ഉയരങ്ങളിൽ കുതിപ്പിനു വേഗം കൂടി; കയറ്റുമതി വളർച്ച കരുത്താകും; വിലയും പലിശയും കൂടും; ആദ്യം ഏതു ബാങ്കിനെ വിൽക്കും?

വിദേശപണത്തിൻ്റെ പ്രവാഹത്തിൽ ഓഹരി വിപണി ദിവസേന പുതിയ ഉയരങ്ങൾ കുറിക്കുന്നു. തിങ്കളാഴ്ച സെൻസെക്സ് 52,000 വും നിഫ്റ്റി 15, 300-ഉം കടന്നു. ഫെബ്രുവരിയിൽ മാത്രം ഈ സൂചികകൾ കയറിയത് 13 ശതമാനമാണ്. നിക്ഷേപകരുടെ സമ്പത്ത് (വിപണി മൂല്യം) 22 ലക്ഷം കോടി രൂപ വർധിച്ചു.

തിരുത്തലിനും സമാഹരണത്തിനും സമയമില്ലാത്ത രീതിയിലാണു വിപണി കുതിക്കുന്നത്. കഴിഞ്ഞ നവംബർ ഒൻപതിന് 42,000 കടന്ന സെൻസെക്സ് 67 ദിവസം കൊണ്ട് പതിനായിരം പോയിൻ്റ് കൂടി കയറി. വിദേശപണം ആണു വിപണിയുടെ കുതിപ്പിന് ഇന്ധനം. തിങ്കളാഴ്ച 1234.15 കോടി രൂപയാണ് വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 1048.55 കോടി രൂപ പിൻവലിച്ചു.

സൂചനകൾ ഉയർച്ചയിലേക്ക്

ഇന്നലെ യൂറോപ്യൻ ഓഹരികൾ നല്ല നേട്ടം കൈവരിച്ചു. യു എസ് വിപണി അവധിയായിരുന്നു. ഇന്നു രാവിലെ ജപ്പാനിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും നല്ല ഉണർവോടെയാണു വ്യാപാരം തുടങ്ങിയത്.എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ ചെറിയ ഉയർച്ച കാണിച്ചിരുന്നു. യു എസ് ഫ്യൂച്ചേഴ്സ് നല്ല മുന്നേറ്റം കുറിക്കുന്നത് ഇന്ത്യൻ വിപണിയെ ഉയർച്ചയോടെ തുടങ്ങാൻ പ്രേരിപ്പിക്കും. കയറ്റുമതിയിലെ മികച്ച നേട്ടവും വിപണിക്കു സഹായകമാണ്. പലിശനിരക്കിനെപ്പറ്റിയുള്ള ആശങ്കകൾ ഓഹരി വിപണിയെ ബാധിക്കാറായിട്ടില്ല.
ഉയരങ്ങളിൽ സ്വാഭാവികമായും ലാഭമെടുക്കൽ ഉണ്ടാകും.എന്നാൽ പണമൊഴുക്ക് അതിനെ അതിജീവിക്കും. നിഫ്റ്റി 15,400-നു മുകളിലാണു ലാഭമെടുക്കൽ വിൽപന ശക്തമാകുക. 15,475-15,500 മേഖലയിൽ തടസം ശക്തമാകും.

നിക്കൈ കൊടുമുടിയിലേക്ക്

ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും വികസ്വര രാജ്യങ്ങളിലുമൊക്കെ ഇതാണു നില. ജപ്പാനിൽ നിക്കെെ 225 സൂചിക മൂന്നു പതിറ്റാണ്ടിനു ശേഷം 30,000-നു മുകളിൽ കയറി. 1989 ഡിസംബർ 31-ന് നിക്കൈ എത്തിയ 38,915.87 എന്ന കൊടുമുടി ഇക്കൊല്ലം കീഴടക്കും എന്ന മട്ടിലാണ് നിക്ഷേപകർ. അവിടെയും വിദേശ നിക്ഷേപകരാണ് ഇന്ധനം നൽകുന്നത്.
അമേരിക്കയിലെ പ്രധാന സൂചികകളെല്ലാം റിക്കാർഡ് ഉയരങ്ങളിലാണ്.

