അത്യുന്നതങ്ങളിൽ ലാഭമെടുക്കൽ; ബുള്ളുകൾ മുന്നോട്ടു തന്നെ; കമ്പനികൾക്കു ലാഭം കൂടി; ഇനി തിളങ്ങുന്ന കാലമെന്നു റിസർവ് ബാങ്ക്

സെൻസെക്സ് 50,000 കീഴടക്കി. പിന്നീട് ലാഭമെടുക്കലും സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തെപ്പറ്റിയുള്ള ആശങ്കയും ചേർന്നു സൂചികയെ താഴ്ത്തി.

50,184 വരെ കയറിയിട്ട് 49,399 വരെ താണ സെൻസെക്സിന് ഇന്നലെ ക്ലോസിംഗ് 49,624.76- ൽ. 167.36 പോയിൻ്റ് നഷ്ടം. 14,753.55 വരെ കയറിയ നിഫ്റ്റി തലേന്നത്തേക്കാൾ 54.35 പോയിൻ്റ് താഴെ 14,590.35-ൽ ക്ലോസ് ചെയ്തു.
അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇന്നലെ ഓഹരി സൂചികകൾ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. സ്വർണവും ക്രൂഡ് ഓയിലും ഉയർന്ന നിലവാരത്തിൽ തുടരുന്നു.

വിപണിയിലെ വൈരുധ്യങ്ങൾ


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ ജിഡിപി ഇടിവ് നടക്കുന്ന വർഷമാണ് ഓഹരി വിപണി കൊടുമുടി കീഴടക്കിയത് എന്നത് കൗതുകകരമായ വൈരുധ്യമാണ്. കഴിഞ്ഞ മാർച്ചിലെ താഴ്ന്ന നിലയിൽ നിന്ന് 95 ശതമാനം ഉയർച്ച. ഈ വർഷം രാജ്യം പ്രതീക്ഷിക്കുന്ന ജിഡിപിയെക്കാൾ കൂടുതലാണ് ഇപ്പോൾ ബിഎസ്ഇ യുടെ വിപണി മൂല്യം (196 ലക്ഷം കോടി രൂപ).
കമ്പനികൾ കഴിഞ്ഞ ധനകാര്യ വർഷം ഉണ്ടാക്കിയ ലാഭം വച്ചുള്ള പി ഇ അനുപാതം ഇപ്പോൾ 34 ആണ്. രണ്ടു വർഷം കൊണ്ട് ലാഭം 60 ശതമാനം വർധിക്കുമെന്നു കണക്കാക്കിയാലും പ്രതി ഓഹരി വരുമാന (ഇപിഎസ്) ത്തിൻ്റെ 20 മടങ്ങു വരും സെൻസെക്സ് ഓഹരികളുടെ വില.

പണം തന്നെ 'യുക്തി'


ഇതൊക്കെ യുക്തിസഹമാണോ എന്നു ചോദിച്ചാൽ ഏറ്റവും വലിയ 'യുക്തി' പണമൊഴുക്ക് ആണെന്നു പറയേണ്ടി വരും. വിദേശ നിക്ഷേപകർ ധാരാളം പണവുമായി ഇന്ത്യൻ ഓഹരികൾ വാങ്ങാൻ ക്യൂ നിൽക്കുന്നു. പ്രതിമാസം 400 കോടി ഡോളർ (28000 കോടിയിൽപരം രൂപ) ആണു കഴിഞ്ഞ മേയ് മുതൽ വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്.
ഇന്ത്യയിൽ മാത്രമല്ല മറ്റു വികസ്വര രാജ്യങ്ങളിലും ഇതു തന്നെ നടക്കുന്നു. സമ്പന്നരാജ്യങ്ങൾ കോവിഡ് പ്രതിസന്ധി മറികടക്കാൻ ഉത്തേജക പദ്ധതികൾ വഴി ലക്ഷക്കണക്കിനു കോടി ഡോളറുകളും യൂറോകളും ഒഴുക്കി. ഭൂരിപക്ഷവും കേന്ദ്ര ബാങ്കുകൾ അടിച്ചിറക്കിയ കറൻസിയായിരുന്നു. ഈ അധിക പണലഭ്യതയാണു ലാഭവിപണി തേടി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എത്തുന്നത്.
ഓഹരികൾ തേടി ഡോളർ വരുന്നു; വില കൂടുന്നു. ഇതു കണ്ടു സ്വദേശി സമ്പാദ്യവും ഓഹരി വിപണിയിലേക്ക് ഒഴുകുന്നു. 2020-ൽ സാധാരണ വർഷങ്ങളിലേതിൻ്റെ ഇരട്ടി ഡീമാറ്റ് അക്കൗണ്ടുകളാണ് ഇന്ത്യയിൽ ആരംഭിച്ചത്.

