സൗദി നീക്കത്തില്‍ ക്രൂഡ് കുതിക്കുന്നു; വളര്‍ച്ചയില്‍ പ്രതീക്ഷ; ബുള്‍ തരംഗം തുടര്‍ന്നേക്കും

നിര്‍ത്തില്ലാതെ ഒഴുകി വരുന്ന വിദേശ നിക്ഷേപമാണ് ഇപ്പോള്‍ ഓഹരിവിപണികളെ നിയന്ത്രിക്കുന്നത്. വികസിത രാജ്യങ്ങളിലെ വിപണികളില്‍ ഇത് അത്ര തന്നെ പ്രബലമല്ല. പക്ഷേ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ഡോളര്‍ തന്നെ രാജാവ്. അമേരിക്കന്‍, ഏഷ്യന്‍ വിപണികള്‍ താഴോട്ടു പോയപ്പോഴും ഇന്നലെ ഇന്ത്യന്‍ സൂചികകള്‍ പുത്തന്‍ ഉയരങ്ങളിലെത്തി.

പണലഭ്യത, മൂന്നാം പാദ ഫലങ്ങളെപ്പറ്റിയുള്ള പ്രതീക്ഷ, സാമ്പത്തിക മേഖല അതിവേഗം തിരിച്ചു കയറുമെന്ന വിശ്വാസം ഇവയൊക്കെയാണ് ദിവസേന റിക്കാര്‍ഡ് തിരുത്തുന്ന ബുള്‍ തരംഗത്തിന്റെ അടിസ്ഥാനം. അതിന് ഈയാഴ്ചകളില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല.

ഇന്നലെ ഇടിവോടെ തുടങ്ങിയ വ്യാപാരം രണ്ടാം പകുതിയില്‍ തിരിച്ചു കയറി. തുടര്‍ച്ചയായ പത്താം ദിവസവും സൂചികകള്‍ ഉയര്‍ന്നു. 14, 226 വരെ കയറിയ നിഫ്റ്റി 14,199.5 ലാണു ക്ലോസ് ചെയ്തത്. ബുള്ളുകള്‍ വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന കാണിക്കുന്നതാണു സാങ്കേതിക ചാര്‍ട്ടുകള്‍ എന്നു വിശകലനക്കാര്‍ പറയുന്നു. 14,260 ഉം 14,320 ഉം ആണ് തടസബിന്ദുക്കള്‍. താഴെ 14,080ലും 14,000ലും നല്ല സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. എസ്ജിഎക്‌സ് നിഫ്റ്റി ആദ്യ സെഷനില്‍ 14,230 നു മുകളിലാണ്.


സൗദിയുടെ നാടകീയ നീക്കം



ലോക എണ്ണ വിപണിയെ ഞെട്ടിച്ച പ്രഖ്യാപനമാണ് ഇന്നലൈ രാത്രി സൗദി അറേബ്യ നടത്തിയത്. ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളും മറ്റ് എണ്ണകയറ്റുമതി രാജ്യങ്ങളും ചേര്‍ന്നുള്ള ഒപെക് പ്ലസ് യോഗത്തിനു ശേഷം ആയിരുന്നു സൗദിയുടെ നാടകീയ പ്രഖ്യാപനം. ജനുവരിയിലേക്കാള്‍ പ്രതിദിനം 75,000 വീപ്പ ക്രൂഡ് ഫെബ്രുവരിയില്‍ ഉല്‍പാദിപ്പിക്കാന്‍ ഒപെക് പ്ലസ് തീരുമാനിച്ചു. മാര്‍ച്ചില്‍ വര്‍ധന 1.95 ലക്ഷം വീപ്പയാക്കും. ഈ തീരുമാനമാാണു വില താഴ്ത്തിയത്.

