Top

പണമൊഴുക്കിൻ്റെ ആവേശത്തിലേക്ക്; 70 ഡോളർ കടന്നു ക്രൂഡ്; വിദേശികളുടെ വിൽപനയ്ക്കു പിന്നിൽ എന്ത്?

വിപണിയെ നിയന്ത്രിക്കുന്നതു പണമാണ്. വിപണിയിലേക്കു പണം എത്തുമെങ്കിൽ വിപണി ഉയരങ്ങളിലേക്കു നീങ്ങും. പണം പിൻവലിച്ചാൽ വിപണി താഴും. ഇന്ന് വിപണികൾ തുറക്കുന്നത് കൂടുതൽ പണം വിപണിയിലേക്കു വരാൻ വഴി തുറന്നെന്ന ആവേശത്തിലാണ്. ക്രൂഡ് ഓയിൽ വില 70 ഡോളർ കടന്നത് ചില്ലറ ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും കുതിപ്പിനുള്ള ആവേശമാണു വിപണി ഇന്നു കാണുക.

വാരാന്ത്യത്തിൽ ഇന്ത്യൻ വിപണിയിൽ വിദേശിയും സ്വദേശിയും പണം പിൻവലിക്കുന്നതാണു കണ്ടത്. വെള്ളിയാഴ്ച വിദേശികൾ 2014.16 കോടിയുടെയും സ്വദേശി ഫണ്ടുകൾ 1191.19 കോടിയുടെയും ഓഹരികൾ വിറ്റഴിച്ചു. വെള്ളിയാഴ്ച സൂചികകൾ താണെങ്കിലും ആഴ്ച മൊത്തമെടുത്താൽ ഓഹരികൾ നല്ല നേട്ടത്തിലായിരുന്നു.

യുഎസ് കുതിപ്പ്

വെള്ളിയാഴ്ച യൂറോപ്യൻ സൂചികകൾ താഴോട്ടു പോയി.എന്നാൽ അമേരിക്കൻ വിപണി ആവേശകരമായ കുതിപ്പാണു കാഴ്ചവച്ചത്. 1.9 ലക്ഷം കോടി ഡോളറിൻ്റെ ഉത്തേജക പദ്ധതി യു എസ് സെനറ്റ് പാസാക്കിയതാണ് ആവേശത്തിനു കാരണം. ഉത്തേജക പദ്ധതി വഴി ജനങ്ങളിലെത്തുന്ന പണത്തിൽ ഒരു പങ്ക് സമ്പാദ്യമായി വിപണികളിലേക്ക് വരുമെന്ന വിശ്വാസമാണ് ഉയർച്ചയെ സാധൂകരിക്കുന്നത്. ഉത്തേജകം കൂടുതൽ ഉപഭോഗം വഴി കമ്പനികൾക്ക് വരുമാനം കൂട്ടുകയും ചെയ്യും. അതു സാമ്പത്തിക വളർച്ചയ്ക്കു വേഗം കൂട്ടും.
ഇന്നു രാവിലെ യുഎസ് ഓഹരി സൂചികകളുടെ അവധി വില ഉയരത്തിലാണ്. രാവിലെ ഏഷ്യൻ വിപണികൾ കയറി. നിക്കൈ ഒരു ശതമാനം ഉയർന്നു.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,076 - ൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 15,122.5 ലേക്കു കയറി. വെള്ളിയാഴ്ചത്തെ ക്ഷീണം മറികടക്കുന്ന തുടക്കം ഇന്നു രാവിലെ വിപണിക്കു പ്രതീക്ഷിക്കാം എന്നാണ് ഇതു നൽകുന്ന സൂചന.

