വിദേശഫണ്ടുകൾ വാങ്ങിക്കൂട്ടുന്നു; ക്രൂഡിന് ഇടിവ്; കയറ്റുമതി ഉണർന്നില്ല; സ്പെക്ട്രം ലേലത്തിൽ മാന്ദ്യം

നിക്ഷേപ ഫണ്ടുകളുടെ സമീപനത്തിൽ മാറ്റം വരുന്നതായ സൂചനയാണ് അമേരിക്കൻ വിപണി ഇന്നലെ കാണിച്ചത്. ആവേശകരമായ തുടക്കത്തിനു ശേഷം വിപണികൾ ഇടിഞ്ഞു. എല്ലാ സൂചികകളും താഴുകയായിരുന്നു. എങ്കിലും ഇന്നു രാവിലെ അവധി വ്യാപാരം ഉയർച്ച കാണിച്ചു.

ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ വിപണികൾ മന്ദഗതിയിലാണു തുടങ്ങിയത്. സൂചികകൾ പിന്നീടു താഴോട്ടു നീങ്ങി. .
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ ചെറിയ ഉയർച്ചയിലാണ് അവസാനിപ്പിച്ചത്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പ് വ്യാപാരത്തുടക്കത്തിൽ പ്രതീക്ഷിക്കാനാവില്ല.
നിഫ്റ്റിക്കു 15,000-ൽ ശക്തമായ തടസം നേരിടുമെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. അതു മറികടന്നാൽ 15,176-ലാണു തടസം നേരിടുക. 14,800- 14,760 മേഖല നിഫ്റ്റിക്ക് താങ്ങാകും.

വിദേശികൾ ആവേശത്തോടെ

വിദേശ നിക്ഷേപകർ ആവേശപൂർവം ഓഹരികൾ വാങ്ങുന്നതാണു ചൊവ്വാഴ്ച കണ്ടത്. 2223 കോടിയുടെ ഓഹരികൾ അവർ വാങ്ങിക്കൂട്ടി. സ്വദേശി ഫണ്ടുകൾ 854 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
സെൻസെക്സ് ഇന്നലെ രാവിലെ 50,000-നു മുകളിൽ വ്യാപാരം തുടങ്ങി. വലിയ ചാഞ്ചാട്ടമുണ്ടായെങ്കിലും ഒടുവിൽ 447 പോയിൻ്റ് നേട്ടത്തിൽ 50,296.9 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.1 ശതമാനം ഉയർന്ന് 14,919.1 ൽ ക്ലോസ് ചെയ്തു.
ചൈനയിൽ ബാങ്കുകൾ കിട്ടാക്കട പ്രതിസന്ധി നേരിടുമെന്നു ചൈനീസ് കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നൽകിയത് ചൈനീസ് ഓഹരി സൂചികകളെ ഇന്നലെ വലിച്ചുതാഴ്ത്തി.

രൂപ നേടി, ക്രൂഡ് താണു, സ്വർണം കയറി

കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി രൂപയുടെ വിനിമയ നിരക്ക് ഇന്നലെ മെച്ചപ്പെട്ടു. ഡോളർ നിരക്ക് 73.37 രൂപയായി താണു. കയറ്റുമതിക്കാർ ഡോളർ വിൽപനക്കാരായതും ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞതും രൂപയെ സഹായിച്ചു.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) റഷ്യ അടക്കമുള്ള മറ്റു പ്രമുഖ എണ്ണ ഉൽപാദകരുമായി (ഒപെക് പ്ലസ്) നാളെ ചർച്ച നടത്തുന്നുണ്ട്. ഉൽപാദനം വർധിപ്പിക്കാൻ അവർ തീരുമാനിക്കും എന്നാണു സൂചന.ഈ കണക്കു കൂട്ടലിലാണ് എണ്ണ വില താഴോട്ടു പോയത്. ബ്രെൻ്റ് ഇനം വീപ്പയക്ക് 62.7 ഡോളറിനു താഴെയായി.
സ്വർണ വില തിങ്കളാഴ്ചത്തെ നാടകീയ തകർച്ചയ്ക്കു ശേഷം ഇന്നലെ തിരിച്ചുകയറി. ഔൺസിന് 1740 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1736 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ റിക്കാർഡ് താഴ്ച കുറിച്ച മഞ്ഞലാേഹം ഇന്നു തിരിച്ചുകയറും.