ക്രൂഡ് കിതയ്ക്കുന്നു

രണ്ടു ദിവസം നല്ല നേട്ടമുണ്ടാക്കിയ ക്രൂഡ് ഓയിൽ ഇന്ന് അൽപം താഴെയായി. 63.8 ഡോളർ വരെ ഉയർന്ന ബ്രെൻ്റ് ഇനം 63 ഡോളറിനു താഴെ പോയിട്ട് ഇന്നു രാവിലെ 63.33 ഡോളറിലെത്തി.
സ്വർണവും ക്ഷീണത്തിലാണ്. ഔൺസിന് 1815 ഡോളർ വരെ താണിട്ട് 1822 ഡോളറിലേക്കു കയറി. സ്വർണം 1800 ഡോളറിനു താഴെയാകുമെന്ന് മോർഗൻ സ്റ്റാൻലി ഒരു പഠന റിപ്പോർട്ടിൽ പറഞ്ഞതും വിപണിയെ ബാധിച്ചു.
ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിൻ 50,000 ഡോളറിനു താഴെ കറങ്ങുന്നു. 50,000 കടക്കാനുള്ള ഊർജം ഇനിയും വിപണിക്കു ലഭിച്ചിട്ടില്ല.

വിലക്കയറ്റം വീണ്ടും തല ഉയർത്തുമ്പോൾ

വിലക്കയറ്റം വീണ്ടും തലപൊക്കുന്നു. മൊത്ത വില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം (ഡബ്ള്യുപിഐ) ഡിസംബറിലെ 1.22 -ൽ നിന്ന് ജനുവരിയിൽ 2.03 ശതമാനമായി. ഭക്ഷ്യവില 2.24 ശതമാനം കുറഞ്ഞ പശ്ചാത്തലത്തിലാണിത്.ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം ജനുവരിയിൽ 4.06 ശതമാനം മാത്രമായിരുന്നു.
മൊത്തവിലക്കയറ്റത്തിലും ചില്ലറ വിലക്കയറ്റത്തിലും ഫാക്ടറി ഉൽപന്നങ്ങളുടെ വില വർധനയാണ് നീണ്ട വിലക്കയറ്റ സീസൺ തുടങ്ങുന്നതായ ആശങ്ക വളർത്തുന്നത്. ജനുവരിയിൽ ഫാക്ടറി ഉൽപന്ന വിലക്കയറ്റം 5.13 ശതമാനമായിരുന്നു. ഭക്ഷ്യവും ഇന്ധനവും ഒഴിച്ചുള്ള കാതൽ വിലക്കയറ്റം 5.1 ശതമാനമായി. ലോഹങ്ങൾ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, ഇന്ധനം എന്നിവയുടെ വില കൂടുന്നതിൻ്റെ ഫലമായുള്ള വിലക്കയറ്റം കുതിക്കുന്നു എന്നു ചുരുക്കം.
അടുത്ത ധനകാര്യവർഷം മുഴുവൻ തന്നെ മൊത്തവിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് റേറ്റിംഗ് ഏജൻസികൾ കരുതുന്നത്. ചില്ലറ വിലക്കയറ്റം ഫെബ്രുവരി മുതൽ കുതിക്കും എന്നാണു നിഗമനം.
പലിശനിരക്കു കുറച്ചു നിർത്താനുള്ള കേന്ദ്രത്തിൻ്റെയും റിസർവ് ബാങ്കിൻ്റെയും ശ്രമങ്ങൾ വിഫലമാകും. പലിശ ഇനിയും താഴ്ത്തണമെന്ന വ്യവസായ മേഖലയുടെ ആവശ്യം നിറവേറ്റാൻ പറ്റാതെ വരും.

എല്ലാം ശരിയാകുന്നെന്നു നൊമുറ

കോവിഡിൻ്റെയും ലോക്ക് ഡൗണിൻ്റെയും ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്ഘടന കരകയറുന്നതായി ജാപ്പനീസ് ബ്രോക്കറേജ് നൊമുറ. നൊമുറയുടെ ഇന്ത്യ ബിസിനസ് റിസംഷൻ ഇൻഡെക്സ് (നിബ്രി) ഫെബ്രുവരി 14 ലെ നില വച്ച് 98.1 ആണ്. 100 ആയാൽ കോവിഡിനു മുമ്പുള്ള നിലയാകും.
ലോക്ക് ഡൗണിൻ്റെ അവസരത്തിൽ ഏപ്രിലിൽ നിബ്രി 44.8 ആയിരുന്നു. ഓഗസ്റ്റോടെ അത് 70 ആയി. നവംബറിൽ 84- ഉം ഡിസംബറിൽ 90-ഉം ജനുവരിയിൽ 95 ഉം ആയി.
നിബ്രിയുടെ ഉയർച്ച വിശകലനം ചെയ്ത നൊ മുറ ഒക്ടോബർ-ഡിസംബറിൽ 1.5 ശതമാനവും ജനുവരി-മാർച്ചിൽ 2.1 ശതമാനവും ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു.

