വിപണിയിലേക്ക് പണം ഒഴുകുന്നു; ബിറ്റ് കോയിനും ഇലോൺ മസ്കും തമ്മിലെന്ത് ?; ആമസോണിനു തിരിച്ചടി

തിരുത്തലുകൾക്കു നിൽക്കാൻ സമയമില്ലാതെ പുതിയ റിക്കാർഡുകൾ കുറിക്കാൻ പായുകയാണ് ഓഹരി സൂചികകൾ. നിഫ്റ്റി ഇന്നലെ ആദ്യമായി 15,000-നു മുകളിൽ ക്ലോസ് ചെയ്തു. കേന്ദ്ര ബാങ്കുകളും സർക്കാരുകളും പുറത്തുവിടുന്ന പണത്തിൻ്റെ മിന്നൽ പ്രളയത്തിൽ സൂചികകൾ കുതിച്ചുയരുന്നു. സാമ്പത്തികമേഖല ചൂടുപിടിക്കണമെങ്കിൽ കുറേക്കാലം കൂടി പണമൊഴുക്കണമെന്ന താണ് അവസ്ഥ. ഇതു ജപ്പാനിലേതുപോലെ ദശകങ്ങൾ നീളുമോ എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു.

ഇന്നലെ നിഫ്റ്റി 191.55 പോയിൻ്റും (1.28 ശതമാനം) സെൻസെക്സ് 617.14 പോയിൻ്റും (1.22 ശതമാനം) കയറി. ഇ താേടെ ബജറ്റിനു ശേഷം മുഖ്യസൂചികകളിലെ കയറ്റം 11 ശതമാനം കവിഞ്ഞു.

വിദേശപണം ഒഴുകുന്നു

ഒന്നാം തീയതി മുതൽ ആറു വ്യാപാര ദിനം കൊണ്ട് 15471.76 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 5217.46 കോടി രൂപ പിൻവലിച്ചു.

ഉണർവിൽ സൂചികകൾ

നിഫ്റ്റിക്ക് ഇന്നു 15,200 നു മുകളിലെത്താനായാൽ 15,500 ആകും അടുത്ത ലക്ഷ്യം എന്നു സാങ്കേതിക വിശകലനക്കാർ കരുതുന്നു. ഉയരങ്ങളിലെ ലാഭമെടുക്കൽ തുടരുമെങ്കിലും വലിയ തിരിച്ചടി പ്രതീക്ഷിക്കുന്നില്ല. 15,051-ഉം 14,960- ഉം ആണു സപ്പോർട്ടായി കാണുന്നത്. തടസം 15,170-ലും 15,225-ലും ഉണ്ടാകാം.
ഏറ്റവും കൂടുതൽ നിഫ്റ്റി കോൾ ഓപ്ഷൻ ഓപ്പൺ ഇൻ്ററസ്റ്റ് 15,500-ലും 16,000-ലും ആണ്. സൂചിക അങ്ങോട്ട് എത്തുമെന്നു കൂടുതൽ പേർ വിശ്വസിക്കുന്നെന്നു സൂചന.
ഇന്നലെ അമേരിക്കൻ ഓഹരികൾ ഗണ്യമായി ഉയർന്നു. യൂറോപ്പും ഉയർച്ചയിലായിരുന്നു. ജപ്പാനിൽ ഇന്നു തുടക്കം നേരിയ താഴ്ചയിലായിരുന്നെങ്കിലും പിന്നീടു കയറി.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,170 വരെ ഉയർന്നു. സൂചികകൾ ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങാമെന്നാണ് ഇതിലെ സൂചന.

പലിശയും കമ്മിയും റിസർവ് ബാങ്കും

നടപ്പുവർഷം നേരത്തേ പറഞ്ഞിരുന്നതിലും 80,000 കോടി രൂപ കേന്ദ്ര സർക്കാർ അധികമായി കടമെടുക്കും. ഇതു പലിശ കൂട്ടുമെന്നു ബാങ്ക് മേഖല കരുതി. വെള്ളിയാഴ്ച സർക്കാർ കടപ്പത്രങ്ങൾ ഇറക്കിയപ്പാേൾ കൂടുതൽ വരുമാനം (yield) കിട്ടത്തക്കവിധം താഴ്ന്ന വിലയാണു ബാങ്കുകൾ ഓഫർ ചെയ്തത്. ഇതു റിസർവ് ബാങ്ക് സ്വീകരിച്ചില്ല. തുടർന്നു റിസർവ് ബാങ്ക് 20,000 കോടി രൂപയുടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (OMO) ബുധനാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചു. 20,000 കോടി രൂപയുടെ കടപ്പത്രങ്ങൾ ഇതുവഴി ബാങ്കുകളിൽ നിന്നു റിസർവ് ബാങ്ക് വാങ്ങും. കഴിഞ്ഞയാഴ്ച വിൽക്കാൻ പറ്റാതിരുന്ന കടപ്പത്രങ്ങൾ വ്യാഴാഴ്ച വിൽക്കും. 13,000 കോടി രൂപയ്ക്കുള്ള കടപ്പത്രങ്ങളാണ് അന്നു വിൽക്കുക.
ഇതിലെ ലളിതമായ വസ്തുത ഇതാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൂടുതൽ കടപ്പത്രം വാങ്ങണമെങ്കിൽ കൂടുതൽ പലിശ നൽകണമെന്ന് ആവശ്യപ്പെടുന്നു. പലിശ കൂട്ടാൻ റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നില്ല. അതിനാൽ ബാങ്കുകളിൽ നിന്നു പഴയ കടപ്പത്രം തിരിച്ചു വാങ്ങുന്നു. അപ്പോൾ അവർ പുതിയ കടപ്പത്രം റിസർവ് ബാങ്ക് ഉദ്ദേശിക്കുന്ന പലിശയിൽ വാങ്ങും.
സത്യത്തിൽ കേന്ദ്ര ഗവണ്മെൻ്റിൻ്റെ കമ്മിക്കു റിസർവ് ബാങ്ക് കറൻസി അടിച്ചു നൽകുന്നു. അതു വളഞ്ഞ വഴിക്കാണെന്നു മാത്രം.

