കൊടുമുടി കീഴടക്കാൻ സെൻസെക്സ്; ബൈഡനിൽ ആവേശം; റിലയൻസിന് നേട്ടം

ഒഴുകി വരുന്ന വിദേശ നിക്ഷേപങ്ങൾ ഇന്ത്യൻ ഓഹരികളെ ഉയരങ്ങളിലേക്കു നയിക്കുന്നു. അമേരിക്കയിലെ ജോ ബൈഡൻ ഭരണത്തെപ്പറ്റിയുള്ള വലിയ പ്രതീക്ഷകൾ വിപണികളെ വീണ്ടും ഉയരങ്ങളിലെത്തിക്കും.

സെൻസെക്സ് 50,000 എന്ന നാഴികക്കല്ലിൽ നിന്ന് 207.88 പോയിൻ്റ് മാത്രം താഴെയാണ്. പ്രതികൂല കാറ്റ് ഉണ്ടായില്ലെങ്കിൽ സെൻസെക്സ് ഇന്നു തന്നെ ആ കൊടുമുടി കീഴടക്കും.
നിഫ്റ്റി 14,645-ൽ നിന്ന് 14,800- 14,900 മേഖലയിലേക്കു നീങ്ങുമെന്നാണു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നത്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14, 688 വരെ കയറിയത് ഇന്നു തുടക്കം നല്ല ഉയർച്ചയിലാകുമെന്നു സൂചിപ്പിക്കുന്നു.

ബൈഡൻ ആവേശം


ബൈഡൻ സ്ഥാനമേറ്റ ഇന്നലെ യുഎസ് ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേക്കു കയറി. നെറ്റ് ഫ്ലിക്സിൻ്റെ സാമ്പത്തിക സ്വയം പര്യാപ്തത സംബന്ധിച്ച പ്രഖ്യാപനം ടെക് ഓഹരികളെയും നാസ്ഡാ ക് സൂചികയെയും ഉയർത്തി. ബൈഡൻ ഭരണകൂടം 1.9 ലക്ഷം കോടി ഡോളറിൻ്റെ ഉത്തേജക പദ്ധതി ഉടനെ പ്രഖ്യാപിക്കുമെന്നു വിപണി പ്രതീക്ഷിക്കുന്നു.
യൂറോപ്പും ഇന്നു രാവിലെ ഏഷ്യയും നല്ല ഉത്സാഹത്തിലാണ്.
റിലയൻസ് - ഫ്യൂച്ചർ ഇടപാടിനു സെബി നൽകിയ സോപാധിക അനുമതി വിപണിക്ക് ഇന്ന് പ്രോത്സാഹനമാകും. ആക്സിസ് - മാക്സ് ലൈഫ് ഇടപാടിനു റെഗുലേറ്ററി അനുവാദവും ലഭിച്ചു.

