കേരളത്തിൽ സ്വർണ്ണവില ഇന്നും ഇടിയും? വിപണിയിൽ കാളക്കൂറ്റന്മാരുടെ വിഹാരം , പണനയം ദിശ കാണിക്കും

ആകാശമാണ് അതിര് എന്ന ഭാവമാണ് ഓഹരി വിപണിയിലെ ബുള്ളുകൾക്ക്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ 4329 പോയിൻ്റാണു സെൻസെക്സ് കൂട്ടിച്ചേർത്തത്. നിഫ്റ്റി 1261 പോയിൻ്റും.

ബജറ്റിനു മുമ്പുള്ള പത്തു ദിവസം കൊണ്ട് വിപണി നഷ്ടപ്പെടുത്തിയത് ഏഴു ശതമാനമായിരുന്നു. സെൻസെക്സ് 3506 പോയിൻ്റും നിഫ്റ്റി 1010 പോയിൻ്റും. ഇപ്പോൾ ആ നഷ്ടങ്ങളെല്ലാം നികത്തി.
വ്യാഴാഴ്ച ഇടിവോടെ തുടങ്ങിയ വിപണിയിൽ ലാഭമെടുക്കൽ തകൃതിയായി നടന്നു. എങ്കിലും രണ്ടു മണിക്കൂറിനു ശേഷം സൂചികകൾ തിരിച്ചു കയറി. ഏറെ താഴോട്ടു പോയ ബാങ്ക് ഓഹരികൾ ഒടുവിൽ വലിയ നേട്ടം കുറിച്ചു.

പണനയത്തിൽ കണ്ണ്

എസ്ബിഐയുടെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷകളെ മറികടന്നതോടെ 5.73 ശതമാനം ഉയരത്തിലാണ് ഓഹരി ക്ലാേസ് ചെയ്തത്. ഐടിസി ഓഹരി 6.11 ശതമാനം കയറി.
ഇന്ന് റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനം ഉണ്ടാകും. പലിശ നിരക്ക് കൂട്ടുമെന്ന് ആരും കരുതുന്നില്ല. എന്നാൽ വളർച്ചത്തോത്, പലിശയുടെ ഗതി എന്നിവ സംബന്ധിച്ച നിലപാടിലാണ് വിപണി ശ്രദ്ധിക്കുക.

വിദേശികൾ ഉത്സാഹത്തിൽ

നിഫ്റ്റി 15,000 കടന്നു മുന്നേറുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്നു പൊതുവേ കരുതപ്പെടുന്നു.15,000-വും 15,200-ഉം ആണു തടസം പ്രതീക്ഷിക്കുന്ന ബിന്ദുക്കൾ. താഴെ 14,700 സപ്പോർട്ട് നൽകും.
വിദേശികൾ ആവേശത്തിലാണ്. വ്യാഴാഴ്ച അവർ ഓഹരികളിൽ 1937 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം ഇതു വരെ 12,133 കോടിയാണ് വിദേശികളുടെ നിക്ഷേപം.

ഹരം പകരാൻ മോർഗൻ സ്റ്റാൻലി

കാളക്കൂറ്റന്മാർ മേയുന്ന വിപണിക്ക് ഹരം പകരുന്നതായി മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. 2021 അവസാനം സെൻസെക്സ് 61,000 പോയിൻ്റിൽ എന്നാണ് അവർ പറയുന്നത്. നവംബറിൽ അവരുടെ പ്രവചനം 2021 ഒടുവിൽ 50,000 എന്നായിരുന്നു.
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ അടിസ്ഥാനമാക്കിയാണ് മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. ബജറ്റിൽ പറയുന്നവ നടപ്പാക്കിയാൽ സൂചികകൾ പറക്കുമെന്നും ഈ വർഷം 20 ശതമാനം നേട്ടമുണ്ടാകുമെന്നും അവർ കരുതുന്നു.

