എന്തുകൊണ്ട് ജിഡിപി ഇടിവില്‍ ആശങ്ക ?; ബൈഡനില്‍ വിപണിക്കു പ്രതീക്ഷ; ക്രൂഡിന് തീപിടിച്ചില്ല


അമേരിക്കന്‍ അട്ടിമറി നീക്കം പരാജയപ്പെട്ടതോടെ പാശ്ചാത്യ ഓഹരി സൂചികകള്‍ കുതിച്ചു. ഇന്നു രാവിലെ ഏഷ്യന്‍ ഓഹരികളും നല്ല ആവേശത്തിലാണ്. എസ്ജിഎക്‌സ് നിഫ്റ്റി ആദ്യ സെഷനില്‍ 14,220നു മുകളിലെത്തി. ഇന്നു വ്യാപാരം ഉയരത്തിലാകും തുടങ്ങുക എന്നാണു സൂചന.

ഇന്നലെ നിഫ്റ്റി 14, 247 എന്ന റിക്കാര്‍ഡ് നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം താഴോട്ടു പോയി. ഉച്ചയ്ക്കുശേഷം ലാഭമെടുക്കല്‍ വര്‍ധിച്ചു. ബാങ്ക്, മെറ്റല്‍, റിയല്‍റ്റി ഓഹരികളുടെ ഉയര്‍ച്ചയാണു വലിയ ഇടിവ് ഒഴിവാക്കിയത്.

ചാഞ്ചാട്ടം കൂടും

പൊതുവേ അനിശ്ചിതത്വ സൂചനയാണു സാങ്കേതിക വിശകലനക്കാര്‍ കാണുന്നത്. നിഫ്റ്റി 13,950 നു മുകളില്‍ നിലയുറപ്പിച്ചാല്‍ ബുള്‍ തരംഗം തിരിച്ചുവരുമെന്ന് അവര്‍ കരുതുന്നു.

ഓപ്ഷന്‍സ് വ്യാപാരത്തിലെ സൂചന, സൂചിക വലിയ ചാഞ്ചാട്ടം കാണിക്കുമെന്നാണ്. ആദ്യം 14,000 - 14,400 മേഖലയിലും പിന്നീടു 13,700- 14,500 മേഖലയിലും നിഫ്റ്റി ചാഞ്ചാടാം.

ആശങ്ക വേണ്ട

ഇക്കൊല്ലം ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന ഔദ്യാഗിക പ്രവചനം വിപണി പ്രതീക്ഷിച്ചിരുന്ന കണക്കു തന്നെയാണ്. പക്ഷേ, പ്രമുഖ ധനശാസ്ത്രജ്ഞര്‍ പലരും കണക്കില്‍ വിശ്വാസം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ അതേച്ചൊല്ലി വിപണി ഇടിയേണ്ട കാര്യമില്ല.
അമേരിക്കയില്‍ കൂടുതല്‍ വലിയ ഉത്തേജക പദ്ധതി വരുമെന്ന് ഉറപ്പായി. ഇതു വിപണിയിലേക്കു കൂടുതല്‍ പണം എത്തിക്കും.


ക്രൂഡിനു തീ പിടിച്ചില്ല



ഉല്‍പാദനം വെട്ടിക്കുറയ്ക്കുമെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചെങ്കിലും ക്രൂഡ് ഓയില്‍ വിലയ്ക്കു തീ പിടിച്ചില്ല. ബ്രെന്റ് ഇനം 55 ഡോളറിനും ഡബ്ല്യുടിഐ ഇനം 52 ഡോളറിനും താഴെ നില്‍ക്കുന്നു. പല രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ വന്നതാണ് കാരണം.

സ്വര്‍ണ വിപണി ഇന്നലെ ചെറിയ മേഖലയില്‍ കയറിയിറങ്ങി. 1901നും 1926നും ഇടയില്‍ കയറിയിറങ്ങിയ വില ഇന്നു രാവിലെ ഔണ്‍സിന് 1910 ഡോളറിനടുത്താണ്.