സ്വർണം കുതിച്ചു


ബൈഡൻ ഭരണകൂടം ഉത്തേജക പദ്ധതി വേഗം പ്രഖ്യാപിക്കുമെന്ന ആവേശത്തിൽ സ്വർണ വില ഇന്നലെ കുതിച്ചു കയറി. 1840 ഡോളറിൽ നിന്ന് 1872 ഡോളറിലേക്ക് . ഇന്നു രാവിലെ 1870 ഡോളറിലാണു സ്വർണം.
ക്രൂഡ് ഓയിലും ബൈഡനെ സ്വാഗതം ചെയ്തത് വില ഉയർത്തിയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 56.1 ഡോളറിലേക്കു കയറി.
റിലയൻസ്- ഫ്യൂച്ചർ ഇടപാടിനു സെബിയുടെ സോപാധിക അനുമതി
ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ ബിസിനസ് വാങ്ങാനുള്ള റിലയൻസ് ഗ്രൂപ്പിൻ്റെ നീക്കത്തിനു സെബിയുടെ സോപാധിക അനുമതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ച് വിപരീതാഭിപ്രായമില്ല എന്ന സർട്ടിഫിക്കറ്റും നൽകി.
ഫ്യൂച്ചറിൽ നിക്ഷേപമുള്ള ആമസോൺ സിംഗപ്പുരിലെ ആർബിട്രേഷൻ ട്രൈബ്യൂണലിൽ നിന്ന്‌ ഈ ഏറ്റെടുക്കലിന് എതിരെ ഇടക്കാല ഉത്തരവ് നേടിയിരുന്നു. എന്നാൽ അതു തങ്ങൾക്കു ബാധകമല്ലെന്ന ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ വാദം ഡൽഹി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണു സെബി അനുമതി. ഡൽഹി ഹൈക്കോടതിയിലെയും സിംഗപ്പുരിലെയും കേസുകൾ പരാമർശിച്ചു വേണം ഓഹരി ഉsമകളുടെ അനുവാദം വാങ്ങുന്നതെന്ന വ്യവസ്ഥ സെബി വച്ചു. കേസുകളിലെ തീർപ്പിനു വിധേയമായിരിക്കും ഈ അനുമതി എന്നും സെബി പറഞ്ഞു.
അഞ്ചു മാസം മുമ്പാണു ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് 24,713 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാട് റിലയൻസ് പ്രഖ്യാപിച്ചത്.
ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിലിൽ 7.8 ശതമാനം ഓഹരി എടുക്കാനുള്ള ഫ്ലിപ്കാർട്ടിൻ്റെ തീരുമാനത്തിനു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്കി. വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ഭാവിയിൽ ബിർലാ ഫാഷൻ വാങ്ങാനുള്ള അവകാശത്തോടു കൂടിയാണ് ചെറിയ ശതമാനം ഓഹരി എടുക്കുന്നത്. 1500 കോടി രൂപയാണ് 7.8 ശതമാനം ഓഹരിക്കു നൽകുന്നത്.

ബജാജ് ഫിൻസെർവിനു നല്ല ഫലം


ബജാജ് ഫിൻസെർവിന് മൂന്നാം പാദത്തിൽ 14.56 ശതമാനം ലാഭ വർധന. 1126 കോടിയിൽ നിന്ന് 1290 കോടി രൂപയിലേക്ക്. കമ്പനിയുടെ മൊത്ത വരുമാനം 14,561 കോടിയിൽ നിന്ന് 15,961 കോടി രൂപയായി വർധിച്ചു.
ബജാജ് ഫിനാൻസും ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസും ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസും ഈ കമ്പനിയുടെ ഉപകമ്പനികളാണ്.

ബജാജ് ഫിനാൻസ് പ്രതീക്ഷയോളം വന്നില്ല


ബജാജ് ഫിനാൻസിൻ്റെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായി. അറ്റാദായം 29 ശതമാനം കുറഞ്ഞു.
1614 കോടിയിൽ നിന്ന് 1146 കോടിയിലേക്ക്. അറ്റപലിശ വരുമാനം 4535 കോടിയിൽ നിന്ന് 5.3 ശതമാനം താണ് 4296 കോടി രൂപയായി.
കമ്പനിയുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) കുറഞ്ഞു. മൊത്ത എൻപിഎ 1.61ൽ നിന്ന് O.55 ശതമാനവും അറ്റ എൻപിഎ 0.7-ൽ നിന്ന് 0.19 ശതമാനവുമായി താണു
കമ്പനിയുടെ ഇടപാടുകാരുടെ എണ്ണം 4.63 കോടിയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 1.43 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.

ഫെഡറൽ ബാങ്ക്: വകയിരുത്തൽ കൂടി


ഫെഡറൽ ബാങ്കിൻ്റെ മൂന്നാം പാദത്തിൽ ലാഭം കുറഞ്ഞു. കാരണം പ്രശ്ന കടങ്ങൾക്കു കൂടുതൽ വകയിരുത്തൽ വേണ്ടി വന്നത്. തലേവർഷം മൂന്നാംപാദത്തിലെ 161 കോടി രൂപയിൽ നിന്ന് 421 കോടിയിലേക്കു വകയിരുത്തൽ വർധിച്ചു. ഇതാേടെ അറ്റാദായം 441 കോടിയിൽ നിന്നു 404 കോടിയിലേക്കു താണു. എട്ടു ശതമാനം കുറവ്.
ബാങ്കിൻ്റെ വരുമാനം 5.43 ശതമാനം കൂടി 3941.36 കോടി രൂപയായി. പ്രവർത്തന ലാഭം 962.9 കോടി.
നിഷ്ക്രിയ ആസ്തി 2.99 ശതമാനത്തിൽ നിന്നു 2.71 ശതമാനമായി താണു. അറ്റ നിഷ്ക്രിയ ആസ്തി 1.63-ൽ നിന്ന് 0.6 ശതമാനമായി.

