ശക്തികാന്ത ദാസ് വിപണിയെ കൊടുമുടി കയറ്റുമോ? സ്വർണം കുത്തനെ താഴുന്നു. സർക്കാർ കരുതും പോലെ എല്ലാം ശരിയാകുമോ?

തികച്ചും ആവേശകരമായ ഒരു നിലയിലാണ് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ക്ലാേസ് ചെയ്ത്. റിസർവ് ബാങ്ക് പലിശയും വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച് എന്തു പറയും എന്നതാണ് വിപണി ഇന്നു കാത്തിരിക്കുന്നത്. എന്നാൽ അമേരിക്കയിലും ഏഷ്യൻ വിപണികളിലും നിന്നുള്ള സൂചനകൾ ആവേശം തണുപ്പിക്കുന്നതാണ്. പലിശ വർധനയെപ്പറ്റി വീണ്ടും ആശങ്ക ഉയർന്നു. അതു ഡോളറിൻ്റെ നിരക്ക് ഉയർത്തുകയും സ്വർണവില ഇടിക്കുകയും ചെയ്തു. യു എസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് രാവിലെ താഴ്ന്ന നിലയിലാണ്.

ഇന്നലെ ഇന്ത്യയിൽ പ്രധാന സൂചികകൾ മുക്കാൽ ശതമാനം ഉയർന്നു. മിഡ് ക്യാപ് ഒരു ശതമാനത്തോളവും സ്മോൾ ക്യാപ് 1.2 ശതമാനവും കയറി. ബുളളിഷ് സൂചനയാേടെയാണ് വിപണി ക്ലോസ് ചെയ്തത്.

റിക്കാർഡ് സമീപത്ത്

നിഫ്റ്റി 15,660 കടന്നു ക്ലോസ് ചെയ്തത് പുതിയ ഉയരങ്ങളിലേക്കുള്ള പ്രയാണം വൈകില്ലെന്നു സൂചിപ്പിക്കുന്നതായി സാംങ്കതിക വിശകലന വിദഗ്ധർ പറയുന്നു. 15,850-16,000 മേഖലയാണ് അവർ കാണുന്ന ടാർഗറ്റ്. 15,550 ലും 15,430 ലും ശക്തമായ സപ്പോർട്ട് അവർ പ്രതീക്ഷിക്കുന്നു.
സെൻസെക്സ് സർവകാല റിക്കാർഡിൽ നിന്ന് 280 പോയിൻ്റ് മാത്രം താഴെയാണ്. റിസർവ് ബാങ്ക് നയം ഉത്സാഹം പകർന്നാൽ ആ കൊടുമുടി ഇന്നു മറികടക്കാം.

അമേരിക്കയിൽ വളർച്ചത്തോതു കൂടിയാൽ പലിശ ഉയരും

ഇന്നലെ യൂറോപ്യൻ ഓഹരികൾ സമ്മിശ്രമായിരുന്നു. അമേരിക്കയിൽ മുഖ്യസൂചികകൾ ചെറിയ തോതിലും നാസ്ഡാക് ഗണ്യമായും താണു. ടെസ്ലയുടെ ഇലക്ട്രിക് കാറിൻ്റെ ചൈനയിലെ വിൽപനയ്ക്കു തടസങ്ങൾ വർധിക്കുന്നത് നാസ് ഡാകിൻ്റെ ഇടിവിനു വഴിതെളിച്ചു. യു എസ് സാമ്പത്തിക വളർച്ച കുതിക്കുന്നതായ സൂചനകൾ പലിശവർധനയ്ക്കു വഴിതെളിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്. വളർച്ചത്തോതു കൂടുമ്പോൾ വിലക്കയറ്റം കൂടും. അതു പലിശ വർധനയിലേക്കു നയിക്കും.
പലിശ സംബന്ധിച്ച യുഎസ് ആശങ്ക രാവിലെ ഏഷ്യൻ വിപണികളെ വലിച്ചു താഴ്ത്തി. ജാപ്പനീസ് വിപണി ഒരു ശതമാനത്തോളം താഴ്ന്നാണു തുടങ്ങിയത്.
സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,682 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ചെറിയ ചാഞ്ചാട്ടമാണു ഡെറിവേറ്റീവ് വിപണിയിൽ.