ബുള്ളിഷ് ആവേശം തുടരുന്നു


ഇന്നലെ വലിയ ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ താഴ്ന്നുവെങ്കിലും വിപണി ബുളളിഷ് തന്നെയാണ്. നിഫ്റ്റി 14,800- 14,900 മേഖലയിലേക്കു തന്നെയാണു യാത്ര എന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. 14,500-നു താഴോട്ട് സൂചിക നീങ്ങിയാലേ ഹ്രസ്വകാല തിരുത്തൽ പ്രതീക്ഷിക്കാനാവൂ.
നിഫ്റ്റി മിഡ് ക്യാപ് സൂചിക ഇന്നലെ 1.22 ശതമാനം താണു. ഇടത്തരം ഓഹരികളിൽ ലാഭമെടുക്കൽ വർധിച്ചതാണു കാരണം. സ്മോൾ ക്യാപ് ഓഹരികൾ 0.64 ശതമാനം താണു.
അമേരിക്കയിലെ ബൈഡൻ ഭരണകൂടത്തിൻ്റെ നടപടികൾ ഇന്ത്യൻ ഐടി കമ്പനികളെ സഹായിക്കുന്നവയാണ് . എച്ച് വൺ ബി വീസ വിഷയത്തിൽ ട്രംപ് കൊണ്ടുവന്ന ഉടക്കുകൾ ബൈഡൻ മാറ്റുമെന്നാണു പ്രതീക്ഷ.

സ്വർണം, ക്രൂഡ്


സ്വർണം ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ താഴോട്ടു നീങ്ങി. 1864 ഡോളറിലാണു രാവിലെ വില. ഇന്നലെ 1874 ഡോളർ വരെ കയറിയിരുന്നു.
ക്രൂഡ് ഓയിൽ വില (ബ്രെൻ്റ് ഇനം) 56.2 ഡോളറിലെ പ്രതിരോധത്തിൽ തടഞ്ഞു നിൽക്കുന്നു. മുകളിലോട്ടു പോകാൻ ശ്രമിച്ചെങ്കിലും നല്ല ദിവസവും സാധിച്ചില്ല. വിപണിയെ ഉണർത്തുന്ന പുതിയ കാര്യങ്ങൾ ഉണ്ടാകുന്നില്ല.

ബിറ്റ് കോയിനു വൻ തകർച്ച


ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിൻ വലിയ തകർച്ചയിൽ. പത്തു ദിവസം മുമ്പ് 42,000 ഡോളറിനു മുകളിലെത്തിയ ഇത് ഇന്നു രാവിലെ 29,000 ഡോളറിനു താഴെയെത്തി. ഉയർന്ന വിലയിൽ നിന്നു 33 ശതമാനം താഴെ. ഈഥർ അടക്കമുള്ള മറ്റു ഡിജിറ്റൽ കറൻസികളും താഴോട്ടാണ്.
ഡിജിറ്റൽ ഗൂഢ കറൻസികൾക്കെതിരേ വലിയ നിക്ഷേപ വിദഗ്ധരും ധനശാസ്ത്രജ്ഞരും രംഗത്തു വന്നിരുന്നു. ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് എന്നാണു പലരും ബിറ്റ് കോയിൻ ഭ്രമത്തെ വിശേഷിപ്പിച്ചത്.
ഒരു രാജ്യത്തും അംഗീകാരമില്ലാത്തതാണ് ഗൂഢ കറൻസികൾ.

തിളങ്ങുന്ന കാലം വരുന്നെന്നു റിസർവ് ബാങ്ക്


ഷേക്സ്പിയറുടെ നാടകത്തിലെ '' നമ്മുടെ അസംതൃപ്തിയുടെ ശീതകാലം വൈകാതെ തിളങ്ങുന്ന ഗ്രീഷ്മ കാലത്തിനു വഴിമാറും '' എന്ന വരികൾ ഉദ്ധരിച്ച് റിസർവ് ബാങ്ക് പ്രതീക്ഷ പകരുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നു സമ്പദ്ഘടന കടന്നു പോന്നെന്നും ഇനി തിരിച്ചു കയറ്റം ശക്തമാകുമെന്നും റിസർവ് ബാങ്ക് പറയുന്നു. ബാങ്കിൻ്റെ ജനുവരിയിലെ ബുള്ളറ്റിനിലാണ് എല്ലാം ഭദ്രമായി വരുന്നു എന്ന വിശകലനം.
ജിഡിപി ഈ ജനുവരി- മാർച്ച് പാദത്തിൽ വളർച്ച കാണിക്കും എന്നു ബാങ്ക് പ്രതീക്ഷിക്കുന്നു. വിലക്കയറ്റം താഴ്ന്നു ലക്ഷ്യത്തിലേക്കു വരുന്നു.
ഇ-വേ ബിൽ വളർച്ച 15.9 ശതമാനമായി. സംസ്ഥാനാന്തര വ്യാപാരത്തിൽ 13.8 ശതമാനവും സംസ്ഥാനങ്ങൾക്കുള്ളിലെ വ്യാപാരത്തിൽ 17.3 ശതമാനവും വളർച്ചയാണ് ഇതു കാണിക്കുന്നത്. ജിഎസ്ടി പിരിവ് സർവകാല റിക്കാർഡായത് ജനങ്ങൾ പണം ചെലവാക്കാൻ മടിക്കുന്നില്ലെന്നു കാണിക്കുന്നു.
തൊഴിൽ രംഗവും വേഗം സാധാരണ നിലയിലാകുകയാണെന്നാണു റിസർവ് ബാങ്ക് പറയുന്നത്.തൊഴിൽ സേനയുടെ പങ്കാളിത്ത നിരക്ക് ഏപ്രിലിലെ 35.57 ൽ നിന്നു ഡിസംബറിലെ 40.06 ലേക്കുയർന്നു.

