സ്വദേശികളുടെ വിൽപന തുടരുന്നു; അതിർത്തിയിൽ നിന്നു ശുഭ വാർത്ത; റിസർവ് ബാങ്ക് ചെയ്യുന്നത് എന്താണ്? വളർച്ച തുടങ്ങിയെന്നു റേറ്റിംഗുകാർ

ലാഭം കീശയിലാക്കാൻ റീട്ടെയിൽ നിക്ഷേപകർ. വിറ്റുമാറുന്ന നിക്ഷേപകർക്കു പണം നൽകാൻ സ്വദേശി ഫണ്ടുകൾ. നിക്ഷേപം തുടരാൻ വിദേശ ഫണ്ടുകൾ. വിപണിയിൽ ഈ മൂന്നു പ്രവണതകൾ തമ്മിലുള്ള ബലപരീക്ഷ. അതിൻ്റെ ചാഞ്ചാട്ടങ്ങളാണ് രണ്ടു ദിവസമായി കാണുന്നത്.

ഇന്നലെ വിദേശികൾ 1788 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചപ്പോൾ സ്വദേശി ഫണ്ടുകൾ 2076 കോടി രൂപ പിൻവലിച്ചു.
വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം മുഖ്യ സൂചികകൾ തലേന്നത്തേതുപോലെ നേരിയ താഴ്ചയിൽ ക്ലോസ് ചെയ്തു. 15,100-നു മുകളിൽ നിഫ്റ്റിയും 51,300 നു മുകളിൽ സെൻസെക്സും ക്ലോസ് ചെയ്തത് ആശ്വാസകരമാണെന്ന് സാങ്കേതിക വിശകലനക്കാർ കരുതുന്നു.
നിഫ്റ്റിയുടെ 15,500-ലേക്കുള്ള പ്രയാണം തടസപ്പെട്ടിരിക്കുകയാണ്. ഇനി 15,000-15,250 മേഖലയിൽ ചുവടുറപ്പിച്ചിട്ടു വേണം പുതിയ ഉയരങ്ങൾ തേടാൻ. അതു നടന്നാൽ 15,450-15,500 ലേക്കു നീക്കം പുനരാരംഭിക്കാം എന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്.
യൂറോപ്യൻ, അമേരിക്കൻ വിപണികൾ ഇന്നലെ ദുർബലമായിരുന്നു. ഡൗ ജോൺസ് സൂചിക ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡോളറും ദുർബലമാണ്. ജപ്പാനിൽ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങി.
എസ്ജിഎക്സ് നിഫ്റ്റി 15,100-നു താഴെയാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഇന്ത്യൻ വിപണി താഴ്ചയിലാകും തുടങ്ങുക എന്ന സൂചനയാണ് ഇതിലുള്ളത്.

ക്രൂഡ് ഉയർന്നു തന്നെ

ക്രൂഡ് ഓയിൽ വില ഉയർന്നു പോകുകയാണ്. ബ്രെൻ്റ് ഇനം 61.47 ഡോളറിലേക്കു കയറി.
സ്വർണം 1840-1842 ഡോളർ മേഖലയിൽ തുടരുന്നു. അമേരിക്കൻ ഉത്തേജക പദ്ധതിയുടെ അവസാന ചിത്രം കാത്തിരിക്കുകയാണു വിപണി. താഴ്ന്ന വരുമാനക്കാർക്ക് 1400 ഡോളർ നൽകാൻ പദ്ധതിയിൽ നിർദേശമുണ്ട്.ഇത് എത്ര വരുമാനമുള്ളവർക്കാണു കിട്ടുക എന്നതിലാണു തീരുമാനമാകാത്തത്.

അതിർത്തിയിൽ ശുഭവാർത്ത

ലഡാക്കിൽ ചൈനയുടെയും ഇന്ത്യയുടെയും സേനകൾ പിന്മാറ്റം ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കഴിഞ്ഞ ഏപ്രിലിലെ നിലയിലേക്കു മാറുമെന്നാണു റിപ്പോർട്ട്. വിപണിയെ സന്തോഷിപ്പിക്കുന്നതാണ് ഈ സംഭവ വികാസം. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഇതു സംബന്ധിച്ചു പാർലമെൻറിൽ പ്രസ്താവന നടത്തും.

