Top

ഉയർന്നു തുടങ്ങാൻ വിപണി; വിദേശികൾ വിൽപ്പനക്കാരാവുമോ? പലിശ വീണ്ടും ചർച്ചാ വിഷയം; വിലക്കയറ്റം കൂടുമ്പോൾ

വിദേശികളും സ്വദേശികളും ഒരുപോലെ വിൽപനക്കാരായപ്പോൾ വെള്ളിയാഴ്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്താേളം ഇടിഞ്ഞു. ഇന്ന് അതിൽ നിന്ന് അൽപം ഉണർവോടെ വ്യാപാരം തുടങ്ങാനുള്ള തയാറെടുപ്പിലാണു വിപണി. വെള്ളിയാഴ്ച അമേരിക്കൻ വിപണി പുതിയ റിക്കാർഡ് കുറിച്ചതും ഇന്ന് ഏഷ്യൻ വിപണികൾ ഉണർവോടെ തുടങ്ങിയതും ഇതിനു സഹായിക്കും.

എസ് ജി എക്സ് നിഫ്റ്റി 15,096-ലാണ് ആദ്യ സെഷൻ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 15,160 ലേക്ക് ഉയർന്നു. ഇന്ത്യയിൽ നിഫ്റ്റി 15,030.95ലായിരുന്നു. ഇന്ന് നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങാമെന്ന സൂചനയാണ് ഇതു നൽകുന്നത്. ജപ്പാനിലെ നിക്കെെയും രാവിലെ ഉയരത്തിലാണ്.
ഈ ദിവസങ്ങളിൽ 15,000- നു താഴേക്കു നിഫ്റ്റി പോയാൽ 14,850 മേഖലയിലാണു ശക്തമായ സപ്പോർട്ട് ഉള്ളതെന്ന് സാങ്കേതിക വിശകലനക്കാർ പറയുന്നു. ഉയർച്ച കാണിച്ചാൽ 15,270 ലാകും തടസം നേരിടുക.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 942.6 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 163.87 കോടിയും വിപണിയിൽ നിന്നു പിൻവലിച്ചു.
പലിശയെപ്പറ്റി ആശങ്ക
പലിശയുടെ ഗതി എന്ത് എന്ന ചോദ്യവുമായാണു വിപണികൾ ഇന്നു തുറക്കുക. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡ് ഈയാഴ്ച സുപ്രധാന യോഗം ചേരുന്നുണ്ട്. പലിശ ഉയർത്തൽ ഫെഡിൻ്റെ അജൻഡയിലില്ലെന്ന് ചെയർമാൻ ജെറോം പവൽ പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും താഴ്ന്ന പലിശനിരക്ക് എത്ര നാളേക്ക് എന്ന ചോദ്യത്തിന് ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിലെ ചർച്ചയ്ക്ക് നിന്നു സൂചന ലഭിക്കുമെന്നു വിപണി കരുതുന്നു.
ഒരു വർഷത്തിനകം പലിശ കൂട്ടുമെന്ന ധാരണയിലാണ് വിപണികൾ. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഇതു തന്നെ നില. വിദേശ നിക്ഷേപകരും പലിശ വർധന കണക്കാക്കിയാണു നീങ്ങുന്നത്.
വിദേശികൾ വിറ്റുമാറുന്നു
വിദേശനിക്ഷേപകരുടെ സമീപനത്തിൽ ചെറിയ മാറ്റങ്ങൾ ഈയാഴ്ചകളിൽ കാണുന്നുണ്ട്. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്ന് അവർ പിൻവാങ്ങുന്നു. മാർച്ചിൽ ഇതുവരെ ഓഹരികളിൽ നിന്ന് 531 കോടി രൂപയും കടപ്പത്രങ്ങളിൽ നിന്ന് 6482 കോടി രൂപയും പിൻവലിച്ചു.മൊത്തം 7013 കോടി രൂപ. വിദേശികളുടെ ഇന്ത്യയിലെ നിക്ഷേപത്തോത് കണക്കാക്കുമ്പോൾ ഇതു വളരെ ചെറിയ ഭാഗമാണ്. എങ്കിലും ഇതിൽ ഒരു സമീപനമാറ്റം കാണുന്നവരാണ് ഏറെ.
ലാഭമെടുക്കലാണ് വിദേശികളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. ഡോളർ സൂചിക 92-ലേക്കു കയറിയതും അമേരിക്കയിൽ കടപ്പത്രവിപണിയിലെ നിക്ഷേപനേട്ടം (Yield) കൂടുന്നതും ലാഭമെടുക്കലിനു പ്രേരണയാകാം. ഫെബ്രുവരിയിൽ വിദേശികൾ 23,663 കോടി രൂപയും ജനുവരിയിൽ 14,649 കോടി രൂപയും ഇന്ത്യയിൽ നിക്ഷേപിച്ചതാണ്.

