ആവേശം കാത്തുസൂക്ഷിച്ച് വിപണി; ക്രൂഡ് വില വീണ്ടും 70 ഡോളറിലേക്ക്; പലിശ കൂടുമെന്ന പ്രതീക്ഷ എന്തുകൊണ്ട്?

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപണി ആവേശകരമായ തുടക്കമാണ് ഇന്നു പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികകൾ വ്യാഴാഴ്ച റിക്കാർഡ് ഉയരങ്ങളിലെത്തിയതും യുഎസ് ഉത്തേജക പദ്ധതി പ്രസിഡൻ്റ് ബൈഡൻ ഒപ്പുവച്ച് യാഥാർഥ്യമാക്കിയതും ഇതിനു സഹായിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തകർച്ചയിൽ നിന്നു ചൈനീസ് ഓഹരി വിപണി ശക്തമായി തിരിച്ചു വന്നതും ഇന്ന് ഉണർവിനു സഹായകമാണ്.

ബുധനാഴ്ച ആവേശത്തോടെ തുടങ്ങിയിട്ട് ലാഭമെടുക്കലിനെ തുടർന്ന് ചെറിയ നേട്ടത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 254.03 പോയിൻ്റ് കയറി 51,279.51- ലും നിഫ്റ്റി 76.4 പോയിൻ്റ് ഉയർന്ന് 15,174.8 ലും ക്ലോസ് ചെയ്തു.

പടിഞ്ഞാറ് ഉത്തേജകം

ബുധനാഴ്ചയും വ്യാഴാഴ്ചയും പാശ്ചാത്യ ഓഹരി വിപണികൾ കയറ്റത്തിലായിരുന്നു. ഡൗ ജോൺസ് പുതിയ റിക്കാർഡിലെത്തി. അമേരിക്കയിൽ തൊഴിലില്ലായ്മ കുറഞ്ഞതും ഉത്തേജക പദ്ധതി നടപ്പിലായതും കാരണമായി. ഇന്നു രാവിലെ അവധിവിലകളും ഉയരത്തിലാണ്. യൂറോപ്യൻ ഓഹരികളും ഉയർന്നു.
ആഴ്ചയുടെ ആരംഭത്തിൽ ചൈനീസ് വിപണിയിലുണ്ടായ തകർച്ച നീങ്ങി. വ്യാഴാഴ്ച രണ്ടു ശതമാനത്തിലേറെ നേട്ടമാണ് ഷാങ്ഹായ് കോംപസിറ്റ് സൂചികയിൽ ഉണ്ടായത്.

എസ്ജിഎക്സ് നിഫ്റ്റി കുതിച്ചു കയറി

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ (എസ്ജിഎക്സ് ) നിഫ്റ്റി രണ്ടു ദിവസവും നേട്ടമുണ്ടാക്കി.15,420 ലാണു നിഫ്റ്റി അവിടെ. ഇന്ന് ഇന്ത്യൻ വിപണി നല്ല ഉയരത്തിൽ തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ബുധനാഴ്ച വിദേശ നിക്ഷേപകർ വിപണിയിൽ നിന്നു 15.69 കോടി രൂപ പിൻവലിച്ചു. എന്നാൽ ഡെറിവേറ്റീവ് വിപണിയിൽ അവർ വാങ്ങലുകാരായിരുന്നു. സ്വദേശി നിക്ഷേപ സ്ഥാപനങ്ങൾ 447.67 കോടി രൂപയുടെ പുതിയ ഓഹരികൾ വാങ്ങി.

