ആശങ്ക പടരുന്നു; പുതിയ നികുതി വരുമോ എന്നു പേടി; വിദേശികളും മ്യൂച്വൽ ഫണ്ടുകളും പിൻവലിയുന്നു

എങ്ങും ആശങ്ക. വിപണികൾ ഉലയുന്നു. നീണ്ട തിരുത്തലാണോ ഹ്രസ്വകാല താഴ്ചയും പിന്നീടു കരുത്തോടെയുള്ള തിരിച്ചു വരവുമാണോ മുന്നിൽ എന്നതിൽ വ്യക്തതയില്ല. ഇന്ത്യയിൽ മാത്രമല്ല ഓഹരികളുടെ തകർച്ച.

ബുധനാഴ്ച ഇന്ത്യൻ ഓഹരി സൂചികകൾ രണ്ടു ശതമാനത്തോളം താഴോട്ടു പോയി. സെൻസെക്സ് 937.66 പോയിൻ്റ് (1.9 ശതമാനം) താണു 47,409.93ലെത്തി. നിഫ്റ്റി 271.4 പോയിൻ്റ് താണ് 13,967.5 ലായി. പിന്നീടു യൂറോപ്പും അമേരിക്കയും വീഴ്ചയിലായി. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക 634 പോയിൻ്റും (2.1ശതമാനം) നാസ്ഡാക് 355 പോയിൻ്റും ( 26 ശതമാനം) ഇടിഞ്ഞു. ഒക്ടോബർ 20-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു ഇന്നലെ യുഎസ് വിപണിയിൽ.
ഇന്നു രാവിലെ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തോളം താഴ്ചയിലാണ്. ജാപ്പനീസ് ഓഹരികൾ രാവിലെ ഒന്നര ശതമാനം ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 13,852 വരെ താണു. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണു സിംഗപ്പുർ എക്സ്ചേഞ്ചിലെ അവധി വ്യാപാരം നൽകുന്നത്.

ബജറ്റും പുതിയ നികുതിയും

ഇന്ത്യയിൽ ബജറ്റ് കഴിയും വരെ അനിശ്ചിതത്വം തുടരും എന്നു മാത്രം ഉറപ്പിച്ചു പറയാം.തിങ്കളാഴ്ചത്തെ ബജറ്റിൽ കോവിഡ് സെസ് ഏർപ്പെടുത്തുമെന്ന ആശങ്ക വിപണിയിൽ പടർന്നിട്ടുണ്ട്. നികുതി കൂട്ടാതെ കമ്മി വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ഗവണ്മെൻ്റ് തള്ളുമെന്നാണു സംസാരം. മൂന്നു വർഷമായി പരിധി വിടുന്ന കമ്മി നാലാം വർഷവും കൂട്ടാൻ ഗവണ്മെൻ്റിലെ സൈദ്ധാന്തിക പിടിവാശിക്കാർ സമ്മതിക്കുന്നില്ല. സെപ്റ്റംബറിനു ശേഷം ആദ്യമാണു തുടർച്ചയായ നാലു ദിവസം സൂചികകൾ താഴാേട്ടു പോയത്.

ഒൻപതു ലക്ഷം കോടി സ്വാഹ!

സെൻസെക്സ് റിക്കാർഡ് ഉയരത്തിൽ നിന്ന് 2914.41 പോയിൻ്റ് (5.8 ശതമാനം) താഴെയായി. നിഫ്റ്റി 824.25 പോയിൻ്റ് (5.5 ശതമാനം) താഴ്ന്നു. ഒൻപതുലക്ഷം കോടി രൂപയാണു വിപണി മൂല്യത്തിൽ വന്ന ഇടിവ്.