സ്വർണം ഇടിഞ്ഞു, ക്രൂഡും ഡോളറും കയറി

ഡോളർ വീണ്ടും കരുത്താർജിക്കുന്നു. അതിനനുസരിച്ചു സ്വർണം ദുർബലമാകുന്നു. സ്വർണം ഇന്നലെ 1800 ഡോളറിനു താഴെയെത്തി. ഇന്നു രാവിലെ 1794 ഡോളറിലാണ് ഏഷ്യൻ വ്യാപാരം. കേരളത്തിൽ സ്വർണ വില ഇന്നു ഗണ്യമായി താഴും. സ്വർണസ്റ്റോക്കിസ്റ്റുകൾക്കു കനത്ത പ്രഹരമായി വിലയിടിവും ചുങ്കം കുറയ്ക്കലും.
ഡോളർ ഇൻഡെക്സ് 92-ലേക്കു കുതിക്കുകയാണ്. ജാപ്പനീസ് യെൻ അടക്കം കറൻസികൾ താഴുന്നു.
ക്രൂഡ് ഓയിൽ 60 ഡോളറിലേക്കു കുതിക്കുകയാണ്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ ബ്രെൻ്റ് ഇനം 59.2 ഡോളറിലേക്കു കയറി.
യു എസ് ഓഹരികൾ ഇന്നലെ ഒരു ശതമാനം ഉയർന്നു. ഇന്നു രാവിലെ ജപ്പാനിലും ഓഹരികൾ കയറി.
എസ് ജി എക്സ് നിഫ്റ്റി 14,929 വരെ കയറി. രാവിലെ ഇന്ത്യൻ ഓഹരികൾ ഉയർന്നാലും ലാഭമെടുക്കലിൻ്റെ സമ്മർദം ഉണ്ടാകും.

ജിഡിപിയെ മറികടന്ന് വിപണി മൂല്യം

സെൻസെക്സ് 50,000-നു മുകളിൽ തുടർച്ചയായ രണ്ടാം ദിവസവും ക്ലോസ് ചെയ്തതിനൊപ്പം ഇന്ത്യൻ വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 200 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് ഈ ധനകാര്യ വർഷം പ്രതീക്ഷിക്കുന്ന ജിഡിപിയെക്കാൾ കൂടുതലാണ്. 195 ലക്ഷം കോടിയാണ് ഇക്കൊല്ലം കണക്കാക്കുന്ന ജിഡിപി. വ്യാഴം വൈകുന്നേരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം (Market capitalization) 200.47 ലക്ഷം കോടി രൂപയാണ് ( 2.75 ലക്ഷം കോടി ഡോളർ).
നിർമല സീതാരാമൻ തൻ്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ച ശേഷം വ്യാഴം വൈകുന്നേരം വരെ ഇന്ത്യൻ ഓഹരികളുടെ വിപണി മൂല്യം 14.34 ലക്ഷം കോടി രൂപ കണ്ടു വർധിച്ചു. ഇതോടെ വിപണി മൂല്യത്തിൽ ലോകത്ത് ഒൻപതാം സ്ഥാനത്തേക്കു ബിഎസ്ഇ ഉയർന്നു. 4722 കമ്പനികളാണു ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ 809 എണ്ണം സസ്പെൻഷനിലാണ്. ബാക്കി 3913 എണ്ണത്തിനു വ്യാപാര അനുമതി ഉണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക് ഡൗണിനെ തുടർന്നു തകർന്ന സൂചികകൾ ഇതിനകം 93 ശതമാനം ഉയരത്തിലായി.