കയറ്റുമതിയിൽ വളർച്ച; ഇറക്കുമതിയിലും

ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 6.16 ശതമാനം വർധിച്ചു. യൂറോപ്പിലും അമേരിക്കയിലും വീണ്ടും ലോക്ക് ഡൗൺ വന്ന കാലത്തു കയറ്റുമതി വർധിപ്പിക്കാനായത് മികച്ച നേട്ടമായി. 2585 കോടി ഡോളറിൽ നിന്ന് 2745 കോടി ഡോളറിലേക്കാണു വർധന. സാധാരണ അരി, പിണ്ണാക്ക്, ഇരുമ്പയിര് തുടങ്ങിയവയാണു വലിയ വളർച്ച ഉണ്ടായ കയറ്റുമതി ഇനങ്ങൾ. പെടോളിയം ഉൽപന്നങ്ങളും തുകൽ ഉൽപന്നങ്ങളും താഴോട്ടു പോയി.
ഇറക്കുമതി 2.03 ശതമാനമാണ് വർധിച്ചത്.ആകെ ഇറക്കുമതി 4199 കോടി ഡോളർ.
ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 27.72 ശതമാനം കുറഞ്ഞ് 940 കോടി ഡോളറായി. ഏപ്രിൽ - ജനുവരി കാലത്തെ പെട്രോളിയം ഇറക്കുമതിച്ചെലവ് 42.5 ശതമാനം കുറഞ്ഞിട്ടുണ്ട്. തലേവർഷം 10 മാസം ഇറക്കുമതിച്ചെലവ് 10,972 കോടി ഡോളറായിരുന്നത് ഇത്തവണ 6309 കോടി ഡോളറായി.
പെട്രോളിയം ഒഴിച്ചുള്ള ഇറക്കുമതിച്ചെലവ് 15.8 ശതമാനം വർധിച്ചു.
ജനുവരിയിലെ വാണിജ്യ കമ്മി 1454 കോടി ഡോളറാണ്. തലേ ജനുവരിയെ അപേേക്ഷിച്ച് 4.95 ശതമാനം കുറവ്.
പത്തു മാസത്തെ മൊത്തം വാണിജ്യ കമ്മി 7201 കോടി ഡോളറാണ്. തലേ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് പകുതി മാത്രം. -

ആദ്യം വിൽക്കുന്ന ബാങ്കുകളുടെ പട്ടികയായി

അടുത്ത ധനകാര്യ വർഷം രണ്ടു പൊതു മേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന് പൊതു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അവ ഏതാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ബാങ്ക് ഓഫ് മഹാരാഷട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാലു ബാങ്കുകളിൽ രണ്ടെണ്ണമാകും ആദ്യം സ്വകാര്യവൽക്കരിക്കുക എന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
രാഷ്ട്രീയമായി വെല്ലുവിളികൾ നിറഞ്ഞതാകും ബാങ്ക് സ്വകാര്യവൽക്കരണം. ബാങ്ക് യൂണിയനുകൾ ശക്തമായി ചെറുക്കും. ജീവനക്കാർ കുറവുള്ള ബാങ്കുകളെയാകും ആദ്യം സ്വകാര്യവൽക്കരിക്കുക എന്നു പലരും ഊഹിക്കുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 13,000, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 26,000, സെൻട്രൽ ബാങ്കിൽ 33,000, ബാങ്ക് ഓഫ് ഇന്ത്യയിൽ 50,000 എന്നിങ്ങനെയാണു ജീവനക്കാരുടെ സംഖ്യ.
ഈ ബാങ്കുകൾ ചെറുതും ദുർബലവുമായതിനാൽ വലിയ വില കിട്ടില്ലെന്നും വലിയ ഗ്രൂപ്പുകൾ വാങ്ങാൻ വരില്ലെന്നും ചിലർ പറയുന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറാേഡ തുടങ്ങിയ വലിയ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതാണ് പണവും ശ്രദ്ധയും കിട്ടാൻ നല്ലതെന്ന് അവർ കരുതുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്കിന് 10.95 രൂപ, സെൻട്രൽ ബാങ്കിന് 13.95 രൂപ, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 15.9 രൂപ, ബാങ്ക് ഓഫ് ഇന്ത്യക്ക് 58.85 രൂപ എന്നിങ്ങനെയാണു തിങ്കളാഴ്ച ഓഹരി വില


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it