അമേരിക്കയില്‍ തെരഞ്ഞെടുപ്പു പേടി; ചൈനയിലും ക്ഷീണം; സ്റ്റീലിന് വില ഇനിയും കൂടും

അമേരിക്കയില്‍ ജോര്‍ജിയ സംസ്ഥാനത്തു നിന്നുള്ള രണ്ടു സെനറ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ഇന്നു വീണ്ടും വോട്ടെടുപ്പ്. ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഒരേ പോലെ ശക്തിയുള്ള സംസ്ഥാനമാണിത്. അവിടത്തെ വോട്ട് യുഎസ് സെനറ്റിനെ ആരു നിര്‍ണയിക്കുമെന്നു തീരുമാനിക്കുന്നതാകും. ഈ ആശങ്ക പുതുവര്‍ഷാരംഭത്തില്‍ യു എസ് ഓഹരി സൂചികകളെ വലിച്ചു താഴ്ത്തി.

ജോര്‍ജിയന്‍ വോട്ട് ഇവിടെ പരാമര്‍ശിക്കാന്‍ കാരണം ഇന്ന് ഇന്ത്യന്‍ വിപണിയെയും അതു വലിച്ചു താഴ്ത്താന്‍ സാധ്യത ഉണ്ടെന്നതാണ്. എസ്ജിഎക്‌സ് നിഫ്റ്റി ആദ്യ സെഷനില്‍ നൂറോളം പോയിന്റ് താണു. ജാപ്പനീസ് ഓഹരികളും താഴ്ചയിലാണ്. യുഎസ് താഴ്ച മാതൃകയാക്കി ലാഭമെടുക്കലിനും തിരുത്തലിനും വിപണി തുനിഞ്ഞേക്കാം.
ഇന്നലെ നിഫ്റ്റി 114.4 പോയിന്റ് കയറി 14,132.9ലാണു ക്ലാേസ് ചെയ്തത്. സെന്‍സെക്‌സ് 307.82 പോയിന്റ് ഉയര്‍ന്ന് 48,176.8 ല്‍ ക്ലോസ് ചെയ്തു. ഇവ റിക്കാര്‍ഡ് നിലവാരങ്ങളാണെങ്കിലും വിപണി ഗതി ദുര്‍ബലമായി വരികയാണെന്നു സാങ്കേതിക വിശകലനക്കാര്‍ പറയുന്നു. അനിശ്ചിതത്വമാണു വിപണി സൂചിപ്പിക്കുന്നത്. എങ്കിലും വിദേശ പണപ്രവാഹത്തിനു കുറവില്ലെങ്കില്‍ 14,200- 14,250 മേഖലയിലേക്കു നിഫ്റ്റി കയറും. ലാഭമെടുക്കലുണ്ടായാല്‍ 13,900- 14,000 മേഖലയില്‍ ശക്തമായ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറല്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ചര്‍ച്ച പൊളിഞ്ഞു. ഇനി വെള്ളിയാഴ്ചയാണു ചര്‍ച്ച. സമരം ശക്തമാക്കാനാണു കര്‍ഷക നീക്കം. സമരം നീളുന്നത് വിലക്കയറ്റം മുതല്‍ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാന്‍ വഴിതെളിക്കും.


സ്വര്‍ണം കയറുന്നു, ക്രൂഡ് താഴുന്നുഡോളറിന്റെ ദൗര്‍ബല്യത്തെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും കയറി. ഇന്നലെ ഔണ്‍സിന് 1945 ഡോളര്‍ വരെ വില എത്തി. ക്ലോസിംഗ് വില 1941 ഡോളര്‍. ഇന്നു രാവിലെ 1938 - 1939 ഡോളര്‍ മേഖലയിലാണു വ്യാപാരം.
ഒപെക് പ്ലസ് യോഗം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തില്ല. ഇതു ക്രൂഡ് ഓയില്‍ വില ഇടിയാന്‍ കാരണമായി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 52.71 ഡോളര്‍ വരെ കയറിയത് 51 ഡോളറിനു താഴെയായി. ഇന്നു രാവിലെ 51.09 ഡോളറിലാണ് ഏഷ്യന്‍ വ്യാപാരം. ഉല്‍പാദനം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ധാരണയാണു യോഗത്തില്‍ നിന്നു ലഭിച്ചത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) യും അതില്‍ പെടാത്ത റഷ്യ അടക്കമുള്ള രാജ്യങ്ങളും ചേര്‍ന്നതാണ് ഒപെക് പ്ലസ്.
യൂറോ വില 1.23 ഡോളറിലേക്കു കയറി. മറ്റു പ്രമുഖ കറന്‍സികളോടും ഡോളര്‍ ദുര്‍ബലമായി. ഡോളര്‍ നിരക്കു 12 പൈസ താണ് 73.02 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.


