തിരിച്ചു കയറാൻ വഴിതെളിയുന്നു; വിദേശത്ത് ഉണർവ്; സാമ്പത്തിക സർവേ എന്തു പ്രവചിക്കും? മാരുതിക്ക് എന്തു പറ്റി?

തിരിച്ചുകയറിയ അമേരിക്ക വിപണികളെ നയിക്കുമോ? തുടർച്ചയായ അഞ്ചു ദിവസത്തെ തകർച്ചയ്ക്കുശേഷം ഇന്നു നിഫ്റ്റിയും സെൻസെക്സും ഉയരുമോ?

ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയ്ക്കുശേഷം ഇന്നലെ അമേരിക്കൻ ഓഹരികൾ തിരിച്ചു കയറി. യു എസ് ജിഡിപി കഴിഞ്ഞ വർഷം 3.5 ശതമാനം ചുരുങ്ങിയെന്ന റിപ്പാേർട്ട് പ്രതീക്ഷിച്ചതായിരുന്നു. അതിനാൽ വിപണി ആശ്വാസ റാലിയുമായി മുന്നാേട്ടു പോയി.
ഇന്നു രാവിലെ ജാപ്പനീസ് ഓഹരികൾ യുഎസിനെ പിന്തുടർന്നു കയറ്റത്തിലാണ്.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,032 വരെ എത്തി. നിഫ്റ്റി വ്യാഴാഴ്ച ക്ലോസ് ചെയ്തത് 13,817.55-ലാണ്. ഇന്നു ശക്തമായ തിരിച്ചു കയറ്റത്തിലേക്കാണു സിംഗപ്പുരിലെ നിഫ്റ്റി ഡെറിവേറ്റീവ് വ്യാപാരം സൂചന നൽകുന്നത്.
ഇന്നലെ സെൻസെക്സ് 848 പോയിൻ്റ് (1.79 ശതമാനം) താണ് 46,518.48 ലും നിഫ്റ്റി 241.2 പോയിൻ്റ് (1.73 ശതമാനം) താണ് 13,726.3ലും എത്തിയിരുന്നു. പിന്നീടു നിഫ്റ്റി നഷ്ടം 149.95 പോയിൻ്റായും സെൻസെക്സ് നഷ്ടം 535.57 പോയിൻ്റായും കുറച്ചു.

സാമ്പത്തിക സർവേ വരുന്നു; ജിഡിപി പ്രവചനമറിയാം

വിപണി ബജറ്റിനെപ്പറ്റി ഉയർത്തിയ ആശങ്കകൾക്കു തിങ്കളാഴ്ചയേ പരിഹാരം ഉണ്ടാകൂ. ഇന്നു പാർലമെൻ്റിൽ സമർപ്പിക്കുന്ന സാമ്പത്തിക സർവേ കുറേ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. സാമ്പത്തിക വളർച്ച സംബന്ധിച്ച ധനമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ സർവേയിൽ ഉണ്ടാകും. ബജറ്റ് തയാറാക്കുന്നത് ആ നിഗമനം കണക്കിലെടുത്താകും. അതു ബജറ്റിൻ്റെ വലുപ്പത്തിലേക്കു വെളിച്ചം വീശും. ഒപ്പം കമ്മിയെപ്പറ്റിയും സൂചന ഉണ്ടാകും.
സാമ്പത്തിക സർവേയിലെ വളർച്ച നിഗമനങ്ങൾ പാടേ തെറ്റുന്നതാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിൽ കണ്ടത്. 2018 - 19-ൽ 7.0- 7.5 ശതമാനം വളർച്ച സർവേയിൽ പ്രവചിച്ചു.നടന്നത് 6.1 ശതമാനം വളർച്ച. 2019-20 ൽ ഏഴു ശതമാനം വളരുമെന്നു പറഞ്ഞു. ഉണ്ടായത് 4.2 ശതമാനം വളർച്ച 2020-21 ൽ 6.0-6.5 ശതമാനമാണു പറഞ്ഞത്. അത് 7.7 ശതമാനം കുറവായി മാറിയതിനു കോവിഡിനെ കുറ്റപ്പെടുത്താം. മറ്റു വർഷങ്ങളിൽ ആരാണു വില്ലൻ?

