ആര്‍ബിഐയും ട്രംപും വെള്ളിയാഴ്ച വിപണിയെ നയിക്കും

ഇന്ന് ഓഹരികള്‍ താണാലും ഉയര്‍ന്നാലും റിസര്‍വ് ബാങ്കിനെയാകും ഉത്തരവാദിയാക്കുക. റിസര്‍വ് ബാങ്കിന്റെ പണനയവും വളര്‍ച്ച സംബന്ധിച്ച വിലയിരുത്തലും വിപണി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

വിപണിക്ക് ഉയരാനും താഴാനും ന്യായങ്ങള്‍ ഉണ്ട്. 226 ദിവസങ്ങള്‍ക്കു ശേഷം ബിഎസ്ഇ സെന്‍സെക്‌സ് 40000 - നു മുകളിലായി. തുടര്‍ച്ചയായ ആറു ദിവസം സൂചികകള്‍ കുതിച്ചു കയറി. കോവിഡിനു മുമ്പത്തെ നിലയിലേക്ക് എത്തിപ്പെട്ട നിലയ്ക്കു ന്യായമായും ഒരു ലാഭമെടുപ്പു ബഹളവും ചെറിയ തിരുത്തലുമാകാം.

അതല്ലെങ്കില്‍ ഈ ബുള്‍ തരംഗം തുടരുകയും പുതിയ റിക്കാര്‍ഡുകള്‍ കുറിക്കുകയും ചെയ്യാം. അമേരിക്കയില്‍ ഉത്തേജക പദ്ധതിക്കു പ്രസിഡന്റ് ട്രംപ് ഒടുവില്‍ പച്ചക്കൊടി കാണിച്ചതോ റിസര്‍വ് ബാങ്ക് പലിശ കൂട്ടാത്തതോ ജിഡിപി വര്‍ഷാവസാനത്തോടെ വളര്‍ച്ചയുടെ വഴിയിലാകുമെന്നു റിസര്‍വ് ബാങ്ക് പ്രതീക്ഷ പ്രകടിപ്പിക്കുന്നതോ ഒക്കെ കാരണമായി പറയുകയും ചെയ്യാം.

വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കുകയാണ്. ആ നിലയ്ക്ക് ഇപ്പോഴത്തെ കുതിപ്പ് മുന്നോട്ടു പോകാനാണു സാധ്യത. വിപണിയിലെ വിദേശ താല്‍പര്യം സജീവമായി തുടരുന്നതും ഉയര്‍ച്ചയ്ക്കു വഴിമരുന്നാണ്.

* * * * * * * *

ട്രംപ് വീണ്ടും മലക്കം മറിഞ്ഞു

അമേരിക്കന്‍ സാമ്പത്തിക ഉത്തേജക പദ്ധതി ആകാമെന്നായി ഇപ്പോള്‍. ഇതേ തുടര്‍ന്നു ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌ന്യൂചിന്‍ ജനപ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെലോസിയുമായി ചര്‍ച്ച നടത്തി. 2. 2 ലക്ഷം കോടി ഡോളറിന്റെ (161 ലക്ഷം കോടി രൂപ) പദ്ധതിയാണു ചര്‍ച്ച ചെയ്യുന്നത്. അമേരിക്കന്‍ ഉത്തേജകം വഴി ചെലവഴിക്കുന്ന പണം ജനങ്ങളുടെ കൈയില്‍ കൂടി മ്യൂച്വല്‍ - പെന്‍ഷന്‍ ഫണ്ടുകളിലും ഓഹരി - ഉല്‍പ്പന്ന വിപണികളിലുമെത്തും. അതാണ് ഉത്തേജക വാര്‍ത്ത വിപണികളെ ഉത്തേജിപ്പിക്കുന്നതിനു പിന്നില്‍.

* * * * * * * *

സ്റ്റാറ്റസ്‌ക്വോയോ നാടകീയതയോ ?

റിസര്‍വ് ബാങ്ക് ഇന്നു പണനയം പ്രഖ്യാപിക്കുമ്പോള്‍ സ്റ്റാറ്റസ് ക്വോ തുടരും എന്നാണ് പരക്കെ പ്രതീക്ഷ. അതായതു റീപോ നിരക്ക് നാലു ശതമാനം തുടരും. കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) മാറ്റമില്ലാതെ നാലു ശതമാനത്തില്‍ നിലനിര്‍ത്തും. കമ്മിറ്റിയില്‍ മൂന്നു പുതിയ അംഗങ്ങള്‍ വന്നതിന്റെ മാറ്റം കാണിക്കാന്‍ നാടകീയമായി റീപോ നിരക്ക് 0.25 ശതമാനം കുറയ്ക്കുമോ എന്ന് ഊഹിക്കുന്നവരും ഉണ്ട്.

