അത്യുത്സാഹത്തില്‍ വിപണി, നിക്ഷേപകര്‍ ശ്രദ്ധിക്കുക; വീണ്ടും ഞെട്ടിക്കാന്‍ ബൈജൂസ്, തൊഴിലും വ്യവസായ വളര്‍ച്ചയും കുറയുന്നതിന്റെ ഫലമെന്ത്?

വിദേശപണമാണു വിപണിയെ നയിക്കുന്നതെന്നു വീണ്ടും വീണ്ടും തെളിയുന്നു. സൂചികകള്‍ ദിവസേന റിക്കാര്‍ഡിടുന്നു. ഒന്‍പതു മാസം കൊണ്ട് മുഖ്യ സൂചികകള്‍ 90 ശതമാനമാണ് ഉയര്‍ന്നത്.

നവംബറിലും ഡിസംബറിലുമായി 1.13 ലക്ഷം കോടി രൂപ വിദേശികള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ജനുവരിയില്‍ ഒന്നര ആഴ്ച കൊണ്ട് 12,974 കോടി രൂപ അവര്‍ നിക്ഷേപിച്ചിട്ടുണ്ട്.

നിഫ്റ്റി 14,500 കടന്നും സെന്‍സെക്‌സ് 50,000ലേക്ക് അടുത്തും നില്‍ക്കുന്നു.

ഇന്നലെ യുഎസ് വിപണി നേരിയ ഉയര്‍ച്ച കാണിച്ചു. ഏഷ്യയില്‍ ഇന്നു ചെറിയ ഉണര്‍വുണ്ട്. എസ്ജിഎക്‌സ് നിഫ്റ്റി ആദ്യ സെഷനില്‍ 14,600 നു മുകളില്‍ കയറിയത് ഇന്ത്യയില്‍ ഉയര്‍ന്ന തുടക്കം സൂചിപ്പിക്കുന്നു.

ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 57 ഡോളറിനു മുകളിലെത്തി. 60 ഡോളറാണു സമീപകാല ലക്ഷ്യം.

ഡോളറിന്റെ ദൗര്‍ബല്യം തുടരുന്നു. ഇതു സ്വര്‍ണ വില ഔണ്‍സിന് 1861 ഡോളറിലേക്ക് കയറാന്‍ കാരണമായി.

നവംബറിലെ വ്യവസായ ഉല്‍പാദനം ഇടിഞ്ഞതു വിപണിയുടെ ഉത്സാഹം കെടുത്താന്‍ സാധ്യതയില്ല. ഡിസംബറിലെ ചില്ലറ വിലക്കയറ്റം കുത്തനെ ഇടിഞ്ഞത് ഉത്സാഹം വര്‍ധിപ്പിക്കും. വിലക്കയറ്റം കുറഞ്ഞതുകൊണ്ട് ഉടനെ പലിശ കുറയ്ക്കുകയൊന്നുമില്ല. മാത്രമല്ല പലിശ അല്‍പം വര്‍ധിക്കുകയാണ്. ഇന്നലെ രണ്ടു ബാങ്കുകള്‍ ഇറക്കിയ ബോണ്ടുകള്‍ക്ക് തലേ ആഴ്ചയേക്കാള്‍ 0.45 ശതമാനം പലിശ കൂടുതല്‍ നല്‍കേണ്ടി വന്നു.


യുക്തിയില്ലാത്ത വിപണികള്‍


വിപണികള്‍ പലപ്പോഴും യുക്തിപൂര്‍വമല്ല പ്രവര്‍ത്തിക്കുക. ഒരു ഉല്‍പന്നത്തിന്റെ ലഭ്യത അഞ്ചു ശതമാനം കുറഞ്ഞാല്‍ വില ഇരട്ടിച്ചെന്നു വരും. അഞ്ചു ശതമാനം അധിക മുണ്ടെങ്കില്‍ വില പകുതിയായെന്നും വരാം. ഉള്ളി മുതല്‍ ഗോതമ്പ് വരെ എല്ലാ സാധനങ്ങളുടെയും കാര്യത്തില്‍ ഇതു നാം കാണാറുണ്ട്.

ഓഹരി വിപണി പോലുള്ള ധനകാര്യ വിപണികളിലും കാര്യം ഇങ്ങനെ തന്നെ. കൂടുതല്‍ പണം വന്നാല്‍ വിപണി ഉയര്‍ന്നുയര്‍ന്നു പോകും. പണമില്ലെന്നായാല്‍ ആഴങ്ങളിലേക്കു പതിക്കും.