വിദേശികളും ഫണ്ടുകളും പണം വലിക്കുന്നു

ബജറ്റ് ആശങ്കയോടൊപ്പം ലാഭമെടുക്കലും വിദേശ നിക്ഷേപകരുടെ ഓഹരി വിൽപനയും തകർച്ചയ്ക്കു കാരണമായി. 2021-ൽ ഓഹരി വിപണി നേടിയതെല്ലാം നാലു ദിവസം കൊണ്ടു നഷ്ടമായി. വിദേശികൾ ബുധനാഴ്ച 1688 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജനുവരിയിൽ ഇതുവരെ അവർ 4413 കോടി ഓഹരികളിൽ നിന്ന് പിൻവലിച്ചു.
മ്യൂച്വൽ ഫണ്ടുകൾ ഈ മാസം ഇതുവരെ 12,000 കോടിയിലേറെ രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചിട്ടുണ്ട്.

താഴ്ചയിലേക്ക് സൂചനകൾ

സാങ്കേതിക വിശകലനക്കാർ വിപണിയിൽ താഴ്ച സാധ്യതയാണു കൂടുതൽ കാണുന്നത്. ഇന്നു ഡെറിവേറ്റീവ് സെറ്റിൽമെൻ്റ് നടക്കുന്നതിലാണ് എല്ലാവരുടെയും നോട്ടം. നിഫ്റ്റി 13,850-ലും 13,770-ലും ചെറിയ സപ്പോർട്ട് കാണുന്നുണ്ടെന്ന് സാങ്കേതിക വിശകലനക്കാർ പറയുന്നു. രണ്ടു ദിവസത്തിനകം 14,000 തിരിച്ചുപിടിച്ചില്ലെങ്കിൽ 13,000-ലേക്കു നിഫ്റ്റി വീഴാമെന്നു നിഗമനമുണ്ട്.

ഫെഡ് നിലപാട് തിരിച്ചടിയായി

അമേരിക്കയിൽ ഇന്നലെ കേന്ദ്ര ബാങ്കായ ഫെഡിൻ്റെ യോഗ തീരുമാനങ്ങൾ പുറത്തുവന്നു.പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ല. മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ യു എസ് സാമ്പത്തിക വളർച്ച ദുർബലമാണെന്നും ഈ വർഷം പലിശ കൂട്ടാൻ സാഹചര്യമില്ലെന്നും ഫെഡ് വിലയിരുത്തിയത് വിപണിക്ക് ആഘാതമായി. ഫെഡ് കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നതു തുടരുമെന്നു ചെയർമാൻ ജെറോം പവൽ അറിയിച്ചു. ഫേസ്ബുക്കിൻ്റെയും ടെസ് ലയുടെയും ഫലങ്ങൾ പ്രതീക്ഷയിലും മോശമായതും വിപണികളെ താഴ്ത്തി. ഇന്നു യുഎസ് ജിഡിപി കണക്കുകൾ പുറത്തുവരും.
ഗെയിംസ്റ്റോപ് തുടങ്ങിയ ചില ഓഹരികൾ അത്യസാധാരണ ഉയർച്ച കാണിക്കുന്നതും യുഎസ് വിപണിക്ക് ആശങ്കയായി. ജനുവരിയിൽ 1700 ശതമാനം ഉയർച്ചയാണ് ഗെയിംസ്റ്റോപ്പിനുണ്ടായത്.

സ്വർണം, ക്രൂഡ്

രാജ്യാന്തര വിപണിയിൽ സ്വർണം വീണ്ടും താണു. 1840 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം.
ബ്രെൻ്റ് ഇനം ക്രൂഡ് 56.4 ഡോളർ വരെ കയറിയിട്ട് 55.81-ലേക്കു താണു. സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ആശങ്കയാണു കാരണം.

ബിറ്റ് കോയിൻ വീണ്ടും ഇടിഞ്ഞു.

ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ്കോയിൻ ഇന്നലെ വീണ്ടും 30,000 ഡോളറിനു താഴെയായി. നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്കയാണു കാരണം.