ട്വിറ്റർ വിഷയം

ട്വിറ്ററും കേന്ദ്ര സർക്കാരുമായി നടന്ന ചർച്ച വിജയിച്ചില്ല. സർക്കാർ നിർദേശിച്ച മുഴുവൻ കാര്യങ്ങളും ചെയ്യാൻ പറ്റില്ലെന്ന നിലപാടിൽ ട്വിറ്റർ നിൽക്കുന്നു. ട്വിറ്ററിനെ ഇന്ത്യയിൽ നിരോധിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിയേക്കും. അതിൻ്റെ അന്താരാഷ്ട്ര പ്രത്യാഘാതം വലുതായിരിക്കും. ആമസോൺ - ഫ്യൂച്ചർ ഇടപാടിലും വോഡഫോൺ, കയേൺ നികുതി വിഷയങ്ങളിലും ഗവണ്മെൻ്റിൻ്റെ നിലപാടിൽ വിദേശ നിക്ഷേപകർക്ക് അസ്വസ്ഥത ഉണ്ട്.

പലിശ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക്

പലിശ നിരക്കുകളിൽ കടുത്ത നിയന്ത്രണവുമായി റിസർവ് ബാങ്ക്. ഗവണ്മെൻ്റിൻ്റെ ഭീമമായ കടമെടുപ്പ് പൊതു പലിശ നിരക്ക് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണു റിസർവ് ബാങ്കിൻ്റെ ലക്ഷ്യം. ഇതു വാണിജ്യ ബാങ്കുകളുടെ ലാഭക്ഷമതയെ ബാധക്കും.
ഇന്നലെ നടത്തിയ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനി (ഒഎംഒ) ലാണു കേന്ദ്ര ബാങ്ക് പിടിമുറുക്കിയത്. 10 വർഷ കടപ്പത്രം ആറു ശതമാനം വരുമാനം (yield) കിട്ടത്തക്കവിലയിലാണു റിസർവ് ബാങ്ക് വാങ്ങിയത്. മൊത്തം 20,000 കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയപ്പോൾ 14,654 കോടിയും പത്തു വർഷ കടപ്പത്രങ്ങളായിരുന്നു.
ഇന്ന് 22,000 കോടിയുടെയും നാളെ 26,000 കോടിയുടെയും കടപ്പത്രങ്ങൾ റിസർവ് ബാങ്ക് വിൽക്കുന്നുണ്ട്. അവ വാങ്ങാൻ ബാങ്കുകൾക്കു പണലഭ്യത ഉറപ്പാക്കാനാണ് കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാൻ ഒഎംഒ നടത്തിയത്.
മാർച്ച് 31-നകം നേരത്തേ പറഞ്ഞതിലും 80,000 കോടി രൂപ കടപ്പത്രം വഴി കേന്ദ്രം സമാഹരിക്കും. അടുത്ത ധനകാര്യ വർഷം 12 ലക്ഷം കോടിയും. ഇത്ര വലിയ കടമെടുപ്പ് പലിശ നിരക്ക് ഉയർത്തും എന്നാണ് ആശങ്ക. റിസർവ് ബാങ്ക് "ബലമായി" പലിശ താഴ്ത്തി നിർത്താൻ ശ്രമിക്കുന്നതാണ് ഇന്നലെ കണ്ടത്. ബാങ്ക് നിക്ഷേപകർ അതിനോട് എങ്ങനെ പ്രതികരിക്കും എന്നു വരും ദിവസങ്ങളിലേ അറിയൂ.

ഇപ്പോൾ രാജ്യം വളർച്ചയിലെന്ന് എസ്ബിഐ

ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി ഏഴു ശതമാനമേ ചുരുങ്ങൂ എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). 7.4 ശതമാനം ചുരുങ്ങുമെന്നാണു നേരത്തേ എസ്ബിഐ കണക്കാക്കിയിരുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പ്രവചിച്ചത് 7.7 ശതമാനം ചുരുങ്ങുമെന്നാണ്.
ഒക്ടോബർ - ഡിസംബർ പാദത്തിൽ ജിഡിപി 0.3 ശതമാനം വളർന്നെന്ന് എസ്ബിഐ കണക്കാക്കി. ജനുവരി - മാർച്ചിൽ 2.5 ശതമാനം വളരുമെന്നാണു നിഗമനം.
എസ്ബിഐയുടെ ഇക്കോറാപ് റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ഇതിന് ആധാരമാക്കുന്ന 41 അതിവേഗ സൂചകങ്ങളിൽ 51 ശതമാനത്തിനും മൂന്നാം പാദത്തിൽ ഗതിവേഗം കൂടിയത്രെ.
അടുത്ത ധനകാര്യ വർഷം ജിഡിപി 11 ശതമാനം വളരുമെന്ന പ്രവചനം എസ്ബിഐ നിലനിർത്തി. റിസർവ് ബാങ്കിൻ്റെ പ്രവചനം 10.5 ശതമാനമാണ്.
2020-21-ലേക്ക് ഗവണ്മെൻ്റ് ബജറ്റിൽ കണക്കാക്കിയതിലും 2.8 ലക്ഷം കോടി രൂപ അധികം നികുതിയിനത്തിൽ കിട്ടുമെന്നും എസ്ബിഐ പറയുന്നു. അതിനാൽ കമ്മി 0.6 ശതമാനം കുറയും. 9.5 ശതമാനമാണു ബജറ്റിൽ കണക്കാക്കിയത്.

