തരംഗം ശക്തം; ലാഭമെടുക്കൽ കൂടും; റിലയൻസിന് ഇന്നു നിർണായകം; കുഴപ്പമുണ്ടാക്കില്ലെന്നു മൂഡീസ്

അൻപതിനായിരത്തിനു മുകളിൽ സെൻസെക്സ് ക്ലോസ് ചെയ്തു. ഇതൊരു പുതിയ ബുൾ തരംഗത്തിൻ്റെ തുടക്കം മാത്രമാണെന്നു ഫസ്റ്റ് ഗ്ലോബലിലെ ശങ്കർ ശർമ അഭിപ്രായപ്പെട്ടത് അതിരു കടന്ന ശുഭപ്രതീക്ഷയാണെന്നു പറയാം. എങ്കിലും വിപണി ഉത്സാഹത്തിൽ തന്നെയാണെന്നു തീർച്ച.

യു എസ് വിപണി ഇന്നലെ ചെറിയ നേട്ടത്തിലായിരുന്നു; യൂറോപ്പ് സമ്മിശ്രവും. ഇന്നു രാവിലെ ജാപ്പനീസ് വിപണി താഴ്ന്നാണു തുടങ്ങിയത്.
എസ്ജിഎക്സ് നിഫ്റ്റി 14,850-നു മുകളിലാണ് ഒന്നാം സെഷൻ അവസാനിപ്പിച്ചത്.

ലാഭമെടുക്കലും ചാഞ്ചാട്ടവും

ഉയർന്ന വിലയിൽ ലാഭമെടുത്തു മാറാനുള്ള ശ്രമം ഇപ്പോൾ ഉണ്ടാകും. ബുധനാഴ്ച തന്നെ അതിൻ്റെ ചാഞ്ചാട്ടങ്ങൾ കാണാമായിരുന്നു. സെൻസെക്സ് ആയിരം പോയിൻ്റിൻ്റെ ചാഞ്ചാട്ടമാണ് ഇന്നലെ നടത്തിയത്. 50,526.39 വരെ കയറുകയും 49,515.88 വരെ താഴുകയും ചെയ്തു. പലവട്ടം കയറിയിറങ്ങിയിട്ടാണ് 458.03 പോയിൻ്റ് (0.92 ശതമാനം) ഉയർച്ചയോടെ 50,255.75 ൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 142.1 പോയിൻ്റ് ( 0.97%) കയറി 14.789.95-ൽ ക്ലോസ് ചെയ്തു.
വിപണി ഒരു ചെറിയ തിരുത്തലോടു കൂടി വേണം 50,000-ൻ്റെ അടിത്തറ ഉറപ്പിക്കാൻ എന്നു കരുതുന്നവരുണ്ട്. ബുധനാഴ്ചത്തെ സൂചിക നീക്കങ്ങൾ അതിനുള്ള സൂചന നൽകിയതായി സാങ്കേതിക വിശകലനക്കാർ പറയുന്നു. എന്നാൽ വിദേശ പണ പ്രവാഹമാകും വിപണിയെ നയിക്കുക.

വിപണിമൂല്യം 200 ലക്ഷം കോടിയിലേക്ക്

ബജറ്റിനു ശേഷം സെൻസെക്സിൽ 3969.98 പോയിൻ്റ് (8.57%) ഉയർച്ചയുണ്ട്. ഇതാേടെ ബിഎസ് ഇ യുടെ മൊത്തം വിപണി മൂല്യം 12.31 ലക്ഷം കോടി വർധിച്ച് 198.44 ലക്ഷം കോടി രൂപയായി.
ബജറ്റ് ദിനം തൊട്ട് ഇന്നലെ വരെ വിദേശ നിക്ഷേപകർ 11,249 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. ഇന്ത്യൻ ഫണ്ടുകൾ ലാഭമെടുക്കലിന് ഈ അവസരം വിനിയോഗിച്ചു.