എയർടെൽ ഞെട്ടിക്കുന്നു

റിലയൻസ് ജിയോയെക്കാൾ വളരെക്കൂടുതൽ പുതിയ വരിക്കാരെ ചേർത്തുകൊണ്ട് എയർടെൽ വീണ്ടും ഞെട്ടിച്ചു. നവംബറിൽ 43.7 ലക്ഷം പേരെ എയർടെൽ വരിക്കാരാക്കി. ജിയോ ചേർത്തത് 19.3 ലക്ഷം മാത്രം. ഇതോടെ എയർടെലിന് 33.47 കോടിയും ജിയോയ്ക്ക് 40.83 കോടിയും വരിക്കാർ ആയി.
5 ജി സേവനങ്ങളുടെ കാര്യത്തിലും എയർടെൽ വിപണിയെ ഞെട്ടിച്ചു. കമ്പനി 5 ജി സേവനങ്ങളുടെ തുടക്കം ഇന്നലെ ഹൈദരാബാദിൽ കുറിച്ചു. നിലവിലുള്ള 1800 മെഗാഹെർട്സ് സ്പെക്ട്രത്തിലൂടെയാണു 5 ജി സേവനം. നോൺ സ്റ്റാൻഡ് എലോൺ (എൻഎസ്എ) എന്നാണു 4 ജി നെറ്റ് വർക്കിൽ 5 ജി നൽകുന്ന ടെക്നോളജി അറിയപ്പെടുന്നത്.
ജൂലൈയോടെ 5 ജി സേവനം തുടങ്ങുമെന്ന് റിലയൻസ് ജിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എയർടെൽ 5 ജി ഉദ്ഘാടനം അംബാനിക്കു ക്ഷീണമായി.

സ്വർണം, ക്രൂഡ്

രാജ്യാന്തര വിപണിയിൽ സ്വർണം കാര്യമായ ചലനമില്ലാതെ തുടർന്നു. ഔൺസിന് 1843 ഡോളറിലാണു രാവിലെ വ്യാപാരം.
ക്രൂഡ് ഓയിൽ ഉയർച്ചയ്ക്കു വഴി കാണുന്നില്ല. ബ്രെൻറ് ഇനം ക്രൂഡ് വീപ്പയ്ക്ക് 55.6 ഡോളറിലാണ്.

ഡോളർ സൂചിക നേരിയ പരിധിയിൽ ചാഞ്ചാടി.

അമേരിക്കയിൽ സമൂഹ മാധ്യമങ്ങളും കൂട്ടായ്മകളും വഴി വില വാനോളമുയർത്തിയ ഗെയിംസ് റ്റോപ്പ് ഓഹരിയുടെ വ്യാപാരം ബ്രോക്കർമാർ നിർത്തിവച്ചതു നിക്ഷേപകർക്ക് 1100 കോടി ഡോളർ നഷ്ടമുണ്ടാക്കി. ബിറ്റ് കോയിൻ നിക്ഷേപകരെ ഇതു സംഭീതരാക്കി.

മാരുതിക്കു വിൽപനയും ലാഭവും കൂടി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുകി തരക്കേടില്ലാത്ത വളർച്ച കാണിക്കുന്ന മൂന്നാം പാദ റിസൽട്ട് പുറത്തുവിട്ടു. വിറ്റുവരവ് 13.26 ശതമാനം കൂടി 23,471.3 കോടിയായപ്പോൾ അറ്റാദായം 25.8 ശതമാനം കൂടി 1996.7 കോടി രൂപയിലെത്തി. മൂന്നാം പാദത്തിൽ വാഹന വിൽപ്പന 13.4 ശതമാനം കൂടി 4.96 ലക്ഷം എണ്ണമായി. ഇതിൽ 4.67 ലക്ഷം ആഭ്യന്തര വിപണിയിലാണ്.
സ്റ്റീൽ അടക്കമുള്ളവയുടെ വില വർധന മൂലം പ്രവർത്തന ലാഭ മാർജിൻ 10.1 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി താണു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിൽ വിൽപന കൂടുന്നതായി കമ്പനി ചൂണ്ടിക്കാട്ടി.
റിസൽട്ടിനു ശേഷം മാരുതിയുടെ ഓഹരി വില 3.6 ശതമാനം താണു.