ഡോളർ കരുത്തിൽ സ്വർണത്തിനു തിരിച്ചടി

യുഎസ് ഡോളർ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ സൂചിക 90.5 നു മുകളിലെത്തി. യൂറോ 1.21 ഡോളറിലേക്കു താണു. ഡോളറിനു 111 എന്ന നിലയിലേക്കു ജാപ്പനീസ് യെൻ താണു. എന്നാൽ ഇന്ത്യയിൽ രൂപ ഇന്നലെ തിരിച്ചു കയറിയിരുന്നു. ഡോളർ 72.91 രൂപയിലാണു ക്ലോസ് ചെയ്തത്.
ഡോളറിൻ്റെ കരുത്തും കടപ്പത്ര പലിശ വർധിക്കാനുള്ള സാധ്യതയും സ്വർണ വിപണിയെ ഉലച്ചു. ഔൺസിന് 1905.2 ഡോളറിൽ നിന്ന് 1865 ഡോളറിലേക്ക് വില ഇടിഞ്ഞു. രണ്ടു ശതമാനം വീഴ്ച. ഇന്നു രാവിലെ 1870 ഡോളറിലാണു വ്യാപാരം. ഇന്ത്യയിൽ വില ഗണ്യമായി കുറയും. സ്വർണം 1700 ഡോളറിലേക്കു താഴുമോ എന്ന ചോദ്യം അവധി വിപണികളിൽ ഉയരുന്നുണ്ട്.
ഡോളറിൻ്റെ കരുത്ത് ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പിനു വിരാമമിട്ടു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 72 ഡോളറിനെ സമീപിച്ചിട്ടു തിരികെ പോന്നു. ഇന്നു രാവിലെ 71.07 ഡോളറിലാണു ബ്രെൻ്റ്.
മേയ് മാസത്തിൽ രാജ്യത്തെ സേവന മേഖല താഴോട്ടു പോയതായി പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ്ഇൻഡെക്സ്) സർവേ കാണിച്ചു. ഏപ്രിലിലെ 54-ൽ നിന്നു സൂചിക 46.4 ആയി താണു. സൂചിക 50-നു താഴെയായതു തളർച്ചയെ സൂചിപ്പിക്കുന്നു.

ശക്തികാന്ത ദാസിൻ്റെ വാക്കുകൾ കാത്തു വിപണി

റിസർവ് ബാങ്ക് എന്തു കണക്കാക്കുന്നു, എന്തു ചെയ്യുന്നു എന്നൊക്കെയാണ് ഇന്നു രാവിലെ ഓഹരി വിപണി പ്രവർത്തകർ സാകൂതം ശ്രദ്ധിക്കുക ത്രിദിന പണനയ കമ്മിറ്റി (എംപിസി) യോഗതീരുമാനങ്ങൾ പത്തു മണിക്കു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിക്കും. റീപോ നിരക്ക് പോലെ ബാങ്കുകളുടെ പലിശനിരക്കിനെ നേരിട്ടു ബാധിക്കുന്ന നിരക്കുകളിൽ മാറ്റം വരുത്തില്ല എന്ന കാര്യത്തിൽ വിപണിക്കു സംശയമില്ല.
ജിഡിപി വളർച്ച സംബന്ധിച്ച ആർബിഐ നിഗമനമാണു വളരെ പ്രധാനം. 2021-22ൽ 10.5 ശതമാനം വളർച്ചയാണു ബാങ്ക് നേരത്തേ പറഞ്ഞിരുന്നത്. 2020-21-ലെ 7.3 ശതമാനം ഇടിവ് നേരത്തേ കണക്കാക്കിയതിലും കുറവാണ്. അടിസ്ഥാന വർഷത്തെ തുക കൂടുന്നത് നടപ്പുവർഷം നിഗമനം തിരുത്താൻ ഒരു കാരണമാണ്. വലിയ കുതിച്ചു ചാട്ടം പ്രതീക്ഷിച്ച ഒന്നാം പാദത്തിലെ വളർച്ചയ്ക്കു കോവിഡ് രണ്ടാം തരംഗം ആഘാതമേൽപ്പിച്ചിട്ടുണ്ട്. ഇതു രണ്ടും വിലയിരുത്തി റിസർവ് ബാങ്ക് എന്തു പറയും എന്നതു വളരെ നിർണായകമാണ്.
വളർച്ചപ്രതീക്ഷ പത്തു ശതമാനത്തിനു താഴേക്ക് ഒട്ടുമിക്ക ഏജൻസികളും മാറ്റി. സ്‌റ്റേറ്റ് ബാങ്ക് 7.7 ശതമാനമാണ് ഇപ്പോൾ കാണുന്നത്. 71 ഡോളറിനു മുകളിലായ ക്രൂഡ് ഓയിലും മറ്റും ഉയർത്തുന്ന ഭീഷണി കണക്കിലെടുക്കാതെയാണ് ഈ നിഗമനം. റിസർവ് ബാങ്ക് നിഗമനം ഒൻപതു ശതമാനത്തിനു മുകളിലാകുമെന്നാണു പ്രതീക്ഷ. അതിലും താഴെയായാൽ വിപണി മനോഭാവം ഉലയും. സൂചികകൾ താഴാേട്ടു നീങ്ങും.

