പലിശഭീതി അകലുന്നില്ല; ഏഷ്യൻ ഉയർച്ചയിൽ പ്രതീക്ഷ; ജിഡിപി കണക്കിലെ കാണാപ്പുറങ്ങൾ

സർക്കാർ കടപത്രങ്ങളുടെ വിലയിടിവും പലിശവർധന സംബന്ധിച്ച ആശങ്കകളും കഴിഞ്ഞയാഴ്ച ഇന്ത്യയിലും അമേരിക്കയിലും ഒക്കെെ ഓഹരി വിപണികളെ തളർത്തി. സെൻസെക്സ് ഒരാഴ്ചകൊണ്ടു 3.5 ശതമാനവും നിഫ്റ്റി മൂന്നു ശതമാാനവും ഇടിഞ്ഞു.

പലിശ ആശങ്കയായി തുടരുമോ എന്ന ചോദ്യവുമായാണ് പുതിയ ആഴ്ചയും മാസവും തുടങ്ങുന്നത്. അമേരിക്കൻ ഓഹരി സൂചികകളുടെ അവധി വ്യാപാരം ഭിന്ന സൂചനകളാണു നൽകുന്നത്. എന്നാൽ ഏഷ്യയിൽ ഇന്നു രാവിലെ നല്ല കയറ്റത്തിലാണു വ്യാപാരത്തുടക്കം. വെള്ളിയാഴ്ച നാലു ശതമാനം താഴോട്ടു പോയ ജപ്പാനിലെ നിക്കെെ സൂചിക ഇന്നു രാവിലെ രണ്ടര ശതമാാനം ഉയർന്നു.
എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷൻ 14,550 നു മുകളിലാണ് അവസാനിപ്പിച്ചത്. രണ്ടാം സെഷൻ തുടങ്ങിയത് 14,740 നു മുകളിൽ. ഇന്നു രാവിലെ ഇന്ത്യൻ വിപണി ഉയരത്തിൽ തുടങ്ങാമെന്ന സൂചനയാണ് അതിലുള്ളത്.

കേന്ദ്രബാങ്കുകളുടെ നിലപാട് നിർണായകം

രാജ്യങ്ങൾ വലിയ കമ്മി നിലനിർത്തുമ്പോൾ കടമെടുപ്പ് കൂടുകയും പലിശ നിരക്ക് ഉയരുകയും ചെയ്യും. അത് നേരിടാൻ കേന്ദ്ര ബാങ്കുകൾ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്. പലിശ താഴ്ത്തി നിർത്താവുന്ന വിധം കടപ്പത്രം തിരിച്ചു വാങ്ങൽ തുടരുമെന്ന് യുഎസ് ഫെഡിൻ്റെ ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി. പക്ഷേ വിപണിക്ക് അതു വിശ്വാസമാകുന്നില്ല. കടപ്പത്രം വാങ്ങൽ കുറയ്ക്കാനും പലിശ കൂട്ടാനും ഫെഡ് നിർബന്ധിതമാകുമെന്നു വിപണി കരുതുന്നു.
ആഗോള വിപണികൾ മൂലധനത്താൽ പരസ്പര ബന്ധിതമായതിനാൽ അമേരിക്കൻ ചലനങ്ങൾ ഇവിടെയും ആവർത്തിക്കും.

വിദേശികൾ വിൽപനക്കാരായി

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ഓഹരികളിൽ നിന്ന് 8295.17 കോടി രൂപ പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 1499.7 കോടി ഓഹരികളിൽ നിക്ഷേപിച്ചെങ്കിലും ഫലമുണ്ടായില്ല. സെൻസെക്സ് 1789.77 പോയിൻ്റ് താണ് 49,099.99 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 452.6 പോയിൻ്റ് ഇടിഞ്ഞ് 14,589.15 ആയി. ഇന്നു വിദേശ ഫണ്ടുകൾ എടുക്കുന്ന സമീപനമാണ് മാർച്ചിലെ വിപണി ഗതിയെ നിർണയിക്കുക.
വെള്ളിയാഴ്ചത്തെ ഇടിവിൽ ശ്രദ്ധേയമായ ഒരു കാര്യം നിഫ്റ്റിയുടെ ഉയർന്ന നില മുൻ ദിവസത്തെ താഴ്ന്ന നിലയേക്കാൾ താഴെയായിരുന്നു എന്നതാണ്. ഈ നില വിപണി മനോഭാവം നെഗറ്റീവ് ആണെന്നു കാണിക്കുന്നതായി സാങ്കേതിക വിശകലനക്കാർ പറയുന്നു.
വിശകലനം എന്തായാലും വിപണി കുത്തനെ താഴോട്ടു പോകുന്നതിനേക്കാൾ തിരിച്ചുകയറി ചാഞ്ചാടുന്നതിനാണു സാധ്യത കൂടുതൽ. നിഫ്റ്റിക്ക് 14, 350 ലും 14,190 ലും ശക്തമായ സപ്പോർട്ട് സാങ്കേതിക വിശകലനക്കാർ കാണുന്നു. 14,810-ലും 15,090-ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