അഞ്ച് ഐപിഒകൾ

ഈയാഴ്ച കല്യാൺ ജ്വല്ലേഴ്സ് അടക്കം അഞ്ചു കമ്പനികളുടെ ഐപിഒകൾ വിപണിയിലെത്തുന്നുണ്ട്. ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ, ലക്ഷ്മി ഓർഗാനിക് സ് എന്നിവ ഇന്ന് വിപണിയിലെത്തും. കല്യാൺ നാളെയാണ് ഓഹരി വിൽപന തുടങ്ങുന്നത്. സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക്, രാകേഷ് ജുൻജുൻവാല നിക്ഷേപകനായ നസറ ടെക്നോളജീസ് എന്നിവ ബുധനാഴ്ചയാണു നിക്ഷേപകരെ സമീപിക്കുക.
ക്രൂഡ്, സ്വർണം ഉയർന്നു
ക്രൂഡ് ഓയിൽ വില ഉയരത്തിൽ തുടരുന്നു. എന്നാൽ ഉടനെ 70 ഡോളർ കടന്നു മുന്നോട്ടു പോകുന്ന സൂചനയില്ല. 69.5 ഡോളറിനു താഴെയാണ് ബ്രെൻ്റ് ഇനം ക്രൂഡ്. സ്വർണ വില ഉയർന്നു നിൽക്കുന്നു. 1733 ഡോളറിലാണ് ഇന്നു രാവിലെ ഏഷ്യൻ വിപണിയിൽ സ്വർണ വില. വെള്ളിയാഴ്ച 1700 ഡോളറിനു താഴെ എത്തിയ ശേഷം 1725 ലേക്ക് ഉയർന്നാണു ക്ലോസ് ചെയ്തത്. കേരളത്തിൽ ശനിയാഴ്ച പവന് 120 രൂപ കൂടി 33,600 രൂപയിലെത്തി.
ബിറ്റ് കോയിൻ റിക്കാർഡിൽ

ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിൻ നിർത്തില്ലാതെ കുതിക്കുകയാണ്. ഞായറാഴ്ച 61,000 ഡോളർ കടന്നു. ബിറ്റ് കോയിൻ നിരോധന ആലോചന ഇന്ത്യ ഉപേക്ഷിച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതും വിപണിയെ സ്വാധീനിച്ചു. വ്യാപാരത്തിനു നികുതിയും നിയന്ത്രണവും ഏർപ്പെടുത്താനാണ് ഇപ്പോഴത്തെ ആലോചന.
ചീത്ത വാർത്തകൾ
സാമ്പത്തിക രംഗത്തു നിന്ന് അത്ര നല്ല വാർത്തകളല്ല വരുന്നത്. ജനുവരിയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) വീണ്ടും ചുരുങ്ങിയത് വളർച്ച പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളിലേക്കു കുതിച്ചത് കൂടുതൽ ആശങ്ക ജനിപ്പിക്കുന്നു.
വിലക്കയറ്റമാണു കൂടുതൽ പ്രശ്നകാരി. ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിൻ്റെയും വിലവർധനയാണു പ്രശ്നമെന്നു പറഞ്ഞു തള്ളിക്കളയാവുന്നതല്ല വിഷയം. ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം (core inflation) 5.86 ശതമാനമാണ്. മൂന്നു മാസത്തെ ഉയർന്ന നിരക്ക്. തലേമാസത്തെ 3.1 ശതമാനത്തിൽ നിന്ന് അതിവേഗ കുതിപ്പ്.
ചികിത്സ തൊലിപ്പുറമേ പോരാ
കാതൽ വിലക്കയറ്റം ഉയർന്നു നിൽക്കുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. വിലക്കയറ്റത്തിൻ്റെ അന്തർധാര ശക്തമാണ്. തൊലിപ്പുറമേ ചികിത്സിച്ചാൽ പോരാ. വ്യവസായവളർച്ചയോ കയറ്റുമതിയോ ജനങ്ങളുടെ ഉപഭോഗമോ കോവിഡിനു മുമ്പത്തെ നിലയിലായിട്ടില്ല. അപ്പോഴേക്കു വിലക്കയറ്റം ഇങ്ങനെ കയറിയാൽ വളർച്ചയും ഉപഭോഗവും വർധിക്കുമ്പോൾ എന്താകും നില? ലോക വിപണിയിൽ വ്യാവസായിക ലോഹങ്ങൾക്കും അസംസ്കൃത പദാർഥങ്ങൾക്കും വില കൂടിവരികയാണ്. അതിൻ്റെ പ്രതിഫലനം വരും മാസങ്ങളിൽ വിലക്കയറ്റത്തോത് ഉയർത്തും.
പൊരുത്തപ്പെടാത്തഘടകങ്ങൾ
വിലക്കയറ്റത്തിനുള്ള ക്ലാസിക് ചികിത്സ പലിശ കൂട്ടലാണ്. പക്ഷേ പലിശ കൂട്ടൽ ദുർബലമായ വ്യാവസായിക മേഖലയെ കൂടുതൽ തളർത്തും. ഏപ്രിൽ ആദ്യം ചേരുന്ന പണനയ കമ്മിറ്റിക്ക് തൽക്കാലം ഒന്നും ചെയ്യാനാകില്ല. വിലക്കയറ്റവും രാജ്യത്തെ വർധിച്ച പണലഭ്യതയും തീരെ താഴ്ന്ന പലിശയും അതി ഭീമമായ കമ്മിയും അതിനു വേണ്ടിയുള്ള കടമെടുപ്പും എല്ലാം കൂടി പൊരുത്തപ്പെട്ടു പോകുന്നതല്ല. ക്രമേണ പലിശ കൂട്ടാതെ തരമില്ല. പണലഭ്യതയിലും കുറവു വരുത്തേണ്ടതുണ്ട്. വ്യവസായ വളർച്ചയ്ക്കു കൂടുതൽ തളർച്ച വരുത്താതെ അതു കൈകാര്യം ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ റിസർവ് ബാങ്ക് ഏറെ തല പുകയ്ക്കേണ്ടി വരും.
പെട്രോളും ഡീസലും
ഇത്തവണത്തെ വിലക്കയറ്റത്തിൽ പെട്രോൾ, ഡീസൽ വില വർധനയുടെ പങ്കും വലുതാണ്. ഫെബ്രുവരിയിലെ പെട്രോൾ വിലയിൽ 20.57-ഉം ഡീസലിൽ 22.5 -ഉം ശതമാനം വർധനയുണ്ട്. ജനവരിയിൽ ഇതു യഥാക്രമം 12.53-ഉം 12.79- ഉം ആയിരുന്നു. ഇതു സൂചികയിലെ ട്രാൻസ്പോർട്ട് ആൻഡ് കമ്യൂണിക്കേഷനിലാണു പെടുത്തുന്നത്. ആ വിഭാഗത്തിൻ്റെ വിലക്കയറ്റം ഫെബ്രുവരിയിൽ 11.4 ശതമാനമായി.