കയറ്റുമതിയിൽ വീണ്ടും ഇടിവ്

രണ്ടു മാസം വളർച്ച കാണിച്ച ശേഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. ഡിസംബറിൽ 0.14 ശതമാനവും ജനുവരിയിൽ 6.16 ശതമാനവും വർധിച്ച സ്ഥാനത്ത് കഴിഞ്ഞ മാസം 0.25 ശതമാനം താഴ്ച. 2767 കോടി ഡോളറിൻ്റെ കയറ്റുമതി നടന്നു.
ഇതേ സമയം ഇറക്കുമതി 6.98 ശതമാനം വളർന്ന് 4055 കോടി ഡോളറിൻ്റേതായി. സ്വാഭാവികമായും വാണിജ്യകമ്മി വർധിച്ചു. 1288 കോടി ഡോളറാണു വാണിജ്യ കമ്മി.
കയറ്റുമതി രംഗത്തു സ്ഥായിയായ ഉണർവ് ആയിട്ടില്ലെന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ് വാണിജ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ
ക്രൂഡ് ഓയിൽ വില പൊതുവേ താണു നിന്നതാണ് ഇന്ത്യക്ക് ഈ ധനകാര്യവർഷം സഹായമായത്.ഏപ്രിൽ - ഫെബ്രുവരി 11 മാസം എണ്ണ ഇറക്കുമതിച്ചെലവ് 40.18 ശതമാനം കുറഞ്ഞ് 7208 കോടി ഡോളറായി. 11 മാസത്തെ മൊത്തം ഇറക്കുമതിയായ 34,088 കോടി ഡോളറിൻ്റെ 20 ശതമാനം ക്രൂഡിനു വേണ്ടിയാണ്.
പരമ്പരാഗതമായി മുന്നിട്ടു നിന്നിരുന്ന കയറ്റുമതി ഇനങ്ങളിലാണ് ഫെബ്രുവരിയിൽ ഇന്ത്യ പിന്നിൽ പോയത്. പെട്രോളിയം ഉൽപന്നങ്ങൾ (27.13% ഇടിവ്), തുകൽ (21.62%), കശുവണ്ടി (18.6%), രത്നങ്ങളും ആഭരണങ്ങളും (11.18%), എൻജിനിയറിംഗ് ഉൽപന്നങ്ങൾ (2.56%), തേയില (2.49%), കാപ്പി (0.73%) എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
ഏപ്രിൽ-ഫെബ്രുവരി 11 മാസത്തെ കയറ്റുമതി12.32 ശതമാനം കുറഞ്ഞ് 25,592 കോടി ഡോളറായി.ഇതേ കാലത്തെ ഇറക്കുമതി 23.09 ശതമാനം താണ് 34,088 കോടി ഡോളറിലെത്തി. വാണിജ്യ കമ്മി 8496 കോടി ഡോളർ.

സ്പെക്ട്രം ലേലത്തിൽ കിട്ടിയത് 77,800 കോടി മാത്രം

വീണ്ടും മൊബൈൽ സ്പെക്ട്രം ലേലത്തിൽ സർക്കാരിൻ്റെ പ്രതീക്ഷ പാളി. 3.92 ലക്ഷം കോടി രൂപ തറവില നിശ്ചയിച്ച് ഏഴു ബാൻഡുകളിലായി 2308 മെഗാഹെർട്സ് സ്പെക്ട്രമാണു ലേലത്തിനു വച്ചത്. ഒടുവിൽ 77,815 കോടി മാത്രം ലഭിച്ചു. ആകെ വിറ്റത് 855.6 മെഗാഹെർട്സ് മാത്രം. ആഴ്ചകൾ നീളുമെന്നു കരുതിയ ലേലം രണ്ടാം ദിവസം ഉച്ചയോടെ അവസാനിച്ചു.
ഗവണ്മെൻ്റ് പ്രതീക്ഷിച്ചതിലും കൂടിയ തുക ലഭിച്ചെന്ന് മന്ത്രി രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടെങ്കിലും യാഥാർഥ്യം മറിച്ചാണ്. മൊബൈൽ സേവന രംഗത്തു മൂന്നു കമ്പനികൾ മാത്രമായതോടെ സ്പെക്ട്രം വില താഴ്ത്തി നിർത്തൽ പതിവായി.
സർക്കാർ കൂടുതൽ വില നിശ്ചയിച്ച 700 മെഗാഹെർട്സ്, 2500 മെഗാഹെർട്സ് എന്നീ ബാൻഡുകൾക്ക് ആവശ്യക്കാരേ ഉണ്ടായില്ല. 700 മെഗാഹെർട്സ് ബാൻഡിനു രണ്ടു ലക്ഷം കോടി രൂപയാണു തറവില വച്ചിരുന്നത്.
എയർടെൽ 18,698.75 കോടി രൂപയ്ക്ക് മൊത്തം 355.45 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങി.
റിലയൻസ് ജിയോ 57,122.65 കോടി രൂപയ്ക്കു 488.35 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങി എന്നാണു സൂചന.
വോഡഫോൺ ഐഡിയ അഞ്ചു സർക്കിളിൽ മാത്രമേ സ്പെക്ട്രം വാങ്ങിയുള്ളൂ.1993.4 കോടി രൂപയ്ക്ക് 11.8 മെഗാഹെർട്സ് മാത്രം.
സ്പെക്ട്രം ലേലത്തിൽ നിന്ന് ഈ വർഷം കേന്ദ്രത്തിന് 20,000 കോടി രൂപയാണ് ലഭിക്കുക. ബാക്കി തുക 17 വർഷം കൊണ്ട് ഗഡുക്കളായി കിട്ടും.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it