ജിഡിപി കണക്കിൽ ആശ്വാസവും ആശങ്കയും; വിദേശികൾ വാങ്ങൽ തുടരുന്നു; കമ്മി കുറഞ്ഞത് എന്തുകൊണ്ട്?

കഴിഞ്ഞ വർഷത്തെ ജിഡിപി തളർച്ച മുമ്പു കരുതിയിടത്തോളം ഇല്ലെന്ന ആശ്വാസം. ഒപ്പം ഈ വർഷം വളർച്ചയുടെ തോത് മുമ്പു കരുതിയതിലും കുറവാകാനുള്ള സാധ്യത. ഇതെല്ലാമാണ് ഇന്നു വിപണിയെ സ്വാധീനിക്കുക.

തിങ്കളാഴ്ച മികച്ച നേട്ടത്തോടെ മുഖ്യസൂചികകൾ ക്ലോസ് ചെയ്തു. ഒരാഴ്ചകൊണ്ട് വിപണിമൂല്യം നാലര ലക്ഷം കോടി രൂപ വർധിച്ചു. ഇതു നൽകുന്ന ആവേശവും ഇന്നു വിപണിയിൽ ഉണ്ടാകും. ലാഭമെടുക്കലിനുള്ള വിൽപനയുടെ സമ്മർദം അതിജീവിക്കാൻ അതു സഹായിച്ചേക്കും.
2020-21 ലെ ജിഡിപി എട്ടു ശതമാനം താഴുമെന്നായിരുന്നു ആശങ്ക. താഴ്ച 7.3 ശതമാനമായത് നടപ്പു വർഷത്തെ വളർച്ച 10 ശതമാനം തൊടാനുള്ള സാധ്യത കുറയ്ക്കുന്നു. താരതമ്യ വർഷത്തെ നില മോശമായിരുന്നാൽ നടപ്പുവർഷം കൂടുതൽ മെച്ചപ്പെട്ട വളർച്ച കാണിക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ മിക്ക ഏജൻസികളും വളർച്ച പ്രതീക്ഷ പത്തു ശതമാനത്തിൽ നിന്നു താഴെയാക്കും. അതാണു പുതിയ വിഷയം.
ഇന്നലെ സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ നിഫ്റ്റി യുടെ അവധി വ്യാപാരം ഡിസ്കൗണ്ടിലായിരുന്നു. വിപണി താഴോട്ടു പോകുമെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ ഇന്നു രാവിലെ എസ്ജിഎക്സ് നിഫ്റ്റി ചെറിയ ഉയർച്ച കാണിച്ചു.
15,582.8-ൽ നിഫ്റ്റിയും 51,937.44-ൽ സെൻസെക്സും എത്തിയത് ഒരു ശതമാനം കയറ്റത്താേടെയാണ്. ഇന്ന് 15,375 നു മുകളിൽ നിൽക്കാൻ നിഫ്റ്റിക്കു കഴിഞ്ഞാൽ 15,750-15,850 മേഖലയിലേക്കു കണ്ണെറിയാൻ പറ്റും എന്നാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്. 15,720-15,750 മേഖലയിൽ ശക്തമായ തടസമുണ്ടാകും.
ഇന്നലെ യൂറോപ്യൻ ഓഹരികൾ സമ്മിശ്ര ചിത്രം കാഴ്ചവച്ചു. അമേരിക്കൻ ഓഹരികൾ ചെറിയ ഉയർച്ചയേ നേടിയുള്ളു. ഇന്നു രാവിലെ യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്സ് നേരിയ ഉയർച്ച കാണിക്കുന്നു. രാവിലെ ഏഷ്യൻ ഓഹരികളും നേരിയ നേട്ടത്തിലാണ്.
വിദേശ നിക്ഷേപകർ ഇന്നലെ 2412.39 കോടിയുടെ ഓഹരികൾ വാങ്ങി.മേയിൽ അവരുടെ നിക്ഷേപം 3325.98 കോടി രൂപയാണ്. സ്വദേശി ഫണ്ടുകൾ 179.78 കോടിയുടെ നിക്ഷേപം ഇന്നലെ നടത്തി.
ഇന്നു രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ ഒന്നര ലക്ഷത്തിനു താഴെയായി. മരണസംഖ്യ മൂവായിരത്തിനു താഴെയെത്തി. രണ്ടും ആശ്വാസകരമായ വാർത്തകളാണ്.
ക്രൂഡ് ഓയിൽ വില 70 ഡോളറിലേക്കു കയറാൻ ശ്രമിക്കുന്നു. 69.72 ഡോളറിലാണു രാവിലെ ബ്രെൻറ് ഇനം ക്രൂഡ്.
സ്വർണവില ഔൺസിന് 1907-1909 ഡോളർ മേഖലയിലാണ്. വില ഇനിയും കൂടുമെന്നാണു പ്രതീക്ഷയെങ്കിലും അതിനനുസരിച്ച് നിക്ഷേപം വരുന്നില്ല.