* * * * * * * *

ക്രൂഡ്,സ്വര്‍ണം ഉയരുന്നു

അമേരിക്കന്‍ ഉത്തേജക പ്രതീക്ഷയില്‍ ക്രൂഡ് ഓയ്‌ലും സ്വര്‍ണവും വ്യാഴാഴ്ച നല്ല നേട്ടമുണ്ടാക്കി. സ്വര്‍ണം 1887 ല്‍ നിന്ന് 1902 ഡോളറിലേക്കു കയറി. യു എസ് തെരഞ്ഞെടുപ്പ് വരെ സ്വര്‍ണം മേലോട്ടു നീങ്ങുമെന്നാണു സൂചന. ക്രൂഡ് ഓയ്ല്‍ ബ്രെന്റ് ഇനം വീപ്പയ്ക്കു 43.26 ഡോളറിലും ഡബ്‌ള്യു ടി ഐ ഇനം 41.12 ഡോളറിലും എത്തി. ഇനിയും ഉയരുമെന്നാണു സൂചന.

* * * * * * * *

റിക്കാര്‍ഡ് വിപണിമൂല്യം

ഇന്ത്യന്‍ ഓഹരി വിപണിയുടെ മൊത്തം വിപണി മൂല്യം ഇന്നലെ 161 ലക്ഷം കോടി രൂപ കടന്നു. സെന്‍സെക്സ് 40,400 കടന്നപ്പോഴാണത്. പിന്നീടു 40,182.67 ല്‍ ക്ലോസ് ചെയ്തപ്പോള്‍ ബി എസ് ഇ യുടെ വിപണി മൂല്യം 160.42 ലക്ഷം കോടി രൂപ.

* * * * * * * *

വാഹന വിപണിയിലെ യഥാര്‍ഥചിത്രം

വാഹന വില്‍പ്പന കുതിച്ചു, സാമ്പത്തിക രംഗത്തു വലിയ ഉണര്‍വ് എന്ന പ്രചാരണത്തിന്റെ മറുവശം കാണുക. കമ്പനികളില്‍ നിന്നു വില്‍പ്പനക്കാരുടെ അടുത്തേക്ക് വണ്ടികള്‍ പോയി എന്നതു ശരി. പക്ഷേ അവിടെ നിന്നുള്ള വില്‍പ്പന കാര്യമായി മെച്ചപ്പെട്ടിട്ടില്ല. കോവിഡും ലോക്ക് ഡൗണും മൂലമുള്ള സാമ്പത്തിക മാന്ദ്യം വാഹന വിപണിയിലും തുടരുന്നു.

വാഹന രജിസ്‌ട്രേഷന്റെ കണക്കുകള്‍ വച്ച് സെപ്റ്റംബറില്‍ വ്യാപാരം തലേ കൊല്ലത്തെ അപേക്ഷിച്ച് 10.2 ശതമാനം കുറവാണ്. കമ്പനികളുടെ കണക്കില്‍ സെപ്റ്റംബറിലെ വില്‍പ്പന 10 ശതമാനം വര്‍ധിച്ചു.
യാത്രാവാഹന വില്‍പ്പന 9.8 ശതമാനം വര്‍ധിച്ചു. കമ്പനികള്‍ 2.93 ലക്ഷം യാത്രാ വാഹനങ്ങള്‍ വിറ്റെന്നു പറഞ്ഞപ്പോള്‍ ആര്‍ ടി ഒ കളിലെ രജിസ്‌ട്രേഷന്‍ 2.2 ലക്ഷം മാത്രം. കാലവര്‍ഷം നന്നായിരുന്നതു കൊണ്ട് ട്രാക്ടര്‍ വില്‍പ്പന 80.4 ശതമാനം കൂടിയെന്നു രജിസ്‌ട്രേഷന്‍ കണക്കുകള്‍ കാണിക്കുന്നു.

ഏറ്റവും ശ്രദ്ധേയമായ കാര്യം ടൂവീലര്‍ - ത്രീ വീലര്‍ വില്‍പ്പനയില്‍ തുടരുന്ന വന്‍ ഇടിവാണ്. ഇടത്തരക്കാരും അതില്‍ താഴെയുള്ളവരുമാണല്ലോ ടൂ - ത്രീ വീലര്‍ ഉപയോക്താക്കള്‍. അവരുടെ വരുമാനം താഴോട്ടു പോയെന്ന് ടൂ - ത്രീ വീലറുകളുടെ വില്‍പ്പന ഇടിവ് കാണിക്കുന്നു. ടൂ വീലര്‍ വില്‍പ്പന 12.6 ശതമാനവും ത്രീവീലര്‍ വില്‍പ്പന 58.8 ശതമാനവും ആണു കുറഞ്ഞത് .
സാധാരണ 21 ദിവസത്തേക്കുള്ള സ്റ്റോക്ക് ആണ് ടൂ വീലര്‍ വ്യാപാരികള്‍ സൂക്ഷിക്കുക. ഇപ്പോള്‍ കമ്പനികളുടെ സമ്മര്‍ദം മൂലം 40-50 ദിവസത്തേക്കുള്ള സ്റ്റോക്ക് സൂക്ഷിക്കേണ്ടി വരുന്നു.