മിസൈലും സൗദിയും

ഉത്തേജകം പകരുന്ന ആവേശത്തിനു കരുത്തു കുറയ്ക്കുന്നതാണ് ക്രൂഡ് ഓയിൽ വിലക്കയറ്റം.സൗദിയിൽ വിമതരുടെ മിസൈൽ ആക്രമണമുണ്ടായതും ക്രൂഡ് വില കൂട്ടി. ഇന്നു രാവിലെ 70.85 ഡോളറിലെത്തി ബ്രെൻ്റ് ഇനം ക്രൂഡ്.
ക്രൂഡ് വിലക്കയറ്റം സ്വർണത്തിനും നേട്ടമായി. വീണ്ടും 1700 ഡോളറിനു മുകളിൽ കയറിയ സ്വർണം ഇന്നു രാവിലെ 1712 ഡോളറിലാണ്. കരടി വലയത്തിലായ സ്വർണ വിപണി തിരിച്ചുകയറും എന്ന് ഉറപ്പായി പറയാൻ നിരീക്ഷകർ തയാറില്ല. കഴിഞ്ഞയാഴ്ച ഷോർട്ട് പൊസിഷൻ എടുത്തവർ ഇന്നു വാങ്ങലുകാരായി. ഇന്ത്യയിൽ ഇന്നു വില ഉയരാനിടയുണ്ട്.
ഡോളർ സൂചിക ഉയർന്നു നിൽക്കുന്നു. സൂചിക 92 ലേക്ക് അടുത്തു. രൂപയ്ക്കു ചെറിയ ക്ഷീണം പ്രതീക്ഷിക്കാം. ഡോളർ 108 യെന്നിനു മുകളിലേക്കു കയറി.

വിദേശികൾ പണം പിൻവലിക്കുന്നോ?

വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിൽ നിന്നു പിന്മാറുകയാണോ? മാർച്ചിലെ നിക്ഷേപ കണക്കുകൾ നൽകുന്ന സൂചന പിന്മാറ്റത്തിൻ്റേതാണ്.
വിദേശ നിക്ഷേപകർ ഇന്ത്യയിലെ ഓഹരികളിൽ നിന്ന് മാർച്ചിലെ ഒരാഴ്ചകൊണ്ട് 881 കോടി രൂപ പിൻവലിച്ചു. ഡെറിവേറ്റീവുകളിലെ വ്യാപാരമടക്കമാണിത്. കടപ്പത്ര വിപണിയിൽ നിന്നു 4275 കോടി രൂപ പിൻവലിച്ചു. മൊത്തം 5156 കോടി രൂപ അഞ്ചു ദിവസം കൊണ്ട് ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു.
ഫെബ്രുവരിയിൽ മൊത്തം 23,663 കോടി രൂപയും ജനുവരിയിൽ 14,649 കോടി രൂപയും വിദേശികൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നു. ഇതിപ്പോൾ ഒരു ഭിന്ന സമീപനം കാണുന്നത് വിപണി നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നു.
അമേരിക്കയിൽ വിലക്കയറ്റം കൂടുമെന്ന കണക്കുകൂട്ടലിൽ കടപ്പത്രങ്ങൾക്ക് ഈ ദിവസങ്ങളിൽ വില താണു. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 1.6 ശതമാനം വരെ ഉയർന്നു. ഇതു താമസിയാതെ 1.7 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തലത്തിൽ അവിടേക്കു നിക്ഷേപകർ തിരിയുമോ എന്നു സംശയമുണ്ട്.
2021-ൽ ഇതുവരെ തായ് വാനിൽ നിന്ന് 940 കോടി ഡോളറും ദക്ഷിണ കൊറിയയിൽ നിന്ന് 810 കോടി ഡോളറും വിദേശ നിക്ഷേപകർ പിൻവലിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണോ മാർച്ചിൽ ഇവിടെ കാണുന്നത് എന്നാണു സംശയം.