നാഴികക്കല്ലുകൾ

ഡിസംബർ നാലിന് 45,080 കടന്നു ക്ലോസ് ചെയ്ത സെൻസെക്സ് 41 വ്യാപാര ദിനങ്ങൾ കൊണ്ടാണ് 50,000നു മുകളിലെത്തി ക്ലോസ് ചെയ്തത്. ഉയർച്ച 11.9 ശതമാനം. 1979 ഏപ്രിൽ മൂന്നിന് ആരംഭിച്ച സെൻസെക്സ് 1999 ഒക്ടോബർ 11-നാണു 5,000-നു മുകളിൽ ക്ലോസ് ചെയ്തത്. 4357 പ്രവൃത്തിദിവസമെടുത്ത് 3953 ശതമാനം ഉയർച്ച. അത് ഇരട്ടിച്ച് 10,000 - നു മുകളിൽ ക്ലോസ് ചെയ്യാൻ 1588 ദിവസം കൂടി വേണ്ടിവന്നു. 2006 ഫെബ്രുവരി ഏഴിനായിരുന്നു അത്. 2007 ഡിസംബറിൽ 20,000 കടന്നു. 2017-ലാണ് 30,000- നു മുകളിലായത്. 2019 ജൂണിൽ 40,000 കടന്നു.

സ്വർണം താഴോട്ട്, ക്രൂഡ് മേലോട്ട്

രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെയും താണു. ഇന്നു രാവിലെ ഔൺസിന് 1832 ഡോളർ ആയി.
ക്രൂഡ് ഓയിൽ വീണ്ടും കയറി. ബ്രെൻറ് ഇനം ക്രൂഡ് ഇന്നു രാവിലെ 58.67 ഡോളറിലെത്തി.

റേറ്റിംഗ് താഴ്ത്തില്ലെന്നു മൂഡീസ്

ഇന്ത്യയുടെ കമ്മി പ്രതീക്ഷയിലും കൂടുതലാണെങ്കിലും ഉടനേ റേറ്റിംഗ് താഴ്ത്തില്ലെന്ന സൂചനയുമായി മൂഡീസ്. നേരത്തേ ബജറ്റിൽ കാണിക്കാതിരുന്ന ബാധ്യതകൾ പെടുത്തിയതുകൊണ്ടാണ് കമ്മി വർധിച്ചത്.ബജറ്റ് കണക്കുകൾ വിശ്വാസ്യവും സുതാര്യവുമാക്കുന്നതിനെ മൂഡീസ് പ്രശംസിച്ചു.
സർക്കാരിൻ്റെ ധനകാര്യ നില ദുർബലമാണ്. വരും വർഷങ്ങളിൽ ജിഡിപി വളർച്ച വേഗത്തിലായാലേ കമ്മി താഴ്ത്തിക്കൊണ്ടുവരാനാകൂ. എൽഐസി ഓഹരി വിൽപനയും പൊതുമേഖലാ ബാങ്കും ഇൻഷ്വറൻസ് കമ്പനിയും സ്വകാര്യവൽക്കരിക്കുന്നതും ബജറ്റിലെ നല്ല കാര്യങ്ങളായി മൂഡീസ് എടുത്തു പറഞ്ഞു.

ഫ്യൂച്ചർ ഇടപാട് സുപ്രീം കോടതിയിൽ

ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് റിലയൻസിനു വിറ്റതു സ്‌റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഫ്യൂച്ചർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ചൊവ്വാഴ്ച നൽകിയ സ്റ്റേ ഉത്തരവിനെതിരേ ഇന്നലെ അപ്പീൽ അപേക്ഷ നൽകിയത് ഇന്നത്തേക്ക് എടുക്കാൻ ചീഫ് ജസ്റ്റീസ് നിർദേശിക്കുകയായിരുന്നു. 25,000 കോടി രൂപയ്ക്കാണ് റിലയൻസ് ഫ്യൂച്ചറിൻ്റെ ബിസിനസ് വാങ്ങുന്നത്. ഇതിനെതിരേ ഫ്യൂച്ചറിൻ്റെ ഹോൾഡിംഗ് കമ്പനിയിൽ ഓഹരിയുള്ള ആമസോൺ നിയമ പോരാട്ടം നടത്തി വരികയാണ്. സുപ്രീം കോടതിയുടെ നിലപാട് മൂന്നു കമ്പനികൾക്കും നിർണായകമാണ്.
ഇതിനിടെ ഫ്യൂച്ചർ ഉടമ കിഷോർ ബിയാനിക്ക് ഓഹരി വിപണിയിൽ പ്രവർത്തിക്കാൻ ഒരു വർഷത്തെ വിലക്ക് സെബി ഏർപ്പെടുത്തി.2017 ലെ ഒരു ഓഹരി ഇടപാടുമായി ബന്ധപ്പെട്ടാണിത്. കമ്പനി മേധാവി എന്ന നിലയിൽ ലഭ്യമായ വിവരം പരസ്യപ്പെടുത്താതെ ഉള്ളാൾ വ്യാപാരം (Insider Trading) നടത്തി എന്നാണ് ആരോപണം.
റിലയൻസുമായുള്ള ഇടപാട് പൂർത്തിയാക്കാൻ ഈ വിധി തടസമല്ലെന്നു ഫ്യൂച്ചർ വക്താക്കൾ പറഞ്ഞു.

