Top

വിപണിയിൽ കാണുന്നത് ആഗോള പ്രവണത; ബിസിനസ് കുറഞ്ഞിട്ടും ലാഭം കൂടി; വിൽക്കാനുള്ള ബാങ്കുകൾക്കു ഡിമാൻഡ്

ആഗോള വിപണികളിലേക്ക് എത്തുന്ന പണം തന്നെയാണ് ഇന്ത്യൻ വിപണിയിലുമെത്തുന്നത്. മൂലധനത്തിൻ്റെ ഈ ആഗോള യാത്ര മറ്റൊരു കാര്യം ഉറപ്പാക്കുന്നു: എല്ലാ വിപണികളും ഏറെക്കുറെ ഒരേ പോലെ പ്രവർത്തിക്കുന്നു. ഓരോ രാജ്യത്തെയും പ്രത്യേക സംഭവങ്ങൾക്കുള്ള സ്വാധീനം ആഗോളീകരണത്തിൽ കുറഞ്ഞു വരുന്നു. പ്രവണതകളും പ്രതികരണങ്ങളും ആഗോളീകരിക്കപ്പെടുന്നു.

ഓഹരി വിപണിയിലെ കുതിപ്പും കിതപ്പുമെല്ലാം ഇപ്പോൾ ഈ ആഗോള പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ. രണ്ടു ദിവസമായി ഇന്ത്യയിൽ ലാഭമെടുക്കലിനു തിരക്കുകൂടി. യൂറോപ്പിലും അമേരിക്കയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ.
ഇന്നലെ ഇന്ത്യൻ സൂചികകൾ താഴോട്ടു പോയി. ഏഷ്യയിലും യൂറോപ്പിലും അങ്ങനെ തന്നെ. അമേരിക്കയിൽ ഡൗ ജോൺസ് പുതിയ റിക്കാർഡ് കുറിച്ചെങ്കിലും മറ്റു സൂചികകളെല്ലാം താഴോട്ടു പോയി.
ഇന്നു രാവിലെ യുഎസ് സൂചികകൾ അവധി വ്യാപാരത്തിൽ നേരിയ ഉയർച്ച കാണിക്കുന്നു. ജപ്പാനിൽ വ്യാപാരത്തുടക്കം ചെറിയ ഉയർച്ചയോടെയാണ്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ അവസാനിപ്പിച്ചത് 15,210 ലാണ്. വിപണി അനിശ്ചിതത്വത്തിലാണെന്നും ലാഭമെടുക്കൽ തുടരുമെന്നുമുള്ള സൂചനയാണ് ഇതു നൽകുന്നത്.
നിഫ്റ്റി 104 പോയിൻ്റ് താണ് 15,208-ൽ ക്ലോസ് ചെയ്തതോടെ 15,250 എന്ന സപ്പോർട്ട് ലെവൽ തടസമേഖലയായി.15,250 നെ ശക്തമായി മറികടന്നാലേ ഇനി കുതിപ്പിന് അവസരമാകൂ. താഴെ 15,100- 15,140 സപ്പോർട്ട് നൽകുന്നു.

തിരുത്തലും സമാഹരണവും

വിപണി അടിത്തറ ശക്തമാക്കുന്ന വിധം തിരുത്തലും സമാഹരണവും നടത്തുമെന്നാണു സാങ്കേതിക വിശകലനക്കാർ കരുതുന്നത്.
വിദേശ നിക്ഷേപകർ ഇന്നലെയും 1008 കോടി രൂപയുടെ പുതിയ നിക്ഷേപം ഓഹരികളിൽ നടത്തി.ഇന്ത്യൻ ഫണ്ടുകൾ 1283 കോടി ഓഹരികളിൽ നിന്നു പിൻവലിച്ചു.

ബാങ്കുകളിൽ ശ്രദ്ധ

സ്വകാര്യബാങ്ക് - ധനകാര്യ ഓഹരികളാണ് ഇന്നലെ സൂചികകളെ വലിച്ചു താഴ്ത്തിയത്. സ്വകാര്യവൽക്കരണത്തിനുള്ള പട്ടികയിൽ ഉണ്ടെന്നു കരുതുന്ന നാലു പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ കുതിച്ചു. സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ ഓഹരി വില തുടർച്ചയായ രണ്ടു ദിവസവും പരമാവധിയായ 20 ശതമാനം വീതം കയറി. ഐഡിബിഐ ബാങ്കിനും നല്ല കയറ്റമുണ്ടായി. മറ്റു പൊതു മേഖലാ ബാങ്കുകളും ഉയർന്നു.