ബിറ്റ്‌കോയിനില്‍ ചാഞ്ചാട്ടംവാരാന്ത്യത്തില്‍ 34,000 ഡോളറിനു മുകളിലെത്തിയ ബിറ്റ് കോയിന്‍ ഇന്നലെ 28,000 വരെ താണിട്ടു തിരിച്ചു കയറി. വിപണിയില്‍ പലതരം കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. 32,500 ഡോളറിലാണു ചൊവ്വ രാവിലെ ബിറ്റ്‌കോയിന്‍.


തൊഴില്‍ കുറയുന്നുരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ലോക്ക് ഡൗണ്‍ കാലത്തേതിനു സമീപമെത്തി. ഡിസംബറില്‍ 9.1 ശതമാനമാണു തൊഴിലില്ലായ്മ. ജൂണില്‍ 10.99 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) വെളിപ്പെടുത്തിയതാണിത്.
നവംബറിലെ 6.5 ശതമാനത്തില്‍ നിന്നാണ് 9.1 ശതമാനത്തിലേക്കു കുതിച്ചത്. ഡിസംബര്‍ ആദ്യവാരം 8.4 ശതമാനം, രണ്ടാം വാരം 9.9 ശതമാനം, മൂന്നാം വാരം 10.1 ശതമാനം എന്നിങ്ങനെ കയറിയിട്ടാണ് 9.5 ശതമാനത്തിലേക്കു താണത്.
രാജ്യത്തു തൊഴില്‍ സന്നദ്ധരായ 42.7 കോടി പേരാണു ഡിസംബറില്‍ ഉണ്ടായിരുന്നത്. നവംബറില്‍ ഇത് 42.1 കോടി ആയിരുന്നു. അധികം വന്ന അറുപതു ലക്ഷത്തില്‍ മഹാഭൂരിപക്ഷത്തിനും പണി കിട്ടിയില്ല.
നവംബറില്‍ തൊഴില്‍ രഹിതരുടെ എണ്ണം 2.74 കോടിയായിരുന്നു. ഡിസംബറില്‍ തൊഴില്‍ രഹിതര്‍ 3.87 കോടിയായി. ഡിസംബറില്‍ കാര്‍ഷിക മേഖലയില്‍ അവസരങ്ങള്‍ തീരെ കുറവാണ്. ഖാരിഫ് വിളവെടുപ്പും റാബി കൃഷിയിറക്കലും കഴിഞ്ഞു. മാര്‍ച്ച് ഒടുവിലേ ഗോതമ്പ് വിളവെടുപ്പ് തുടങ്ങൂ.
സെപ്റ്റംബറില്‍ 39.76 കോടി തൊഴിലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഡിസംബറില്‍ 38.84 കോടി തൊഴിലുകള്‍ മാത്രം. രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതിലും കുറവാണു ഡിസംബറിലെ തൊഴിലുകളുടെ എണ്ണം


ചൈനയിലും ക്ഷീണംചൈനയില്‍ ഫാക്ടറി ഉല്‍പാദന വര്‍ധനയ്ക്കു വേഗം കുറഞ്ഞു. നവംബറില്‍ 54.9 ആയിരുന്ന ഫാക്ടറി ഉല്‍പ്പാദന പിഎംഐ ഡിസംബറില്‍ 53 ആയി താണു. ഇതു കൈക്‌സിന്‍ മാസികയുടെ സര്‍വേയിലുള്ളതാണ്. സര്‍ക്കാരിന്റെ സര്‍വേയില്‍ 52.1 ല്‍ നിന്ന് 51.9 ലേക്കു കുറഞ്ഞതേ ഉള്ളൂ.
രണ്ടായാലും കുറഞ്ഞു. 2020ല്‍ ജിഡിപി വളര്‍ച്ച കാണിച്ച ഏക വലിയ സമ്പദ്ഘടനയാണ് ചൈനയുടേത്. അമേരിക്കയും യൂറോപ്പുമൊക്കെ കോവിഡിന്റെ രണ്ടാം വരവോടെ കൂടുതല്‍ ക്ഷീണത്തിലാണ്.
ചൈനയുടെ കയറ്റുമതി, തൊഴില്‍ സൂചികകള്‍ ഉയര്‍ന്നെങ്കിലും തോതു കുറവാണ്. ബിസിനസുകാരുടെ ആത്മവിശ്വാസ സൂചിക മൂന്നു മാസത്തിനിടയിലെ ഏറ്റവും താണ നിലയിലായി.