സൗദി അറേബ്യ ഫെബ്രുവരിയിലും മാര്‍ച്ചിലും പ്രതിദിന ഉല്‍പാദനം പത്തു ലക്ഷം വീപ്പ കുറയ്‌മെന്നു പിന്നീടു പ്രഖ്യാപിച്ചു. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറി. പിന്നാലെ എണ്ണകമ്പനികളുടെ ഓഹരി വിലയും. ബ്രെന്റ് ഇനം ക്രൂഡിന്റെ വില അഞ്ചു ശതമാനം കയറി 53.6 ഡോളറായി. ഡബ്‌ള്യുടിഐ ഇനം 50 ഡോളറിലെത്തി.

റിലയന്‍സ് അടക്കം ക്രൂഡുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് ഇന്നു നേട്ടം ഉണ്ടാകും.


സ്വര്‍ണം കയറുന്നു



സ്വര്‍ണത്തിന്റെ പ്രാധാന്യം പോയെന്ന പ്രഖ്യാപനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. പക്ഷേ മഞ്ഞലോഹം ഇപ്പോഴും മൂല്യം കാക്കുന്ന നിക്ഷേപമായി തുടരുന്നു. ഈ ദിവസങ്ങളിലെ വില വര്‍ധന സ്വര്‍ണത്തിലുള്ള ഉറച്ച വിശ്വാസത്തെ കാണിക്കുന്നു. സ്വര്‍ണ വിലയുടെ മധ്യകാല ലക്ഷ്യം ഔണ്‍സിനു 2300 ഡോളര്‍ ആണെന്ന നിഗമനമാണു വിപണിക്കുള്ളത്. ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണം 1951 ഡോളറിലെത്തി.


ലോകബാങ്ക് അത്ര പ്രതീക്ഷയിലല്ല



ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ഡല്‍ഹിയിലെ അധികാരികള്‍ക്കു രസിക്കുന്നതല്ല. ഈ ധനകാര്യ വര്‍ഷം 9.6 ശതമാനം ചുരുങ്ങും; അടുത്ത വര്‍ഷം 5.4 ശതമാനം വളരും; 202223ല്‍ 5.2 ശതമാനം വളരും. ഇതാണു മല്‍പാസ് പുറത്തുവിട്ട ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സില്‍ ഉള്ളത്.

ഇക്കൊല്ലം 7.5 ശതമാനമേ ചുരുങ്ങൂ; അടുത്ത വര്‍ഷം ഇരട്ടയക്ക വളര്‍ച്ച ഉണ്ടാകും എന്നതാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. ലോകബാങ്ക് നിഗമനങ്ങള്‍ തയാറാക്കുന്നത് ധനമന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ വച്ചാണ്. മല്‍പാസ് പുറത്തുവിട്ട കണക്കുകള്‍ എന്ത് അടിസ്ഥാനത്തിലാണെന്നു ധനമന്ത്രാലയത്തിനു വ്യക്തമാകുന്നില്ല.

സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിക്കുന്നില്ല; വിലക്കയറ്റം നിയന്ത്രണത്തിലാകുന്നില്ല; ധനകാര്യ മേഖല ദുര്‍ബലമാണ് എന്നീ കാര്യങ്ങളാണു മല്‍പാസ് എടുത്തു പറഞ്ഞത്.

ചൈന ഇക്കൊല്ലം 7.9 ശതമാനവും അടുത്ത വര്‍ഷം 5.2 ശതമാനവും വളരുമെന്നാണു മല്‍പാസ് പറയുന്നത്. 2020ല്‍ 3.6 ശതമാനം ചുരുങ്ങുന്ന അമേരിക്ക 2021ല്‍ 3.5 ശതമാനം വളരും.


കോവിഡിനു മുമ്പുള്ള നിലയിലേക്കു സമ്പദ്ഘടന



ഇന്ത്യന്‍ സമ്പദ്ഘടന കോവിഡിനു മുമ്പുള്ള നിലയിലേക്കു വളരെ വേഗം എത്തും.കോവിഡിനു മുമ്പുളള പ്രവര്‍ത്തനങ്ങളുടെ 94.5 ശതമാനം ജനുവരിയോടെ പുനരാരംഭിച്ചു കഴിഞ്ഞു.

