ഐടിയിലെ തിളക്കം കരുത്താകും; വിപണിയിൽ ലാഭമെടുക്കൽ; അംബാനിയുടെ സമയദോഷം

റിക്കാർഡ് ഉയരങ്ങളിൽ സ്വാഭാവികമായ ലാഭമെടുക്കലിലായിരുന്നു ബുധനാഴ്ച ഇന്ത്യൻ വിപണി. നിഫ്റ്റി 14,653 വരെ എത്തിയ ശേഷം ഇരുനൂറിലേറെ പോയിൻ്റ് താണു. അവസാന അര മണിക്കൂറിൽ തിരിച്ചു കയറിയ നിഫ്റ്റി 1.4 പോയൻ്റ് ഉയർന്ന് 14,564.85-ൽ ക്ലോസ് ചെയ്തു. 49,795 വരെ ഉയർന്ന സെൻസെക്സ് ഒടുവിൽ 24.79 പോയിൻ്റ് നഷ്ടത്തോടെ 49,492.32 ൽ അവസാനിച്ചു.

വിപണിയിൽ ചെറുതല്ലാത്ത അനിശ്ചിതത്വം പ്രകടമാണ്. എന്നാൽ വലിയ തിരുത്തലിനോ വിൽപനത്തിരക്കിനോ സാഹചര്യമില്ല. ഇന്നലെ വ്യാപാര സമയത്തിനു ശേഷം പുറത്തു വന്ന ഇൻഫോസിസ്, വിപ്രാേ ഫലങ്ങൾ തിളക്കമേറിയ താണ്. രണ്ടു കമ്പനികളുടെയും അമേരിക്കൻ ഡെപ്പോസിറ്ററി റൈറ്റ്സി (എഡിആർ) നു ഗണ്യമായി വില കൂടി. ഇന്ന് ഇൻഫി, വിപ്രോ ഓഹരികൾക്കു നല്ല തുടക്കം പ്രതീക്ഷിക്കാം. കമ്പനികൾ നാലാംപാദത്തിലേക്കു വർധിച്ച ലാഭ മാർജിൻ പ്രതീക്ഷിക്കുന്നുണ്ട്.

ട്രംപും വാക്സിനേഷനും


അമേരിക്കയിൽ പ്രസിഡൻ്റ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും വിചാരണ നടത്തേണ്ട സെനറ്റ് 19-നു മുമ്പ് ചേരില്ല. 20-നു ട്രംപ് മാറി ബൈഡൻ പ്രസിഡൻ്റാകും.
ഇന്ത്യ അടുത്തയാഴ്ച കോവിഡ് വാക്സിനേഷൻ തുടങ്ങും. ആരാേഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കു മാത്രമാണ് ആദ്യഘട്ടത്തിൽ സൗജന്യമായി വാക്സിൻ നൽകുക. വിശാല വാക്സിനേഷനു കാലതാമസം വരും. അതു ചെലവേറിയതുമാകും. വാക്സിനേഷൻ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കുന്നതാണു കാര്യങ്ങൾ.

ക്രൂഡ് താണു


അമേരിക്കയിലെ ക്രൂഡ് ഓയിൽ ശേഖരം കുറവാകുമെന്ന ഊഹത്തിൽ കഴിഞ്ഞ ദിവസം ഉയർന്ന ക്രൂഡ് വില ഇടിഞ്ഞു. ബ്രെൻ്റ് ഇനം 57.42 ഡോളറിൽ നിന്ന് 56 ഡോളറിലെത്തി.
സ്വർണ വില ചെറിയ മേഖലയിൽ കറങ്ങുന്നു. ബുധനാഴ്ച 1843-1861 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1849 ഡോളറിലാണു സ്വർണം.
യു എസ് ഓഹരികൾ ഇന്നലെ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. യു എസ് സൂചികകളുടെ അവധി വില ഉയരത്തിലാണ്. എസ്ജിഎക്സ് നിഫ്റ്റി ഉയർച്ചയാണു കാണിക്കുന്നത്.