പലിശ ഉടനേ കൂട്ടില്ല

പക്ഷേ അമേരിക്കൻ കേന്ദ്ര ബാങ്ക് (ഫെഡ്) പലിശ ഉടനെ കൂട്ടില്ലെന്നാണു പൊതു ധാരണ. കഴിഞ്ഞ ദിവസം ഫെഡ് ചെയർമാൻ ജെറോം പവൽ, പലിശ കൂട്ടൽ അജൻഡയിലില്ലെന്നു പറയുകയുണ്ടായി.
മാർച്ച് 16-17 നു നടക്കുന്ന എഫ്ഒഎംസി (ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി - പണനയനിർണയ കമ്മിറ്റി) കുറഞ്ഞപലിശ നിരക്ക് തുടരുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചേക്കും. അതോടെ അമേരിക്കയിലെ കടപ്പത്ര വിപണി പൂർവ സ്ഥിതിയിലാകുമെന്നും വികസ്വര വിപണികളിലേക്കു വിദേശ നിക്ഷേപം വീണ്ടും ഒഴുകുമെന്നും നിരീക്ഷകർ പറയുന്നു.

ക്രൂഡ് ഓയിൽ 70 ഡോളർ കടന്നപ്പോൾ...

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 69.69 ഡോളർ വരെ കയറി. ഇന്നു രാവിലെ 70 ഡോളറിനു മുകളിലും. രണ്ടു വർഷം മുമ്പത്തെ നിലയിലേക്ക് കയറിയ ക്രൂഡ് വില ഇനിയും ഉയരുമെന്നാണു വിപണി വിലയിരുത്തുന്നത്. സൗദിയുടെ ഒരു സുപ്രധാന എണ്ണ ഉൽപാദന- ശുദ്ധീകരണ കോംപ്ലക്സിലേക്കു ഹൂതി വിമതർ മിസൈൽ അയച്ചതാണ് ഇന്നത്തെ വിലക്കയറ്റത്തിനു കാരണം. മിസൈൽ മൂലം നാശമൊന്നുമുണ്ടായില്ലെന്നു സൗദി അധികൃതർ പറഞ്ഞു. സൗദി അറേബ്യ ഉൽപാദനം സ്വമേധയാ കുറച്ചതു തുടരുമെന്ന നിലപാടാണ് വിപണിയെ ഉയർത്തുന്നത്. ഉപയോഗം വർധിച്ചു വരുന്ന അവസരത്തിൽ ഉൽപാദനം കുറച്ചു നിർത്തുന്നതു വില വർധന ലക്ഷ്യമിട്ടാണ്.
ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നത് വില അടുത്ത പാദത്തിൽ 75 ഡോളറിലും വർഷാവസാനം 80 ഡോളറിനപ്പുറവും എത്തുമെന്നാണ്. ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനം മാറ്റുന്നില്ലെങ്കിൽ വില ഇതിനേക്കാൾ വേഗം കയറിയെന്നു വരാം.
ഏതായാലും ക്രൂഡ് വില ഉയരും. വിലക്കയറ്റത്തിന് കൂടുതൽ ആക്കം നൽകുന്നതാണത്. സ്റ്റീൽ അടക്കം ലോഹങ്ങളുടെ വിലയും അരിയും ഗോതമ്പും അടക്കം ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വില ലോക വിപണിയിൽ ഉയർന്ന നിലയിലാണ്. ഒപ്പം ഇന്ധനവില കൂടി വർധിക്കുമ്പോൾ വിലക്കയറ്റം പിടി വിട്ടു ക യറും. പിന്നാലെ പലിശയും കൂടും.
പല രാജ്യങ്ങളുടെയും കോവിഡനന്തര വളർച്ചയ്ക്ക് ഈ വിലക്കയറ്റം തടസമാകും. വ്യോമയാനം അടക്കം പല മേഖലകൾക്കും ക്രൂഡ് വിലക്കയറ്റം ദോഷമാകും. പെട്രോകെമിക്കലുകൾക്കു വില കൂടുന്നതോടെ നിരവധി അനുബന്ധ വ്യവസായ മേഖലകൾ പ്രശ്നത്തിലാകും.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it