സ്വർണം, ക്രൂഡ്

സ്വർണവില ലോകവിപണിയിൽ താഴ്ന്ന നിലവാരത്തിൽ തുടരുന്നു. വെള്ളിയാഴ്ച ഔൺസിന് 1734 ഡോളറിലെത്തിയ സ്വർണം ഇന്നു രാവിലെ 1740 ഡോളറിലാണ്. ശനിയാഴ്ച കേരളത്തിൽ വലിയ വിലയിടിവ് വന്നതിനാൽ ഇന്നുവലിയ ചലനം പ്രതീക്ഷിക്കാനില്ല.
ക്രൂഡ് ഓയിൽ വില താഴ്ന്നു തുടരുന്നു. വെള്ളിയാഴ്ച ബ്രെൻറ് ഇനം 65 ഡോളറിനു താഴെയായിരുന്നു. ഇന്നു രാവിലെ വില 65.53 ഡോളറിലെത്തി.
ബിറ്റ് കോയിൻ വില താഴ്ന്നു 46,000 ഡോളറിനടുത്തായി.

ജിഡിപി വളർച്ചയിലെ കാണാപ്പുറങ്ങൾ

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്നു കര കയറി, മൂന്നാം പാദത്തിൽ 0.4 ശതമാനം വളർച്ച ഉണ്ടായി. "V ആകൃതിയിലുള്ള തിരിച്ചുകയറ്റം കൂടുതൽ കരുത്താർജിക്കുന്നു" എന്നു വിശദീകരിച്ചു കൊണ്ടാണ് കേന്ദ്ര ധനമന്ത്രാലയം ജിഡിപി കണക്കിനെപ്പറ്റി പ്രസ്താവന ഇറക്കിയത്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ് ഒ) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളെ സംശയിക്കുന്നില്ല. പക്ഷേ മൂന്നാം പാദത്തിലെ 0.4 ശതമാനം ഉയർച്ച ആഘാേഷിക്കാൻ മാത്രമുണ്ടോ എന്നതു സംശയകരം. പോരാത്തതിനു നാലാംപാദത്തിൽ വളർച്ചയല്ല, ജിഡിപി യിൽ 1.1 ശതമാനം ഇടിവ് പ്രതീക്ഷിക്കണം എന്ന് എൻഎസ് ഒ സൂചിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ.
2020-21-ലെ ജിഡിപി എട്ടു ശതമാനം ചുരുങ്ങും എന്നാണ് എൻഎസ് ഒ ഇപ്പാേൾ പറയുന്നത്. നേരത്തേ 7.7 ആണു പറഞ്ഞിരുന്നത്. തളർച്ച മുൻപു കരുതിയതിലും കൂടി. എട്ടു ശതമാനം തളർച്ച വരണമെങ്കിൽ നാലാം പാദത്തിൽ ജിഡിപി 1.1 ശതമാനം ചുരുങ്ങിയേ മതിയാകൂ.
ഒന്നാം പാദത്തിലെ തളർച്ച 23.9 ശതമാനം എന്ന മുൻ നിഗമനം 24.4 ശതമാനം തളർച്ച എന്നാക്കിയിട്ടുണ്ട് രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റിൽ. രണ്ടാം പാദ തളർച്ച 7.5 ശതമാനം എന്നത് 7.3 ശതമാനം ആക്കി. ഇതിൻ്റെ തുടർച്ചയായാണു വാർഷിക തളർച്ച എട്ടു ശതമാനമാകുമെന്ന നിഗമനം.
ജിഡിപി കൂടുതൽ ചുരുങ്ങും എന്ന നിഗമനത്തിൻ്റെ പേരിൽ വിപണികളൊന്നും ഇന്നു തകരാനിടയില്ല. ഈ തളർച്ചകൾക്കപ്പുറം വലിയ തിരിച്ചുവരവിൻ്റെ സ്വപ്നങ്ങളിൽ അഭിരമിക്കുകയാണല്ലോ വിപണികൾ.