ധനകമ്മി കുറഞ്ഞു

കഴിഞ്ഞ വർഷത്തെ ധനകമ്മി പുതുക്കിയ ബജറ്റിൽ പ്രതീക്ഷിച്ചതിലും അൽപം കുറവായി. ജിഡിപിയുടെ 9.5 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 9. 2 ശതമാനം മാത്രം. നികുതി പിരിവ് 5.9 ശതമാനം വർധിച്ചതും കടമല്ലാത്ത മൂലധന വരവ് ഗണ്യമായി (23.9 ശതമാനം) കൂടിയതുമാണ് കാരണം. മൂലധനച്ചെലവ് കുറയ്ക്കുകയും ചെയ്തു.
ഏപ്രിലിൽ കാതൽ മേഖലയിലെ വ്യവസായങ്ങൾ 56.1 ശതമാനം വളർന്നതായി കണക്ക് പുറത്തുവന്നു. മുൻ ഏപ്രിലിൽ ലോക്ക് ഡൗൺ മൂലം എല്ലാ മേഖലകളിലും ഉൽപാദനം തീരെ കുറവായിരുന്നു. തന്മൂലമുള്ള കുതിപ്പ് കാര്യമായി കാണാനില്ല.

രണ്ടു വർഷം നഷ്ടമായതിൻ്റെ കണക്ക് അഥവാ ജിഡിപി എസ്റ്റിമേറ്റ്

കഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപന്നം) 7.3 ശതമാനം ചുരുങ്ങി. എട്ടാേ എട്ടരയോ ശതമാനം ചുരുങ്ങുമെന്നു ചിലർ ആശങ്ക പുലർത്തിയിരുന്ന സമയത്താണ് ഈ കണക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസി (എൻഎസ്ഒ) ൻ്റെ കണക്ക് അതു കൊണ്ടു പലർക്കും ആശ്വാസമായി. എന്നാൽ അത്ര മാത്രം ആശ്വസിക്കാൻ വകയുണ്ടോ എന്നതു സംശയകരമാണ്. വരും മാസങ്ങളിൽ കൂടുതൽ വിശദമായ കണക്കുകൾ വരുമ്പോൾ ഇവയിൽ തിരുത്തലുണ്ടാകും. ആ തിരുത്തലുകൾ ഏതു ദിശയിലാകുമെന്ന് ഉറപ്പില്ല.
2020-21 ലെ ജിഡിപി സ്ഥിരവിലയിൽ 135.13 ലക്ഷം കോടി രൂപയാണെന്ന് എൻഎസ് ഒ പറയുന്നു. തലേ വർഷം 145.69 ലക്ഷം കോടി ഉണ്ടായിരുന്നു. അവിടം കൊണ്ടു തീരുന്നില്ല. തലേതിൻ്റെ തലേ വർഷമായ 2008 -19-ലെ ജിഡിപിയായ 140.03 ലക്ഷം കോടിയേക്കാളും കുറവാണ് കഴിഞ്ഞ വർഷത്തേത്. അതായതു കോവിഡിൻ്റെ പേരിൽ നടപ്പാക്കിയ ദേശീയ ലോക്ക് ഡൗൺ രാജ്യത്തു രണ്ടു വർഷത്തെ വളർച്ചയത്രയും നഷ്ടമാക്കി.
തന്നാണ്ടു വിലയിൽ ഇതു കൂടുതൽ രൂക്ഷമായി കാണാം. തന്നാണ്ടു വിലയിൽ 2019 -20 ലെ ജിഡിപി 203.51 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു. ഇത് 225 ലക്ഷം കോടിയായി കഴിഞ്ഞ വർഷം വർധിക്കേണ്ടതായിരുന്നു. അതിനു പകരം 197.46 ലക്ഷം കോടിയായി ചുരുങ്ങി. മൂന്നു ശതമാനം ഇടിവ്. പത്തു ശതമാനം വളരുമെന്നു കരുതിയപ്പോൾ മൂന്നു ശതമാനം ചുരുങ്ങി.
മറ്റൊരു ഭാഷയിൽ പറഞ്ഞാൽ 2021 ലെ ഇന്ത്യക്കാർ 2019- ലെ വരുമാന നിലവാരത്തിലേക്കു താണു.