കടപ്പത്രം വാങ്ങലും വിലക്കയറ്റവും

റിസർവ് ബാങ്കിൻ്റെ ജിസാപ് 2.0 (സർക്കാർ കടപ്പത്രം തിരിച്ചു വാങ്ങൽ) സംബന്ധിച്ച അറിയിപ്പും പ്രധാനമാണ്. ഒന്നാം പാദത്തിൽ ഒരു ലക്ഷം കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും. രണ്ടാം പാദത്തിൽ ഇത് ഒന്നേകാൽ ലക്ഷം കോടി രൂപയെങ്കിലുമാകേണ്ടതാണ്. കേന്ദ്രത്തിൻ്റെ പുതിയ കടമെടുപ്പ് ബജറ്റിൽ പറഞ്ഞിരുന്നതിലും കൂടുതലാകും.ആ നിലയ്ക്കു പഴയവ കൂടുതലായി വാങ്ങിയാലേ പലിശ കൂടാതിരിക്കൂ.
വിലക്കയറ്റം സംബന്ധിച്ച കാഴ്ചപ്പാടാണു് മറ്റൊരു പ്രധാന കാര്യം. എല്ലാം ഭദ്രമാണെന്നു വരുത്താൻ ഗവണ്മെൻ്റ് ശ്രമിക്കുമ്പോഴും ചില്ലറ വിലക്കയറ്റം വരുതിയിലായിട്ടില്ല. കഴിഞ്ഞ ധനകാര്യ വർഷം പരിധി കടന്നു. ഇത്തവണ പരിധിയിൽ വരുമെന്ന പ്രതീക്ഷയാണുള്ളത്. നല്ല കാലവർഷം കാർഷികോൽപാദനം കൂട്ടുമെന്നാണു പ്രത്യാശ. നല്ല കാലവർഷം ഇനിയും ഉറപ്പായിട്ടില്ല. കഴിഞ്ഞ വർഷം കാലവർഷം മികച്ചതായിരുന്നു. പക്ഷേ ഭക്ഷ്യ എണ്ണ, പയറുവർഗങ്ങൾ എന്നിവയുടെ വില പിടിച്ചു നിർത്താനായില്ല. ചരക്കുനീക്കത്തിലെ തടസങ്ങളുടെ പേരിൽ ഭക്ഷ്യധാന്യ വിലയും പരിധി വിട്ടു. ഭക്ഷ്യ എണ്ണയിലും പയറു വർഗങ്ങളിലും ഇറക്കുമതിയെ കാര്യമായി ആശ്രയിക്കേണ്ട അവസ്ഥയ്ക്കു മാറ്റവുമില്ല. ക്രൂഡ് ഓയിൽവില 71 ഡോളറിനു മുകളിലായി. ഇന്ധനങ്ങളുടെ ചില്ലറ വില ദിവസേന കൂടുന്നുണ്ട് .അത് ചില്ലറ വിലക്കയറ്റം കിട്ടുകയേ ഉള്ളൂ. ആ നിലയ്ക്കാണു വിലക്കയറ്റ നിഗമനം നിർണായകമാകുന്നത്.

പുതുമുളകൾ ഉണ്ടാകുമെന്ന് സുബ്രഹ്മണ്യൻ

അടുത്ത മാസം സമ്പദ്ഘടനയിൽ പുതുമുളകൾ ഉണ്ടാകുമെന്നാണ് കേന്ദ്രത്തിൻ്റെ ചീഫ് ഇക്കണോമിക് അഡ്വൈസർ കെ.വി.സുബ്രഹ്മണ്യൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹം എന്നും ശുഭാപ്തി വിശ്വാസിയാണ്. ശുഭാപ്തി വിശ്വാസം പരത്തുകയാണ് അദ്ദേഹത്തിൻ്റെ ജോലി. പക്ഷേ വിശ്വാസം അല്ലല്ലോ എല്ലാം. സാമ്പത്തിക വളർച്ചയ്ക്കു ഹ്രസ്വകാലത്തിലേ വിശ്വാസം സഹായിക്കൂ. അതിനപ്പുറം ശരിയായ നയങ്ങളും നടപടികളും തന്നെ വേണം. അവ കാണുന്നില്ല. അവ ഇല്ലാതെ എല്ലാം ശരിയാക്കാമെന്ന വാശിയിലാണു സർക്കാർ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it