ഉപഭോക്താക്കൾ പഴ്സ് തുറക്കുന്നില്ല

ജിഡിപി കണക്ക് വിലക്കയറ്റത്തിൻ്റെ ദൂഷ്യവും കാണിക്കുന്നു. ഒന്നാം അഡ്വാൻസ് എസ്റ്റിമേറ്റിൽ 3.5 ശതമാനമാണു ഡീഫ്ലേറ്റർ ആയിരുന്നത്. രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റിൽ അത് 4.2 ശതമാനമായി. തന്മൂലം തന്നാണ്ടു വിലയിൽ ജിഡിപി തുക കൂടിയിട്ടും സ്ഥിര വിലയിൽ ജിഡിപി കുറഞ്ഞു.
എൻഎസ്ഒയുടെ കണക്ക് തിരിച്ചുവരവിൻ്റെ വേറൊരു ദുർബല വശം കാണിച്ചുതരുന്നു. ഉപഭോക്താക്കൾ ഇനിയും പഴയ നിലവാരത്തിലേക്ക് ഉപഭോഗം വർധിപ്പിച്ചിട്ടില്ല. മൂന്നാം പാദത്തിലെ സ്വകാര്യഉപഭോഗച്ചെലവ് തലേക്കൊല്ലത്തേതിലും 2.4 ശതമാനം കുറവാണ്. ഒന്നാം പാദത്തിൽ 26.3 ശതമാനവും രണ്ടിൽ 11.3 ശതമാനവും കുറവായിരുന്നതിന് കാരണങ്ങൾ ഉണ്ട്. ലോക്ക് ഡൗണുകളും തൊഴിൽ നഷ്ടവും. ഉത്സവ സീസണായിട്ടും മൂന്നാം പാദത്തിൽ ഉപഭോഗം വർധിച്ചില്ലെങ്കിൽ സാരമായ വിഷയങ്ങൾ ഉണ്ടെന്നു മനസിലാക്കണം.

കൃഷിയിലെ പുതിയ പാഠം

ഇക്കൊല്ലം ഇതുവരെ കാർഷിക മേഖല സുസ്ഥിര വളർച്ച കാണിച്ചു. കോവിഡും ലോക്ക് ഡൗണും കാർഷിക വരുമാനത്തെ ബാധിച്ചില്ല.ഒന്നാം പാദത്തിൽ 3.3%, രണ്ടാം പാദത്തിൽ മൂന്ന് ശതമാനം, മൂന്നാം പാദത്തിൽ 3.9% എന്നിങ്ങനെ വളർന്നു. പക്ഷേ നാലാം പാദ വളർച്ച 1.9 ശതമാനമേ വരൂ എന്നാണ് എൻഎസ്ഒയുടെ എസ്റ്റിമേറ്റുകൾ കാണിക്കുന്നത്. റിക്കാർഡ് ഭക്ഷ്യോൽപാദനം (30.3 കോടി ടൺ) ഉണ്ടാകുന്ന വർഷം കാർഷിക വളർച്ച തലേവർഷത്തെ 4.3 ശതമാനം നിരക്കിൽ നിന്ന് മൂന്നു ശതമാനമായി കുറയും. പല ഉൽപന്നങ്ങളുടെയും വിലയിടിവാണു വില്ലൻ. ഗവണ്മെൻ്റ് പയറു വർഗങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുമെങ്കിലേ വില ഉയരൂ. അതിന് ഒരുക്കമില്ലാത്തതിനാൽ വില ഇടിയുന്നു; കർഷകർക്കു വരുമാനം കുറയുന്നു.
കർഷക സമരത്തിനു പിന്നിലെ യഥാർഥ വിഷയം ഇതാണ്. ഗവണ്മെൻ്റ് ഇടപെടാത്ത വിഷയങ്ങളിൽ കർഷകർക്കു വരുമാനം ഉറപ്പില്ല. കമ്പോളം എല്ലാം ശരിയാക്കും എന്നു കർഷകർക്ക് ഉറപ്പില്ല.

കാതൽമേഖല ദുർബലം തന്നെ

വ്യവസായ മേഖലയുടെ തിരിച്ചുവരവ് ദുർബലമാണെന്നു കാണിക്കുന്നതായി ജനുവരിയിലെ കാതൽ മേഖലയുടെ പ്രകടനം. 0.1 ശതമാനം മാത്രം വളർച്ചയാണ് എട്ടു കാതൽ മേഖലാ വ്യവസായങ്ങൾക്കുണ്ടായത്. വ്യവസായ ഉൽപാദന സൂചികയിൽ 40 ശതമാനം കാതൽ മേഖലയുടെ സംഭാവനയാണ്.
രാസവളം(2.7 ശതമാനം), സ്റ്റീൽ (2.6), വൈദ്യുതി (5.1) മേഖലകൾ മാത്രമാണ് ഉയർച്ച കാണിച്ചത്. സിമൻ്റ് (5.9 ശതമാനം), ക്രൂഡ് ഓയിൽ ( 4.6), റിഫൈനറി ഉൽപന്നങ്ങൾ (2.6), പ്രകൃതി വാതകം (2), കൽക്കരി (1.8) എന്നിവയിൽ ഉൽപാദനം കുറഞ്ഞു.
വ്യവസായ ഉൽപാദന സൂചികയിൽ ദുർബല വളർച്ച പ്രതീക്ഷിച്ചാൽ മതി എന്ന് കാതൽ മേഖല സൂചിപ്പിക്കുന്നു.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it