ഉയര്‍ന്നുയര്‍ന്നു ബിറ്റ് കോയിന്‍

ഡിജിറ്റല്‍ ഗൂഢ(crypto) കറന്‍സി ബിറ്റ് കോയിന്‍ ഇന്നലെ 40,000 ഡോളര്‍ (ഏകദേശം 30 ലക്ഷം രൂപ) കടന്നു. 40,382 ഡോളറില്‍ എത്തിയ ശേഷം താഴാേട്ടു നീങ്ങി.

ബിറ്റ് കോയിന്‍ വിശ്വാസികള്‍ അത്യാവേശത്തിലാണ്. വ്യാപാരത്തിലേക്കു ധാരാളം പേര്‍ ചാടുന്നു. വ്യാപാരത്തോതു കൂടിയതിനാല്‍ പല ബിറ്റ് കോയിന്‍ എക്‌സ്‌ചേഞ്ചുകളിലും സെര്‍വര്‍ തകരാറിലായി. ഭ്രാന്തമായ ആവേശമാണു വിപണിയില്‍. ഒരു ലക്ഷം ഡോളറിലേക്ക് ഉടനെ എത്തുമെന്നാണു 'വിശ്വാസി' കള്‍ പറയുന്നത്. സ്വര്‍ണത്തിലും ഓഹരികളിലും നിന്ന് പലരും ബിറ്റ് കോയിനിലേക്കു നിക്ഷേപത്തിന്റെ ഒരു ഭാഗം മാറ്റുന്നുണ്ട്. ബിറ്റ് കോയിന്‍ നിക്ഷേപത്തിനെതിരേ റിസര്‍വ് ബാങ്ക് അടക്കം പല കേന്ദ്ര ബാങ്കുകളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജിഡിപി ഇടിവ് 7.7 ശതമാനം


202021 ലെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 7.7 ശതമാനം കുറയുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ). റിസര്‍വ് ബാങ്ക് പറഞ്ഞത് 7.5 ശതമാനം കുറവ് വരുമെന്നാണ്. ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതനുസരിച്ചാണ് എന്‍എസ്ഒ യുടെ പ്രവചനം.

പൊതുവേ റേറ്റിംഗ് ഏജന്‍സികളും ബ്രോക്കറേജുകളും കണക്കാക്കിയ വളര്‍ച്ച/ തളര്‍ച്ച ത്തോതുമായി പൊരുത്തപ്പെട്ടു പോകുന്നതാണ് ഈ പ്രവചനം. പ്രഥമ അഡ്വാന്‍സ് എസ്റ്റിമേറ്റ് ഇനിയും രണ്ടോ മൂന്നോ തവണ തിരുത്തും. കൂടുതല്‍ കണക്കുകള്‍ ലഭ്യമാകുമ്പോള്‍ മേയ് അവസാനം വരുന്ന കണക്കാകും കുറേക്കൂടി കൃത്യം. പിന്നീടും കണക്കുകള്‍ തിരുത്തും.

എന്തുകൊണ്ട് അഡ്വാന്‍സ് എസ്റ്റിമേറ്റ് ?

ധനകാര്യ വര്‍ഷം തീരാന്‍ 11 ആഴ്ച കൂടി ശേഷിക്കെ ഇങ്ങനെ അഡ്വാന്‍സ് എസ്റ്റിമേറ്റ് തയാറാക്കുന്നത് എന്തിനാണെന്ന സംശയം സ്വാഭാവികമാണ്. കുറേക്കൂടി വിവരങ്ങള്‍ ലഭ്യമായിട്ടു പോരേ ഇത് എന്നും ചോദിക്കാം. ഫെബ്രുവരി ഒന്നിനു പൊതു ബജറ്റ് അവതരിപ്പിക്കണം. ബജറ്റ് കണക്കുകള്‍ തയാറാക്കാന്‍ അഡ്വാന്‍സ് എസ്റ്റിമേറ്റ് കൂടിയേ തീരൂ.
നടപ്പുവര്‍ഷത്തെ ജിഡിപി (സ്ഥിരവിലയിലും തന്നാണ്ടു വിലയിലും) അറിഞ്ഞാലേ ബജറ്റിലെ വരവുചെലവ് കണക്കാക്കാനാവൂ. കമ്മി ജിഡിപിയുടെ നിശ്ചിത ശതമാനത്തില്‍ കവിയാതെ നോക്കണം എന്ന് നിയമവുമുണ്ട്.