വിദേശികളുടെ നിക്ഷേപം റിക്കാർഡ്

വിദേശികൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഇക്കൊല്ലം (2020-21) നടത്തുന്നത് റിക്കാർഡ് നിക്ഷേപം. ഫെബ്രുവരി രണ്ടു വരെയുള്ള കണക്കനുസരിച്ച് വിദേശ നിക്ഷേപം (എഫ്പിഐ) 2.35 ലക്ഷം കോടി രൂപ (31,703 കോടി ഡോളർ) കവിഞ്ഞു. 2012-13ലെ 25,833 കോടി ഡോളറിൻ്റെ റിക്കാർഡാണ് ഈ വർഷം മറികടന്നത്.
പ്രമുഖ വിദേശ ബ്രോക്കറേജുകൾ ഇനിയും ഇന്ത്യൻ ഓഹരികൾ നിക്ഷേപ യോഗ്യമാണെന്നു കരുതുന്നു. അടുത്ത ധനകാര്യ വർഷം സെൻസെക്സ് കമ്പനികളുടെ ലാഭ വർധന 30 ശതമാനത്തിലധികമാകുമെന്ന് മോർഗൻ സ്റ്റാൻലി കണക്കാക്കുന്നു. വിദേശത്തെ പണലഭ്യത ഉയർന്നു നിൽക്കുന്നതാണ് ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളിലേക്കു നിക്ഷേപം വരുന്നതിനു പ്രധാന കാരണം. അമേരിക്കയിൽ പലിശ നിരക്ക് ഉയരും വരെ ഇതു തുടരും.

എയർടെലിനു മികച്ച ലാഭം

ഭാരതി എയർടെൽ ലാഭത്തിലേക്കു തിരിച്ചു വന്നു; ഏറ്റവും ഉയർന്ന പാദ വാർഷിക വരുമാനം നേടി. മൂന്നാം പാദത്തിൽ അറ്റാദായം 853 കോടി രൂപ.കഴിഞ്ഞവർഷം ഇതേ പാദത്തിൽ 1035 കോടി നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ 763 കോടിയായിരുന്നു നഷ്ടം.
വരുമാനം 24 ശതമാനം ഉയർന്ന് 26,518 കോടി രൂപയായി. ഇന്ത്യയിലെ മാത്രം വരുമാനം 25.1 ശതമാനം കൂടി 19,007 കോടിയിലെത്തി. വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം 135 രൂപയിൽ നിന്ന് 166 രൂപയായി.
കമ്പനിയുടെ ഓഹരി വില ഇന്നലെ മൂന്നു ശതമാനം ഉയർന്ന് 618.75 രൂപ എന്ന സർവകാല റിക്കാർഡിലെത്തി.

ഇന്നത്തെ വാക്ക് : ഉള്ളാൾ വ്യാപാരം

കമ്പനികളുടെ രഹസ്യവിവരങ്ങൾ അറിയുന്ന കമ്പനി ഉദ്യാേഗസ്ഥർ, കമ്പനിയുടെ അഭിഭാഷകർ, ഓഡിറ്റർമാർ തുടങ്ങിയവരും അവരുടെ കുടുംബാംഗങ്ങളും ആ വിവരങ്ങൾ വച്ചു കൊണ്ടു നടത്തുന്ന വ്യാപാരങ്ങൾ ആണ് ഉള്ളാൾ വ്യാപാരം (Insider Trading). ഇതു നിയമവിരുദ്ധമാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it