ധനകാര്യ സേവന കമ്പനിയായ നൊമുറ തയാറാക്കുന്ന നൊമുറ ഇന്ത്യ ബിസിനസ് റിസംഷന്‍ ഇന്‍ഡെക്‌സ് (നിബ്രി) ആണ് ഇതു കാണിക്കുന്നത്. സാമ്പത്തിക വളര്‍ച്ച അളക്കുന്നതല്ല ഈ സൂചിക. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മാറ്റവും വേഗവും ആണ് ഈ സൂചികയ്ക്കു വേണ്ടി നിരീക്ഷിക്കുന്നത്.


ഐടി കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ടില്‍ പ്രതീക്ഷ



ഐടി കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ട് ഈയാഴ്ച പ്രഖ്യാപിച്ചു തുടങ്ങും. ടിസിഎസിന്റെ റിസല്‍ട്ട് വെള്ളിയാഴ്ച പുറത്തുവിടും. ഇന്‍ഫോസിസ് അടക്കമുള്ളവ അടുത്തയാഴ്ചയും.

കമ്പനികളുടെ വരുമാനവും ലാഭ മാര്‍ജിനും മികച്ച നിലയിലായിരിക്കുമെന്നു പൊതുവേ കരുതപ്പെടുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും മികച്ച പാദമായിരിക്കും ഇതെന്നു പല നിരീക്ഷകരും വിലയിരുത്തുന്നു. കമ്പനികള്‍ക്കു ലഭിച്ചിട്ടുള്ള കരാറുകളുടെ വലുപ്പം റിക്കാര്‍ഡാണ്. വരുമാന വര്‍ധനയും മികച്ചത്. മിക്ക കമ്പനികളും വരും പാദങ്ങളെപ്പറ്റി ഉയര്‍ന്ന പ്രതീക്ഷ വെളിപ്പെടുത്തും.

ടിസിഎസിന്റെ വരുമാന വളര്‍ച്ച രൂപയില്‍ മികച്ചതായിരിക്കുമോ എന്നാണു നിക്ഷേപകര്‍ ശ്രദ്ധിക്കുക. ഇന്‍ഫോസിസും എച്ച്‌സിഎല്‍ ടെക്‌നോളജീസും ലാഭമാര്‍ജിന്‍ പ്രതീക്ഷ എത്ര ഉയര്‍ത്തുമെന്നാണു വിപണി ശ്രദ്ധിക്കുക. വിപ്രോ പുതിയ സിഇഒ തിയറി ഡിലാപോര്‍ട്ടിന്റെ കീഴില്‍ എത്ര മുന്നേറി എന്ന് റിസല്‍ട്ടില്‍ അറിയാം. ടെക് മഹീന്ദ്ര ഈ പാദത്തിലും നിരാശപ്പെടുത്തിയാല്‍ വിപണി വളരെ രൂക്ഷമായി പ്രതികരിക്കും.


ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി മൂലധന വരവ്



ഗവണ്മെന്റിന്റെ ആസ്തി ബാധ്യതകളെ ബാധിക്കുന്നവരുകളാണു മൂലധന വരവ്. കടപ്പത്രമിറക്കിയുള്ള കടമെടുപ്പ്, റിസര്‍വ് ബാങ്കിനു ട്രഷറി നോട്ട് നല്‍കിയുള്ള പ്രസ്വകാല കടമെടുപ്പ്, വിദേശ രാജ്യങ്ങളിലും ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളിലും നിന്നുള്ള കടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ ഓഹരിയാ വിറ്റു കിട്ടുന്ന പണം, സംസ്ഥാനങ്ങള്‍ക്കും മറ്റും നല്‍കിയ വായ്പ തിരിച്ചു കിട്ടുന്നത് തുടങ്ങിയവയാണ് മൂലധന വരവിന്റെ ഇനങ്ങള്‍.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it