ക്രൂഡ്, സ്വർണം കയറി

അമേരിക്കയിലെ അതിശൈത്യവും മഞ്ഞുവീഴ്ചയും നിരവധി ഓയിൽ റിഗുകളുടെ പ്രവർത്തനം തടസപ്പെടുത്തി. ഇതു ക്രൂഡ് ഓയിൽ വില ഉയർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് 64.89 ഡോളർ വരെ കയറിയിട്ട് അൽപം താണു.
സ്വർണ വില ഔൺസിന് 1769.5 ഡോളർ വരെ താണിട്ട് കയറി. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1783 ഡോളറിലാണു സ്വർണം.
ഡോളർ കരുത്താർജിക്കുന്നതും ഓഹരി വിപണി റിക്കാർഡ് ഉയരങ്ങളിലെത്തിയതും സ്വർണത്തിൽ നിന്നു നിക്ഷേപകരെ പിൻവലിക്കുന്നുണ്ട്. പണം കൈവശം വയ്ക്കുകയോ ഓഹരികളിൽ മുടക്കുകയോ ചെയ്യുന്നതാണ് ആദായകരമായി പലരും കാണുന്നത്.
ബിറ്റ് കോയിൻ ഭ്രമം പടരുകയാണ്. ഈ ഡിജിറ്റൽ ഗൂഢ കറൻസിയുടെ വില 52,600 ഡോളറിനു മുകളിലായി. നിക്ഷേപകർക്കു മുന്നറിയിപ്പുകളുമായി ഡിജിറ്റൽ കറൻസി എക്സ്ചേഞ്ചുകൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ ഭ്രാന്തമായ ആവേശത്തിൻ്റെ കാലത്ത് ആരു ശ്രദ്ധിക്കാൻ?

കമ്പനികൾക്കു ലാഭം കൂടി; ബിസിനസിൽ അത്ര മെച്ചമില്ല

ഡിസംബർ പാദത്തിൽ കമ്പനികളുടെ ബിസിനസ് വലിയ നേട്ടം കാണിച്ചില്ലെങ്കിലും ലാഭം ഗണ്യമായി വർധിച്ചു. സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) നടത്തിയ വിശകലനത്തിലെ കണ്ടെത്തലാണിത്.
ഈ പാദത്തിൽ കമ്പനികളുടെ അറ്റാദായം സെപ്റ്റംബർ പാദത്തിലേക്കാൾ വർധിച്ചു. 1,53,300 കോടിയാണ് അറ്റാദായം. സെപ്റ്റംബർ പാദത്തിൽ ഇത് 1,52,700 കോടിയായിരുന്നു. അസാധാരണ വരുമാനങ്ങളും കണക്കിലെ ക്രമീകരണങ്ങളും ഒഴിവാക്കിയാൽ അറ്റാദായം 1.62 ലക്ഷം കോടിയായി കൂടും.
കമ്പനികളുടെ മൊത്തം മൂല്യവർധന 19.1 ശതമാനമാണെന്നു സ്ഥാപനം കണക്കു കൂട്ടുന്നു. ധനകാര്യ കമ്പനികളെ ഒഴിവാക്കിയുള്ളതാണിത്.വിലക്കയറ്റത്തിൻ്റെ ഫലം ഒഴിവാക്കിയാലും 12.1 ശതമാനമുണ്ട് മൂല്യവർധന.
ഈ വർധനയിൽ നല്ല പങ്ക് ഫാക്ടറി ഉൽപാദനത്തിലാണ്.22.7 ശതമാനമാണു ഫാക്ടറി ഉൽപാദനത്തിലെ മൂല്യവർധന. ഇതു ജിഡിപി കണക്കിലും നല്ല ഫലം ഉണ്ടാക്കും. സേവനമേഖല 8.7 ശതമാനവും വൈദ്യുതി ഉൽപാദനം 7.2 ശതമാനവും മൂല്യവർധന കാണിച്ചു. അതേ സമയം ഖനനവും നിർമാണവും പിന്നോട്ടു പോയി. ധനകാര്യ കമ്പനികളും ബാങ്കുകളും വരുമാനം വർധിപ്പിച്ചു.
ധനകാര്യ - സേവന മേഖലകൾ ഒഴിവാക്കി മനുഫാക്ചറിംഗ് മാത്രമെടുത്താൽ ബിസിനസ് കുറയുകയാണു ചെയ്തതെന്നും ഏജൻസി പറയുന്നു. തുടർച്ചയായ ആറാമത്തെ പാദത്തിലാണ് ഇവയുടെ വരുമാനമിടിയുന്നത്. സേവന മേഖലയിൽ തൊഴിൽ കൂടിയെങ്കിലും മറ്റു മേഖലകളിൽ നാമമാത്ര വർധനയേ ഉള്ളൂ.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it