ഇൻഫിക്കും വിപ്രാേയ്ക്കും തിളങ്ങുന്ന റിസൽട്ടുകൾ


ഐടി സേവന രംഗത്തെ രണ്ടു പ്രമുഖ കമ്പനികൾ ഇന്നലെ മികച്ച മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ടിസിഎസ് നല്ല റിസൽട്ടും വർധിച്ച ലാഭപ്രതീക്ഷയും അറിയിച്ചിരുന്നു.
ഇൻഫോസിസ് ടെക്നോളജീസ് റവന്യൂ വിൽ 12.27 ശതമാനവും അറ്റാദായത്തിൽ 16.6 ശതമാനവും വർധന കാഴ്ചവച്ചു. 25,927 കോടി രൂപയുടെ റവന്യുവിൽ 5197 കോടിയാണ് അറ്റാദായം. ഡോളർ കണക്കിൽ റവന്യു വരുമാനം 8.4 ശതമാനം വർധിച്ചു.
കമ്പനിയുടെ ഡിജിറ്റൽ വരുമാനം കഴിഞ്ഞ പാദത്തിലെ വരുമാനത്തിൻ്റെ 50 ശതമാനത്തിലധികമായി. ഒൻപതു മാസത്തെ മൊത്തമെടുത്താൽ ഡിജിറ്റൽ വിഹിതം 31.3 ശതമാനമാണ്.
ഇൻഫിയുടെ മൂന്നാം പാദ പ്രവർത്തന ലാഭം 30.1 ശതമാനം വർധിച്ച് 6589 കോടി രൂപയായി. പ്രവർത്തന ലാഭ മാർജിൻ 21.9 ശതമാനത്തിൽ നിന്ന് 25.4 ശതമാനമായി.
വാർഷിക വരുമാന വർധന 4.5-5.0 ശതമാനമാകുമെന്നു കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ലാഭ മാർജിൻ 24.0-24.5 ശതമാനമാകുമെന്നു കരുതുന്നു. കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സേവന കരാർ ടിസിവി യുമായി കഴിഞ്ഞ പാദത്തിൽ ഒപ്പുവച്ചു. 713 കോടി ഡോളറിൻ്റേതാണു കരാർ.
കമ്പനിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് 15.8 ശതമാനത്തിൽ നിന്നു പത്തു ശതമാനമായി കുറഞ്ഞതു സിഇഒ സലിൽ പരീഖിൻ്റെ നേതൃത്വത്തിനുള്ള അംഗീകാരമായി.
വിപ്രോയുടെ റവന്യു കാര്യമായി വർധിച്ചില്ലെങ്കിലും അറ്റാദായം 20.8 ശതമാനം കുതിച്ചു. റവന്യുവിലെ വർധന 1.3 ശതമാനം മാത്രം. അറ്റാദായം 2455.8 കോടിയിൽ നിന്ന് 2966.7 കോടിയായി.
നാലാം പാദത്തിൽ കമ്പനി പ്രതീക്ഷിക്കുന്നത് 3.5 ശതമാനം വരെ റവന്യു വളർച്ചയാണ്. മൂന്നാം പാദത്തിൽ 14,000 ജീവനക്കാർ വർധിച്ചു.
ഐടി സേവനമേഖലയിലെ ലാഭ മാർജിൻ 21.7 ശതമാനമായി വർധിച്ചു.ശമ്പള വർധന നടപ്പാക്കിയതിനാൽ ലാഭ മാർജിൻ കുറയുമെന്ന് ആശങ്ക ഉണ്ടായിരുന്നു. പക്ഷേ മാർജിൻ 18.41 ശതമാനത്തിൽ നിന്ന് 3.29 ശതമാനം വർധിച്ചു.
യൂറോപ്പിൽ വമ്പൻ കോൺട്രാക്റ്റ് വിപ്രാേയ്ക്കു ലഭിച്ചതും മാർജിൻ ഗണ്യമായി വർധിച്ചതും സിഇഒ തിയറി ഡെലാപോർട്ടിനു നേട്ടമായി.