കടപ്പത്രവില ഉയരുന്നില്ല

കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) ഉയരുന്ന രീതിയിൽ കടപ്പത്രവില താഴുന്നതു തടയാൻ യൂറോപ്യൻ കേന്ദ്ര ബാങ്ക് നടപടികൾ പ്രഖ്യാപിച്ചു. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നതു കൂട്ടും.അതായതു കൂടുതൽ യൂറോ അടിച്ചിറക്കും.
ഇന്ത്യയും സർക്കാർ കടപ്പത്രവില ഇടിയുന്നതു തടയാൻ ഇതാണു ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ വഴി കടപ്പത്രങ്ങൾ വാങ്ങിയിട്ടും കടപ്പത്ര വില ഉദ്ദേശിക്കുന്ന തോതിൽ ഉയർന്നില്ല. നിക്ഷേപ നേട്ടം 6.2469 ശതമാനത്തിലേക്ക് എത്തുന്ന വിധം കടപ്പത്രവില താഴ്ന്നു. കൂടുതൽ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുമെന്ന പരസ്യ പ്രഖ്യാപനം റിസർവ് ബാങ്കിൽ നിന്ന് ഉണ്ടാകുകയും അതനുസരിച്ചുള്ള കടപ്പത്രലേല ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ചെയ്യുന്നതു വരെ വിപണി അശാന്തമായി തുടരും.
പലിശനിലവാരം താഴ്ത്തി നിർത്തണമെന്നാണു റിസർവ് ബാങ്കും ഗവണ്മെൻ്റും ആഗ്രഹിക്കുന്നത്. അതിഭീമമായ കമ്മിയും (2020-21-ൽ 9.5 ശതമാനം, 2021-22-ൽ 6.8 ശതമാനം) കടമെടുപ്പും (ഈ വർഷം 12.80 ലക്ഷം കോടി, അടുത്ത വർഷം 12.1 ലക്ഷം കോടി രൂപ) ഉള്ളപ്പോൾ പലിശ എങ്ങനെ താഴ്ത്തി നിർത്തും എന്നത് എളുപ്പം പിടികിട്ടുന്ന കാര്യമല്ല. കാരണം ഇവ രണ്ടും സ്വാഭാവികമായി പലിശ നിരക്കുകൂട്ടുന്ന കാര്യങ്ങളാണ്.
പലിശ നിരക്കു താഴ്ത്തി നിർത്താനാണു കേന്ദ്ര ബാങ്കുകൾ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നത്. ഇതു കമ്മിപ്പണം അടിച്ചിറക്കൽ തന്നെയാണ്. കമ്മിപ്പണം എന്നും എവിടെയും വില കൂട്ടും. വില കൂടുമ്പോൾ പലിശയും കുടും.
സത്യത്തിൽ പലിശവർധന അൽപ്പം സാവധാനമാക്കാൻ മാത്രമേ കേന്ദ്ര ബാങ്കുകളുടെ നടപടി സഹായിക്കൂ. വിലക്കയറ്റവും പലിശ വർധനയും പിന്നാലെ വരും.

ക്രൂഡ് ഉയർന്നു

അമേരിക്കയിൽ തൊഴിലില്ലായ്മ കുറഞ്ഞതും ഉത്തേജക പദ്ധതി നടപ്പായതും ക്രൂഡ് ഓയിൽ വില അൽപം ഉയരാൻ സഹായിച്ചു. ബ്രെൻ്റ് ഇനം 69.65 ഡോളറിലെത്തി. വില വീണ്ടും 70 ഡോളർ കടക്കുമെന്നാണു സൂചന.
സ്വർണം ഔൺസിന് 1739 ഡോളർ വരെ കയറിയിട്ട് 1726 ഡോളറിലേക്കു താണു. ബുധനാഴ്ച ലോക വിപണി 1725 ഡോളറിലായിരുന്നു.അതനുസരിച്ചു കേരളത്തിൽ പവന് 280 രൂപ കൂടി 33,720 രൂപയായിരുന്നു.

ബിറ്റ്കോയിൻ വീണ്ടും റിക്കാർഡിൽ

കൂടുതൽ സമ്പന്ന നിക്ഷേപകർ ഡിജിറ്റൽ ഗൂഢ കറൻസികളിൽ പണമിറക്കാൻ വന്നതോടെ ബിറ്റ് കോയിൻ വില പുതിയ ഉയരങ്ങളിലെത്തി. 58,000 ഡോളർ കടന്ന ശേഷം അൽപം താണു.
ബിറ്റ് കോയിൻ നിരോധിക്കാനുളള ആലോചന സർക്കാരുകൾ ഉപേക്ഷിക്കുമെന്നും വ്യാപാരത്തിനു നികുതി ചുമത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും കിംവദന്തിയുണ്ട്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it