ഹിന്ദുസ്ഥാൻ യൂണിലിവറിനു മികച്ച ഫലം

ഹിന്ദുസ്ഥാൻ യൂണിലിവറിനു (എച്ച് യു എൽ) മൂന്നാം പാദത്തിൽ മികച്ച റിസൽട്ട്. വിറ്റുവരവ് 20.48 ശതമാനം കൂടി 11,682 കോടിയായപ്പോൾ അറ്റാദായം 18.87 ശതമാനം വർധിച്ച് 1921 കോടിയിലെത്തി. പ്രവർത്തനലാഭ മാർജിൻ 24 ശതമാനമുണ്ട്.
ലോക്ക് ഡൗൺ മുതൽ വൻനഗരങ്ങളിലെ വിൽപന വളർച്ച കുറവാണ്; ഗ്രാമമേഖലയിൽ വില്പന നന്നായി കൂടുന്നുണ്ട്. ഈ പാദത്തിൽ നഗരങ്ങളിലെ വിൽപന കൂടുമെന്ന വിശ്വാസം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പ്രകടിപ്പിച്ചു. ജിഎസ്കെയെ ലയിപ്പിച്ചതിൻ്റെയും വിവാഷ് ഏറ്റെടുത്തതിൻ്റെയും ഫലം ഉൾപ്പെടുത്താതെ കൺസ്യൂമർ ബിസിനസിലുള്ള വളർച്ച ഏഴു ശതമാനം മാത്രമാണ്.

മാരികോയുടെ ആഭ്യന്തര ബിസിനസിൽ നല്ല വളർച്ച

കൺസ്യൂമർ ഉൽപന്ന കമ്പനിയായ മാരികോയ്ക്ക് കഴിഞ്ഞ പാദത്തിൽ മികച്ച ആഭ്യന്തര വളർച്ച. 18 ശതമാനം വളർച്ച വിറ്റുവരവിൽ ഉണ്ടായി. 1627 കോടിയുടെ ആഭ്യന്തര വിറ്റുവരവ് അടക്കം 2122 കോടിയാണ് ആകെ വരുമാനം. വർധന 16.3 ശതമാനം. മൊത്തം അറ്റാദായം 13 ശതമാനം കൂടി 312 കോടി രൂപയായി.
പാരച്യൂട്ട്, സഫോള തുടങ്ങിയ ബ്രാൻഡുകൾ ഉള്ള കമ്പനിക്കു വലിയ തോതിൽ ചെലവ് ചുരുക്കിയാണ് ലാഭ മാർജിനുകൾ നിലനിർത്താൻ കഴിഞ്ഞത്.

പ്രതീക്ഷകൾ തകർത്ത് ആക്സിസ് ബാങ്ക്

ലാഭം ഗണ്യമായി വർധിക്കുമെന്ന ബ്രോക്കറേജുകളുടെ പ്രതീക്ഷ തകർത്ത് ആക്സിസ് ബാങ്ക്. അറ്റാദായത്തിൽ 80 ശതമാനം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്തു 36 ശതമാനം ഇടിവ്.
ബാങ്കിൻ്റെ ആസ്തികളെപ്പറ്റിയുള്ള വിലയിരുത്തലാണു പാളിയത്. പ്രശ്ന കടങ്ങൾക്കായി അധികം വകയിരുത്തൽ വേണ്ടി വരില്ലെന്നു കരുതി. പക്ഷേ വകയിരുത്തൽ 30 ശതമാനം വർധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി ( ഗ്രോസ് എൻപിഎ) അഞ്ചു ശതമാനത്തിൽ നിന്നു 3.44 ശതമാനമായി കുറഞ്ഞു.
ബാങ്കിൻ്റെ മൂന്നാം പാദത്തിലെ അറ്റാദായം 36 ശതമാനം ഇടിഞ്ഞ് 1116 കോടി രൂപയായി.
ആക്സിസ് ബാങ്ക് ഓഹരികൾ ഒരു വർഷം കൊണ്ട് 14.65 ശതമാനം താണെങ്കിലും ജനുവരിയിൽ 1.81 ശതമാനം ഉയർന്നിരുന്നു. ഇന്നലെ റിസൽട്ടിനു മുമ്പ് വില നാലു ശതമാനം ഇടിഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it