ഇൻഡിഗോ നഷ്ടം കുറച്ചു.

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ മൂന്നാം പാദത്തിൽ 620.1 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ 1194.8 കോടി നഷ്ടത്തെ അപേക്ഷിച്ച് ഇതു ഗണ്യമായി കുറവാണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 556.5 കോടി രൂപ ലാഭമുണ്ടായിരുന്നു.
പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ9931.7 കോടിയിൽ നിന്ന് 4910 കോടിയായി താണു. 50 ശതമാനം ഇടിവ്. എന്നാൽ രണ്ടാം പാദത്തിലെ 2741 കോടിയെ അപേക്ഷിച്ച് 79 ശതമാനം അധികമാണു വരുമാനം.

യുഎസ് ജിഡിപി 3.5 ശതമാനം ചുരുങ്ങി

2020ൽ അമേരിക്കൻ ജിഡിപി 3.5 ശതമാനം ചുരുങ്ങി. 1946-നു ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക തളർച്ച.20l9-ൽ 2.2 ശതമാനം വളർച്ച. ഉണ്ടായിരുന്നു. കഴിഞ്ഞ മഹാമാന്ദ്യത്തിൻ്റെ വർഷങ്ങളായ 2007, 08, 09 എന്നിവയ്ക്കു ശേഷം ആദ്യമായാണ് അമേരിക്കയിൽ വാർഷിക ജിഡിപി തകർച്ച ഉണ്ടാകുന്നത്.
ഫെബ്രുവരിയിൽ മാന്ദ്യം തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടം മൂന്നു ലക്ഷം കോടിയുടെ ആശ്വാസ-ഉത്തേജക പദ്ധതികൾ നടപ്പാക്കി. അതു പോരെന്നു പറഞ്ഞിരുന്ന ഡെമോക്രാറ്റുകൾ ഇപ്പോൾ 1.9 ലക്ഷം കോടി ഡോളറിൻ്റെ അധികപദ്ധതി പാസാക്കാൻ ശ്രമിക്കുകയാണ്.
ഡിസംബറിലവസാനിച്ച പാദത്തിൽ നാലു ശതമാനം വാർഷിക നിരക്കിൽ ജിഡിപി വളർന്നു. തലേ പാദത്തിലെ 33.4 ശതമാനം വേഗത്തിലെ തിരിച്ചു വരവ് തുടർന്നുണ്ടായില്ല. കോവിഡ് ബാധ കൂടിയതാണു കാരണം.
ഈ വർഷം ആദ്യ പാദത്തിൽ വളർച്ചയുടെ വേഗം കുറയുമെന്നാണു പ്രവചനം. പുതിയ ഉത്തേജക പദ്ധതി നടപ്പായാൽ തുടർന്നുള്ള പാദങ്ങളിൽ വളർച്ചയ്ക്കു വേഗം കൂടും.
ജിഡിപി കണക്കു പ്രതീക്ഷ പോലെ ആയിരുന്നതിനാൽ യു എസ് ഓഹരി സൂചികകൾ ഇന്നലെ ഒരു ശതമാനത്തോളം കയറി.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി പൊതു നിധി

ഗവണ്മെൻ്റ് ഒരു ട്രസ്റ്റി എന്ന നിലയിൽ സൂക്ഷിക്കുന്ന പണം ഉണ്ട്. വിവിധ പ്രൊവിഡൻ്റ് ഫണ്ടുകളുടെ തുക, ലഘു സമ്പാദ്യ പദ്ധതിയുടെ തുക, റോഡ് വികസനവും പ്രൈമറി വിദ്യാഭ്യാസവും പോലുള്ള കാര്യങ്ങൾക്കു പ്രത്യേകമായി നീക്കിവച്ചിട്ടുള്ള തുകകൾ, മറ്റു പ്രത്യേക നിധികൾ തുടങ്ങിയവയുടെ പണം എന്നിവ പൊതു നിധി (Public Fund) എന്ന രീതിയിലാണു വാർഷിക ധനകാര്യ സ്‌റ്റേറ്റ്മെൻ്റിൽ കാണിക്കുക.ഈ തുകകൾ പിൻവലിക്കാനും പാർലമെൻ്റിൻ്റെ അനുമതി വേണം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it