എസ്ബിഐ റിസൽട്ട് പ്രതീക്ഷയിലും മെച്ചം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു (എസ്ബിഐ) ഡിസംബർ പാദത്തിൽ അറ്റാദായം 6.9 ശതമാനം കുറഞ്ഞു. 5583.4 കോടിയുടെ സ്ഥാനത്ത് 5196.22 കോടി രൂപ മാത്രം. എന്നാൽ വിപണി കണക്കാക്കിയിരുന്നത് ലാഭം പകുതിയിൽ താഴെ ആകുമെന്നാണ്.
നികുതിക്കു മുമ്പുള്ള ലാഭം 36 ശതമാനം കുറഞ്ഞ് 6991 കോടി രൂപയായി. പ്രവർത്തന ലാഭമാകട്ടെ 4.8 ശതമാനമേ കുറഞ്ഞുള്ളു. 18,223 കോടിയിൽ നിന്ന് 17,333 കോടിയിലേക്ക്.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിലെ ചില പ്രത്യേക വരുമാനങ്ങൾ ഒഴിവാക്കി പരിശോധിച്ചാൽ അറ്റാദായ വർധന 134 ശതമാനമാണെന്നു ബാങ്ക് അറിയിച്ചു.
ബാങ്കിലെ നിക്ഷേപങ്ങൾ 13.6 ശതമാനം വർധിച്ചപ്പോൾ വായ്പകൾ 6.7 ശതമാനമേ കൂടിയുള്ളു. ഇന്ത്യയിൽ നൽകിയ കോർപറേറ്റ് വായ്പകൾ 2.23 ശതമാനം മാത്രമാണു വർധിച്ചത്. അതേ സമയം റീട്ടെയിൽ വായ്പകൾ 15.5 ശതമാനം കൂടി.
ബാങ്കിൻ്റെ മൊത്തം എൻപിഎ (നിഷ്ക്രിയ ആസ്തി) 1.59 ലക്ഷം കോടിയിൽ ( 6.94 ശതമാനം) നിന്ന് 1.17 ലക്ഷം കോടിയായി (4.77 ശതമാനം) കുറഞ്ഞു.
ബജറ്റിലെ മൂലധനച്ചെലവ് വർധന മായയെന്നു മുൻ ധന സെക്രട്ടറി
സാമ്പത്തിക മാന്ദ്യത്തിനു നടുവിലും മൂലധനച്ചെലവ് വർധിപ്പിച്ചെന്ന ധനമന്ത്രിയുടെ അവകാശവാദം പൊള്ളയെന്ന് മുൻ ധനകാര്യ സെക്രട്ടറി എസ്.സി. ഗാർഗ്. 2020-21 ലെ മൂലധനച്ചെലവ് ബജറ്റിൽ പറഞ്ഞ 4.12 ലക്ഷം കോടിയിൽ നിന്ന് 4.39 ലക്ഷം കോടിയാക്കിയെന്നും 2021-22 ൽ അത് 5.54 ലക്ഷം കോടിയാക്കുമെന്നും മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
കമ്മി കൂടിയപ്പോൾ മൂലധനച്ചെലവ് വർധിപ്പിച്ചത് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. പക്ഷേ യഥാർഥ മൂലധനച്ചെലവ് കൂടിയിട്ടില്ലെന്നു മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറിയായിരുന്ന ഗാർഗ് പറഞ്ഞു. റവന്യു ചെലവുകളെ മൂലധന ചെലവുകളാക്കി കാണിക്കുകയാണ് മന്ത്രി ചെയ്തതെന്നു ഗാർഗ് ചൂണ്ടിക്കാട്ടി. റെയിൽവേയ്ക്കു യഥാർഥ കണക്ക് ഗാർഗ് വിവരിച്ചു. പുതിയ ലൈനുകൾക്കു 12,000 കോടി പറഞ്ഞതിൽ നടന്നതു 929 കോടി, ഗേജ്മാറ്റം 2250 കോടിക്കു പകരം 26 കോടി മാത്രം. പാളം പുതുക്കലിന് 10,599 കോടി വച്ചതിൽ ഒരു പൈസയും ചെലവാക്കിയില്ല. എൻജിനുകളും ബോഗികളും വാങ്ങാൻ 5787 കോടി വച്ചതിൽ ചെലവാക്കുന്നത് 2004 കോടി മാത്രം.
റെയിൽവേക്കു സർവീസ് നിർത്തിവച്ചതു മൂലമുള്ള നഷ്ടം ഒഴിവാക്കാൻ 79,398 കോടി പ്രത്യേക വായ്പയായി കൊടുത്തു. ഇതു മൂലധന കണക്കിലാണു പെടുത്തിയത്. ശമ്പളം നൽകാനുള്ള ഈ തുക കുറച്ചാൽ റെയിൽവേയുടെ മൂലധനച്ചെലവ് 1.09 ലക്ഷം കോടി എന്നു പറഞ്ഞതു യഥാർഥത്തിൽ 29,000 കോടി ആണെന്നു കാണാം: ഗാർഗ് ചൂണ്ടിക്കാട്ടി. അപ്പോൾ കേന്ദ്രം അവകാശപ്പെട്ട മൊത്തം മൂലധനച്ചെലവ് 4.39 ലക്ഷം കോടിയിൽ നിന്ന് 3.6 ലക്ഷം കോടിയായി കുറയും.
അടുത്ത വർഷത്തെ മൂലധനച്ചെലവ് കാണിച്ചിരിക്കുന്നത് അമിതവരുമാന പ്രതീക്ഷയുടെ ബലത്തിലാണെന്നും ഗാർഗ് പറയുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it