റിലയൻസിനും അംബാനിക്കും സമയദോഷം


മുകേഷ് അംബാനിക്കും റിലയൻസ് ഇൻഡസ്ട്രീസിനും ക്ഷീണകാലം. ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന പദവി മുകേഷിനു നഷ്ടമായി. ലോകത്തിലെ ആദ്യ പത്തു സമ്പന്നരുടെ പട്ടികയിൽ നിന്നു പുറത്തായി. ഇപ്പാേൾ നിഫ്റ്റി സൂചികയിലെ ഏറ്റവും കനപ്പെട്ട ഓഹരി എന്ന സ്ഥാനം റിലയൻസിനു നഷ്ടമായി.
റിലയൻസിന് നിഫ്റ്റിയിൽ 12-13 ശതമാനം വെയിറ്റേജ് ഉണ്ടായിരുന്നു. സെപ്റ്റംബർ 11-നു 2360 രൂപ എന്ന റിക്കാർഡിൽ എത്തിയ ശേഷം റിലയൻസ് ഓഹരി ക്രമമായി താഴോട്ടു പോന്നു. നിഫ്റ്റിയിലെ കനം കുറയുകയും ചെയ്തു. ഈ തിങ്കളാഴ്ച റിലയൻസിൻ്റെ കനം 9.82 ശതമാനമായി താണു. പിറ്റേന്നു 10.08 ശതമാനത്തിലേക്കു കയറിയെങ്കിലും ഇന്നലെ വീണ്ടും താണു.
തിങ്കളാഴ്ച മുതൽ എച്ച്ഡിഎഫ്സി ബാങ്കാണു നിഫ്റ്റിയിലെ ഏറ്റവും കനപ്പെട്ട ഓഹരി. ഇന്നലെ 10.3 ശതമാനമായി അവരുടെ വെയിറ്റേജ്. എച്ച്ഡിഎഫ്സി ബാങ്ക് 2020 ആദ്യം വരെ നിഫ്റ്റി യിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീടു കിട്ടാക്കട പ്രശ്നങ്ങളുടെ പേരിൽ ബാങ്ക് ഓഹരികളിൽ നിന്നു നിക്ഷേപകരുടെ കൂട്ടപ്പലായനം ഉണ്ടായപ്പോഴാണു താഴെപ്പോയത്. റിലയൻ സാകട്ടെ ജിയാേയിലും റീട്ടെയിലിലും വലിയ നിക്ഷേപങ്ങൾ നേടിയെടുത്തു മൂല്യം വർധിപ്പിച്ചു. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ റിലയൻസ് ഓഹരി 169 ശതമാനം ഉയർന്നു.
സെപ്റ്റംബറിൽ കഥ മാറി. റിലയൻസ് ഓഹരിക്കു കുതിക്കാൻ വിഷയങ്ങൾ ഇല്ലാതായി. സെപ്റ്റംബർ 11-നു ശേഷം റിലയൻസ് ഓഹരി 18 ശതമാനം ഇടിഞ്ഞു. അതേ സമയം നിഫ്റ്റി 27 ശതമാനം ഉയർന്നു.
ആമസോണുമായുള്ള പോരാട്ടവും റിലയൻസിന് ക്ഷീണമായി. ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുക്കാനുള്ള നീക്കം ഇനിയും പൂർത്തീകരിക്കാനായിട്ടില്ല.

പൊതുമേഖലാ ഓഹരികൾ വിൽപനയ്ക്ക്


സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) യുടെ പത്തു ശതമാനം ഓഹരികൾ വിൽക്കുന്നു. ഇന്നു വിൽപന തുടങ്ങും. 64 രൂപയാണു തറവില. 4.13 കോടി ഓഹരികൾ വിറ്റ് 2664 കോടി രൂപ സമാഹരിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്
പൊതുമേഖലാ കമ്പനികളും ഓഹരികളും വിറ്റ് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണു 2020-21 ബജറ്റ് ലക്ഷ്യമിട്ടിരുന്നത്. ഇതു വരെ സാധിച്ചത് 14,000 കോടി മാത്രം. ബിപിസി എൽ, എയർ ഇന്ത്യ തുടങ്ങിയ വൻ വിൽപനകൾ മാർച്ച് 31-നകം നടത്താൻ പറ്റുമെന്ന് കരുതുന്നില്ല.
കുറേ കമ്പനികളെക്കൊണ്ട് ഓഹരി തിരികെ വാങ്ങിപ്പിച്ചും സ്പെഷൽ ഡിവിഡൻഡ് പ്രഖ്യാപിപ്പിച്ചും കൂടുതൽ പണം സമാഹരിക്കാൻ ശ്രമിക്കുകയാണ് ധനമന്ത്രി.
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർ എഫ് സി) പ്രഥമ ഓഹരി വിൽപ്പന (ഐപിഒ) തിങ്കളാഴ്ച ആരംഭിക്കും. ഓഹരി വില 25-26 രൂപ. മൊത്തം 4600 കോടി രൂപയാണ് ഓഹരി വിൽപ്പന വഴി സമാഹരിക്കുക.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി സ്കീം ചെലവ്


മുൻകാലത്തു പദ്ധതിച്ചെലവ് എന്നു ബജറ്റ് രേഖകളിൽ കാണിച്ചിരുന്ന ചെലവുകളാണിവ. കേന്ദ്രം സ്പോൺസർ ചെയ്യുന്ന സ്കീമുകൾ, കേന്ദ്ര മേഖലയിലെ സ്കീമുകൾ എന്നു രണ്ടു വിഭാഗമുണ്ട്. കേന്ദ്രം സ്പാേൺസർ ചെയ്യുന്നവ സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്നവയാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it