അടുത്ത വർഷം 10.4 ശതമാനം വളരുമെന്ന് ഇൻഡ് - റാ

അടുത്ത ധനകാര്യ വർഷം ഇന്ത്യ 10.4 ശതമാനം ജിഡിപി വളർച്ച നേടുമെന്നു റേറ്റിംഗ് ഏജൻസി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ് റാ). ഈ ധനകാര്യ വർഷം മൂന്നു പാദത്തിലും ചുരുങ്ങിയ ജിഡിപി നാലാം പാദത്തിൽ 0.3 ശതമാനം വളരുമെന്നാണ് ഏജൻസി കണക്കാക്കുന്നത്.
അടുത്ത വർഷം വളരുമെങ്കിലും ജിഡിപി 2019- 20ലേക്കാൾ ചെറുതായിരിക്കും. കോവിഡിനു മുമ്പുള്ള തോതിൽ വളർന്നിരുന്നെങ്കിൽ ഉണ്ടാകുന്നതിലും 10.6 ശതമാനം കുറഞ്ഞ ജിഡിപിയേ അടുത്ത വർഷം ഉണ്ടാകൂ.
സർക്കാർ മൂലധന നിക്ഷേപം ഗണ്യമായി വർധിപ്പിക്കുമെങ്കിലും മൂലധന സ്വരൂപണം പഴയ നിരക്കു വച്ച് 26 ശതമാനം കുറവാകുമെന്ന് ഏജൻസി കണക്കാക്കുന്നു.

ടൈറ്റനു മികച്ച റിസൽട്ട്

ടൈറ്റൻ കമ്പനിക്കു ഡിസംബറിലവസാനിച്ച പാദത്തിൽ മികച്ച റിസൽട്ട്. മുൻ വർഷത്തേക്കാൾ 17 ശതമാനം കൂടുതൽ വിറ്റുവരവ് (7287 കോടി രൂപ) ഉണ്ട്. അറ്റാദായം 11 ശതമാനം കുറഞ്ഞ് 419 കോടിയായി. ഇത് ഫേവർ ല്യൂബ ബിസിനസ് ചുരുക്കുന്നതു വഴിയുള്ള 137 കോടിയുടെ നഷ്ടം എഴുതിത്തള്ളിയതുകൊണ്ടാണ്. അതു ചെയ്തില്ലെങ്കിൽ വിപണിയുടെ പ്രതീക്ഷയേക്കാൾ കൂടുതൽ ലാഭം കാണിക്കാമായിരുന്നു.
കോവിഡ് - ലോക്ക് ഡൗൺ ആഘാതങ്ങളിൽ നിന്നു കമ്പനി കരകയറിയതായി റിസൽട്ട് കാണിക്കുന്നു. ആഭരണ ബിസിനസ് 16 ശതമാനം വളർന്ന് 6249 കോടിയുടെ വിറ്റുവരവിൽ എത്തി.

ഹിൻഡാൽകോ തിളങ്ങി

ആദിത്യ ബിർല ഗ്രൂപ്പിലെ ഹിൻഡാൽകോയുടെ ഡിസംബർ പാദ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. അലൂമിനിയത്തിനും ചെമ്പിനും ലോകവിപണിയിലെ ഡിമാൻഡ് കോവിഡിനു മുമ്പുള്ള നിലവാരത്തിലേക്ക് ഉയർന്നെന്നു കാണിക്കുന്നതാണ് റിസൽട്ട്. വിദേശ ഉപകമ്പനിയായ നോവെല്ലിസിൻ്റെ ബിസിനസിൽ 17 ശതമാനം വളർച്ച ഉണ്ടായി.
അടുത്ത മാസങ്ങളിലേക്ക് മികച്ച ഓർഡറുകൾ ഉണ്ടെന്നു മാനേജിംഗ് ഡയറക്ടർ സതീഷ് പൈ പറഞ്ഞു. വിറ്റുവരവ് 19.7 ശതമാനം കൂടി 34,958 കോടിയായപ്പോൾ പ്ര പ്രവർത്തന ലാഭം 42.2 ശതമാനം വർധിച്ചു.1877 കോടി രൂപയാണ് അറ്റാദായം. വർധന 76.7 ശതമാനം.
കമ്പനി കടബാധ്യത ഗണ്യമായി കുറച്ചു. മൂന്നാം പാദത്തിൽ 50 കോടി ഡോളർ കടം തീർത്തു.നാലാംപാദത്തിൽ 60 കോടി ഡോളർ കൂടി തീർക്കും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it