മുമ്പു ബജറ്റ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലായിരുന്നു. അപ്പോള്‍ ജനുവരി അവസാനമാണ് ഒന്നാം അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോള്‍ ബജറ്റ് നേരത്തേയാക്കി; ജിഡിപി എസ്റ്റിമേറ്റും.


ഇടിവിന്റെ ആഘാതം


ജിഡിപി സ്ഥിരവിലയില്‍ 7.7 ശതമാനം കുറയും. രാജ്യത്ത് ഈ വര്‍ഷമുണ്ടാകുന്ന സമ്പത്ത് അത്ര കണ്ട് കുറവാകും. 2011 - 12ലെ വിലനിലവാരത്തില്‍ 134.4 ലക്ഷം കോടി രൂപയുടെ സമ്പത്താണ് ഈ മാര്‍ച്ച് 31ന് തീരുന്ന വര്‍ഷം രാജ്യത്ത് ഉണ്ടാവുക.

ഇതിനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴേ ശരിയായ ചിത്രം കിട്ടൂ. കഴിഞ്ഞ വര്‍ഷം 145.66 ലക്ഷം കോടി രൂപയുണ്ടായിരുന്നു. അതിനു മുമ്പത്തെ വര്‍ഷം 139.81 ലക്ഷം കോടിയും. 2020 - 21ലെ ജിഡിപി 2018 - 19 ലേക്കാള്‍ കുറവാണ്. രാജ്യം രണ്ടു വര്‍ഷം മുമ്പത്തേതിലും മോശമായി എന്നര്‍ഥം.


ആളോഹരി തകര്‍ച്ച കൂടുതല്‍ വലുത്


ആളോഹരി ജിഡിപി നോക്കിയാല്‍ സ്ഥിതി കൂടുതല്‍ മോശമാണ്. ജനസംഖ്യ പ്രതിവര്‍ഷം 1.4 കോടി വച്ച് വര്‍ധിച്ചു. അതിനിടെ മൊത്തം വരവ് കുറയുക കൂടി ചെയ്താലോ?

ഇന്ത്യക്കാരുടെ ആളോഹരി വരുമാനം 99,155 രൂപയായി താണു. കഴിഞ്ഞ വര്‍ഷം 1,08,620 രൂപയും 201819ല്‍ 1,05,361 രൂപയും ആയിരുന്നു. 201718 ലെ 1,00,268 രൂപയേക്കാളും കുറവ്. ജനങ്ങള്‍ മൂന്നു വര്‍ഷം പിന്നില്‍.

വ്യക്തികളുടെ ഉപഭോഗച്ചെലവിലും ഇതേ പോലെ ഇടിവുണ്ട്. ആളോഹരി സ്വകാര്യ ഉപഭോഗം (പിഎഫ്‌സിഇ) ഇക്കൊല്ലം 55,609 രൂപ മാത്രം. 2017 - 18ല്‍ 56,163 രൂപ ഉണ്ടായിരുന്നതാണ്. ഒറ്റ വര്‍ഷം കൊണ്ട് ജനങ്ങളുടെ ക്രയശേഷി മൂന്നു വര്‍ഷം പിന്നിലായി.


ബജറ്റിലെ ആഘാതം

കഴിഞ്ഞ വര്‍ഷം നിര്‍മല സീതാരാമന്‍ ബജറ്റ് തയാറാക്കിയത് ഒരു പ്രധാന കണക്കുകൂട്ടലിലായിരുന്നു. 2020 - 21ല്‍ ഇന്ത്യന്‍ ജിഡിപി തന്നാണ്ടു വിലയില്‍ 10 ശതമാനം വളരും എന്നതായിരുന്നു ആ കണക്കുകൂട്ടല്‍. ആറു ശതമാനം സ്ഥിര വിലയിലെ വളര്‍ച്ചയും നാലു ശതമാനം വിലക്കയറ്റവും ചേര്‍ത്തായിരുന്നു 10 ശതമാനം കണക്കാക്കിയത്. അതനുസരിച്ചു തന്നാണ്ടു വിലയിലെ ജിഡിപി 224.89 ലക്ഷം കോടി രൂപ വരണം. അതു 194.82 ലക്ഷം കോടിയായി കുറഞ്ഞു എന്നാണ് അഡ്വാന്‍സ് എസ്റ്റിമേറ്റ് പറയുന്നത്.