199192ല്‍ ഹര്‍ഷദ് മേത്തയും കൂട്ടരും പണമൊഴുക്കിയപ്പോള്‍ സെന്‍സെക്‌സ് ആയിരത്തില്‍ നിന്നു നാലായിരത്തിനു മുകളിലേക്കു പറന്നു. ആ പണമൊഴുക്കു നിലച്ചപ്പോള്‍ വിപണി കൂപ്പുകുത്തി ആയിരത്തിനടുത്തായി.

1999- 2000 ലും 2006- 08 ലും വീണ്ടും നിര്‍ത്തില്ലാത്ത ബുള്‍ തരംഗങ്ങള്‍ കണ്ടു. രണ്ടു തവണയും കുത്തനെയുള്ള പതനവും.

കയറ്റവും ഇറക്കവും ആവശ്യത്തിലധികമായിരുന്നു. മാത്രമല്ല, ഉയരാന്‍ അര്‍ഹതയല്ലാത്തവരും കൊടുമുടികള്‍ താണ്ടി. പിന്നീടു വീഴ്ചയായപ്പോള്‍ അവ വിറ്റൊഴിക്കാന്‍ പോലും പ്രയാസമായി.


പഴയതുപോലെയല്ലെന്ന അബദ്ധ ന്യായവാദം


ഇപ്പോഴത്തെ ബുള്‍ തരംഗത്തിലും അര്‍ഹതയില്ലാത്തവയെ വാങ്ങിക്കൂട്ടാന്‍ ഇടയുണ്ട്. പലതും ഉയരുന്നതു കാണുമ്പോള്‍ വാങ്ങിയില്ലെങ്കില്‍ നഷ്ടമാകും എന്നു തോന്നാം.

ഇത്തവണ പഴയതുപോലെയല്ല എന്ന ന്യായീകരണവുമായിട്ടാകും നമ്മുടെ പണം കഥയില്ലാത്ത ഓഹരികളിലേക്കു മാറ്റാന്‍ പ്രലോഭനം വരിക. ബുള്‍ തരംഗങ്ങളുടെ ഉച്ചസ്ഥായിയില്‍ അതൊക്കെ വിശ്വസിച്ചു പോകും. ജാഗ്രത പാലിക്കേണ്ട നാളുകളാണിത്.


പി ഇ അനുപാതം നോക്കുകഓഹരി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന അനുപാതമാണു പി ഇ (വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം). ഇന്നലെ നിഫ്റ്റി ക്ലോസ് ചെയ്തത് 39.9 പി ഇ അനുപാതത്തിലാണ്. കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമാണ് ഏതെങ്കിലും മുഖ്യ സൂചിക ഇത്ര ഉയര്‍ന്ന അനുപാതത്തിലാകുന്നത്. സെന്‍സെക്‌സ് 35 പിഇയിലാണിപ്പോള്‍.

ഹര്‍ഷദ് മേത്തയുടെ 'വാഴ്ച' യുടെ പാരമ്യത്തില്‍ (1992 ഏപ്രില്‍ ) സെന്‍സെക്‌സ് 57.4 പിഇ യില്‍ എത്തിയിരുന്നു. തുടര്‍ന്നുണ്ടായ തകര്‍ച്ച ചരിത്രം.


പ്രതീക്ഷകള്‍ പാളി; വ്യവസായ ഉല്‍പാദനം വീണ്ടും താഴോട്ട്സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ് സംബന്ധിച്ച പ്രതീക്ഷകള്‍ക്കു മേല്‍ നിഴല്‍ വീഴ്ത്തി നവംബറിലെ വ്യവസായ ഉല്‍പാദന സൂചിക (ഐഐപി). നവംബറില്‍ വ്യവസായ ഉല്‍പാദനം 1.9 ശതമാനം താഴ്ന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 2.1 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നതാണ്.

ഒക്ടോബറില്‍ 3.6 ശതമാനം വളര്‍ച്ച വ്യവസായ ഉല്‍പാദനത്തില്‍ ഉണ്ടായപ്പോള്‍ ഇനി കാര്യങ്ങള്‍ പോസിറ്റീവ് ആയിരിക്കുമെന്ന വിശ്വാസം ജനിച്ചതാണ്. എന്നാല്‍ നവംബര്‍ കണക്ക് പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.

ഫാക്ടറി ഉല്‍പാദനത്തില്‍ 1.7 ശതമാനവും ഖനനത്തില്‍ 7.3 ശതമാനവും ഇടിവുണ്ട്. വൈദ്യുതി ഉല്‍പാദനത്തില്‍ 3.5 ശതമാനം വര്‍ധനയുണ്ട്.