* * * * * * * *

ലോകബാങ്കും പ്രവചിക്കുന്നതു വന്‍ ഇടിവ്

ഇന്ത്യയുടെ ജിഡിപി ഈ വര്‍ഷം 9.6 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക്. 3.2 ശതമാനം ചുരുങ്ങുമെന്നാണു ജൂണില്‍ ലോകബാങ്ക് പ്രവചിച്ചത്. റേറ്റിംഗ് ഏജന്‍സികളും നിക്ഷേപ ബാങ്കുകളും 10 മുതല്‍ 14.5 വരെ ശതമാനം ഇടിവ് പ്രവചിക്കുമ്പോഴാണിത്. ഗവണ്മെന്റ് നല്‍കുന്ന കണക്കുകളും സ്വന്തമായ മറ്റു വിവരശേഖരവും ഉപയോഗിച്ചാണ് ലോകബാങ്കിന്റെ നിഗമനം.

ജൂണില്‍ 4.5 ശതമാനം താഴ്ച പ്രവചിച്ച ഐ എം എഫിന്റെ പുതിയ നിഗമനം വരാനിരിക്കുന്നതേ ഉള്ളു. റിസര്‍വ് ബാങ്കിന്റെ ജി ഡി പി നിഗമനം ഇന്നറിയാം. കഴിഞ്ഞ പണനയ അവലോകനത്തിനു ശേഷം ജി ഡി പി വളര്‍ച്ചയെപ്പറ്റി റിസര്‍വ് ബാങ്ക് ഒന്നും പറഞ്ഞിരുന്നില്ല.

* * * * * * * *

അംബാനിയുടെ കുതിപ്പിനു ബെസോസിന്റെ പാര

ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്റെ ജൈത്രയാത്രയ്ക്കു വിലങ്ങുതടിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. റിലയന്‍സിന്റെ മുകേഷ് അംബാനിക്കു തടസം നില്‍ക്കാന്‍ നോക്കുന്നത് ആമസോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസ്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വ്യാപാരം അംബാനിക്കു വില്‍ക്കുന്നത് കരാര്‍ ലംഘനമാണെന്നു ബെസോസ് വാദിക്കുന്നു.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സില്‍ 49 ശതമാനം ഓഹരി ആമസോണ്‍ എടുത്തിരുന്നു. മുടക്ക് 1500 കോടി. ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ 7.3 ശതമാനം കൂപ്പണ്‍സിനാണ്.

റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കമ്പനികള്‍ വാങ്ങുന്നില്ല. ബിസിനസ് ആസ്തികള്‍ മാത്രമേ വാങ്ങുന്നുള്ളൂ. പക്ഷേ ഫ്യൂച്ചര്‍ തങ്ങളുടെ അനുവാദമില്ലാതെ ബിസിനസ് വിറ്റതു കരാര്‍ ലംഘനമെന്ന് ബെസോസ് പറയുന്നു. സിംഗപ്പുര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിലാണു ബെസോസ് മധ്യസ്ഥ തീര്‍പ്പിനായി പരാതി നല്‍കിയിരിക്കുന്നത്.

* * * * * * * *

ലക്ഷ്മിവിലാസ് ബാങ്കിനെ ഏറ്റെടുക്കാന്‍ ക്ലിക്‌സ് കാപ്പിറ്റല്‍

ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കാന്‍ മുംബൈ ആസ്ഥാനമായുള്ള ക്ലിക്‌സ് കാപ്പിറ്റല്‍ ശ്രമിക്കുന്നു. മുന്‍കാല ബാധ്യതകളും മറ്റും സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുന്നു. ക്ലിക്‌സ് ബാങ്കില്‍ ഓഹരിയെടുക്കുന്നത് ഒരു ധനകാര്യ നിക്ഷേപം എന്ന നിലയില്‍ മാത്രമായിരിക്കും. ഒന്നു രണ്ടു വര്‍ഷത്തിനു ശേഷം ലാഭമെടുത്തു മാറുകയാകും ലക്ഷ്യം എന്നു കരുതപ്പെടുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന നിവേദനം നല്‍കി. സാരഥികള്‍ അടക്കം ഉന്നത മാനേജ്‌മെന്റില്‍ നിരവധി രാജികള്‍ നടന്ന രണ്ടു ബാങ്കുകളിലും സിഇഒ മാര്‍ ഇല്ല. ഡയറക്ടര്‍മാരുടെ കമ്മിറ്റിക്കാണ് ഭരണച്ചുമതല.

* * * * * * * *

ഇന്നത്തെ വാക്ക്: റീപോ നിരക്ക്

റിസര്‍വ് ബാങ്കിന്റെ പണനയത്തിലെ താക്കോല്‍ നിരക്ക്. ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ സര്‍ക്കാര്‍ കടപ്പത്രം റിസള്‍വ് ബാങ്കിന് നല്‍കി ഏകദിന വായ്പ എടുക്കും. ഇതിന്റെ പലിശയാണു റീപോ നിരക്ക്. റീ പര്‍ച്ചേസ് (തിരിച്ചു വാങ്ങല്‍) എന്നതിന്റെ ചുരുക്കെഴുത്താണ് റീപോ . ഇതിനെ ആധാരമാക്കിയാണ മറ്റു പലിശ നിരക്കുകള്‍ മാറുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it