ബജാജ് ഓട്ടോ പ്രതീക്ഷയിലും മികച്ചതായി


ബജാജ് ഓട്ടോയുടെ മൂന്നാം പാദ വരുമാനവും ലാഭവും പ്രതീക്ഷയേക്കാൾ മികച്ചതായി. അറ്റാദായം 23.4 ശതമാനം വർധിച്ച് 1556.3 കോടി രൂപയായി. വിറ്റുവരവ് 16.6 ശതമാനം കൂടി 8910 കോടി രൂപയിലെത്തി. പ്രവർത്തനലാഭ മാർജിൻ 19.4 ശതമാനത്തിലേക്കു കയറി. പ്രവർത്തന ലാഭത്തിലെ വർധന 26.5 ശതമാനമാണ്.

ബന്ധൻ ബാങ്ക് പ്രതീക്ഷ പാേലെ വന്നില്ല


ബന്ധൻ ബാങ്കിൻ്റെ റിസൽട്ട് പ്രതീക്ഷയിലും മോശമായി. അറ്റാദായം 13.5 ശതമാനം താണ് 632.6 കോടി രൂപയായി. നിഷ്ക്രിയ ആസ്തിയുടെ തോതു വലിയ മാറ്റമില്ലാതെ തുടരുന്നു. തലേ പാദത്തിൽ 1.2 ശതമാനമായിരുന്നന മൊത്തം എൻ പി എ മൂന്നാം പാദത്തിൽ 1.1 ശതമാനമായി. അറ്റ എൻപിഎ 0.36 ശതമാനത്തിൽ നിന്ന് 0.26 ശതമാനമായി കുറഞ്ഞു.

ജിൻഡൽ സ്റ്റീലിനു മികച്ച റിസൽട്ട്


ജിൻഡൽ സ്റ്റീൽ ആൻഡ് പവർ വീണ്ടും ലാഭപാതയിൽ. മൂന്നാം പാദത്തിൽ 218.6 കോടി നഷ്ടത്തിൽ നിന്ന് 2566.7 കോടി അറ്റാദായത്തിലേക്കു കമ്പനി എത്തി. സ്റ്റീൽ ഡിമാൻഡ് വർധിച്ചതും വില കൂടിയതുമാണു കാരണം. വിറ്റുവരവ് 7526.24 കോടിയിൽ നിന്ന് 10,533.5 കോടി രൂപയിലെത്തി. 40.5 ശതമാനമാണു പ്രവർത്തന ലാഭ മാർജിൻ.
വിറ്റുവരവിൽ 39 ശതമാനം വളർച്ച കാണിച്ച ഹാവൽസ് ഇന്ത്യ, അറ്റാദായം മൂന്നു മടങ്ങാക്കിയ സരിഗമ ഇന്ത്യ, ലാഭ മാർജിൻ 21.68 ശതമാനം വർധിപ്പിച്ച കജരിയ സിറാമിക്സ് എന്നിവയുടെ വില കൂടി. അനാലിസ്റ്റുകൾ ഈ ഓഹരികൾക്കു കൂടുതൽ കയറ്റം പ്രവചിക്കുന്നു.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി ഖണ്ഡനോപക്ഷേപം


ബജറ്റിലെ ഏതെങ്കിലും ചെലവു വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്നതാണു ഖണ്ഡനോപക്ഷേപം (Cut motion). ഖണ്ഡനോപക്ഷേപം പാസായാൽ മന്ത്രിസഭ രാജി വയ്ക്കേണ്ടി വരും. രാഷ്ട്രീയ കോളിളക്കം ഉള്ളപ്പോഴും ഭരണകക്ഷിക്കു ഭൂരിപക്ഷം സംശയാസ്പദമായിരിക്കുമ്പോഴുമാണ് ഖണ്ഡനോപക്ഷേപങ്ങൾ വരുക. ധനകാര്യ ബിൽ വോട്ടിംഗിനിടെയാണ് ഇവ കൊണ്ടുവരുന്നത്.T C Mathew
T C Mathew  

Related Articles

Next Story

Videos

Share it