ജായ്ക്ക് മായ്ക്ക് എന്തു പറ്റി?ചൈനയില്‍ ഭരണകൂടത്തിന്റെ അപ്രീതിക്കിരയായ ശതകോടീശ്വരന്‍ ജായ്ക്ക് മായെ കാണാനില്ല. ഒരു ബിസിനസ് ടിവി ഷോയില്‍ ജഡ്ജിയായിരുന്ന മാ ഈയാഴ്ച അവസാന എപ്പിസോഡില്‍ വന്നില്ല. സര്‍വാധിപതിയായ പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ നീരസത്തെത്തുടര്‍ന്ന് ആലിബാബ സ്ഥാപകനെതിരേ പല നടപടികള്‍ തുടങ്ങി. ആന്റ് എന്ന പേമെന്റ് ബാങ്കിന്റെ ഐപിഒ വിലക്കി. ആന്റ് വെറും പേമെന്റ് സംവിധാനമായേ തുടരാവൂ എന്നു നിഷകര്‍ഷിച്ചു . ആലിബാബ ഗ്രൂപ്പ് കുത്തകയാണോ, മത്സരം തടഞ്ഞോ എന്നൊക്കെ അന്വേഷണവും നടത്തുന്നു.രണ്ടു മാസമായി മായെ പൊതുവേദിയില്‍ കാണുന്നില്ല. ടിവി ഷോയുടെ ഫൈനല്‍ എപ്പിസോഡില്‍ വരുമെന്ന പ്രതീക്ഷയും പാളി.


ദിവാന്‍ ഹൗസിംഗില്‍ ഓഹരി ഉടമകള്‍ക്ക് ഒന്നുമില്ലദിവാന്‍ ഹൗസിംഗ് ഫിനാന്‍സി (ഡിഎച്ച്എഎഫ് എല്‍) ന്റെ പാപ്പര്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. മൂന്നു ഗ്രൂപ്പുകളാണ് കമ്പനിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. അമേരിക്കന്‍ നിക്ഷേപ കമ്പനി ഓക് ട്രീ, ഇന്ത്യയിലെ പിരമള്‍ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവയാണവ. മൂന്നു കൂട്ടരുടെയും ഓഫറില്‍ ഓഹരി ഉടമകള്‍ക്ക് ഒന്നും നല്‍കാന്‍ ഉദേശിച്ചിട്ടില്ല. പക്ഷേ ഡിഎച്ച്എഫ്എല്‍ ഓഹരികള്‍ ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. 30 രൂപയാണു തിങ്കളാഴ്ചത്തെ വില.അതനുസരിച്ച് വിപണി മൂല്യം 941 കോടി രൂപ.


സ്റ്റീല്‍ വില ഇനിയും കൂട്ടുംസ്റ്റീലിനു ഡിമാന്‍ഡ് കൂടി. വിലയും കൂടി. മൂന്നു മാസത്തിനുള്ളില്‍ ടണ്ണിനു 4000 രൂപയിലേറെ കൂട്ടിയ കമ്പനികള്‍ ഇനിയും വിലകൂട്ടുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
പുതുവര്‍ഷത്തില്‍ തന്നെ ടണ്ണിന് 1500 രൂപ മുതല്‍ 2400 രൂപ വരെ കൂടി. സ്റ്റീല്‍, സിമന്റ് വിലവര്‍ധന നിര്‍മാണ മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
വില വര്‍ധന ആഗോളമാണെന്നു കമ്പനികള്‍ പറയുന്നു. ഇരുമ്പയിരിനു കുത്തനെ വില കൂടുമ്പോള്‍ സ്റ്റീലിനു കൂട്ടാതെ മാര്‍ഗമില്ലെന്നും കമ്പനികള്‍ വിശദീകരിക്കുന്നു.
നാഷണല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍എംഡിസി) ഇരുമ്പയിര് വില ടണ്ണിന് 1960 രൂപയില്‍ നിന്ന് 4610 രൂപയാക്കി. ആഗാേള സ്റ്റീല്‍ വില ടണ്ണിനു 397 ഡോളറില്‍ നിന്ന് 750 ഡോളറിലെത്തിയിട്ടുണ്ട്.


ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി റവന്യു ചെലവ്സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള ചെലവാണു റവന്യു ചെലവ്. ശമ്പളം, ഓഫീസ് ചെലവുകള്‍, കടത്തിന്റെ പലിശ, സബ്‌സിഡി, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള ഗ്രാന്റ് തുടങ്ങിയവ റവന്യു ചെലവാണ്. ആസ്തി നിര്‍മാണത്തിനു പ്രയോജനപ്പെടാത്ത ചെലവുകളാണ് റവന്യു ചെലവില്‍ വരുന്നത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it