ഇതോടെ ഏപ്രില്‍ നവംബറിലെ വ്യവസായ ഉല്‍പാദനം 15.5 ശതമാനം ഇടിഞ്ഞു.തലേ വര്‍ഷം ഈ കാലയളവില്‍ 0.3 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു.

തുണികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, കടലാസ്, പെട്രോളിയം ഉല്‍പന്നങ്ങള്‍, റബര്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, കമ്പ്യൂട്ടര്‍ ഇലക്ട്രോണിക് സാമഗ്രികള്‍, വൈദ്യുത ഉപകരണങ്ങള്‍, വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ ഉല്‍പാദനം ഏപ്രില്‍ നവംബര്‍ കാലയളവില്‍ തലേവര്‍ഷം ഇതേ കാലയളവിലേതിലും 30 ശതമാനത്തിലേറെ കുറവാണ്. എട്ടു മാസത്തെ ഫാക്ടറി ഉല്‍പാദനത്തിലെ ഇടിവ് 17.3 ശതമാനം വരും.


വിലക്കയറ്റത്തില്‍ വലിയ ആശ്വാസംധാന്യങ്ങളുടെയും പച്ചക്കറികളുടെയും വില കുറഞ്ഞതോടെ ഡിസംബറിലെ ചില്ലറ വിലക്കയറ്റത്തില്‍ വലിയ ഇടിവ്. നവംബറിലെ 6.93 ശതമാനത്തില്‍ നിന്നു ഡിസംബറില്‍ 4.59 ശതമാനത്തിലേക്കാണു വിലക്കയറ്റം താണത്. ഭക്ഷ്യ വിലക്കയറ്റം 9.5 ല്‍ നിന്നു 3.41 ലേക്കു കുത്തനെ താണു.

ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയാണ് ചില്ലറ വിലക്കയറ്റം കണക്കാക്കുന്നത്. ഈ സൂചികയില്‍ ഭക്ഷണവും പാനീയങ്ങളും ചേര്‍ന്ന വിഭാഗത്തിന് 54.18 ശതമാനം പങ്കുണ്ട്. മൊത്ത വില സൂചിക ആധാരമാക്കിയുള്ള മൊത്തവിലക്കയറ്റ നിരക്ക് ഇന്നു പ്രസിദ്ധീകരിക്കും.

ധാന്യങ്ങളുടെ സൂചികയില്‍ 1.1 പോയിന്റ് കുറവു വന്നപ്പോള്‍ പച്ചക്കറികളുടെ സൂചികയില്‍ 36.1 പോയിന്റിന്റെ കുറവുണ്ട്. ഇന്ധനവിഭാഗത്തില്‍ 3.4 പോയിന്റ് വര്‍ധിച്ചു.

രാജ്യത്തെ ചില്ലറ വിലക്കയറ്റം രണ്ടു മുതല്‍ ആറു വരെ ശതമാനം എന്ന മേഖലയില്‍ നിലനിര്‍ത്തണമെന്നാണ് റിസര്‍വ് ബാങ്കിനു നല്‍കപ്പെട്ടിട്ടുള്ള നിര്‍ദേശം. ഇതനുസരിച്ചു പണ നയം തയാറാക്കണം. മേയ് മുതല്‍ ഡിസംബര്‍ വരെ വിലക്കയറ്റം ആറു ശതമാനത്തിനു മുകളില്‍ തുടര്‍ന്നു. പലിശനിരക്കു കുറയ്ക്കുന്നതടക്കമുള്ള പല നടപടികള്‍ക്കും ഉയര്‍ന്ന വിലക്കയറ്റം തടസമായിരുന്നു. ഡിസംബറിലെ ഇടിവ് റിസര്‍വ് ബാങ്കിനു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കും.

വരും മാസങ്ങളിലും വിലക്കയറ്റ നിരക്ക് കുറയുമെന്നാണു നിരീക്ഷകര്‍ കരുതുന്നത്.


ആകാശിനെ ഏറ്റെടുക്കാന്‍ ബൈജൂസ്ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തു രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറിയ ബൈജൂസ് മത്സര പരീക്ഷകള്‍ക്കു കോച്ചിംഗ് നല്‍കുന്ന ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിനെ ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. നൂറു കോടി ഡോളറി (7340 കോടി രൂപ) നാണ് ഇടപാട്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം ഏറ്റവും വലിയ ഇടപാടുകളിലൊന്നാകും ഇതെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

മലയാളിയായ ബൈജു രവീന്ദ്രന്‍ 2011 ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണു ബൈജൂസ്. 1200 കോടി ഡോളറാണു കഴിഞ്ഞ മാസം ബൈജൂസിന് വിദേശ നിക്ഷേപകര്‍ കണ്ട മതിപ്പുവില.