ഇതു തലേ വര്‍ഷത്തെ ജിഡിപി യില്‍ നിന്നു 4.2 ശതമാനം കുറവാണ്. നികുതി പിരിവ് മുതല്‍ സര്‍ക്കാരിന്റെ എല്ലാ വരവിനങ്ങളിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. ചെലവില്‍ കാര്യമായ കുറവ് വരുത്താന്‍ പറ്റില്ല. അപ്പോള്‍ മാര്‍ഗം കടമെടുപ്പ് കൂട്ടലാണ്.


കമ്മി എവിടെയെത്തും?

അപ്പോള്‍ കമ്മി കൂടും. 7.96 ലക്ഷം കോടി രൂപ കമ്മി പ്രതീക്ഷിച്ചായിരുന്നു ബജറ്റ്. അന്ന് 7.8 ലക്ഷം കോടി കടമെടുക്കാന്‍ ഉദ്ദേശിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണിനു ശേഷം കടത്തിന്റെ ലക്ഷ്യം 12 ലക്ഷം കോടിയാക്കി. അതില്‍ നിന്നാല്‍ ധനകമ്മി 6.1 ശതമാനമാകും.
പക്ഷേ കമ്മി 12 ലക്ഷം കോടിയില്‍ നില്‍ക്കാന്‍ പോകുന്നില്ല. നവംബര്‍ കഴിഞ്ഞപ്പോള്‍ കമ്മി 10.7 ലക്ഷം കോടി കവിഞ്ഞിരുന്നു. ഒക്ടോബര്‍ നവംബറില്‍ കണ്ട ഉണര്‍വ് പിന്നീടു നികുതി പിരിവില്‍ ഇല്ല. പൊതുമേഖലാ ഓഹരി വില്‍പ്പന ലക്ഷ്യത്തിലും വളരെ താഴെയാണ്.21 ലക്ഷം കോടിയാണ് ഓഹരി വില്‍പന വഴി ലക്ഷ്യമിട്ടത്.

ചില സ്വകാര്യ ധനശാസത്രജ്ഞര്‍ കമ്മി ഒന്‍പതു ശതമാനമാകുമെന്ന് ആശങ്കപ്പെടുന്നു. കെയര്‍ റേറ്റിംഗ്‌സിന്റെ മദന്‍ സബ് നാവിസ് ഒന്‍പതു ശതമാനം ധനകമ്മി കണക്കാക്കുന്നു. ഇക്രയുടെ അദിതി നയ്യാര്‍ 7.5 ശതമാനമാണു കണക്കാക്കുന്നത്. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പേരു വെളിപ്പെടുത്താതെ പറയുന്നത് കമ്മി ജിഡിപിയുടെ ഏഴു ശതമാനമാകും എന്നാണ്.



ഇന്നത്തെ വാക്ക്: ബജറ്റ് പദാവലി: ധനകാര്യ ബില്‍



ബജറ്റിന്റെ ഏറ്റവും പ്രധാന ഭാഗമാണിത്. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കു നിയമ പ്രാബല്യം നല്‍കുന്നതു ധനകാര്യ ബില്ലി (Finance Bill) ലൂടെയാണ്. ഭരണഘടനയുടെ 110ാം വകുപ്പ് ധനകാര്യ ബില്ലിനെ മണിബില്‍ ആയി നിര്‍വചിച്ചിട്ടുണ്ട്. മണി ബില്‍ ലോക് സഭയില്‍ മാത്രം വോട്ടിനിട്ടാല്‍ മതി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it