിച്ച്, മൂഡീസ് എന്നിവയിലൊന്നാകും റേറ്റിംഗ് താഴ്ത്തുക.
റേറ്റിംഗ് ഏജൻസികൾ വികസ്വര രാജ്യങ്ങൾക്കെതിരാണെന്നും മറ്റും ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പുതിയ സാമ്പത്തിക സർവേ വലിയ വിമർശനം നടത്തിയിരുന്നു.

റേറ്റിംഗ് താഴ്ത്താനില്ലെന്ന് എസ് ആൻഡ് പി

കമ്മിയും കടവും കണക്കുകൂട്ടലുകൾക്കപ്പുറം പോയെങ്കിലും ബജറ്റിനെ പ്രശംസിച്ച് റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി). റേറ്റിംഗ് താഴ്ത്താൻ തക്ക കാര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഏജൻസി പറഞ്ഞു.
കമ്മി വർധിപ്പിച്ചത് ധനകാര്യ നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ നീട്ടിവയ്ക്കും. വർധിച്ച കടം വളർച്ചയുടെ തോതു കൂടിയാലേ ധനകാര്യ നില ഭദ്രമാക്കാൻ കഴിയൂ.
ഈ മാർച്ച് 31- ഓടെ ഇന്ത്യയുടെ ഔദ്യോഗിക കടം ജിഡിപിയുടെ 74 ശതമാനത്തിൽ നിന്ന് 92 ശതമാനമാകും. കുറേ വർഷങ്ങളിലേക്ക് കടം 90 ശതമാനത്തിനടുത്തായിരിക്കും. അതുമൂലം കമ്മി കുറയ്ക്കൽ വൈകും.2025-26 ൽ 4.5 ശതമാനം ധനകമ്മി ലക്ഷ്യമിട്ടാണ് ഇപ്പോൾ നീങ്ങുന്നത്: ഏജൻസി വിലയിരുത്തി.

കയറ്റുമതി വീണ്ടും കൂടി

ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 5.37 ശതമാനം കൂടി. 2585 കോടി ഡോളറിൽ നിന്ന് 2724 കോടി ഡോളറിലേക്ക്. ഇറക്കുമതി 4115 കോടിയിൽ നിന്നു 2.05 ശതമാനം ഉയർന്ന് 4199 കോടി ഡോളറായി. ജനവരിയിലെ വാണിജ്യ കമ്മി 1475 കോടി ഡോളറാണ്.
ധാന്യങ്ങൾ (314 ശതമാനം വർധന), പിണ്ണാക്ക് (253 ശതമാനം), ഇരുമ്പയിര് (109 ശതമാനം) എന്നിവയാണ് കയറ്റുമതിയിൽ വലിയ വളർച്ച കാണിച്ച ഇനങ്ങൾ.
ഏപ്രിൽ- ജനുവരി കാലയളവിൽ കയറ്റുമതി 13.66 ശതമാനം താണ് 22,804 കോടി ഡോളറായി. ഇറക്കുമതി 26 ശതമാനം കുറഞ്ഞ് 30,026 കോടി ഡോളറായി. വാണിജ്യ കമ്മി 7222 കോടി ഡോളർ.

വാഹന വിൽപന: മാരുതിക്ക് കുറവ്, ഹ്യുണ്ടായിക്ക് നേട്ടം

ജനുവരിയിലെ വാഹന വിൽപനയിൽ മാരുതി സുസുകിക്കു ചെറിയ ഇടിവ്. കമ്പനികളിൽ നിന്നു ഡീലർമാരിലേക്കുള്ള വിൽപനയുടെ പ്രാരംഭ കണക്കിലാണിത്.
മാരുതിയുടെ വിൽപന 0.6 ശതമാനം കുറഞ്ഞു. 1,39,844 ൻ്റെ സ്ഥാനത്ത് 1,39,002. ആൾട്ടോ, എസ്- പ്രെസോ എന്നിവയുടെ വിൽപ്പന (25,153 എണ്ണം) യിൽ 2.8 ശതമാനം കുറവു വന്നു. വാഗൺ ആർ മുതൽ ഡിസയർ വരെയുള്ള കോംപാക്റ്റ് കാറുകളുടെ മൊത്തം വിൽപന 84,340-ൽ നിന്ന് 76,935 ആയി കുറഞ്ഞു. ബ്രെസയും എർടിഗയും ഉൾപ്പെട്ട എസ് യു വി വിൽപന 45.1 ശതമാനം കൂടി 23,887 ആയി.
ഹ്യുണ്ടായിയുടെ വില്പന 23.8 ശതമാനം വർധിച്ച് 52,005 ആയി. അവരുടെ കയറ്റുമതി 19 ശതമാനം താണു.
എംജി മോട്ടോർ 15 ശതമാനം വർധനയോടെ 3602 വാഹനങ്ങൾ വിറ്റു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ട്രാക്ടർ വിൽപന ജനുവരിയിൽ 50 ശതമാനം വർധിച്ച് 33,562 ആയി.
മഹീന്ദ്രയുടെ യാത്രാ വാഹന വിൽപന നാലു ശതമാനം കൂടി 20,634 എണ്ണമായി. ഇതിൽ 20,498 ഉം എസ് യു വി കളാണ്.
ടാറ്റാ മോട്ടോഴ്സിൻ്റെ യാത്രാ വാഹന വിൽപന 94 ശതമാനം ഉയർന്ന് 26,980 എണ്ണമായി. നെക്സൺ, ആൾട്രാേസ്, ഹാരിയർ എന്നിവയ്ക്കു നല്ല സ്വീകാര്യത ഉണ്ട്.
കിയ മോട്ടോഴ്സിനു ജനുവരിയിൽ വിൽപന 19,056 എണ്ണം. വർധന 23 ശതമാനം.
ഹോണ്ട 114 ശതമാനം വർധനയോടെ 11,319 എണ്ണം വിറ്റു.
ടൊയോട്ട 11,126 വാഹനങ്ങൾ വിറ്റു. വർധന 92 ശതമാനം.
റെനോ - നിസാൻ വിൽപന അഞ്ചു ശതമാനം കൂടി 8209 എണ്ണമായി.

ഇന്നത്തെ വാക്ക് : എം പി സി

റിസർവ് ബാങ്കാണു രാജ്യത്തെ പണനയം തീരുമാനിക്കുന്നത്. ഇതിനു ചുമതലപ്പെട്ട സമിതിയാണ് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). ഇതിൽ ചെയർമാനടക്കം ആറു പേരുണ്ട്. ചെയർമാൻ റിസർവ് ബാങ്ക് ഗവർണർ. അദ്ദേഹത്തിനു കാസ്റ്റിംഗ് വോട്ട് ഉണ്ട്. മൂന്നംഗങ്ങളെ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യും. രണ്ടു പേരെ റിസർവ് ബാങ്ക് ഗവർണറും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it