മാര്‍ക്ക് സക്കര്‍ബര്‍ഗ് ബൈജൂസിലെ പ്രാരംഭ കാല നിക്ഷേപകനാണ്. ടൈഗര്‍ ഗ്ലോബല്‍, ബോണ്ട് കാപ്പിറ്റല്‍, ടി.റോവ് െ്രെപസ്, ബ്ലാക്ക് റോക്ക് തുടങ്ങിയ വിദേശ ഫണ്ടുകള്‍ ഇതില്‍ നിക്ഷേപകരാണ്.

ചൗധരി കുടുംബം തുടക്കമിട്ട ആകാശില്‍ വിദേശ നിക്ഷേപ ഫണ്ടായ ബ്ലാക്ക് സ്‌റ്റോണിനു 37.5 ശതമാനം ഓഹരിയുണ്ട്. ചൗധരി കുടുംബത്തിന്റെ ഓഹരി മുഴുവന്‍ ബൈജൂസ് വാങ്ങും. ബ്ലാക്ക് സ്‌റ്റോണിനു ബൈജൂസില്‍ ഓഹരി നല്‍കും.

ഓണ്‍ലൈന്‍ കോഡിംഗ് ക്ലാസുകള്‍ നടത്തുന്ന വൈറ്റ് ഹാറ്റ് ജൂണിയറിനെ ബൈജൂസ് കഴിഞ്ഞ ഓഗസ്റ്റില്‍ ഏറ്റെടുത്തിരുന്നു.


തൊഴില്‍ കുറയുന്നു; കൂടുതല്‍ നഷ്ടം സ്ത്രീകള്‍ക്ക്


രാജ്യത്തു തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന് സിഎംഐഇ (സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി). ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ തൊഴിലുള്ളളവരുടൈ എണ്ണം 2.8 ശതമാനം കുറഞ്ഞെന്ന് ഈ സ്വതന്ത്ര ഗവേഷണ സ്ഥാപനം പറയുന്നു.

ഈ ധനകാര്യ വര്‍ഷം ഒന്നാം പാദത്തില്‍ 18.4 ശതമാനം പേര്‍ക്കു തൊഴില്‍ നഷ്ടമായിരുന്നു. രണ്ടാം പാദത്തില്‍ 2.6 ശതമാനവും.

സാമ്പത്തികരംഗം തിരിച്ചു വരുന്നു എന്ന സര്‍ക്കാര്‍ അവകാശവാദം ശരിയല്ലെന്നു കാണിക്കുന്നതാണു സിഎംഐഇ യുടെ പഠനം. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ആദ്യമാസങ്ങളില്‍ തൊഴില്‍ സംഖ്യ കൂടി. ജൂലൈ മുതല്‍ തൊഴില്‍ വര്‍ധനയുടെ തോതു കുറഞ്ഞു. ഒക്ടോബര്‍ മുതല്‍ തൊഴില്‍ സംഖ്യ കുറഞ്ഞു വരുന്നു.

ഡിസംബറില്‍ രാജ്യത്തു തൊഴിലുള്ളവരുടെ എണ്ണം തലേ ഡിസംബറിലേതിലും 4.2 ശതമാനം കുറവാണ്. തലേ ഡിസംബറില്‍ പണി ഉണ്ടായിരുന്ന 1.47 കോടി പേര്‍ക്ക് ഇപ്പോള്‍ തൊഴില്‍ ഇല്ലാതായെന്നു ചുരുക്കം. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 52 ശതമാനം സ്ത്രീകളാണ്.


ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി ധനവിനിയോഗ ബില്‍


ധനാഭ്യര്‍ഥനകള്‍ പാസാക്കിയ ശേഷം അതുകള്‍ പ്രകാരമുള്ള തുക രാജ്യത്തിന്റെ സഞ്ചിത നിധിയില്‍ നിന്നു പിന്‍വലിക്കാന്‍ അനുവദിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കണം. അതിനാണു ധനവിനിയോഗ (Appropriaton) ബില്‍. ഇതു പാസാക്കിയാലേ സര്‍ക്കാരിനു പണം ചെലവഴിക്കാനാകൂ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it