മൂലധനനിക്ഷേപം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

കഴിഞ്ഞ ധനകാര്യവർഷം ഇന്ത്യയുടെ ജിഡിപി ചുരുങ്ങി. കുറേ കാലം കഴിയുമ്പോൾ കോവിഡും ലോക്ക് ഡൗണും മറക്കും. അന്നു 2020-21 ലെ തളർച്ചയ്ക്കുള്ള വിശദീകരണം ജനങ്ങൾ പണം ചെലവാക്കാത്തതാണെന്നാകും. സാങ്കേതികമായി പി എഫ് സി ഇ (പ്രൈവറ്റ് ഫൈനൽ കൺസംപ്ഷൻ എക്സപെൻഡിച്ചർ) കുറഞ്ഞത്. മൂന്നു മാസം നീണ്ട ലോക്ക് ഡൗൺ മനുഷ്യർക്കു പണം ചെലവാക്കാനുള്ള അവസരം ഇല്ലാതാക്കിയതും കോടിക്കണക്കിനു പേർ പണിയും കൂലിയും ഇല്ലാതെ വലഞ്ഞതിനാൽ സാധനങ്ങൾ വാങ്ങാത്തതുമൊക്കെ ചരിത്രത്തിൽ കാണില്ല.
ഇതെല്ലാം കൂടി ജനങ്ങളുടെ ചെലവ് അഥവാ ഉപഭോഗം 9.14 ശതമാനം കുറച്ചു. തലേ വർഷം 123 ലക്ഷം കോടി രൂപ ചെലവാക്കിയ സ്ഥാനത്ത് 115.68 ലക്ഷം കോടി മാത്രം ചെലവാക്കി. ഇതു തന്നാണ്ടു വിലയിലാണ്. സ്ഥിരവിലയിൽ നോക്കിയാൽ 2020-21 ലെ ജനങ്ങളുടെ ഉപഭോഗം 2008-19 ലേക്കാൾ കുറവായി. മടി കൊണ്ടല്ല; കൈയിൽ പണം എത്താത്തതു കൊണ്ടു മാത്രം. 1979-80 ലെ 9.1 ശതമാനം ഉപഭോഗ ഇടിവിനേക്കാൾ രൂക്ഷമായി ഇത്തവണത്തേത്.
മറ്റാരു കാര്യം കൂടി. രാജ്യത്തു മൂലധന നിക്ഷേപവും കുത്തനെ ഇടിഞ്ഞു. തലേ വർഷത്തേതിൽ നിന്നു 10.77 ശതമാനം ഇടിവ്. 1957-58-ലെ 9.5 ശതമാനം ഇടിവിനേക്കാൾ കൂടുതൽ.
ഇതിൻ്റെ ഫലം എന്താണ്? ജിഡിപിയിൽ മൂലധന നിക്ഷേപത്തിൻ്റെ പങ്ക് 27.1 ശതമാനമായി താണു.

സർക്കാർ നല്ല ഉപദേശം ചെവിക്കൊണ്ടില്ല

ലോക്ക്ഡൗൺ തുടങ്ങിയ കാലം മുതൽ ധനശാസ്ത്രജ്ഞർ രണ്ടു കാര്യങ്ങൾ നിർദേശിച്ചിരുന്നു. ഒന്ന്: വരുമാനമില്ലാതാകുന്ന ജനങ്ങൾക്ക് നേരിട്ടു ധനസഹായം നൽകണം. രണ്ട്: സർക്കാർ മൂലധനച്ചെലവ് വർധിപ്പിച്ച് തൊഴിലവസരം വർധിപ്പിക്കണം. രണ്ടും ചെയ്തില്ല. അതിൻ്റെ ഫലമാണിത്. ഉപഭോഗം കുറഞ്ഞു. വിൽപന കുറഞ്ഞു അതു കൊണ്ട് ഉൽപാദനവും കുറഞ്ഞു. മൂലധന നിക്ഷേപവും ഇടിഞ്ഞു. ജിഡിപി താഴോട്ടു പോയി.
ഗവണ്മെൻ്റ് ചെലവ് വർധിപ്പിച്ചു. പക്ഷേ അതു പുതിയ തൊഴിൽ ഉണ്ടാക്കാനായിരുന്നില്ല. ചെലവ് ഏറ്റവുമധികം വർധിപ്പിച്ചത് ഭക്ഷ്യ സബ്സിഡിയിലാണ്. 5.3 ലക്ഷം കോടി രൂപ അതിനു നൽകി. ജനങ്ങൾക്കു സൗജന്യമായി ധാന്യം നൽകിയതിനല്ല ഇതു ചെലവായത്. മറിച്ച് ഫുഡ് കോർപറേഷൻ മുൻ കാലത്തു ദേശീയ സമ്പാദ്യ പദ്ധതിയിൽ നിന്ന് എടുത്ത കടം തിരിച്ചു കൊടുക്കാനാണ്. ഇതു ബജറ്റ് രേഖകളിൽ മൂലധനച്ചെലവ് എന്ന് എഴുതിവച്ചു. പക്ഷേ അതുകൊണ്ടു നാട്ടിൽ മൂലധന നിക്ഷേപം ഉണ്ടായില്ല; തൊഴിലും ഉണ്ടായില്ല.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it