റിലയൻസ് ഫലം മികച്ച താകുമെന്നു പ്രതീക്ഷ


പെട്രോകെമിക്കൽ ബിസിനസിലെ വലിയ വളർച്ചയും റീട്ടെയിൽ രംഗത്തെ മിതമായ വളർച്ചയും ചേർന്നു റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂന്നാം പാദ റിസൽട്ട് മികച്ചതാക്കുമെന്ന് ബ്രോക്കറേജുകൾ കരുതുന്നു. വെള്ളിയാഴ്ചയാണു ഫലം പുറത്തുവിടുക.
സെപ്റ്റംബർ പാദത്തിൽ 9567 കോടി രൂപ അറ്റാദായമുണ്ടാക്കിയ കമ്പനി ഇത്തവണ 32 ശതമാനം വർധനയോടെ 12,600 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 11,640 കോടിയായിരുന്നു അറ്റാദായം. പലിശ നിരക്ക് കുറഞ്ഞതും ആദായനികുതി നിരക്ക് താണതും റിലയൻസിൻ്റെ ലാഭം വർധിപ്പിക്കുമെന്ന് ജെപി മോർഗനിലെ നിരീക്ഷകർ വിലയിരുത്തി. ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിൻ്റെ വിലയിരുത്തലിൽ മൂന്നാം പാദ അറ്റാദായം 11,100 കോടി രൂപയാകും.
ഗോൾഡ്മാൻ സാക്സ് പ്രവർത്തന ലാഭമായി പ്രതീക്ഷിക്കുന്നത് 21,408 കോടിയാണ്. ഇതു കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 22,386 കോടിയേക്കാൾ അഞ്ചു ശതമാനം കുറവാണ്. എഡൽവൈസ് സെക്യൂരിറ്റീസ് കാണുന്ന പ്രവർത്തന ലാഭം 20,522 കോടി രൂപയാണ്‌.
ടെലികോമിൽ ചെറിയ വളർച്ചയേ എല്ലാ അനാലിസ്റ്റുകളും പ്രതീക്ഷിക്കുന്നുള്ളു. വരിക്കാരിൽ നിന്നുള്ള ശരാശരി പ്രതിമാസ റവന്യു (എആർപിയു) 145 രൂപയായി കൂടും.

മൂന്നാമത്തെ ഐപിഒ


ഈ മാസത്തെ മൂന്നാമത്തെ ഐപിഒ ഇന്നു വിപണിയിലെത്തും. ഹോം ഫസ്റ്റ് ഫിനാൻസ് കമ്പനി 1153.72 കോടി രൂപയാണു സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ ഓഹരി കുറച്ചേ ഉള്ളൂ. കമ്പനിയിൽ നിക്ഷേപിച്ച ഫണ്ടുകളും വ്യക്തികളും വിൽക്കുന്ന ഓഹരികളാണു മുന്തിയ ഭാഗം. 517-518 രൂപയാണ് ഓഹരി വില ഉദ്ദേശിക്കുന്നത്. വില വളരെ ഉയർന്നതാണെന്നു വിലയിരുത്തലുണ്ട്.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി എഫ്ആർബിഎം നിയമം


ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെൻ്റ് നിയമം. ബജറ്റിലെ വരവു ചെലവുകളും കമ്മിയും മറ്റും സംബന്ധിച്ച ദീർഘകാല ആസൂത്രണവും കമ്മിനിയന്ത്രണവും ഉറപ്പാക്കാൻ 2003-ൽ തയാറാക്കിയ നിയമം. ഇതു പ്രകാരമുള്ള ലക്ഷ്യങ്ങൾ പിന്നീട് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it