ചില്ലറ വിലക്കയറ്റത്തിൽ അസ്വസ്ഥത വർധിപ്പിക്കുന്ന മറ്റു കാര്യങ്ങളുമുണ്ട്. പൊതുവിലക്കയറ്റം ജനുവരിയിൽ 4.06 ശതമാനമായിരുന്നത് 5.03 ശതമാനത്തിലേക്കു കുതിച്ചു കയറി. ഗ്രാമീണ വിലക്കയറ്റം 3.23-ൽ നിന്ന് 4.19 ശതമാനമായപ്പോൾ നഗരങ്ങളിലേത് 5.13-ൽ നിന്ന് 5.96 ശതമാനമായി. ഡിസംബറിലും ജനുവരിയിലും ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിൽ താഴെയായതു ദിശാമാറ്റമായി കരുതേണ്ടതില്ലെന്ന പാഠമാണ് ഇതിലുള്ള പ്രധാന കാര്യം. ധാന്യങ്ങൾക്കു വില അധികം വർധിക്കുന്നില്ലെങ്കിലും മറ്റു ഭക്ഷ്യവിഭവങ്ങളെല്ലാം ഉയർന്ന വില വർധനയുടെ പിടിയിലാണ്.ഭക്ഷ്യ എണ്ണകൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം, പാൽ തുടങ്ങിയവയൊക്കെ വിലക്കയറ്റത്തിലേക്കു വലിയ സംഭാവന ചെയ്യുന്നുണ്ട്.
ഇനിയും കയറും
ചരക്കുനീക്കത്തിലെ പ്രശ്നങ്ങളേ വിലക്കയറ്റത്തിലുള്ളു എന്നു പറഞ്ഞു ലഘൂകരിക്കാനാണു കേന്ദ്ര സർക്കാർ മാസങ്ങളായി ശ്രമിക്കുന്നത്. അതു ശരിയല്ലെന്ന് ഇപ്പോഴെങ്കിലും സമ്മതിക്കേണ്ടതുണ്ട്. ഉൽപാദനം, ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഗവണ്മെൻ്റ് തയാറാകണം. അടുത്ത മാസവും ചില്ലറ വിലക്കയറ്റം ഉയരാനാണു സാധ്യത. ഏപ്രിലിൽ കഴിഞ്ഞ വർഷത്തെ വിലക്കയറ്റം ഉയർന്ന തോതിലായതു കൊണ്ട് ശതമാനക്കണക്കിൽ വർധന കുറവായേക്കാം. പിന്നീടുള്ള മാസങ്ങളിൽ വീണ്ടും കയറ്റം ഉണ്ടാകും.
വ്യവസായത്തിൽ തിരിച്ചടി
വ്യവസായ ഉൽപാദന സൂചിക സ്ഥിരമായി വളർച്ചയുടെ പാതയിലേക്കു കയറാത്തത് സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള പ്രതീക്ഷകൾക്കു മങ്ങലേൽപിക്കുന്നതാണ്. പ്രത്യേകിച്ചും ഫാക്ടറി ഉൽപാദനം പഴയ തോതിലേക്ക് ഇനിയും ഉയരാത്തത് നിരാശാജനകമാണ്. കയറ്റുമതി ഓർഡറുകൾ കുറഞ്ഞു നിൽക്കുന്നതും വാഹന വിൽപന പഴയ തോതിലേക്കു കയറാത്തതുമാണ് മനുഫാക്ചറിംഗ് മേഖലയെ വലിച്ചു താഴ്ത്തുന്നത്.
ജനവരിയിലെ ഫാക്ടറി ഉൽപാദനം രണ്ടു ശതമാനമാണു താഴ്ന്നത്. യന്ത്ര നിർമാണ മേഖല 9.6 ശതമാനം കണ്ട് ഇടിഞ്ഞു. യന്ത്ര നിർമാണം കുറയുമ്പാേൾ മനസിലാക്കാവുന്നത് മൂലധന നിക്ഷേപം കുറയുന്നു എന്നാണ്. അടിസ്ഥാന സൗകര്യ മേഖലയിലടക്കം മൂലധന നിക്ഷേപം വലിയ തോതിൽ നടക്കുന്നു എന്ന പ്രചാരണം അത്ര കഴമ്പുള്ളതായി തോന്നുന്നില്ല. പ്രചാരണം ശരിയാണെങ്കിൽ യന്ത്രങ്ങൾക്കു ഡിമാൻഡ് കൂടേണ്ടതായിരുന്നു.
കഴിഞ്ഞ വർഷം ജനുവരി ജിഡിപി വളർച്ച വെറും 3.1 ശതമാനം മാത്രമുണ്ടായിരുന്ന ഒരു പാദത്തിൻ്റെ ആദ്യ മാസമായിരുന്നു. അതുമായുള്ള താരതമ്യത്തിൽ ഉൽപാദനം ചുരുങ്ങിയെന്നു വച്ചാൽ തളർച്ച സാമാന്യത്തിലധികം ഉണ്ടെന്നു വ്യക്തം. ഫെബ്രുവരിയിലും വ്യവസായ ഉൽപാദനത്തിൽ ഉണർവ് പ്രതീക്ഷിക്കാനില്ല.

നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it