ക്രൂഡ് 60 ഡോളറിനു മുകളിൽ; സ്വർണം കയറുന്നു.

ആഗോള വിപണിയിൽ ലഭ്യത കുറഞ്ഞതും ഡോളർ നിരക്ക് താണതും ക്രൂഡ് ഓയിൽ വിലയെ ഉയർത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 60.6 ഡോളർ കവിഞ്ഞു. ഇനിയും ഉയരുമെന്നാണു സൂചന. 2020 ഫെബ്രുവരിയിലാണ് ഇതിനു മുമ്പ് ക്രൂഡ് 60 ഡോളറിനു മുകളിലായിരുന്നത്.
സ്വർണവും കയറുകയാണ്. ഇന്നു രാവിലെ ഔൺസിന് 1836 ഡോളറിലെത്തി വില. വെള്ളി വില 27.36 ഡോളറിലായി. കഴിഞ്ഞ വർഷം ആഗോള വെള്ളി ഉൽപാദനം ആറു ശതമാനം കുറവായിരുന്നു.

മസ്ക് നിക്ഷേപിച്ചു; ബിറ്റ് കോയിൻ 50,000 ഡോളറിലേക്ക്

ഡിജിറ്റൽ ഗൂഢകറൻസികളുടെ തലവര മാറ്റുന്നതായി ടെസ്ലയുടെ നടപടി. വ്യത്യസ്തതകൾ കൊണ്ടു ശ്രദ്ധേയനായ ടെസ്ല ഉടമ ഇലോൺ മസ്ക് 150 കോടി ഡോളർ ബിറ്റ് കോയിനിൽ നിക്ഷേപിച്ചു. ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന തൻ്റെ കമ്പനി ഇടപാടുകൾക്കു ബിറ്റ് കോയിൻ സ്വീകരിക്കുമെന്നും അറിയിച്ചു.
ഇതാദ്യമാണ് മുഖ്യധാരയിലുള്ള ഒരു കമ്പനി ബിറ്റ് കോയിനെ അംഗീകരിക്കുന്നത്‌. ഇതോടെ ബിറ്റ് കോയിനും മറ്റു ഡിജിറ്റൽ ഗൂഢ(crypt) കറൻസികൾക്കും വില കുതിച്ചു കയറി. ബിറ്റ്കോയിൻ ഒറ്റ ദിവസം കൊണ്ട് 19 ശതമാനം ഉയർന്ന് 47,000 ഡോളറിനു മുകളിലെത്തി. 50,000 ഡോളറിലേക്ക് ഇന്നു തന്നെ എത്തുന്ന തരം ആവേശമാണു വിപണിയിൽ. കഴിഞ്ഞ ഏപ്രിലിനു ശേഷം ബിറ്റ് കോയിൻ വില 800 ശതമാനത്തിലേറെ വർധിച്ചു
ഇന്ത്യയിൽ സ്വകാര്യ ഡിജിറ്റൽ കറൻസികൾ നിരോധിക്കാൻ നിയമനിർമാണത്തിനു നീക്കമുണ്ട്. പകരം ഒരു ഡിജിറ്റൽ കറൻസി റിസർവ് ബാങ്ക് ഇറക്കാനാണ് ആലോചന. റിസർവ് ബാങ്കിൻ്റെ ഒരു ആഭ്യന്തര കമ്മിറ്റി ഇക്കാര്യം പഠിച്ചു വരികയാണ്.

ഫ്യൂച്ചർ- റിലയൻസ് ഇടപാട്; ആമസോണിന് തിരിച്ചടി

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ ബിസിനസ് റിലയൻസിനു വിൽക്കാനുള്ള കരാർ നടപ്പാക്കുന്നതു വിലക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധിക്കു ഡിവിഷൻ ബെഞ്ചിൻ്റെ സ്റ്റേ. കഴിഞ്ഞ ചൊവ്വാഴ്ചത്തെ വിധിക്ക് ഇന്നലെയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. തങ്ങൾ മറ്റു നിയമമാർഗങ്ങൾ തേടും വരെ ഈ വിധി നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന ആമസോണിൻ്റെ അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളി.
സെബി, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തുടങ്ങിയ നൈയാമിക സ്ഥാപനങ്ങൾക്ക് ഫ്യൂച്ചർ- റിലയൻസ് ഇടപാടിൽ ഇനി നിയമാനുസൃതം നീങ്ങാം.
ഫ്യൂച്ചർ റീട്ടെയിലിൻ്റെ മാതൃകമ്പനിയായ ഫ്യൂച്ചർ കൂപ്പൺസിൽ ആമസോണിനു 49 ശതമാനം ഓഹരിയുണ്ട്. ആമസാേണിനെ അറിയിക്കാതെ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ വ്യാപാരം മുകേഷ് അംബാനിയുടെ റിലയൻസിന് കൈമാറാൻ തീരുമാനിച്ചു. 24,713 കോടിയുടേതാണു നിർദിഷ്ട ഇടപാട്.
ഇതിനെതിരേ ആമസാേൺ സിംഗപ്പുരിലെ സ്വകാര്യ ട്രൈബ്യൂണലിൽ നിന്നു വിധി നേടി. ഇതേ തുടർന്നുള്ള നിയമ പോരാട്ടത്തിലാണ് ഇന്നലത്തെ ഉത്തരവ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it